UPDATES

സോഷ്യൽ വയർ

ആര്‍പ്പുവിളിച്ച ഫാന്‍സിനെ ലാലേട്ടന്‍ നിയന്ത്രിക്കണമായിരുന്നു; മുഖ്യമന്ത്രിയുടെ നിലപാടിനെ പിന്തുണച്ച് നടന്‍ ഹരീഷ് പേരടി

‘അത് പിണറായിയായാലും മോദിയായാലും അമിത് ഷായായാലും ഉമ്മന്‍ ചാണ്ടിയായാലും രമേഷ് ചെന്നിത്തലയായാലും ഔദ്യോഗിക പദവികളെ എത് ഫാന്‍സും ബഹുമാനിച്ചെ പറ്റു’

ഒരു പൊതു പരിപാടിയിൽ മോഹന്‍ലാല്‍ ആരാധകരെ പരസ്യമായി വിമര്‍ശിച്ച മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാടിനെ പിന്തുണച്ച് നടന്‍ ഹരീഷ് പേരടി. സംസ്ഥാനത്തിന്റെ മുഖ്യമന്ത്രി സംസാരിക്കുമ്പോള്‍ അദ്ദേഹത്തെ സംസാരിക്കാന്‍ സമ്മതിക്കാതെ ആര്‍പ്പു വിളിച്ച ഫാന്‍സിനെ മോഹന്‍ലാല്‍ നിയന്ത്രിക്കണമായിരുന്നുവെന്നും ഔദ്യോഗിക പദവികളെ ഏതു ഫാന്‍സും ബഹുമാനിച്ചേ പറ്റൂവെന്നും ഹരീഷ് പേരടി ഫേസ്‌ബുബുക്കിൽ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം;

സംസ്ഥാനത്തിന്റെ മുഖ്യമന്ത്രി സംസാരിക്കുമ്പോള്‍ അദ്ദേഹത്തെ സംസാരിക്കാന്‍ സമ്മതിക്കാതെ ആര്‍പ്പുവിളിച്ച ഫാന്‍സിനെ ലാലേട്ടന്‍ നിയന്ത്രിക്കണമായിരുന്നു … അത് പിണറായിയായാലും മോദിയായാലും അമിത് ഷായായാലും ഉമ്മന്‍ ചാണ്ടി യായാലും രമേഷ് ചെന്നിത്തലയായാലും ഔദ്യോഗിക പദവികളെ എത് ഫാന്‍സും ബഹുമാനിച്ചെ പറ്റു…. അതല്ലെങ്കില്‍ ജനാധിപത്യ രീതിയിലൂടെ അവര്‍ക്കെതിരെ അവരുടെ നയങ്ങളെ ജനങ്ങള്‍ക്കു മുന്നില്‍ തുറന്ന് കാണിക്കുന്ന സമരം ചെയ്യണം… ലോക സിനിമയിലെ നല്ല പത്ത് നടന്‍മാരില്‍ ഒരാളാണ് എന്ന് ഞാന്‍ വിശ്വസിക്കുന്ന എന്റെ പ്രിയപ്പെട്ട ലാലേട്ടന്‍ ഈ ആരാധക കൂട്ടത്തിന് ഒരു കടിഞ്ഞാണിടുമെന്ന് വിശ്വസിച്ചു കൊണ്ട് … എന്റെ ഈ പോസ്റ്റിന് ഫാന്‍സിന്റെ എല്ലാ തെറി വിളികളെയും സ്വാഗതം ചെയ്യുന്നു… ലാലേട്ടനെ പറ്റി നല്ലതു പറഞ്ഞപ്പോള്‍ നിങ്ങളുടെ പൂച്ചെണ്ടുകള്‍ ഞാന്‍ ഏറ്റുവാങ്ങിയിട്ടുണ്ട് … അതിന് നന്ദിയും പറയുന്നു …എന്നാലും പറയാനുള്ളത് പറഞ്ഞു കൊണ്ടെയിരിക്കും…

പാലക്കാട് നെന്മാറയില്‍ സ്വകാര്യ ആശുപത്രിയുടെ ഉദ്ഘാടന ചടങ്ങിനിടയിലായിരുന്നു സംഭവം . മുഖ്യമന്ത്രിയായിരുന്നു പരിപാടിയുടെ ഉദ്ഘാടകന്‍, മോഹന്‍ലാല്‍ വിശിഷ്ടാതിഥിയും. മോഹന്‍ലാല്‍ എത്തുന്നതറിഞ്ഞ് വന്‍ ജനാവലി തന്നെ ചടങ്ങിന് എത്തിയിരുന്നു. ഉദ്ഘാടന പ്രസംഗത്തിന് മുഖ്യമന്ത്രി വേദിയിലെത്തിയപ്പോള്‍ മോഹന്‍ലാല്‍ ആരാധകര്‍ ബഹളം വച്ചതാണ് അദ്ദേഹത്തെ ചൊടിപ്പിച്ചത്. ഇതിനെത്തുടര്‍ന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

‘ഇതു സാധാരണ ഉണ്ടാവുന്നതാണ് യോഗത്തില്‍. അതിനെ പറ്റി ആലോചിച്ചിട്ട് കാര്യമില്ല. ഇതും നമ്മുടെ ഒരു പ്രത്യേകതയാണ്. നമ്മള്‍ നാടിന്റെ ഭാഗമായ കാര്യങ്ങള്‍ ആലോചിക്കുമ്പോള്‍ ചിലര്‍ ഒരു ചെറിയ വൃത്തത്തില്‍ ഒതുങ്ങിനില്‍ക്കും. അതിനപ്പുറം ഒന്നുമില്ല. മോഹന്‍ലാല്‍ എന്ന മഹാനടന്‍ നമ്മുടെ അഭിമാനമാണ് അദ്ദേഹത്തോട് സ്നേഹമാണ് അംഗീകരിക്കുകയാണ്. ഈ ഒച്ചയിടുന്നവര്‍ക്ക് അത് മാത്രമേയുള്ളൂ കാര്യം. അതിനപ്പുറം ഒരു ലോകമില്ല എന്നര്‍ഥം.

അത് കൊണ്ടാണ് അവര്‍ ഇടക്കിടയ്ക്ക് ഇങ്ങനെ ഒച്ചയിട്ടുകൊണ്ടിരിക്കുന്നത്. ഇനി അവര്‍ ഇത് അവസാനിപ്പിക്കാന്‍ ഒന്നും പോകുന്നില്ല..അത് സ്വാഭാവികമായിട്ടും കാണുന്ന ഒരു കാര്യമാണ്. അതിനകത്ത് മറ്റൊന്നും തോന്നേണ്ട കാര്യമില്ല. ഇത് പ്രായത്തിന്റെ ഒരു പ്രത്യേകതയായിട്ട് കണ്ടാല്‍മതി.’ എന്നായിരുന്നു പിണറായിയുടെ പ്രതികരണം.
ഹിന്ദുത്വ, സവർണ, ബ്രാഹ്മണ്യ രാഷ്ട്രീയത്തിന്റെ മുദ്രാവാക്യങ്ങൾ കേരളത്തിൽ നിന്നുള്ള ഒരു ആർ എസ് പി എം.പി അവതരിപ്പിക്കുന്നതിനേക്കാൾ അശ്ലീലമായി മറ്റെന്തുണ്ട്?

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍