UPDATES

സോഷ്യൽ വയർ

അന്ന് പള്‍സര്‍ സുനി പറഞ്ഞത് ഒന്നാന്തരം തെളിവ്, ഇന്ന് വഫ പറഞ്ഞത് തെളിവല്ല; ‘എന്നാണ് സാധാരണക്കാരന്റെയും ഐഎഎസുകാരന്റെയും 370 മില്ലി ഒന്നാവുക’

ശ്രീറാം വെങ്കിട്ടരാമനൊപ്പം യാത്ര ചെയ്ത വഫ ഫിറോസും ദൃക്‌സാക്ഷികളും ശ്രീറാം മദ്യപിച്ചുവെന്ന് പറഞ്ഞിട്ടും അത് തെളിവായി സ്വീകരിക്കാത്ത പൊലീസിനെ വിമർശിക്കുകയാണ് ഹരീഷ് പേരടി.

മാധ്യമ പ്രവര്‍ത്തകനെ വാഹനമിടിച്ചു കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ ശ്രീറാം വെങ്കിട്ടരാമന് എളുപ്പത്തില്‍ ജാമ്യം ലഭിച്ച സംഭവത്തില്‍ പ്രതികരണവുമായി നടന്‍ ഹരീഷ് പേരടി. ശ്രീറാം വെങ്കിട്ടരാമനൊപ്പം യാത്ര ചെയ്ത വഫ ഫിറോസും ദൃക്‌സാക്ഷികളും ശ്രീറാം മദ്യപിച്ചുവെന്ന് പറഞ്ഞിട്ടും അത് തെളിവായി സ്വീകരിക്കാത്ത പൊലീസിനെ വിമർശിക്കുകയാണ് താരം. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം ഈ വിഷയത്തിൽ പ്രതികരണവുമായി രംഗത്തെത്തിയത്.

‘കൂടെ യാത്ര ചെയ്ത വഫ പറയുന്നു ശ്രീറാം മദ്യപിച്ചിട്ടുണ്ടെന്ന്…. ദൃക്‌സാക്ഷികള്‍ പറയുന്നു അയാളുടെ കാല് നിലത്തുറക്കുന്നില്ല എന്ന്. അത് ഒരു തെളിവേ അല്ല. ക്രിമിനലായ പള്‍സര്‍ സുനി പറയുന്നു ദിലീപാണ് കുറ്റക്കാരന്‍ എന്ന്. അത് 84 ദിവസം ഒരു മനുഷ്യനെ ജയിലില്‍ ഇടാന്‍ പറ്റിയ ഒന്നാന്തരം തെളിവാണ്. ഐഎഎസുകാരന്റെ 370 എംഎല്ലും സാധാരണക്കാരന്റെ 370 എംഎല്ലും ഒക്കെ എന്നാണ് ഒന്നാവുക.’ ഹരീഷ് പേരടി ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

മാധ്യമ പ്രവര്‍ത്തകന്‍ മരിക്കാനിടയായ വാഹന അപകടക്കേസില്‍ തിങ്കളാഴ്ചയാണ് തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചത്. വാഹനം ഓടിച്ചപ്പോൾ ശ്രീറാം മദ്യപിച്ചുവെന്ന് തെളിയിക്കാന്‍ പ്രോസിക്യൂഷന് കഴിയാത്ത സാഹചര്യത്തിലാണ് ജാമ്യം ലഭിച്ചത്. ശ്രീറാം വെങ്കിട്ടരാമനെ കസ്റ്റഡിയില്‍ വേണമെന്ന പോലീസിന്റെ ആവശ്യം കോടതി തള്ളിയിരുന്നു.

ശ്രീറാം മദ്യപിച്ചിരുന്നുവെന്ന് പ്രോസിക്യൂഷന്‍ വാദിച്ചുവെങ്കിലും തെളിവ് എന്താണെന്ന് കോടതി ആരാഞ്ഞു. മദ്യം കഴിച്ചിരുന്നില്ല എന്ന തരത്തിലുള്ള രക്ത പരിശോധനാ ഫലമാണ് കോടതിക്ക് മുന്നിലെത്തിയത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍