UPDATES

സോഷ്യൽ വയർ

ക്രിക്കറ്റിലെ ഫുട് വര്‍ക്കുകള്‍ നൃത്തചുവടുകളായപ്പോള്‍; കരീബിയന്‍ താരത്തിന്റെ നൃത്തം ഏറ്റെടുത്ത് ആരാധകര്‍

ഓസ്ട്രേലിയന്‍ ഡാന്‍സ് റിയാലിറ്റി ഷോയുടെ ഫ്ളോറിലാണ് മുന്‍ താരത്തിന്റെ  നൃത്തം.

ലോകക്രിക്കറ്റില്‍ ആരാധക ശ്രദ്ധ നേടുന്നവരാണ് വിന്‍ഡീസ് താരങ്ങള്‍. ടീം മികവുറ്റ കളി കാഴ്ചവെച്ചില്ലെങ്കിലും താരങ്ങളുടെ ഒറ്റപ്പെട്ട പ്രകടനങ്ങള്‍ ടീമില്‍ വലിയ മാറ്റങ്ങള്‍ കൊണ്ടുവരാറുമുണ്ട്. കളത്തിനകത്തും പുറത്തും വിന്‍ഡീസ് താരങ്ങള്‍ ആരാധകരെ കൈയ്യിലെടുക്കുന്നു. ക്രിസ് ഗെയ്ലടക്കമുള്ള നിലവില്‍ കളിക്കുന്ന താരങ്ങളും വിരമിച്ച താരങ്ങളും എല്ലാം ഇക്കാര്യത്തില്‍ ഒട്ടും പിന്നിലല്ല. അത് ചിലപ്പോള്‍ ഏതെങ്കിലും ആക്ഷനിലൂടെയോ അല്ലെങ്കില്‍ വ്യത്യസ്തമായ നൃത്ത ചുവടുകളോടെയോ ആകാം. അത്തരമൊരു വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.

ഇതിഹാസ താരമായ മുന്‍ പേസര്‍ കര്‍ട്‌ലി ആംബ്രോസാണ് ഈ വീഡിയോയിലെ താരം. 55കാരനായ മുന്‍ കരീബിയന്‍ താരത്തിന്റെ നൃത്തമാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. കളിക്കുന്ന കാലത്ത് തന്റെ ഫുട് വര്‍ക്കിന്റെ കരുത്തില്‍ ബാറ്റ്സ്മാന്‍മാരെ പന്തെറിഞ്ഞ് കുഴക്കാന്‍ ആംബ്രോസിന് സാധിച്ചിരുന്നു. അതേ കാലുകള്‍ ഇപ്പോള്‍ നൃത്തത്തിലും തിളങ്ങുകയാണ്. ഓസ്ട്രേലിയന്‍ ഡാന്‍സ് റിയാലിറ്റി ഷോയുടെ ഫ്ളോറിലാണ് മുന്‍ താരത്തിന്റെ  നൃത്തം.

ഇംഗ്ലീഷ് സംഗീതജ്ഞന്‍ എഡ് ഷീരന്‍സിന്റെ പെര്‍ഫക്ട് എന്ന ആല്‍ബത്തിലെ ഗാനത്തിനൊപ്പമാണ് ആംബ്രോസും യുവതിയും ചേര്‍ന്ന് ചുവടുവയ്ക്കുന്നത്. ക്രിക്കറ്റില്‍ മാത്രം കേട്ടിട്ടുള്ള സ്വന്തം പേര് മറ്റൊരു മേഖലയിലും കേള്‍പ്പിക്കുക എന്ന ലക്ഷ്യമാണ് റിയാലിറ്റി ഷോയില്‍ തന്നെ എത്തിച്ചത് എന്നാണ് ആംബ്രോസ് പറയുന്നത്. എന്തായാലും ആംബ്രോസിന്റെ നൃത്തം പെര്‍ഫക്ട് എന്നാണ് ആരാധകര്‍ വിശേഷിപ്പിച്ചത്. വലംകൈയ്യന്‍ പേസറായിരുന്ന താരം വെസ്റ്റ് ഇന്‍ഡീസിനുവേണ്ടി 98 ടെസ്റ്റുകളും 176 ഏകദിനങ്ങളും കളിച്ചിട്ടുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍