UPDATES

സോഷ്യൽ വയർ

സമാധാനം പറയുന്നവരെ തെരുവില്‍ തല്ലണമെന്ന് കങ്കണ റാണട്ട്; പാകിസ്താനില്‍ സിനിമ ഇറക്കിയത് എന്തിനെന്ന് സോഷ്യല്‍ മീഡിയ

പാകിസ്താനുമായുള്ള സഹകരണം പാടില്ലെന്നൊക്കെ എല്ലാവരോടും കങ്കണ പറയുന്നുണ്ടല്ലോ. വിടുവായത്തം പറയാന്‍ വളരെ എളുപ്പമാണെന്നും ഗൗരവ് പാന്ഥി പറയുന്നു.

പുല്‍വാമ ഭീകരാക്രണത്തിന്റെ പശ്ചാത്തലത്തില്‍ സമാധാനത്തിന് വേണ്ടി വാദിക്കുന്നവരെ തെരുവില്‍ തല്ലണമെന്ന് ബോളിവുഡ് നടി കങ്കണ റാണട്ട്. പാകിസ്താന്‍ നമ്മുടെ രാജ്യത്തിന്റെ സുരക്ഷയെ മാത്രമല്ല, നമ്മുടെ അന്തസിനേയും ആക്രമിച്ച് അപമാനിക്കുകയാണ് ചെയ്തത്. നമ്മള്‍ ശക്തമായ തീരുമാനങ്ങളെടുക്കണം. അല്ലെങ്കില്‍ നമ്മുടെ നിശബ്ദത ഭീരുത്വമായി തെറ്റിദ്ധരിക്കും. ഭാരതം രക്തം ചിന്തിക്കൊണ്ടിരിക്കുകയാണ്. ഭാരതത്തിന്റെ പുത്രന്മാരെ കൊല്ലുന്നത് അതിന്റെ വയറ്റില്‍ കുത്തുന്നതുപോലെയാണിത്. ഈ സമയത്ത് അഹിംസയെക്കുറിച്ചം അക്രമരാഹിത്യത്തെക്കുറിച്ചും സമാധാനത്തെക്കുറിച്ചുമെല്ലാം പ്രസംഗിക്കുന്നവരെ കറുപ്പ് പെയിന്റടിച്ച് കഴുതപ്പുറത്ത് കയറ്റിയിരുത്തി തെരുവിലൂടെ നടത്തിച്ച് എല്ലാവരും മുഖത്തടിക്കണം.

പുല്‍വാമ ഭീകരാക്രമണത്തെ തുടര്‍ന്ന് കറാച്ചിയിലെ പരിപാടി നടി ഷബാന ആസ്മിയും ഭര്‍ത്താവും ഗാനരചയിതാവുമായ ജാവേദ് അക്തറും റദ്ദാക്കിയിരുന്നു. ഇതേക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് മറുപടി പറഞ്ഞത് ഷബാനയെ അധിക്ഷേപിച്ചുകൊണ്ടാണ്. ഷബാന ആസ്മിയെ പോലുള്ളവരാണ് രാജ്യത്തെ തകര്‍ക്കുന്ന തുക്‌ഡെ – തുക്‌ഡെ ഗാംഗുകളെ പ്രോത്സാഹിപ്പിക്കുന്നത് എന്ന് കങ്കണ ആരോപിച്ചു. ഉറി ആക്രമണത്തിന് ശേഷം നമ്മള്‍ പാകിസ്താനി കലാകാരന്മാര്‍ക്ക് ഇന്ത്യയില്‍ വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. അവര്‍ പിന്നെ എന്തിനാണ് പാകിസ്താനില്‍ പരിപാടിക്ക് പോകാമെന്ന് സമ്മതിച്ചത്. ഇപ്പോള്‍ അവര്‍ പരിപാടിക്ക് പോകുന്നില്ലെന്ന് പറഞ്ഞ് മുഖം രക്ഷിക്കാന്‍ നോക്കുന്നു – കങ്കണ പറഞ്ഞു. ഫിലിം ഇന്‍ഡസ്ട്രിയില്‍ ഇത്തരത്തില്‍ നിരവധി ദേശവിരുദ്ധരുണ്ട്. പാകിസ്താനെ നിരോധിക്കുകയല്ല, പാകിസ്താനെ തകര്‍ക്കുകയാണ് ഇപ്പോളത്തെ ആവശ്യമെന്നും കങ്കണ റാണട്ട് പ്രതികരിച്ചു.

അതേസമയം കങ്കണയ്ക്ക് നേരെ സോഷ്യല്‍ മീഡിയില്‍ ശക്തമായ വിമര്‍ശനങ്ങള്‍ വരുന്നുണ്ട്. ഷബാന ആസ്മിയെ പോലൊരു അനുഭവസമ്പത്തുള്ള കലാകാരിയെ ദേശസ്‌നേഹം പഠിപ്പിക്കുന്നതിന് മുമ്പ് തന്റെ സിനിമയായ മണികര്‍ണിക എന്തിന് പാകിസ്താനില്‍ റിലീസ് ചെയ്തു എന്ന് അവര്‍ വ്യക്തമാക്കട്ടെ എന്നാണ് രാഷ്ട്രീയ നിരീക്ഷകനും കോണ്‍ഗ്രസ് അനുഭാവിയുമായ ഗൗരവ് പാന്ഥിയുടെ പരിഹാസം. പാകിസ്താനുമായുള്ള സഹകരണം പാടില്ലെന്നൊക്കെ എല്ലാവരോടും കങ്കണ പറയുന്നുണ്ടല്ലോ. വിടുവായത്തം പറയാന്‍ വളരെ എളുപ്പമാണെന്നും ഗൗരവ് പാന്ഥി പറയുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍