UPDATES

സോഷ്യൽ വയർ

‘രാവണപ്രഭു, ആറാം തമ്പുരാൻ ഒക്കെ ഷൂട്ട്‌ ചെയ്ത സമയം മുതലേ സാർ പതിവായി വരുന്ന കടയാണത്രേ ഈ പർവ്വതി ടീ സ്റ്റാൾ’

ഒറ്റപ്പാലത്തെ ഷൂട്ടിംഗ് കാലയളവില്‍ അവിടെയുള്ള വിവിധ തരം ഭക്ഷണശാലകളില്‍ ഭക്ഷണം കഴിച്ച അനുഭവം പങ്കുവെക്കുകയാണ് യുവ നടൻ ആര്യന്‍ കൃഷ്ണ മേനോൻ

മലയാള സിനിമയിലെ എക്കാലത്തെയും പ്രിയപ്പെട്ട ലൊക്കേഷനുകളില്‍ ഒന്നാണ് ഒറ്റപ്പാലം. മോഹന്‍ലാലിന്‍റെ ധാരാളം ഹിറ്റ്‌ ചിത്രങ്ങള്‍ ചിത്രീകരിപ്പെട്ടിട്ടുള്ള വരിക്കാശ്ശേരി മന ഇവിടത്തെ പ്രധാന ലൊക്കേഷനുകളില്‍ ഒന്ന് തന്നെ. തിരക്കഥാകൃത്ത് ലോഹിതദാസിന്റെ ഇഷ്ട കേന്ദ്രങ്ങളിൽ ഒന്നാണ് ഒറ്റപ്പാലം ഗസ്റ്റ് ഹൗസ്.

ഒറ്റപ്പാലത്തെ ഷൂട്ടിംഗ് കാലയളവില്‍ അവിടെയുള്ള വിവിധ തരം ഭക്ഷണശാലകളില്‍ ഭക്ഷണം കഴിച്ച അനുഭവം പങ്കുവെക്കുകയാണ് യുവ നടൻ ആര്യന്‍ കൃഷ്ണ മേനോൻ. ‘പാര്‍വ്വതി ടീ സ്റ്റാള്‍’ എന്ന കൊച്ചുകടയിലെ ഏറ്റവും രുചികരമായ പ്രഭാതഭക്ഷണത്തെക്കുറിച്ചാണ് പറയുന്നത്. സിനിമയിലെ അറിയപ്പെടുന്ന ഭക്ഷണപ്രിയന്‍ ആയ, സംവിധാകയനും സിനിമാറ്റോഗ്രാഫറുമായ പി സുകുമാര്‍ ആണ് തന്നെ ഈ കട പരിചയപ്പെടുത്തിയത് എന്നും ആര്യന്‍ കുറിക്കുന്നു.

“ഷൂട്ടിംഗ് തുടങ്ങിയ അന്ന് തന്നെ ഞാൻ കേട്ട ഒരു ടീസ്റ്റാൾ ആണ് പാർവ്വതി ടീ സ്റ്റാൾ… ഒറ്റപ്പാലം റയിൽവേ സ്റ്റേഷന്‌ എതിർവശത്തുള്ള ഈ ടീസ്റ്റാളിനേ കുറിച്ച്‌ ഞാൻ അറിയുന്നത്‌, ഞാൻ ഇപ്പോൾ അഭിനയിക്കുന്ന സിനിമക്കായി ക്യാമറ കൈകാര്യം ചെയ്യുന്ന ക്യാമറാമാൻ, മലയാളികൾക്ക്‌ പ്രിയങ്കരനായ സീനിയർ ക്യാമറാമാൻ, പി സുകുമാർ സാർ വഴി ആണ്‌. പി സുകുമാര്‍ സാർ എന്നും രാവിലെ ഷൂട്ടിങ്ങിന് പോകുന്നതിനു മുൻപ് കഴിക്കുന്ന ഒരു ഭക്ഷണശാല ആണ് ഈ ഒറ്റപ്പാലം റെയിൽവേ സ്റ്റേഷന് എതിർവശത്തുള്ള ഈ കൊച്ച് ചായക്കട. (രാവണപ്രഭു, ആറാം തമ്പുരാൻ ഒക്കെ പുള്ളി ഷൂട്ട്‌ ചെയ്തത്‌ ഇവിടെ തന്നെ ആണല്ലോ ആ സമയം മുതലേ സാർ പതിവായി വരുന്ന കടയാണത്രേ ഈ പർവ്വതി ടീ സ്റ്റാൾ).”

പാര്‍വ്വതി ടീ സ്റ്റാളി പൂരി മസാല ഉണ്ടാക്കുന്നത് കണ്ട ഒരു ലൈവ് വിവരണം ആര്യന്‍ കുറിപ്പില്‍ നല്‍കിയിട്ടുണ്ട്.

“ചായക്കടയുടെ മുന്നിൽ തന്നെയുള്ള വലിയ സ്റ്റൗവിന്റെ മുകളിലിരിക്കുന്ന വലിയ ചട്ടിയിലെ എണ്ണയിലേക്ക് ഇടുന്ന പരത്തിയ പൂരി മാവ് എണ്ണയിൽ കുളിച്ച്‌ തിളച്ച്‌ വരുമ്പോൾ സുന്ദരനും സുമുഖനുമായ പോളച്ച അസ്സൽ പൂരിയായി മാറുന്നു. ആ കാഴ്ച തന്നെ ഒന്ന് കാണേണ്ടതു തന്നെയാണ്‌. ആ ആവിപറക്കുന്ന പൂരികളേ ചൂടോടെ വാത്സല്ല്യത്തോടെ പാത്രത്തിലാക്കി അതിൽ മസാലയും ഒഴിച്ച് നമ്മുടെ മുന്നിലേക്ക് ഒരു പുഞ്ചിരിയുമായി സോമൻ ചേട്ടൻ വരുന്നത്‌ കാണുമ്പോൾ തന്നെ നമ്മുടെ മനസ്സ്‌ പകുതി നിറയും. പോളച്ച്‌ തുടുത്ത്‌ soft & fluffy ആയി ഇരിക്കുന്ന ആ പൂരിയേ ഒന്ന് പൊട്ടിച്ച്‌ വേദനിപ്പിക്കാൻ പോലും മനസ്സ്‌ വരില്ല. അത്രയും സോഫ്റ്റായ ആ പൂരിക്കുട്ടനെ മനസ്സില്ലാമനസ്സോടെ പൊട്ടിച്ചെടുത്തു മസാലയിൽ മുക്കി വായിലേക്ക് വെക്കുമ്പോൾ മനസ്സിലാകും ആ മണവും ഗുണവും രുചിയും !! മസാലയും പൂരിയും അത്രമേൽ ഒന്നായതിന്റെ മാജിക്ക്‌!! ആ പൂരിയുടെ രുചി കൂട്ടുന്നത് തീർച്ചയായും സോമൻ ചേട്ടന്റെ ഈ ഉരുളക്കിഴങ്ങ്‌ മസാലക്കറി ആണ്. ഉരുളക്കിഴങ്ങ്‌ ആ ഗ്രേവിയിൽ അത്രയും ലയിച്ച്‌ ഒന്നായി നമുക്ക് വേറെ തിരിച്ചെടുക്കാൻ പറ്റില്ല അത്രയും കുഴമ്പ് രൂപത്തിലുള്ള ഒരു മസാലയാണ് സോമൻ ചേട്ടൻ കൂടെ കഴിക്കാൻ നമുക്ക് തരുന്നത്,” ആര്യന്‍ പറയുന്നു.

രുചികരമായ പൂരി മസാല നമ്മള്‍ കഴിച്ചു കൊണ്ടിരിക്കുമ്പോള്‍ തന്നെ, മസാല നിറച്ചിരിക്കുന്ന സ്റ്റീൽ ബക്കറ്റ്‌, കഴിക്കുന്നവരുടെ മുന്നില്‍ കൊണ്ട് വച്ച്, ആവശ്യത്തിനു പകര്‍ന്നു എടുത്തോളാന്‍ പറയുന്ന രീതിയാണ് പാര്‍വ്വതി ടീ സ്റ്റാളില്‍ എന്നും ആര്യന്‍ വ്യക്തമാക്കുന്നു. പൂരിമസാലക്കുള്ള മസാല കൃത്യം അളന്ന് കുറിച്ച്‌ കൊടുക്കുന്ന രണ്ടാമത്‌ ചോദിക്കുമ്പോൾ അതിന്‌ പ്രത്യേകം പൈസ ചാർജ്ജ്‌ ചെയ്യുന്ന ഹോട്ടൽ മുതലാളിമാർ ഒക്കെ കേൾക്കുന്നുണ്ടല്ലോ… അല്ലേ എന്നും ആര്യന്‍ ചോദിക്കുന്നു.

“എന്തു കൊണ്ടാണ് ഈ ചായക്കടയിൽ വെളുപ്പിന് 4.30 മുതൽ തന്നെ ഇത്രയും തിരക്ക് എന്ന് ഞാൻ ഇനി പ്രത്യേകം കാരണങ്ങൾ വേറെ പറയേണ്ടല്ലോ… അതെ അത്യുഗ്രൻ രുചിയാണ്. കസ്റ്റ്മസ്‌ സർവ്വീസ്‌ കിടിലോൽ കിടിലം ആണ്‌ !! കഴിക്കാൻ വരുന്നവർക്ക്‌ ഒരു ഉത്സവമാണ്‌ ഈ പാർവ്വതി ടീ സ്റ്റാൾ… സോമൻ ചേട്ടൻ ഒരു 1000 കൊല്ലം ജീവിച്ചിരിക്കട്ടേ എന്ന് അനുഗ്രഹിച്ചിട്ടാണ്‌ ഞാൻ അവിടെ നിന്നും പോന്നത്‌!! പാർവ്വതി ടീ സ്റ്റാൾ നീണാൾ വാഴട്ടേ!!!”

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍