‘ഒരു ചുവടു പോലും തെറ്റായി പോകരുതെന്ന തോന്നലായിരുന്നു. അതിലുപരി എന്റെ മാതാപിതാക്കള്‍ക്ക് ഒരിക്കലും നാണക്കേടാവരുതെന്നും.’
ദുല്‍ഖറിന്റെ സിനിമയിലേക്കുള്ള അരങ്ങേറ്റം വമ്പന്‍ കരഘോഷത്തോടെ അല്ലെങ്കിലും മമ്മൂട്ടിയുടെ മകന്റെ സിനിമയാണെന്ന് വിശേഷിപ്പിക്കപ്പെട്ടിരുന്നു. ആദ്യ സിനിമ സൂപ്പര്‍ ഹിറ്റ് ആയില്ലെങ്കിലും ജനങ്ങള്‍ക്കിടയില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു.
ആദ്യസിനിമയ്ക്ക് ശേഷം ദുല്‍ഖറിന് കൈനിറയെ സിനിമകളായിരുന്നു ലഭിച്ചത്. ഓരോ സിനിമകള്‍ കഴിയുംതോറും അഭിനയ ജീവിതത്തിന്റെ ഉയരങ്ങള്‍ കീഴടക്കിയ താരപുത്രന് തെന്നിന്ത്യന്‍ സിനിമാലോകം വിട്ട് ബോളിവുഡിലേക്കും അരങ്ങേറ്റം നടത്തിയിരുന്നു. ഇന്ന് ഇന്ത്യയില്‍ അറിയപ്പെടുന്ന നിലവാരത്തിലേക്ക് എത്തിയ ദുല്‍ഖര്‍ തന്റെ അഭിനയ ജീവിതം തുടങ്ങിയിട്ട് ഏഴ് വര്‍ഷമായി എന്ന സന്തോഷം പങ്കുവെച്ചിരിക്കുകയാണ്.
‘ഒരു ചുവടു പോലും തെറ്റായി പോകരുതെന്ന തോന്നലായിരുന്നു. അതിലുപരി എന്റെ മാതാപിതാക്കള്‍ക്ക് ഒരിക്കലും നാണക്കേടാവരുതെന്നും.’–ദുൽഖർ പറയുന്നു.
ദുൽഖർ സമൂഹമാധ്യമത്തിൽ പങ്കുവെച്ച കുറിപ്പ് വായിക്കാം–
‘എന്റെ ആദ്യ ചിത്രം റിലീസ് ചെയ്തിട്ട് ഇന്ന് ഏഴു വര്‍ഷം തികയുന്നു. ഒരു വിരോധാഭാസമെന്ന പോലെ അതിന്റെ പേര് സെക്കന്‍ഡ് ഷോ എന്നായിരുന്നു. ആ ചിത്രത്തില്‍ അഭിനയിക്കുന്ന സമയത്ത് ഞാൻ അനുഭവിച്ച അത്രയും ഭയം ജീവിതത്തില്‍ ഒരിക്കലും അനുഭവിച്ചിട്ടില്ല. അനാവശ്യമായ സമ്മര്‍ദമായിരുന്നു അന്ന് ഞാന്‍ എനിക്കുമേല്‍ ചെലുത്തിയത്. ഒരു ചുവടു പോലും തെറ്റായി പോകരുതെന്ന തോന്നലായിരുന്നു. അതിലുപരി എന്റെ മാതാപിതാക്കള്‍ക്ക് ഒരിക്കലും നാണക്കേടാവരുതെന്നും.’
‘എന്നാല്‍ ആ സിനിമയോട് യെസ് പറഞ്ഞ സമയം തൊട്ട് എല്ലാം വളരെ സാധാരണമായി മുന്നോട്ട് പോയി. ഏകദേശം ആ സമയത്ത് തന്നെയാണ് എന്റെ ഭാര്യയാകാന്‍ പോകുന്ന പെണ്‍കുട്ടിയേയും ഞാന്‍ കണ്ടുമുട്ടിയത്. സെക്കന്‍ഡ് ഷോയുടെ ചിത്രീകരണത്തിനിടെ എന്നെ തേടി ഉസ്താദ് ഹോട്ടലും എത്തി. ആ വര്‍ഷം എന്റെ ജീവിതം മുഴുവനായി മാറിമറഞ്ഞു. ഒരുപക്ഷേ നക്ഷത്രങ്ങളെല്ലാം ക്രമമായതായിരിക്കാം. ഒരുപക്ഷേ എല്ലാം നേരത്തെ എഴുതപ്പെട്ടതായിരുന്നിരിക്കാം. ഒരുപക്ഷേ അതായിരുന്നിരിക്കാം നിയോഗം. ഒരുപക്ഷേ ദൈവത്തിന്റെ ആഗ്രഹം അതായിരുന്നിരിക്കാം.’
‘എന്റെ സ്നേഹം നിറഞ്ഞ കുടുംബത്തിന്. സുഹൃത്തുക്കള്‍ക്ക്. മലയാള സിനിമാ മേഖലയിലുള്ള എല്ലാവര്ക്കും. മലയാള സിനിമയോടുള്ള സ്നേഹവും ബഹുമാനവും സൂക്ഷിച്ചുകൊണ്ട് എന്നെ സ്വാഗതം ചെയ്ത് മറ്റു ഭാഷകളിലെ സുഹൃത്തുക്കള്‍ക്കും സഹപ്രവര്‍ത്തകര്‍ക്കും. എല്ലാറ്റിനും ഉപരി സിനിമയെ സ്നേഹിക്കുന്ന പ്രേക്ഷകര്‍ക്ക്, അവരുടെ അവസാനിക്കാത്ത സ്നേഹത്തിനും പ്രോത്സാഹനത്തിനും. ഹൃദയം നിറഞ്ഞ നന്ദിയോടെ ഞാന്‍ നിങ്ങള്‍ക്കു മുന്നില്‍ കുമ്പിടുന്നു. ഇതാ അടുത്ത വര്‍ഷത്തിലേക്ക് കടക്കുന്നു.’– ദുല്‍ഖര്‍ കുറിച്ചു.