UPDATES

സോഷ്യൽ വയർ

‘ശരണം വിളിക്കുന്നവരുടെ വോട്ട് വാങ്ങി ജയിക്കേണ്ട ഗതികേട് ഇടതുപക്ഷത്തിനില്ല’; എം.സ്വരാജിന്റെ പേരില്‍ വ്യാജ പ്രചരണം; മുഖ്യമന്ത്രിക്ക് പരാതി നല്‍കി

തന്റെ ഫോട്ടോ സഹിതം പ്രചാരണം നടത്തിയതിനെതിരെ മുഖ്യമന്ത്രിക്ക് നല്‍കിയ പരാതി ഫേസ്ബുക്കില്‍ എംഎല്‍എ പങ്കുവെയ്ക്കുകയും ചെയ്തു.

സാമൂഹ്യമാധ്യമങ്ങളില്‍ തന്റേതെന്ന പേരില്‍ പ്രചരിക്കുന്ന കുറിപ്പില്‍ പ്രതികരണവുമായി എത്തുകയാണ് എം.സ്വരാജ് എംഎല്‍എ. ശബരിമല വിഷയവുമായി ബന്ധപ്പെടുത്തി വിശ്വാസികളെ ഇടതുപക്ഷത്തില്‍ നിന്ന് അകറ്റി വര്‍ഗീയ ചേരിതിരിവ് ഉണ്ടാക്കുന്നതിനാണ് ഇത്തരം കുപ്രചരണങ്ങള്‍ അഴിച്ചു വിടുന്നത്. ഇത്തരം പ്രചരണങ്ങള്‍ തന്നെയും താന്‍ പ്രവൃത്തിക്കുന്ന രാഷ്ട്രീയ പ്രസ്ഥാനത്തെയും മോശപ്പെടുത്തുന്നതിന് വേണ്ടിയാണെന്നും എംഎല്‍എ മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയില്‍ പറയുന്നു.

ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തതോടെ, നുണപ്രചാരകരെ കരുതി ഇരിക്കണമെന്ന് എം സ്വരാജ് എംഎല്‍എ.പറയുന്നു. ലോകസഭാ തിരഞ്ഞെടുപ്പ് പ്രമാണിച്ച് സംഘപരിവാര്‍ കേന്ദ്രങ്ങള്‍ പൂര്‍വാധികം ഭംഗിയായി നുണപ്രചരണ പരിപാടി തുടങ്ങിക്കഴിഞ്ഞിരിക്കുന്നു. സത്യത്തെ ഭയക്കുന്നവര്‍ക്ക് എക്കാലത്തും കല്ലുവെച്ച നുണകള്‍ തന്നെ ശരണം. സമൂഹത്തില്‍ വിഷം തളിയ്ക്കുന്ന നുണയന്മാര്‍ക്കെതിരെ നിയമാനുസൃത നടപടികള്‍ സ്വീകരിക്കുകയാണെന്നും സ്വരാജ് ഫേസ്ബുക്കില്‍ കുറിച്ചു.

‘ശരണം വിളിക്കുന്നവരുടെ വോട്ട് വാങ്ങി ജയിക്കേണ്ട ഗതികേട് ഇടതുപക്ഷത്തിനില്ല, ആചാരസംരക്ഷകരുടെ വോട്ട് ഇടതുപക്ഷം ആഗ്രഹിക്കുന്നില്ല’ എന്നിങ്ങനെയാണ് സ്വരാജിന്റെ പേരില്‍ പ്രചരണം നടന്നത്. തന്റെ ഫോട്ടോ സഹിതം പ്രചാരണം നടത്തിയതിനെതിരെ മുഖ്യമന്ത്രിക്ക് നല്‍കിയ പരാതി ഫേസ്ബുക്കില്‍ എംഎല്‍എ പങ്കുവെയ്ക്കുകയും ചെയ്തു. തന്റെ പേരില്‍ തെറ്റായ പ്രചരണം നടത്തിയവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന് നല്‍കിയ പരാതിയില്‍ സ്വരാജ് ആവശ്യപ്പെട്ടത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍