UPDATES

സോഷ്യൽ വയർ

ലൂസിഫർ: പുതിയ പോസ്റ്ററിനെ വിമർശിച്ച രാമചന്ദ്രബാബുവിന് ആരാധകരുടെ അസഭ്യവർഷം

മാധ്യമങ്ങളിൽ വരുന്ന ഇത്തരം സിനിമ പരസ്യങ്ങൾ കുട്ടികൾക്കും പുതുതലമുറയ്ക്കും തെറ്റായ സന്ദേശം നൽകുമെന്നാണ് രാമചന്ദ്രബാബു പറയുന്നത്

മോഹൻലാൽ ചിത്രം ലൂസിഫറിന്റെ പുതിയ പോസ്റ്ററിനെ വിമർശിച്ച പ്രശസ്ത ഛായാഗ്രാഹകൻ രാമചന്ദ്ര ബാബുവിനെതിരെ മോഹൻലാലിൻറെ ആരധകരുടെ സൈബർ ആക്രമണം.മോഹൻലാലിന്റെ കഥാപാത്രം വില്ലനായ പൊലീസുകാരന്റെ നെഞ്ചിൽ ചവിട്ടുന്നൊരു ചിത്രമാണ് അദ്ദേഹം പങ്കുവെച്ചത്. ‘എന്റെ പിള്ളേരെ തൊടുന്നോടാ…?’എന്ന ചിത്രത്തിലെ പ്രശസ്തമായ ഡയലോഗും പരസ്യത്തില്‍ ഉൾപ്പെടുത്തിയിരുന്നു.

മാധ്യമങ്ങളിൽ വരുന്ന ഇത്തരം സിനിമ പരസ്യങ്ങൾ കുട്ടികൾക്കും പുതുതലമുറയ്ക്കും തെറ്റായ സന്ദേശം നൽകുമെന്നാണ് രാമചന്ദ്രബാബു പറയുന്നത്. ‘പൊലീസിനെയും നിയമത്തിനെയും എങ്ങനെ കൈകാര്യം ചെയ്യാം എന്നതിന് കുട്ടികൾക്കൊരു നല്ല ഉദാഹരണമാണ് ഈ പരസ്യം. തിയറ്ററുകളില്‍ പോകുമ്പോൾ തീർച്ചയായും കുട്ടികളെ കൊണ്ടുപോകണം’ എന്നായിരുന്നു അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചത്.

ഇതേ തുടർന്ന് രാമചന്ദ്രബാബുവിന് നേരെ ആരാധകരുടെ ആക്രമണം തുടങ്ങി. നൂറുകണക്കിന് ആരാധകരനാണ് വിമർശനങ്ങളുമായി കുറിപ്പിന് താഴെ എത്തുന്നത്. ഇതിനിടെ അദ്ദേഹത്തിനു നേരെ അസഭ്യവർഷവും നടന്നു. എന്നാൽ പിന്നീട് അദ്ദേഹം തന്റെ പോസ്റ്റ് ഫേസ്ബുക്കിൽ നിന്ന് പിൻവലിക്കുകയും ചെയ്തു.

ദിലീപിനെ നായകനാക്കി പ്രൊഫസർ ഡിങ്കൻ എന്ന ത്രിഡി സിനിമയിലൂടെ സംവിധായകൻ ആകാൻ ഒരുങ്ങുകയാണ് അദ്ദേഹം ഇപ്പോൾ.

മലയാളത്തിലെ മുതിർന്ന ഛായാഗ്രാഹകരിൽ ഒരാളാണ് രാമചന്ദ്ര ബാബു. മോഹൻലാലിന്റെ കന്മദം, മമ്മൂട്ടിയുടെ വടക്കൻ വീരഗാഥ ഉൾപ്പടെ 150ലേറെ സിനിമകളില്‍ ക്യാമറ കൈകാര്യം ചെയ്തിട്ടുണ്ട്. പൂനാഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ വിദ്യാര്‍ത്ഥിയായിരിക്കെ ജോണ്‍ എബ്രഹാമിന്റെ ‘ വിദ്യാര്‍ത്ഥികളേ ഇതിലേ ഇതിലേ ‘ എന്ന ചിത്രത്തിന് ക്യാമറ ചലിപ്പിച്ചുകൊണ്ടാണ് രാമചന്ദ്രബാബു ചലച്ചിത്രരംഗത്ത് തുടക്കം കുറിച്ചത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍