UPDATES

സോഷ്യൽ വയർ

സിനിമ സ്വപ്നം കാണുന്ന പുതുതലമുറയുടെ അത്താണിയാണ് ഇല്ലാതായത്; ചെയ്‌ത സിനിമകളുടെ മൂന്നിലൊന്നും നവാഗതരുടെ സിനിമകൾ

അന്തരിച്ച ഛായാഗ്രാഹകന്‍ എംജെ രാധാകൃഷ്ണനെ അനുസ്മരിച്ച് ചലച്ചിത്ര അക്കാദമയിയുടെ മുൻ സെക്രട്ടറി മനോജ് കുമാറിന്റെ വാക്കുകളാണിത്

‘സിനിമ സ്വപ്നം കാണുന്ന പുതുതലമുറയുടെ അത്താണി ആണ് ഇല്ലാതായത്. ചെയ്‌ത സിനിമകളുടെ മൂന്നിലൊന്നും നവാഗതരുടെ സിനിമകൾ’. അന്തരിച്ച ഛായാഗ്രാഹകന്‍ എംജെ രാധാകൃഷ്ണനെ അനുസ്മരിച്ച് ചലച്ചിത്ര അക്കാദമയിയുടെ മുൻ സെക്രട്ടറി മനോജ് കുമാറിന്റെ വാക്കുകളാണിത്.  ഫേസ്ബുക്ക് കുറിപ്പിൽ അദ്ദേഹം ‘എംജെ’യെ അനുസ്മരിച്ചെഴുതിയ കുറിപ്പാണ് ശ്രദ്ധേയമാകുന്നത്.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണ രൂപം;

എം ജെ രാധാകൃഷ്ണൻ ഓർമ ആകുന്നതോടെ സിനിമ സ്വപ്നം കാണുന്ന പുതുതലമുറയുടെ അത്താണി ആണ് ഇല്ലാതായത്. കയ്യിൽ പണമില്ലാതെ ചെറു സിനിമകളുമായി ലോകമെങ്ങും ആദരവുണ്ടാക്കാൻ ഈ മനുഷ്യന്റെ കൈത്താങ്ങില്ലാതെ ഇനി ആർക്കു കഴിയും.
ചെയ്ത സിനിമകളുടെ മൂന്നിലൊന്നും നവാഗതരുടെ ആയിരുന്നു. 107 ചിത്രങ്ങൾ. 35 ഉം അന്തർദേശീയ മേളകളിൽ ശ്രദ്ധിക്കപ്പെട്ടു. ഏഴു സംസ്ഥാനപുരസ്കാരം ആറു അന്തർദേശീയ പുരസ്‌കാരം. ഇന്ത്യയിൽ ഒരു ഛായാഗ്രാഹകനും ലഭിക്കാത്ത അംഗീകാരം.
പുതു സംവിധായകരെ ആത്മവിശ്വസം നൽകി വളർത്തിയെടുത്തു. ചെറിയ പൈസക്ക് പടം പിടിച്ചു. പ്രതിഫലം ചോദിച്ചു വാങ്ങിയില്ല. കൊടുത്തത് വാങ്ങിച്ചു. കൊടികെട്ടിയ ഛായാഗ്രാഹകർ പാതിവഴിയിൽ കളഞ്ഞിട്ടു പോയ ചിത്രങ്ങൾ സംവിധായകരെ ഓർത്തു ഷൂട്ടു ചെയ്തു. കൊച്ചുപിള്ളേർ കൊടുക്കാമെന്നു പറഞ്ഞ തുച്ഛമായ തുകയ്ക്കു പകരം വലിയ തുക പറഞ്ഞ സിനിമകൾ വേണ്ടെന്നു വെച്ചു. വലിയ ഓഫറുകൾ നൽകിയാലും ആദ്യം വാക്കുകൊടുത്ത ചിത്രങ്ങൾക്കു ഒപ്പം നിന്നു. പ്രൊഡ്യൂസർമാർക്കു തട്ടുകേട് വന്നപ്പോൾ വാങ്ങിയ പൈസയിൽ ഭൂരിഭാഗവും അവരുടെ താത്കാലിക ആവശ്യത്തിനായി തിരികെ കൊടുത്തു. ആർഭാടങ്ങൾ ഒന്നുമില്ലാതെ ആകാശത്തെ സുര്യനെ മാത്രം ലൈറ്റ് സോഴ്സ് കണ്ടു ക്യാമറ ചലിപ്പിച്ചു. സെറ്റിൽ ട്രെയ്‌ലർ ലോറിയിൽ ലൈറ്റും അനുബന്ധ സാമഗ്രികളും കൊണ്ട് വരുന്ന സിനിമാട്ടോഗ്രാഫർക്കു പകരം ഒരു കാറിൽ കൊണ്ട് വരുന്ന സാമഗ്രികൾ മാത്രം. തലച്ചോറ് ആ ഭാരമെല്ലാം ഏറ്റെടുക്കും. എഡിറ്റ് സ്യുട്ടിൽ കൊണ്ടുചെന്നു സംവിധായകന് ക്ഷ ണ്ണ വരക്കേണ്ട കാര്യമില്ല. പത്തിരുന്നൂറു പേരുടെ സെറ്റല്ല പത്തു പേരുടെ സെറ്റുമതി സന്തോഷത്തോടെ ഒരു സിനിമ പൂർത്തിയാക്കാൻ. ഒറ്റാൽ മതി വേറൊന്നും വേണ്ട ആ മനുഷ്യന്റെ കരുത്തറിയാൻ.
ഇന്നലെ അദ്ദേഹത്തിന്റെ സംസ്കാര ചടങ്ങിൽ വലിയ താര നിരയുണ്ടായില്ല. മുഖ്യധാര സിനിമയുടെ അധികം പ്രതിനിധികളുണ്ടായില്ല. പക്ഷെ പുതുനാമ്പുകൾ കണ്ണ് നിറഞ്ഞു ഒപ്പം നിന്നു. അതാണ് ഒരു കലാകാരന് കിട്ടാവുന്ന ഏറ്റവും വല്യ അംഗീകാരം.

മികച്ച ഛായാഗ്രാഹകനുള്ള കേരള സംസ്ഥാന ചലച്ചിത്രപുരസ്കാരം 6 തവണ നേടിയ ഛായാഗ്രാഹകനാണ് എംജെ രാധാകൃഷ്ണൻ. 1996ൽ ജയരാജ് സംവിധാനം ചെയ്ത ദേശാടനത്തിനാണ് ആദ്യത്തെ സംസ്ഥാന അവാർഡ് ലഭിച്ചത്. പിന്നീട് 99ൽ കരുണത്തിനും അവാർഡ് ലഭിച്ചു. 2007ൽ എംജെ രാധാകൃഷ്ണൻ ചെയ്ത അടയാളങ്ങൾ, 2008ൽ ബയോസ്കോപ്പ്, 2010ൽ വീട്ടിലേക്കുള്ള വഴി, 2011ൽ ആകാശത്തിന്റെ നിറം എന്നീ സിനിമകൾക്കും മികച്ച ഛായാഗ്രഹണത്തിനുള്ള അവാർഡ് ലഭിക്കുകയുണ്ടായി.
‘കാട് പൂക്കുന്ന നേരം’ എന്ന ചിത്രത്തിനാണ് അവസാനം അവാർഡ് ലഭിച്ചത്. കൂടുതലും സമാന്തര സിനിമകളിലാണ് ഇദ്ദേഹം ശ്രദ്ധിച്ചിരുന്നത്. വാണിജ്യ സിനിമകളും ചെയ്യാതിരുന്നിട്ടില്ല. ജഗദീഷ് നായകനായ സ്ത്രീധനം പോലുള്ള നിരവധി വാണിജ്യ സിനിമകളിലും ഇദ്ദേഹം ക്യാമറ ചെയ്തിട്ടുണ്ട്.

കൊല്ലം, ആലപ്പുഴ, കൊച്ചി, കോഴിക്കോട്… ഓണപ്പതിപ്പിനുള്ള രചനകള്‍ തേടി ഒരു പത്രാധിപര്‍ നടത്തിയ യാത്രകള്‍

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍