UPDATES

സോഷ്യൽ വയർ

‘അമ്പിളി മരിച്ചപ്പോഴും ആനന്ദവല്ലി മരിച്ചപ്പോഴും ഇവരിലൊരാൾ പോലും അവസാനമായി ആ മുഖം കാണാൻ വന്നില്ല’-ഭാഗ്യലക്ഷ്മി

‘പക്ഷേ അമ്പിളി മരിച്ചപ്പോഴും ആനന്ദവല്ലി മരിച്ചപ്പോഴും ഇവരിലൊരാൾ പോലും അവസാനമായി ആ മുഖം കാണാൻ വന്നില്ല, നടിമാർ മാത്രമല്ല സംവിധായകരും വന്നില്ല, എന്നത് ഒരു ഡബിംഗ് ആർട്ടിസ്റ്റ് എന്ന രീതിയിൽ എനിക്ക് വല്ലാതെ വേദനിച്ചു’

ശബ്‌ദസൗകുമാര്യത്തിന്റെ ഒരദ്ധ്യായം തന്നെയാണ് അന്ദവല്ലിയുടെ വിടവാങ്ങലോടെ മലയാള സിനിമക്ക് നഷ്ടമായത്. ശാരദ, ശോഭന, ഉർവശി, സുമലത, മേനക, സുഹാസിനി, ജയപ്രദ, ഗീത എന്നിങ്ങനെ 80കളിലും 90 കളിലും ആനന്ദവല്ലിയുടെ ശബ്ദത്തിൽ തിളങ്ങാത്ത നായികമാരില്ല.അതുപോലെ തന്നെ മലയാള സിനിമാ നായികമാർക്ക് ശബ്ദം നൽകിയ മറ്റൊരു ഡബ്ബിംഗ് ആർട്ടിസ്റ്റായിരുന്നു അമ്പിളിയും. മാസങ്ങൾക്ക് മുമ്പാണ് അമ്പിളി വിട പറഞ്ഞത്.

എന്നാൽ അമ്പിളി മരിച്ചപ്പോഴും ആനന്ദവല്ലി മരിച്ചപ്പോഴും ഇവർ ശബദം നൽകിയ മുൻനിര നായികമാർ ആരും അവസാനമായി ആ മുഖം കാണാൻ വന്നില്ലെന്ന് പറയുകയാണ് നടിയും ഡബ്ബിംഗ് ആർട്ടിസ്റ്റുമായ ഭാഗ്യലക്ഷ്മി. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഭാഗ്യലക്ഷ്മി ഇക്കാര്യം പങ്കുവെച്ചത്. എത്രയോ വലിയ വലിയ സംവിധായകരുടെ സിനിമകളിലെ എത്രയോ നായികമാർ. പൂർണിമ, രേവതി, ഗീത, രാധിക, ശോഭന, സുഹാസിനി, ഊർവ്വശി, സുമലത, പാർവ്വതി, അങ്ങനെ പറഞ്ഞാൽ തീരില്ല.. പക്ഷേ അമ്പിളി മരിച്ചപ്പോഴും ആനന്ദവല്ലി മരിച്ചപ്പോഴും ഇവരിലൊരാൾ പോലും അവസാനമായി ആ മുഖം കാണാൻ വന്നില്ല, നടിമാർ മാത്രമല്ല സംവിധായകരും വന്നില്ല, എന്നത് ഒരു ഡബിംഗ് ആർട്ടിസ്റ്റ് എന്ന രീതിയിൽ എനിക്ക് വല്ലാതെ വേദനിച്ചു.ഏറ്റവും ഒടുവിൽ ഒരു പ്രണാമം അർപ്പിക്കാനുളള വില പോലും ഇവരാരും ആ കലാകാരിക്ക് നൽകിയില്ല- ഭാഗ്യലക്ഷ്മി കുറിപ്പിൽ പറയുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

അമ്പിളിക്ക് പിന്നാലെ ആനന്ദവല്ലി ചേച്ചിയും പോയി..അപ്രതീക്ഷിതമായ വേർപാടുകളാണ് രണ്ട് പേരും നൽകിയത്..ഒരുമിച്ച് പ്രവർത്തിച്ച കാലങ്ങളുടെ ഓർമ്മകളേയും അവർ കൊണ്ടുപോയി.
അമ്പിളിയുടെ മരണത്തിൽ നിന്ന് മോചിതയായി വരുന്നേയുളളു ഞാൻ.
വിശ്വസിക്കാനാവാതെ ആനന്ദവല്ലി ചേച്ചിയും.പിണങ്ങിയ സന്ദർഭങ്ങൾ നിരവധി ഉണ്ടായിരുന്നു.പക്ഷേ കഴിഞ്ഞ നാല് വർഷത്തോളം എന്റെ തണൽ പറ്റി നിൽക്കാനായിരുന്നു അവർക്കിഷ്ടം.. ഉപദേശിച്ചും വഴക്ക് പറഞ്ഞും ഞാൻ കൊണ്ട് നടന്നു,മകൻ ദീപന്റെ മരണത്തോടെ വല്ലാത്തൊരു മാനസിക പിരിമുറുക്കമായിരുന്നു,
ഒറ്റപ്പെട്ട് പോയ പോലെ, ജീവിക്കണ്ട എന്ന തോന്നൽ,
ഒരിക്കൽ ഗുരുവായൂരിൽ പോകണമെന്ന് ആഗ്രഹം പ്രകടിപ്പിച്ചപ്പോൾ ഞാൻ കാർ ഓടിച്ച് കൊണ്ടു പോയി,പാലക്കാടും ഒറ്റപ്പാലത്തും യാത്ര ചെയ്തു.
ഇടക്കിടെ യാത്രകൾ ചെയ്തു..സിനിമ കാണാൻ കൊണ്ട് പോയി..
സാമ്പത്തിക പ്രതിസന്ധിയും വല്ലാതെ അലട്ടിയിരുന്നു..
ഞാൻ മഞ്ജു വാര്യരോട് പറഞ്ഞു.അന്ന് മുതൽ മഞ്ജു സഹായിക്കാൻ തുടങ്ങി.
അല്ലെങ്കിൽ അവർ എന്നേ മരിച്ചു പോകുമായിരുന്നു..
കഴിഞ്ഞ ഒരു വർഷത്തിനിടയിൽ മലയാള സിനിമയിലെ പ്രശസ്തരായ രണ്ട് ഡബിങ് ആർട്ടിസ്റ്റുകൾ മരിച്ചു.ആദ്യം അമ്പിളി,ഇപ്പൊൾ ആനന്ദവല്ലിയും..
സിനിമയുമായി ബന്ധമുള്ള ആര് മരിച്ചാലും ആദ്യം അവിടെയെത്തി സ്വന്തം കുടുംബത്തിലെ ആരോ മരിച്ചത് പോലെ ഓടി ഓടി കാര്യങ്ങൾ നടത്തുന്നവരാണ് സുരേഷ്കുമാർ,മേനക,ജി എസ് വിജയൻ,കിരീടം ഉണ്ണി,കല്ലിയൂർ ശശി,എന്നിവർ,
പതിവ് പോലെ ഇവിടേയും അവർ തന്നെയായിരുന്നു..അമ്പിളിയും ആനന്ദവല്ലിയും പ്രായംകൊണ്ട് വളരേ വിത്യാസമുളളവരാണെങ്കിലും ഒരേ കാലഘട്ടത്തിൽ ഈ രംഗത്ത് പ്രവർത്തിച്ചവരാണ്,മലയാള സിനിമയിൽ ഇവർ രണ്ടു പേരും ശബ്ദം നൽകാത്ത നായികമാരില്ലായിരുന്നു ഒരു പതിനഞ്ചു വർഷം മുമ്പ് വരെ..മരിച്ചു പോയ മോനിഷയെ കൂടാതെ അമ്പിളി ശബ്ദം നൽകിയ നടിമാരെല്ലാം ഇന്നും ജീവിച്ചിരിക്കുന്നു,
അതേപോലെ ആനന്ദവല്ലി ശബ്ദം നൽകിയ നടിമാരുടെ പേരുകൾ എത്രയോ ആണ്,
എത്രയോ വലിയ വലിയ സംവിധായകരുടെ സിനിമകളിലെ എത്രയോ നായികമാർ.
പൂർണിമ,രേവതി,ഗീത,രാധിക,ശോഭന,സുഹാസിനി,ഊർവ്വശി,സുമലത,പാർവ്വതി,
അങ്ങനെ പറഞ്ഞാൽ തീരില്ല..
പക്ഷേ അമ്പിളി മരിച്ചപ്പോഴും ആനന്ദവല്ലി മരിച്ചപ്പോഴും ഇവരിലൊരാൾ പോലും അവസാനമായി ആ മുഖം കാണാൻ വന്നില്ല,
നടിമാർ മാത്രമല്ല സംവിധായകരും വന്നില്ല, എന്നത് ഒരു ഡബിങ് ആർട്ടിസ്റ്റ് എന്ന രീതിയിൽ എനിക്ക് വല്ലാതെ വേദനിച്ചു.ഏറ്റവും ഒടുവിൽ ഒരു പ്രണാമം അർപ്പിക്കാനുളള വില പോലും ഇവരാരും ആ കലാകാരിക്ക് നൽകിയില്ല.
എർണാകുളം അങ്ങ് ദുബായിലോ അമേരിക്കയിലോ അല്ലല്ലോ,കേവലം നാല് മണിക്കൂർ കാർ യാത്ര,അര മണിക്കൂർ വിമാന യാത്ര..ദൂരെയുളളവരെ എന്തിന് പറയുന്നു.രണ്ട് കിലോമീറ്റർ ദൂരത്തുളള സംവിധായകർ പോലും വന്നില്ല,പിന്നെയാണോ.
എന്തിനാണ് കേവലം ഒരു ഡബിങ് ആർട്ടിസ്റ്റിനു വേണ്ടി അവരുടെ സമയവും പണവും ചിലവാക്കണം എന്നാവാം അവരൊക്കെ കരുതിയത്..
വലിയ വലിയ ആളുകളുടെ മരണത്തിനേ വിലയുളളു.
കേവലം ഒരു ഡബിങ് ആർട്ടിസ്റ്റ് ന്റെ മരണം..അങ്ങനെ കരുതിയാൽ പിന്നെ എന്ത് പറയാൻ..മാധ്യമങ്ങൾ നൽകിയ കരുതൽ പോലും നാല്പതു വർഷം പ്രവർത്തിച്ച ഈ രംഗം അവർക്ക് നൽകിയില്ല..
മറ്റൊരു വിരോധാഭാസം വിരലിലെണ്ണാവുന്ന ചില ഡബിങ് ആർട്ടിസ്റ്റ്കളൊഴികെ ഭൂരിഭാഗം ഡബിങ് ആർട്ടിസ്റ്റുകളും സഹ പ്രവർത്തകയെ,
ഒരു മുതിർന്ന ഡബിങ് ആർട്ടിസ്റ്റിനെ അവസാനമായി ഒരു നോക്ക് കാണാൻ വന്നില്ല എന്നതാണ്,പിന്നെന്തിനാണ് മറ്റുളളവരെ പറയുന്നത്.
എങ്കിലും ഞങ്ങളുടെ ഇടയിലെ ഒരു കലാകരിയുടെ അന്ത്യ യാത്രയിൽ ഞങളോടൊപ്പം നിന്ന ചില കലാകാരന്മാരെ സ്നേഹത്തോടെ ഓർക്കുന്നു

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍