UPDATES

സോഷ്യൽ വയർ

തുഷാറിനോട് കാണിച്ച ഉഷാർ അറ്റ്‍ലസ് രാമചന്ദ്രനോട് കാണിച്ചില്ല, അദ്ദേഹം ഒരു വോട്ട് ബാങ്കല്ല; മുഖ്യമന്ത്രിയെ രൂക്ഷമായി വിമർശിച്ച് ജോയ് മാത്യു

‘വേണമെങ്കിൽ വൈരുദ്ധ്യാത്മക ഭൗതികവാദത്തിന്റെ മുതുകിൽ ഇതും കെട്ടിവെക്കാം. (പാവം മാർക്സ് അറിയാതിരുന്നാൽ മതി) ‘

ചെക്കുകേസുമായി ബന്ധപ്പെട്ട് ബി.ഡി.ജെ.എസ് നേതാവ് തുഷാർ വെള്ളാപ്പള്ളി കഴിഞ്ഞ ദിവസമാണ് യുഎഇയിൽ അറസ്റ്റിലായത്. തുഷാര്‍ വെള്ളാപ്പള്ളിയെ പുറത്തിറക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ ഇടപെടലിനെ വിമര്‍ശിച്ച് നടന്‍ ജോയ് മാത്യു രംഗത്തെത്തിയിരിക്കുകയാണ്. ബിസിനസിൽ വന്ന തിരിച്ചടിയുടെ പേരിൽ മലയാളികൾക്ക് മുഴുവൻ പരിചിതനായ അറ്റ്‍ലസ് രാമചന്ദ്രൻ ദുബായ് ജയിലിൽ തടവനുഭവിച്ചപ്പോൾ നമ്മുടെ മന്ത്രിമാരെയോ പ്രതിപക്ഷത്തിനെയോ കണ്ടില്ലെന്നും അദ്ദേഹം ഒരു വോട്ട് ബാങ്കല്ലാത്തതുകൊണ്ടാകുമെന്നും ജോയ് മാത്യു പറയുന്നു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ജോയ് മാത്യു തന്റെ വിമർശനം പരസ്യമാക്കിയത്.

ജോയ് മാത്യുവിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്;

‘വിപ്ലവം പല വഴികളിലൂടെയാണ് വരിക. ചിലപ്പോൾ മുഖ്യശത്രുവിനെത്തന്നെ കൂട്ടുപിടിച്ചിട്ട് വേണം മുഖ്യ ശത്രുവിനെതിരെ യുദ്ധം ചെയ്യാൻ !വേണമെങ്കിൽ വൈരുദ്ധ്യാത്മക ഭൗതികവാദത്തിന്റെ മുതുകിൽ ഇതും കെട്ടിവെക്കാം. (പാവം മാർക്സ് അറിയാതിരുന്നാൽ മതി)  പത്തുവര്‍ഷത്തോളം യുഎഇയിൽ മാധ്യമ പ്രവർത്തകൻ ആയിരുന്ന കാലത്ത് നിസ്സാര കുറ്റങ്ങൾക്ക് പോലും ജയിൽ ശിക്ഷ അനുഭവിക്കേണ്ടി വന്ന നിരവധി മലയാളികളെ സംബന്ധിക്കുന്ന വാർത്തകൾ ഞാനടക്കമുള്ള മാധ്യമപ്രവർത്തകർ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ചെയ്യാത്ത കുറ്റത്തിന്റെ പേരിൽ പോലും ജയിലിൽ അകപ്പെട്ട കഥകളും നിരവധിയാണ്. ഊര് തെണ്ടലിന്റെ ഭാഗമായി നമ്മുടെ ജനപ്രതിനിധികൾ ഗൾഫിൽ വരുമ്പോഴൊക്ക ഇക്കാര്യത്തെ സംബന്ധിച്ച് പലരും നിവേദനം കൊടുക്കുകയും അവരത് കൊട്ടയിലേക്ക് എറിയുകയുമാണ് കീഴ്‌വഴക്കം.

ബിസിനസ്സിൽ വന്ന തിരിച്ചടിയുടെ പേരിൽ മലയാളികൾക്ക് മുഴുവൻ പരിചിതനായ അറ്റ്‍ലസ് രാമചന്ദ്രൻ ദുബായ് ജയിലിൽ തടവനുഭവിച്ചപ്പോൾ നമ്മുടെ മന്ത്രിമാരെയോ പ്രതിപക്ഷത്തിനെയോ കണ്ടില്ല. കാരണം അദ്ദേഹം ഒരു വോട്ട് ബാങ്കല്ല. അദ്ദേഹത്തിന് പിതാവ് മതിലിൽ കട്ട വെക്കാൻ പോയിട്ടുമില്ല.

കച്ചവടത്തിൽ വന്ന നഷ്ടങ്ങളിലും അറിയാതെ ചെന്ന് പെടുന്ന നിയമ കുരുക്കുകളിലും പെട്ട് നിരവധി സാധാരണക്കാർ ഗൾഫ് ജയിലുകളിൽ ഉണ്ട്. അവരോടൊന്നും തോന്നാത്ത കരുണ നമ്മുടെ മുഖ്യമന്ത്രിക്ക് തുഷാറിനോട് തോന്നാൻ കാരണം തുടക്കത്തിൽ പറഞ്ഞത് തന്നെ; മുഖ്യ ശത്രുവിനെ കൂട്ടുപിടിച്ചു മുഖ്യ ശത്രുവിനെ തോൽപ്പിക്കുക. !

സാധാരണക്കാരനായ പ്രവാസിക്ക് ഇമ്മാതിരി ഒരു ആനുകൂല്യവും ലഭിക്കുമെന്ന് കരുതണ്ട. അവൻ എല്ലാം പൂട്ടിക്കെട്ടി നാട്ടിൽ വന്നു എന്തെങ്കിലും സംരഭം തുടങ്ങാമെന്ന് വെച്ചാൽ ആന്തൂർ സ്വപ്നം അവനെ വേട്ടയാടും. അതിലും ഭേദം യു.എ.ഇ ജയിലാണ് എന്ന് കരുതുന്ന പ്രവാസികളാണ് ഇപ്പോൾ അധികവും. പ്രവാസികളെ സഹായിക്കാനായി നോർക്ക എന്നൊരു സാധനം ഉണ്ടല്ലോ. നാട്ടിൽ ജോലി കിട്ടാത്തവരെ ഗൾഫിലേക്ക് കയറ്റി അയക്കുന്ന ഒരു റിക്രൂട്ടിംഗ് ഏജൻസിയുടെ പണിയില്ലാതെ മറ്റൊന്നും ഇവർ ചെയ്യുന്നതായി അറിവില്ല. എന്നാൽ പരസ്യങ്ങൾ ഉണ്ടാക്കുവാനും ഓരോ വർഷവും ആഗോള സമ്മേളനങ്ങൾ നടത്തി കോടികൾ തുലയ്ക്കാനുമാണ് ആവേശം.

മറുനാട്ടിൽ കിടന്ന് കഷ്ടപ്പെടുന്ന മലയാളിക്ക് നിയമപരമായ സഹായങ്ങൾ നൽകാനോ ശമ്പളം കൊടുക്കാത്ത തൊഴിലുടമകളിൽ (അതിൽ അധികവും മലയാളി മൊയലാളിമാരാണ് ) നിന്നും തൊഴിലാളികൾക്ക് ശമ്പള കുടിശ്ശിക വാങ്ങിച്ചു കൊടുക്കുവാനോ അതൊന്നുമില്ലെങ്കിലും മരുഭൂമിയിൽ വെച്ചു മരണമടയുന്ന പ്രവാസിയുടെ ശവപ്പെട്ടി കൊണ്ടുവരുന്നതിന്റെ ചിലവെങ്കിലും സൗജന്യമാക്കിയിരുന്നെങ്കിൽ ഇപ്പോൾ തുഷാറിനോട് കാണിച്ച ഉഷാർ പാർട്ടി അണികളെങ്കിലും പൊറുത്തു തന്നേനെ.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍