UPDATES

സോഷ്യൽ വയർ

‘സഹോദരന് ബിഗ് സല്യൂട്ട്, നിങ്ങളെന്‍റെ ഹീറോ’; ആംബുലന്‍സ് ഡ്രൈവർ ഹസനെ അഭിനന്ദിച്ച് നിവിന്‍

നിങ്ങളുടെ മനുഷ്യത്വം നിറഞ്ഞ പ്രവൃത്തി എല്ലായിപ്പോഴും ഓര്‍മ്മയിലുണ്ടാകും. സഹോദരന് ബിഗ് സല്യൂട്ട്

15 ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെയും കൊണ്ട് മംഗലാപുരത്ത് നിന്നും കൊച്ചിയിലെ അമൃത ആശുപത്രിയിലേക്ക് ആംബുലൻസ് എത്തിയപ്പോൾ എല്ലാ കണ്ണുകളും ആംബുലൻസ് ഓടിച്ച ഹസന്‍ ദേളിയിലേക്ക് ആയിരുന്നു. നാന്നൂറ്റി അമ്പതോളം കിലോമീറ്ററുകളാണ് ഹസ്സൻ ആംബുലന്‍സുമായി പറന്നത്, അതും അഞ്ചുമണിക്കൂറിൽ. ഇപ്പോൾ സോഷ്യൽ മീഡിയയിലൂടെ അഭിനന്ദന പ്രവാഹമാണ് ഈ ചെറുപ്പക്കാരന്. സോഷ്യൽ മീഡിയയിൽ ഇപ്പോൾ ഹസന്‍ തന്നെയാണ് താരം.

ഒട്ടേറെ പേരാണ് ഹസ്സന് അഭിനന്ദങ്ങൾ അറിയിച്ചുകൊണ്ട് രംഗത്തെത്തിയത് . നടന്‍ നിവിന്‍ പോളിയും തന്‍റെ ഫേസ്ബുക്കിലൂടെ ഹസനെ അഭിനന്ദിച്ചിരിക്കുകയാണ്. ഹസന്‍ എന്‍റെ ഹീറോയാണ്. ഇന്ന് നിങ്ങളൊരു സാധാരണ മനുഷ്യനല്ല ഒരു മാലാഖയാണ്. നിങ്ങളുടെ മനുഷ്യത്വം നിറഞ്ഞ പ്രവൃത്തി എല്ലായിപ്പോഴും ഓര്‍മ്മയിലുണ്ടാകും. സഹോദരന് ബിഗ് സല്യൂട്ട് എന്നാണ് നിവിന്‍ പോളി ഫേസ്ബുക്കിൽ കുറിച്ചത്.

കാസര്‍കോഡ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന, കേരളം മുഴുവന്‍ വോളന്റിയര്‍മാരുള്ള ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ടീം (സി പി ടി) കേരളയുടെ നിശ്ചയദാര്‍ഢ്യത്തിന്റെ വിജയം കൂടിയായിരുന്നു ഇന്നലെ കേരളം കണ്ടത്. ഒരാഴ്ച മുമ്പാണ് കുട്ടിയുടെ അച്ഛനും അമ്മയും സിപിടിയുടെ കാഞ്ഞങ്ങാട് ഓഫീസുമായി ബന്ധപ്പെടുന്നത്. സിപിടി മുമ്പ് ആംബലന്‍സ് മിഷനിലൂടെ തിരവനന്തപുരം ശ്രീചിത്ര ആശുപത്രിയില്‍ എത്തിച്ച് ജീവന്‍ രക്ഷിച്ച കുട്ടിയുടെ മാതാപിതാക്കള്‍ പറഞ്ഞാണ് സാനിയ-മിത്താഹ് ദമ്പദികള്‍ സിപിടിയെ സമീപിക്കുന്നത്. പിന്നീട് ആംബുലന്‍സ് സംഘടിപ്പിക്കുന്നതിനായായിരുന്നു ശ്രമം. അത് കുഞ്ഞിന്റെ ബന്ധുക്കള്‍ തന്നെ ചെയ്തു. എടപ്പാളില്‍ നിന്ന് വെന്റിലേറ്റര്‍ ഉള്ള ആംബുലന്‍സ് 35,000 രൂപയ്ക്ക് തിരുവനന്തപുരത്തെത്തിക്കാമെന്ന് ഉറപ്പ് നല്‍കി. എന്നാല്‍ അതിനിടെയാണ് ഉദുമ സി എച്ച് മുഹമ്മദ് കോയ സ്മാരക സെന്റര്‍ 22,000 രൂപയ്ക്ക് ആംബുലന്‍സ് നല്‍കാമെന്ന് സമ്മതിക്കുന്നത്. പിന്നീട് എല്ലാം വളരെ വേഗത്തിലായി. ആംബുലന്‍സ് മിഷന്‍ ഉണ്ടാവുമെന്ന് ഉറപ്പിച്ചയുടന്‍ സിപിടി തങ്ങളുടെ വാട്‌സ് ആപ് ഗ്രൂപ്പുകളിലൂടെയും ഫേസ്ബുക്കിലൂടെയും അത് സംബന്ധിച്ച വിവരങ്ങള്‍ ഷെയര്‍ ചെയ്തു. ‘വഴി മാറണേ..പതിനഞ്ച് ദിവസം പ്രായമായ കുഞ്ഞുമായാണ് ആംബുലന്‍സ് വരുന്നത്’ എന്ന് തുടങ്ങി നിരവധി കാര്‍ഡുകളും പോസ്റ്ററുകളും സോഷ്യല്‍ മീഡിയവഴി സിപിടി ഷെയര്‍ ചെയ്തു. 74 വാട്‌സ് ആപ് ഗ്രൂപ്പുകളും കേരളത്തിലും വിദേശത്തുമായി മുപ്പതിനായിരത്തിലധികം അംഗങ്ങളുമുള്ള സിപിടിയുടെ അറിയിപ്പ് വ്യാപകമായി സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്യപ്പെട്ടു. ടീമിന്റെ ഫേസ്ബുക്ക് പേജ് വഴി നിരന്തരം വിവരങ്ങള്‍ പോസ്റ്റ് ചെയ്തുകൊണ്ടേയിരുന്നു. ഇത് കേരളത്തിലെ ജനങ്ങള്‍ ഒന്നടങ്കം ഏറ്റെടുത്തു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍