UPDATES

സോഷ്യൽ വയർ

തൊട്ടപ്പനിലെ അദ്രുമാനായി സംവിധായാകൻ രഘുനാഥ് പലേരി; പത്തരമാറ്റുള്ള പൊന്നാക്കാൻ രഘുവിന് കഴിയുമെന്ന് സത്യൻ അന്തിക്കാട്

ഒരു ‘നാടോടിക്കാറ്റ്’ പോലെയാണ് രഘുനാഥ് പലേരി. എപ്പോൾ വരുമെന്നോ, വന്നാൽ എത്രനേരം നിൽക്കുമെന്നോ ഒന്നും പറയാൻ പറ്റില്ല

സംവിധായകനും തിരക്കഥാകൃത്തുമായ രഘുനാഥ് പലേരി
അഭിനയരംഗത്തേക്ക്. കിസ്മത് എന്ന ചിത്രത്തിന് ശേഷം ഷാനവാസ് ബാവക്കുട്ടി സംവിധാനം ചെയ്യുന്ന തൊട്ടപ്പനിലൂടെയാണ് അദ്ദേഹം അഭിനയ രംഗത്തേക്ക് എത്തുന്നത്. ചിത്രത്തിലെ അദ്ദേഹത്തിന്റെ കാരക്ടർ പോസ്റ്റർ റിലീസ് ചെയ്തത് സത്യൻ അന്തിക്കാട് ആണ്. ചിത്രത്തിലേത് ശക്തമായ കഥാപാത്രമാണെന്നും അദ്ദേഹത്തിന്റെ തിരക്കഥകൾ പോലെ ഇതും പത്തരമാറ്റുള്ള പൊന്നാക്കാൻ രഘുവിന് കഴിയുമെന്നും പോസ്റ്റർ പങ്കുവെച്ചു കൊണ്ട് സത്യൻ  അന്തിക്കാട് ഫേസ്ബുക്കിൽ കുറിച്ചു.

ഫേസ്ബുക് പോസ്റ്റിന്റെ പൂർണ്ണ രൂപം;

ഒരു ‘നാടോടിക്കാറ്റ്’ പോലെയാണ് രഘുനാഥ് പലേരി. എപ്പോൾ വരുമെന്നോ, വന്നാൽ എത്രനേരം നിൽക്കുമെന്നോ ഒന്നും പറയാൻ പറ്റില്ല. പലപ്പോഴും പലതരത്തിൽ രഘു എന്നെ ഞെട്ടിച്ചിട്ടുണ്ട്. ഒരുപാടുകാലം മനസ്സിലിട്ട് ഉരുക്കിയിട്ടാണെങ്കിലും വെറും രണ്ടാഴ്ചകൊണ്ടാണ് ‘പൊന്മുട്ടയിടുന്ന തട്ടാൻ’ എന്ന പൊന്നുപോലൊരു തിരക്കഥയെഴുതി എന്നെ ഏൽപിച്ചത്! ഒരു പണത്തൂക്കം കൂട്ടുകയോ കുറയ്ക്കുകയോ ചെയ്യാതെ ഞാനത് സിനിമയാക്കി. മഴവിൽക്കാവടിയും പിൻഗാമിയുമൊക്കെ രഘു എനിക്കു തന്ന സമ്മാനങ്ങളാണ്. ഇപ്പോഴും രഘുവിന്റെ സരസമായ ഒരു തിരക്കഥക്കുവേണ്ടി കാത്തിരിക്കുകയാണ് ഞാൻ. പക്ഷെ പിടിതരുന്നില്ല. ഇപ്പൊ ഇതാ വീണ്ടും രഘു ഞെട്ടിക്കുന്നു…
“തൊട്ടപ്പൻ” എന്ന സിനിമയിലെ ശക്തമായ ഒരു കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ട്.

പോസ്റ്റർ കണ്ടപ്പോൾ അതിശയവും സന്തോഷവും തോന്നി. ഇത് രഘുവല്ല,അദ്രുമാൻ തന്നെ. എനിക്കുറപ്പുണ്ട് ഇതും പത്തരമാററുള്ള പൊന്നാക്കാൻ രഘുവിന് കഴിയുമെന്ന്. കൂടെയുള്ളത് സിനിമയെ ഗൗരവത്തോടെ കാണുന്ന ഒരുകൂട്ടം നല്ല ചെറുപ്പക്കാരാണല്ലോ. തൊട്ടപ്പൻ കാണാൻ കാത്തിരിക്കുന്നു. രഘുവിന്റെ ചിത്രമുള്ള പോസ്റ്റർ ഇതോടൊപ്പം, കൂടെ എന്റെ മനസ്സുനിറഞ്ഞ ആശംസകളും!

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍