UPDATES

സോഷ്യൽ വയർ

‘ചോരയ്ക്ക് ചോര കൊണ്ട് കണക്കു തീര്‍ക്കുന്നതിനേക്കാള്‍ എത്രയോ ഉദാത്തവും മാനവികവുമാണ് ആ കണ്ണുനീര്‍’

മുല്ലപ്പള്ളി രാമചന്ദ്രന്‍ കരയുന്നത് കണ്ടിട്ട് അഭിനയമാണെന്നൊന്നും മന:സാക്ഷിയുള്ളവർക്ക് പറയാൻ കഴിയില്ല.

കാസര്‍ഗോഡ് കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷിന്റെയും ശരത് ലാലിന്റെയും ബന്ധുക്കളെ സന്ദര്‍ശിച്ച കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ മാതാപിതാക്കളോട് സംസാരിക്കുന്നതിനിടെ നിയന്ത്രണം വിട്ട് വിങ്ങിക്കരയുന്നത് ഇന്നലെ മാധ്യമങ്ങളിലൂടെ പുറത്തു വന്നതു മുതല്‍ സോഷ്യല്‍ മീഡിയയില്‍ അടക്കം വ്യാപകമായി ചര്‍ച്ച ചെയ്യപ്പെടുന്നുണ്ട്. അതിനിടെയാണ് ഒരു വിഭാഗം മുല്ലപ്പള്ളിയുടെ കരച്ചിലിനെ പരിഹസിച്ചും ട്രോളിയും രംഗത്തു വന്നത്. എന്നാല്‍ ഇത്തരക്കാരുടെ നടപടികള്‍ അങ്ങേയറ്റം ക്രൂരമാണെന്ന് മാധ്യമപ്രവര്‍ത്തകര്‍ അടക്കമുള്ളവര്‍ ചൂണ്ടിക്കാട്ടുന്നു. അതിക്രൂരമായി തങ്ങളുടെ മക്കള്‍ കൊല ചെയ്യപ്പെട്ടതിന്റെ ആഘാതത്തില്‍ തകര്‍ന്നു കിടക്കുന്ന മാതാപിതാക്കളെ കാണുമ്പോള്‍ മനുഷ്യര്‍ക്കുണ്ടാകുന്ന വികാരം പ്രകടിപ്പിച്ച ഒരാള്‍ രാഷ്ട്രീയ പ്രവര്‍ത്തകനാണ് എന്നതു കൊണ്ട് എങ്ങനെയാണ് പരിഹസിക്കാന്‍ തോന്നുന്നത് എന്ന് ഇവര്‍ ചോദിക്കുന്നു.

കെ.ജെ ജേക്കബ്

കുറച്ചുകാലം മുൻപ്. ‘ദി വീക്കി’ൽ എന്റെ മുതിർന്ന സഹപ്രവർത്തകനായിരുന്ന കൃഷ്ണകുമാർ മരിച്ചു. അദ്ദേഹത്തിൻറെ മരണം പ്രതീക്ഷിച്ചിരുന്നതായിരുന്നു; വൈദ്യശാസ്ത്രത്തിന്റെ മികവും ‘മനോരമ’യുടെ പരിചരണവും കൊണ്ടുമാത്രം മരണം കുറച്ചുകാലം മാറിനിന്നു എന്നുമാത്രം.

കൊച്ചിയിൽ പനമ്പിള്ളി നഗറിലായിരുന്നു അദ്ദേഹം താമസിച്ചിരുന്നത്. എനിക്ക് വീട് കൃത്യമായി അറിയില്ലായിരുന്നു. പഴയ സഹപ്രവർത്തകരോട് ചോദിച്ചു ഏകദേശ സ്‌ഥലം മനസിലാക്കി. ഏതിനും മരണവീട് കണ്ടുപിടിക്കുക അത്ര ബുദ്ധിമുട്ടല്ലല്ലോ. പിന്നെ പരിചയമുള്ള ആളുകളും കാണും. ഞാനും ഭാര്യയും അവിടെയെത്തി.

വീടിനുമുമ്പിൽ കുറച്ചധികം ആളുകൾ നിൽക്കുന്നുണ്ട്, പക്ഷെ പരിചയമുള്ളവർ ആരെയും കണ്ടില്ല. രണ്ടായാലും അകത്തു കയറി. അത്യാവശ്യം വലിയ വീട്. അവിടെ സ്വീകരണമുറിയിൽ ഒരു ബാലന്റെ.–ടീൻഎജ് പ്രായമുള്ള ആൺകുട്ടിയുടെ– ശരീരമായിരുന്നു പെട്ടിയിൽ കിടത്തിയിരുന്നത്. വീട് മാറി എന്ന് അപ്പോഴേക്കും മനസിലായി. പക്ഷെ പെട്ടെന്ന് ഇറങ്ങിപ്പോരുന്നത് ശരിയല്ലല്ലോ..രണ്ടു മൂന്നു മിനിറ്റുനേരം അവിടെനിന്നു. പിന്നെ കരഞ്ഞുകൊണ്ട് ഇറങ്ങിപ്പോന്നു. പിന്നെ നടന്നു കൃഷ്ണകുമാറിന്റെ വീട്ടിലെത്തി.

ജീവിതത്തിൽ അന്നുവരെ കണ്ടിട്ടുണ്ടാവാൻ സാധ്യതയില്ലാത്ത, ഒരിക്കലും പരിചയപ്പെട്ടിട്ടില്ലാത്ത ഒരു കുഞ്ഞിന്റെ ചലനമറ്റ ശരീരം വഴിപോക്കനായ എന്നെ കരയിച്ചെങ്കിൽ ഒരേ കൊടിയും പിടിച്ചു നടന്ന യുവാവിന്റെ ക്രൂരമായ മരണത്തിൽ തകർന്നിരിക്കുന്ന മാതാപിതാക്കളുടെ ദുഃഖം മുല്ലപ്പള്ളി രാമചന്ദ്രൻ എന്ന മനുഷ്യനെ കരയിച്ചെന്നിരിക്കും.

മനുഷ്യനായിരിക്കുക എന്നതാണ് വലിയ കാര്യം.
ബാക്കിയൊക്കെ പിന്നീടാണ്.

ദീപ നിശാന്ത്

കൃപേഷിന്റെയും ശരത്തിന്റേയും ഉറ്റവരുടെ നിലവിളികൾ കണ്ട് ഞാനും കരഞ്ഞു.വ്യക്തിപരമായി അവരെന്റെ ആരുമല്ലാതിരുന്നിട്ടു കൂടി തോർത്തുമുണ്ടുകൊണ്ട് മുഖം മറച്ച് വൃദ്ധയായ ഒരു സ്ത്രീയുടെ മടിയിൽ തലയിട്ടുരുട്ടി’ എനിക്കാരെയും കാണേണ്ടെ’ന്നു പറഞ്ഞ് പതം പറഞ്ഞ് കരയുന്ന കൃപേഷിന്റെ അമ്മയും ‘എനിക്കെന്റേട്ടനെ കാണിച്ചു താ ‘ന്നും പറഞ്ഞ് അച്ഛന്റെ മടിയിലേക്ക് വാടിയ ചേമ്പിൻ തണ്ടുപോലെ വീഴുന്ന ശരത്തിന്റെ പെങ്ങളും അച്ഛനുമൊന്നും നിങ്ങളെ സങ്കടപ്പെടുത്തുന്നില്ല എങ്കിൽ നിങ്ങൾ മനുഷ്യരല്ല എന്നു തന്നെയാണ് അർത്ഥം. ആ കാഴ്ചകൾ കണ്ട് കരയുന്നവരുടെ ചിത്രം വെച്ചൊക്കെ ട്രോളുന്നവർ മുന്നോട്ടു വെക്കുന്നത് എന്തു തരം രാഷ്ട്രീയബോധമാണ്?

ഞാനും ഇങ്ങനെ കരഞ്ഞിട്ടുണ്ട്. ഏറ്റവും വികൃതമായി ചുണ്ടുകോടിപ്പോയിട്ടുണ്ട്. ദയനീയമായി തേങ്ങിയിട്ടുണ്ട്. എന്റെ മക്കളേയും ഭർത്താവിനേയും അച്ഛനേയും അമ്മയേയും സഹോദരങ്ങളേയുമൊക്കെ മരിച്ചു കിടക്കുന്നവരുടെ സ്ഥാനത്ത് കണ്ട് ഉള്ള് ആന്തിയിട്ടുണ്ട്. ആ ആന്തലിൽ നിന്നു തന്നെയാണ് അപരിചിതവിഷാദങ്ങളൊക്കെയും നമ്മുടേതു കൂടിയാകുന്നത്.

അതൊക്കെ കണ്ട് ചിരിക്കുന്നവർ ചിരിക്കട്ടെ!

സുജിത് നായര്‍

രാഷ്ട്രീയക്കാരുടെയെല്ലാം ചിരിയും കണ്ണീരും ഒറിജിനലാണെന്ന അഭിപ്രായമില്ല, മറിച്ചാണു കൂടുതലെന്നു നന്നായി അറിയുകയും ചെയ്യാം.

പക്ഷേ ഈ മനുഷ്യന്റെ ഈ കണ്ണീരിൽ കാപട്യമൊന്നുമില്ല.

അതയാൾ ചിത്രത്തിനോ ചാനലുകൾക്കോ വേണ്ടി സൃഷ്ടിച്ചതല്ല.

സ്വാതന്ത്ര്യസമരസേനാനിയായ മുല്ലപ്പള്ളി ഗോപാലന്റെ മകന്റെ തേങ്ങലാണ്.

പ്രമീള ഗോവിന്ദ്

ഇന്ന് രാവിലെ പന്ത്രണ്ട് മണി തൊട്ട് വളരെ കുറച്ച് സമയം ഒഴികെ രാത്രി പത്തര വരെ ലൈവിലായിരന്നു. പത്തൊൻപതും ഇരുപത്തിന്നാലും വയസ്സുള്ള രണ്ട് ചെറുപ്പക്കാരേ വെട്ടി നുറുക്കിയ ക്രൂരത ഒരു പകൽ മുഴുവൻ വായിച്ച് തീർത്തു. ഓരോ വാർത്ത വായിക്കുമ്പോഴും ബ്രീഫ് ചെയ്യുമ്പോഴും ശബ്ദം ഇടറാതെ മനസ്സ് കുലുങ്ങാതെ ജോലിയിൽ ശ്രദ്ധിച്ചു. അറിയാതെ പതറി പോയത് അപ്രതീക്ഷിതമായി മുല്ലപ്പള്ളിയുടെ കരച്ചിൽ കണ്ടാണ്. കണ്ണ് നനയാതിരിക്കാൻ പാടുപ്പെട്ടു. അടുത്ത തവണ മുതൽ ആ വാർത്ത വായിച്ചപ്പോൾ മോണിറ്ററിലേക്ക് മനപൂർവ്വം ശ്രദ്ധിച്ചില്ല .ആ കരച്ചിലിലെ ആത്മാർത്ഥത എന്റെ കണ്ണ് നനയിച്ചതാണ്.

സനീഷ് ഇളയിടത്ത്

മുല്ലപ്പള്ളിയുടെ കരച്ചിൽ സങ്കടപ്പെടുത്തുന്നതായിരുന്നു. അദ്ദേഹത്തോട് നല്ല ഇഷ്ടവും ബഹുമാനവും തോന്നുന്നു. ഇത്ര വലിയ ക്രൂരതക്ക് സാക്ഷികളാകേണ്ടി വരുമ്പോൾ നമ്മൾ മനുഷ്യർ കാണിക്കേണ്ട എല്ലാം ടിവിയിൽ കണ്ട അദ്ദേഹത്തിന്റെ പ്രതികരണങ്ങളിൽ ഉണ്ടായിരുന്നു. രോഷവും സങ്കടവും. അത്രയ്ക്ക് ജെനുവിൻ ആയത്.

മുല്ലപ്പള്ളിക്ക് നന്ദി. ഇന്നത്തെ ദിവസത്തെ വലിയ സങ്കടത്തെ ചെറുതായെങ്കിലും തണുപ്പിക്കുന്ന എന്തോ ഒന്ന് ആ ദൃശ്യങ്ങളിൽ നിന്ന് എനിക്ക് കിട്ടിയിട്ടുണ്ട്. നന്ദി

ഐഷ മെഹമൂദ്

മുല്ലപ്പള്ളി കരഞ്ഞതിന്റെ ട്രോളും കളിയാക്കലും ആണ് സോഷ്യൽ മീഡിയ നിറയെ. ആ അമ്മയുടെ കീറുന്ന കരച്ചിലും, വിങ്ങി പോകുന്ന മുല്ലപ്പള്ളിയുടെ ദൃശ്യവും കാണുമ്പോൾ എന്റെ കണ്ണ് നിറയുന്നുണ്ട്. എനിക്ക് ഒന്നും നഷ്ടപ്പെടാനോ ലാഭിക്കാനോ ഇല്ലാഞ്ഞിട്ടും.

ഏതൊരു മനുഷ്യനും മറ്റൊരു മനുഷ്യൻ വേദനയിൽ പിടയുന്നത് കാണുമ്പോൾ സ്വയം പിടഞ്ഞു പോകുന്നത് സ്വാഭാവികമാണ്. അല്ലാതെ കമ്മ്യൂണിസ്റ്റ് പാർട്ടിയിലെ പ്രവർത്തകർ മരിക്കുമ്പോൾ മാത്രമല്ല “പെറ്റ മകനും” “നാടിന്റെ കണ്ണീരും” “രക്തം പൊടിഞ്ഞ ഹൃദയവും” ഉണ്ടാകേണ്ടത്.

ചുവന്ന കണ്ണട അഴിച്ചു വെച്ചാലേ ചോര കാണൂ.

പ്രശാന്ത് ആലപ്പുഴ

ചെറിയ കാര്യങ്ങൾക്ക് കണ്ണു നിറയുകയും വിതുമ്പി പോവുകയും ഒക്കെ ചെയ്യുന്ന ആളാണ് ഞാൻ. ഒരാൾ കരയുന്നത് അഭിനയമാണ് എന്ന് തീർപ്പ് കൽപ്പിക്കാൻ ആർക്കും അധികാരമില്ല. അതിലും എളുപ്പം ഒരാളുടെയും കണ്ണു നിറയാൻ താൻ ഇടയാക്കില്ല എന്ന് തീരുമാനിക്കുന്നതാവും.

സുജിത് ചന്ദ്രന്‍

മുല്ലപ്പള്ളി കരഞ്ഞതിനെ കളിയാക്കുന്നവരൊക്കെ എന്തുതരം ആളുകളാണ്? അയാൾക്ക് കരച്ചില് വന്നിട്ടാവും കരഞ്ഞത്. ആ വീടിന്റെ ചിത്രം കണ്ടാൽ കണ്ണുനിറയുമല്ലോ.. ജൂൺ സിനിമയുടെ പൈങ്കിളി ക്ലൈമാക്സ് കണ്ടിട്ടുപോലും മനുഷ്യമ്മാര് കരയുന്നേ കണ്ടു, പിന്നാണ്..
രണ്ട് ചെറുപ്പക്കാരെ വെട്ടിക്കഷണിച്ച് ഇട്ടിരിക്കുന്നേ കണ്ടാൽ സാധാരണ മനുഷ്യർക്ക് കരയാനൊക്കെ തോന്നുമെടോ.
ഈ ട്രോൾ കഴുകന്മാരെക്കൊണ്ടാണ് ഇവിടം മടുത്തു പോകുന്നത്. ഹൃദയശൂന്യരുടെ അസുരതാണ്ഡവം! ഗതികെട്ട കറുത്ത കാലം!

കെ.എ ഷാജി

കാസർഗോഡ് നടന്ന തീർത്തും നീചമായ ഇരട്ടക്കൊലപാതകങ്ങൾ ഇടതുപക്ഷത്തു നില്ക്കുന്ന ശരാശരി മനുഷ്യരെ രണ്ടു തരത്തിലാണ് പ്രതിരോധത്തിലാക്കുന്നത്. ഒന്നാമത്തെ കൂട്ടർ ഇടതുപക്ഷത്തിന്റെ സംരക്ഷകരും പരിപോഷകരും സഹയാത്രികരുമായി സോഷ്യൽ മീഡിയയിലും ചാനൽ ചർച്ചകളിലും നിറഞ്ഞ് നിന്ന് അരുംകൊലകളെ നിർലജ്ജം ന്യായീകരിക്കുന്നവരാണ്. തുല്യവും വിപരീതവുമായ പ്രതിപ്രവർത്തനത്തിന്റെ ന്യൂട്ടോണിയൻ ഫിസിക്സുമായി (ഗുജറാത്ത് വംശഹത്യകളെ മോഡി ന്യായീകരിച്ച അതേ രീതിയിൽ )ട്ടാണ് അവർ അരയും തലയും മുറുക്കിയിറങ്ങുന്നത്. മുല്ലപ്പള്ളി രാമചന്ദ്രന്റെ കരച്ചിലിന് വരെ വ്യാഖ്യാന വകഭേദങ്ങളുണ്ടാക്കി അവർ പൊതു സമൂഹത്തിന്റെ അവജ്ഞ ആളിക്കത്തിച്ച് ഇടതുപക്ഷത്തെ വലിയ പ്രതിരോധത്തിലാക്കുന്നു. വരമ്പത്തെ കൂലിയുടെ വ്യാഖ്യാന വകഭേദങ്ങളിൽ ഒരു ജനതയുടെ നീതിബോധത്തെ അവർ തുടർച്ചയായി വെല്ലുവിളിക്കും. പരോളിലിറങ്ങി ക്വട്ടേഷൻ കൊടുത്ത് കാശുണ്ടാക്കി ജയിൽ ജീവിതം സംരംഭകത്വ സംവിധാനമാക്കുന്ന സാക്ഷാൽ ശ്രീമാൻ കൊടി സുനിയേട്ടന് വരെ അവർ ന്യായീകരണം നിരത്തും. മനുഷ്യാവകാശം കുഞ്ഞനന്തനിൽ തുടങ്ങി കുഞ്ഞനന്തനിൽ അവസാനിക്കണമെന്നവർ പറഞ്ഞു കളയും. വാസ്തവത്തിൽ ഇത്തരം ന്യായീകരണക്കാരെ തള്ളിപ്പറയുകയാണ് ഇടതുപക്ഷത്തിന്റെ അടിയന്തര ദൗത്യം.
ആഴത്തിൽ നോക്കുമ്പോൾ കാസർഗോഡ് സംഭവത്തിന് ശേഷം കേരളത്തിലെ രാഷ്ട്രീയാന്തരീക്ഷത്തിൽ ചില ഗുണപരമായ മാറ്റങ്ങൾ ഉണ്ടായി വരുന്നത് കാണാതിരുന്നു കൂടാ. ഇടതുപക്ഷത്തെ ഒരുത്തരവാദിത്വപ്പെട്ട നേതാവും ഈ അരുംകൊലകളെ ന്യായീകരിച്ചില്ല. കൊലയാളികളെ തള്ളിപ്പറയുകയും ചെയ്തു. ഇത് ചെറിയ കാര്യമല്ല. മുൻപ് ഒരുപാട് ന്യായീകരണങ്ങൾ ഉണ്ടായിട്ടുണ്ട്. കൊലയാളികളെ പുകഴ്ത്തിയിട്ടുണ്ട്. രക്ഷപ്പെടാൻ വഴിയൊരുക്കിയിട്ടുണ്ട്. സമാധാനത്തിന് പരിഗണന കൊടുക്കുന്നവർ നേതാക്കളുടെ വാക്കുകൾ വിശ്വാസത്തിലെടുക്കേണ്ടതുണ്ട്. സ്ഥിരം പല്ലവിയെന്ന് പറഞ്ഞ് തള്ളി കളയുന്നവർ മാറ്റം ആഗ്രഹിക്കുന്നവരല്ല. നിലവിൽ പോലീസ് അന്വേഷണം പരാതികൾക്കിട നല്കാതെ തുടങ്ങിയിട്ടുണ്ട്. ശക്തമായ സാമൂഹിക ജാഗ്രത മാത്രമാണ് അന്വേഷണത്തെ നേരായ വഴിയിൽ കൊണ്ടുപോവുക.

കൊല്ലപ്പെട്ടവർ തീർച്ചയായും കോൺഗ്രസ്സുകാരാണ്. ആ പാർട്ടിക്ക് അതിൽ പ്രതിഷേധിക്കാനും രോക്ഷം കൊള്ളാനും അവകാശമുണ്ട്. അതൊരു ജനാധിപത്യാവകാശമാണ്. അവർ നടത്തിയ ഹർത്താലിനോട് പോലും ഒരു വലിയ വിഭാഗം ജനങ്ങൾ എതിർപ്പ് കാട്ടാഞ്ഞതും അതുകൊണ്ട് തന്നെയാണ്.

ഇനി ഇടതുപക്ഷ വിശ്വാസികൾ പ്രതിരോധം നേരിടുന്ന മറ്റൊരു വിഭാഗത്തിലേയ്ക്ക് വരാം. ഇടത്പക്ഷം എന്നാൽ ചരിത്രപരമായും പ്രത്യയശാസ്ത്രപരമായും ഒരു ക്രിമിനൽ സംഘമാണെന്നും വെട്ടും കൊലയും അതിൽ അന്തർലീനമാണെന്നും അവർ പറയുന്നു. കിട്ടിയ സന്ദർഭത്തെ മുതലാക്കി അവർ കമ്യുണീസ്റ്റുകളെ കാട്ടാളരാക്കുകയാണ്. ഇടതുപക്ഷ രാഷ്ട്രീയ സമീപനത്തിന്റെ തന്നെ പ്രസക്തി കേരളത്തിൽ ഇല്ലാതായി എന്ന് ആവേശത്തിൽ വിളിച്ചു കൂവുന്നവരിൽ നത്തോലികൾ മാത്രമല്ല. വലിയ മത്സ്യങ്ങളുമുണ്ട്.

അടിയന്തരാവസ്ഥയിലും സിഖ് വിരുദ്ധ കലാപത്തിലും രാജ്യം നേരിടുന്ന നിരവധിയായ വെല്ലുവിളികളിലും മുഖ്യകാരണക്കാരാണ് കോൺഗ്രസ്സ് എന്നതിനാൽ അതിനെ എഴുതിതള്ളണം എന്ന് വർത്തമാനകാല വെല്ലുവിളികളുടെ പശ്ചാത്തലത്തിൽ രാജ്യത്തെ ഒരു മതേതരവാദിയും തയ്യാറാകുന്നില്ല എന്നത് കൂടി ഇവിടെ കാണണം. രാജ്യം നേരിടുന്ന ഫാസിസ്റ്റ് ഭീഷണിയ്ക്ക് തടയിടേണ്ടവർ പരസ്പരം വെട്ടിക്കൊല്ലരുത്. ഫാസിസ്റ്റ്‌ ഭാഷയിൽ സംസാരിക്കരുത്. കേരളത്തിലെ രാഷ്ട്രീയ കൊലപാതകങ്ങളിൽ ഇരയാക്കപ്പെട്ടവരിൽ മുന്തിയ ഭാഗം സി പി ഐ എം പ്രവർത്തകരായിരുന്നു എന്നത് ഒരു വസ്തുത തന്നെയാണ്. അത് പറഞ്ഞ് അവരെ ന്യായീക്കിക്കുകയല്ല. കമ്മ്യുണിസ്റ്റ് വിരുദ്ധത കൊന്നവർ ഒരുപാടുണ്ട്. ചീമേനിയിൽ കമ്യുണീസ്റ്റുകളായ മനുഷ്യരെ പാർട്ടിയോഫീസിന് തീയിട്ട് കൊന്നത് ഉദാഹരണം. കേരളത്തിൽ രാഷ്ട്രീയക്കൊലപാതകങ്ങൾ മുഖ്യധാരയിലെ ഓരോ പാർട്ടിയും അവരുടെ കഴിവും ശേഷിയുമനുസരിച്ച് നടത്തിയിട്ടുണ്ട്. അഷ്ന എന്ന കൊച്ചു പെൺകുട്ടിയുടെ കാൽ ബോംബെറിഞ്ഞ് തകർത്തവരാണ് ക്ലാസ്സ് മുറിയിലെ കൊലപാതകത്തിലെ പൈശാചികത നിരത്തുക. നേരെ തിരിച്ചും പൈശാചികത പ്രഭാഷണം ഉണ്ടാകും. ശക്തിയുള്ളിടങ്ങളിൽ മുസ്ലീം ലീഗു പോലും ആളുകളെ കൊന്നിട്ടുണ്ട്. ശക്തിയില്ലാത്തിടത്ത് പുറമേ നിന്ന് ആളെയിറക്കി കൊല്ലുന്നത് സംഘ പരിവാരം മാത്രമായിരിക്കും.

പരസ്പരമുള്ള തെറിവിളികളല്ല കൊലപാതക സംസ്കാരം മാറ്റിയെടുക്കുക. ആരേയും കൊല്ലില്ലെന്ന കൂട്ടായ ചിന്തയിലേയ്ക്കും ബോധ്യത്തിലേയ്ക്കും എല്ലാ രാഷ്ട്രീയ പാർട്ടികളേയും കൊണ്ടുവരാൻ ഇടതുപക്ഷം മുൻകൈ എടുക്കണം. ആയുധമെടുക്കുന്ന വെറുപ്പിന്റെ വർഗീയ ശക്തികൾക്കെതിരായ വിശാല ജനാധിപത്യ മതേതര മുന്നേറ്റമാണ് ഇനി കേരളത്തിലുണ്ടാകേണ്ടത്.

കൊലയാളികളെ ന്യായീകരിക്കലും അവരുടെ കേസ് നടത്തലും പരോളിലിറങ്ങി അവർ കല്യാണം കഴിക്കുമ്പോൾ സദ്യ വിളമ്പലുമല്ല ഇടതുപക്ഷ രാഷ്ട്രീയം. കേരളത്തിന്റെ സാമൂഹിക സാമ്പത്തീക വളർച്ചയിൽ ഇടതുപക്ഷം നിർണ്ണായക ഘടകമായിരുന്നു എന്നും. ഭൂപരിഷ്കരണവും വിദ്യാഭ്യാസ പരിഷ്കരണങ്ങളും (അവയിൽ സംഭവിച്ച വലിയ പാളിച്ചകളും കുറവുകളും വേറെ വിഷയമാണ്) നവോത്ഥാന ചിന്തകളും ദാരിദ്രത്തിനെതിരായ യുദ്ധങ്ങളും ആരോഗ്യ സുരക്ഷയുമെല്ലാം ഇടതുപക്ഷ രാഷ്ട്രീയത്തിന്റെ വലിയ ഇടപെടലുകളിൽ സംഭവിച്ചതാണ്. കേരളം ബീഹാറോ ഉത്തർ പ്രദേശോ ഗുജറാത്തോ ആകാത്തതിന്റേയും കാരണം വേറൊന്നല്ല. ഇടതുപക്ഷം നിശിതമായി വിമർശിക്കപ്പെടുന്നിടത്തേ അതിൽ നവീകരണമുണ്ടാകൂ. എന്നാൽ അതിനെ മൊത്തത്തിൽ തള്ളിപ്പറയുന്നവരുടെ ഒളിയജണ്ട തീർച്ചയായും വേറെയാണ്.

വെളളപ്പൊക്കത്തിലും ശബരിമലയിലും ഒരു സമൂഹത്തിന്റെ ഇച്ഛാശക്തിയെ ജ്വലിപ്പിച്ചു നിർത്താൻ ഇടതു പക്ഷത്തിന് കഴിഞ്ഞു. ഇനിയാവശ്യം ഇതാണ്: ഇടതുപക്ഷം ആരേയും കൊല്ലരുത്. രാഷ്ട്രീയത്തിന്റെ പേരിൽ ആരും ആരേയും കൊല്ലാൻ അത് അനുവദിക്കുകയുമരുത്.

ലോകം മാർക്സിലേക്കും ശാസ്ത്രീയ സോഷ്യലിസത്തിന്റെ പ്രസക്തിയിലേക്കും വീണ്ടും ഉറ്റുനോക്കുന്ന ഒരു ലോകത്ത് നിങ്ങൾ കൂടുതൽ ജാഗരൂകരാകേണ്ടതുണ്ട്.
ഇടതുപക്ഷം ഒരു നീതിബോധമാണ്. ഗുണഭോക്താക്കളുടെ പരസ്പര സഹായ പുറം ചൊറിയൽ സംഘമല്ല.

വനജ വാസുദേവ്

ഇനിയൊരിക്കലും മകനെ കാണാന്‍ കഴിയാത്ത അമ്മ, ഏക പ്രതീക്ഷയായിരുന്ന മകനെ ഓര്‍ത്ത് കരയുന്ന അച്ഛന്‍, പെങ്ങള്‍, കൂട്ടത്തിലൊരുത്തന്‍ പോയ കൂട്ടുകാര്‍ , ബന്ധുക്കള്‍, നാട്ടുകാര്‍…
നിലവിളികള്‍ മാത്രമാകുന്ന ഒരിടത്ത് കണ്ട് നില്‍ക്കുന്നത് ഏത് കഠിന ഹൃദയനെങ്കിലും, അതിനി മരിച്ച് കിടക്കുന്നത് ശത്രുവാണെങ്കില്‍ പോലും മനുഷ്യനായി ജനിച്ചവന്റെ കണ്ണുകള്‍ ഒരുവട്ടമെങ്കിലും നിറയും. ചിലപ്പപ്പോള്‍ പിടിവിട്ട് കരഞ്ഞ് പോകും. പിന്നെ എന്ത് $^%%%% കണ്ടിട്ടാണ് ഓണ്‍ലൈന്‍ സഖാക്കന്‍മാരെ/സഖാത്തികളെ നിങ്ങളിങ്ങനെ ട്രോളുന്നത്. ഔചിത്യബോധമെന്നത് ലവലേശം ഇല്ലാത്ത സ്വയം പ്രഖ്യാപിത സഖാക്കള്‍ . തരിയായ കനലിനെ കെടുത്താന്‍ പുറത്തൂന്ന് വേറാരും വേണ്ട,ഇവരൊക്കെ തന്നെ മതി. അപ്പനപ്പുപ്പന്‍മാരുടെ കാലത്തുള്ള രക്തസാക്ഷികളെ എണ്ണി രാഷ്ട്രീയ കൊലപാതകങ്ങളെ ന്യായീകരിക്കുകയും, ട്രോളുകയും ഒക്കെ ചെയ്യുമ്പോള്‍ ലേശം ഉളുപ്പ് ഉണ്ടോ എന്ന് ചോദിച്ചാല്‍ അതി ബഹുമാനം ആവും. വാളെടുത്തവന്‍ വാളാല്‍ എന്നാണെങ്കില്‍ വാളെടുത്തവന്റെ കൂടെ യാത്ര ചെയ്ത ആ പത്തൊന്‍പത്കാരനെ വെറുതെ വിടാമായിരുന്നു…പാര്‍ട്ടിക്ക് പങ്കില്ല എന്ന് നിങ്ങള്‍ പറഞ്ഞാലും അത് തെളിയിക്കാത്ത പക്ഷം എതിര്‍ ചേരിയില്‍ കമ്യൂണിസ്റ്റുകാര്‍ തന്നെയാവും ഉണ്ടാവുക. ജനപക്ഷം എന്നല്ലേ സഖാക്കന്‍മാരെ നിങ്ങള്‍ പറഞ്ഞ് നടന്നത്.

നവ കേരളത്തിലെ നവോത്ഥാന പാഠങ്ങള്‍ വരും തലമുറയ്ക്ക് പഠിക്കാന്‍ കൊടുക്കുമ്പോള്‍ നവോത്ഥാന പാര്‍ട്ടിയുടെ ഈ അക്രമരാഷ്ട്രീയം കൂടി പഠിക്കാന്‍ കൊടുക്കണം..നല്ല ഇതായിരിക്കും..

നേതാക്കന്‍മാരുടെ മക്കളുടെ ഇറച്ചിയില്‍ മണ്ണ് പറ്റാത്തിടത്തോളം കാലം ചെറ്റക്കുടിലിലില്‍ നിന്ന് രക്ഷതസാക്ഷിത്വത്തിലേക്ക് നടന്ന് കയറാന്‍ അഭിമന്യുമാരും, കൃപേഷ്മാരും ഉണ്ടായിക്കൊണ്ടേയിരിക്കും.

(ഒന്ന് യുടൂബില്‍ കയറി നോക്കിയാല്‍ സഖാവ് രാജേഷ് മാദ്ധ്യമങ്ങള്‍ക്ക് മുന്നില്‍ നിന്ന് വാവിട്ട് കരയുന്ന ഒരു വീഡിയോ കിട്ടും. ലേശം പഴയത്. അത്രത്തോളം അശ്ളീലത എന്തായാലും നിങ്ങള്‍ ട്രോളുന്ന ഈ കരച്ചിലിനില്ല..

സുധീഷ്‌ സുധാകരന്‍

രണ്ട് ചെറുപ്പക്കാരെ വെട്ടിക്കൊന്നിട്ട് മുല്ലപ്പള്ളി കരഞ്ഞതിനെ ട്രോളാൻ ഇറങ്ങുന്നതൊക്കെ ക്രൂരതയാണു. അയാൾ കരയുന്നത് കണ്ടിട്ട് അഭിനയമാണെന്നൊന്നും മനസാക്ഷിയുള്ളവർക്ക് പറയാൻ കഴിയില്ല…. സത്യം പറഞ്ഞാൽ ശബരിമല വിഷയത്തിലെ ഇരട്ടത്താപ്പ് കണ്ടപ്പോൾ അയാളോടുണ്ടായ വെറുപ്പിന്റെ ഒരു ഭാഗം ആ കരച്ചിൽ കണ്ടപ്പോൾ അലിഞ്ഞുപോയി….

രഞ്ജിത് ലീല രവീന്ദ്രന്‍

താൻ പ്രസിഡന്റായ രാഷ്ട്രീയ പാർട്ടിയിൽ പ്രവർത്തിച്ചു എന്നതിന്, വിലയായി ജീവൻ നൽകേണ്ടി വന്നൊരു മകന്റെ അച്ഛന്റെ എണ്ണിപ്പെറുക്കിയ വിലാപങ്ങൾക്ക് മുന്നിൽ കുറ്റബോധത്തോടെയും, വിഷമത്തോടെയും മാത്രമേ ആത്മാർത്ഥതയുള്ളൊരു രാഷ്ട്രീയ നേതാവിന് നിൽക്കാൻ സാധിക്കുകയുള്ളൂ.

ചിലപ്പോൾ ആ സമയത്തു,ആ നേതാവ്, തന്റെ മക്കൾക്കാണിത് സംഭവിച്ചിരുന്നതെങ്കിൽ എന്നോർത്തു കാണണം. പ്രവർത്തകരെ സംരക്ഷിക്കാൻ സാധിക്കാത്ത തന്റെ പ്രസ്ഥാനത്തിന്റെ നിസ്സഹായാവസ്ഥ വേദനിപ്പിച്ചിട്ടുമുണ്ടാകും.

അതുകൊണ്ടാണ്, ചിന്തിയ ചോരക്ക് മറ്റൊരുവന്റെ ചോര കൊണ്ട് പ്രതികാരം തീർക്കും എന്ന വെല്ലുവിളിയെക്കാൾ,
കെ പി സി സി പ്രസിഡന്റ്‌ മുല്ലപ്പള്ളി രാമചന്ദ്രന്റെ കണ്ണുനീരും,കരച്ചിലും മാനവികവും, ഉദാത്തവുമാകുന്നത്.

തിരിച്ചു കൊന്നല്ല ജയിക്കേണ്ടത്, പാർട്ടിയുടെ അഭിമാനം സംരക്ഷിക്കാനും, പ്രവർത്തകരുടെ ആത്മവീര്യം നഷ്ടപെടാതിരിക്കാനും അണയേണ്ടത് മറ്റൊരു വീട്ടിലെ പ്രതീക്ഷയും, സ്നേഹവുമല്ല. വെറുപ്പിന്റെ രാഷ്ട്രീയത്തിന് ബദലായി സ്നേഹ രാഷ്ട്രീയത്തെ മുന്നിൽ നിർത്തുമ്പോൾ തോൽക്കാതിരിക്കാൻ ആർക്കാവും.

പ്രശസ്ത കവി ഒ എൻ വി എഴുതിയതിനപ്പുറം പറയാൻ മറ്റൊന്നില്ല

“സ്നേഹിച്ചു നമ്മൾ അനശ്വരരാവുക
സ്നേഹിച്ചു തീരാത്തൊരാത്മാക്കളാവുക”

Also Read: “250 രൂപ മുടക്കി എല്ലാ തെരഞ്ഞെടുപ്പിലും സിപിഎമ്മിന് വോട്ട് ചെയ്യാന്‍ പോകും”: കൊല്ലപ്പെട്ട കൃപേഷിന്റെ അച്ഛന്‍ പറയുന്നു

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍