UPDATES

സോഷ്യൽ വയർ

ഇവിടെ തോറ്റു പോകുന്നത് മനുഷ്യരാണ്; കാസറഗോഡ് ഇരട്ട കൊലപാതകത്തിനെതിരെ ആഞ്ഞടിച്ചു സോഷ്യല്‍ മീഡിയ

ആയിരം വട്ടം ആവർത്തിക്കുന്നു. കൊലപാതകം രാഷ്ട്രീയ പ്രവർത്തനമല്ല

ആയിരം വട്ടം ആവർത്തിക്കുന്നു.
കൊലപാതകം രാഷ്ട്രീയ പ്രവർത്തനമല്ല.
കരുണയാണ് രാഷ്ട്രീയം
കരുതലാണ് രാഷ്ട്രീയം.
ഇവിടെ തോറ്റു പോകുന്നത് മനുഷ്യരാണ്.
അപമാനിതരാവുന്നത് മലയാളികളാണ്.
കൊടുവാളുകൾ കൊണ്ടുണ്ടാക്കിയ മുറിവുകൾ പൊത്തിപ്പിടിച്ച് ഭൂമിയിലൊരാൾ ജീവനറ്റുവീഴുമ്പോൾ ആഹ്ലാദിക്കുന്നവന്റെ രാഷ്ട്രീയപ്രവർത്തനത്തെ ഒരു തരിപോലും പിന്തുണക്കരുത്.കാരണം നമുക്കിടയിൽ നിന്ന് രാഷ്ട്രീയത്തെ അത് എക്കാലത്തേക്കുമായി ഇല്ലാതാക്കും. ഇങ്ങനെപോയാൽ
സാമൂഹ്യ പ്രവർത്തനത്തിനുവേണ്ടി പുറപ്പെട്ട യുവതയെല്ലാം തീർച്ചയായും തിരിച്ചുപോവും.തെരുവിൽ ബാക്കിയാവുന്നത് നരഭോജികൾ മാത്രമാവും.
അവർ തെരുവിന്റെ പ്രതീക്ഷയല്ല. അതുകൊണ്ട് അവരെ ഒറ്റപ്പെടുത്തണം.
വിയോജിപ്പുകൾ നിലനിർത്താൻ വേണ്ടി മരിക്കാൻവരെ തയ്യാറാണ് എന്നതാവണം നമ്മുടെ രാഷ്ട്രീയം. അല്ലാതെ വിയോജിക്കുന്നവരെ മുഴുവൻ കൊന്നുകളയും എന്നതാവരുത്.
മനുഷ്യരിൽ കെടാത്ത പ്രതീക്ഷയുണ്ടായിരുന്നു.പക്ഷെ ഇപ്പോൾ എന്തെന്നില്ലാത്ത ഭയം ചുറ്റിലും നിറയുന്നപോലെ.
അവസാനമായി പറയട്ടെ.
കൂടുതൽ സ്വതന്ത്രമായി ചിന്തിക്കുകയും ജീവിക്കുകയും ചെയ്യുന്ന ഒരു നാടിനെയുണ്ടാക്കാനാണ് ഞങ്ങൾക്ക് രാഷ്ട്രീയം. അല്ലാതെ അസ്വാതന്ത്ര്യത്തിൽ വിറയലോടെ ജീവിക്കുന്ന മനുഷ്യരെ കണികണ്ടുണർന്നാഹ്ലാദിക്കാനല്ല.
എപ്പോഴും പതിയിരുന്നാക്രമിക്കുന്നവന്റെ വാളുകൾ നിറയുന്ന ഭാവിയിൽ ഞങ്ങൾക്കൊട്ടും പ്രതീക്ഷയില്ല.
ഒട്ടും….
ആരായാലും,
ആക്രമണകാരികളുടെ നൻമകൊണ്ട് കഴുകിക്കളയാവുന്നതല്ല ഇരുട്ടിൽ ജീവനറ്റു വീണ ആ രണ്ട് മനുഷ്യരുടെ ചോര.
വിയോജിപ്പുകളുടെ,
സഹിഷ്ണുതയുടെ,
വാക്കുകളുടെ
മുനമ്പുകൾക്കെല്ലാം മൂർച്ചയുണ്ടാവട്ടെ.
വാളുകളുടെ മുനമ്പുകളെല്ലാം തുരുമ്പെടുക്കട്ടെ.
വെട്ടേറ്റു വീണുപോയ മനുഷ്യർക്ക് ആദരാഞ്ജലികൾ.
ചിത്രത്തിന് Abhilash Thiruvoth നോട് കടപ്പാട്.

കൊല്ലരുത്.
ഇതിന് അടിക്കുറിപ്പുകൾ ഇല്ല.
കാസർകോട് രണ്ടു യുവാക്കളെ കൊന്നത് രാഷ്ട്രീയമല്ല, വെറും പാപം.

മനുഷ്യന്മാരെ വെട്ടിക്കൊന്നിട്ട് എന്ത് ഒലക്കേമലെ രാഷ്ട്രീയം ഉണ്ടാക്കാമെന്നാണ്.
നവോഥാനം ഒരുവശത്തൂടെ കെട്ടിപ്പൊക്കി വരുമ്പോ കൂടെ നില്‍ക്കാന്‍ മനുഷ്യരുണ്ടാകണം കൂട്ടരേ.

കഷ്ടിച്ച് കൗമാരം കടന്ന രണ്ട് ചെറുപ്പക്കാരായിരുന്നു. എടുത്തു ചാട്ടവും അവിവേകവും ഉണ്ടായിരുന്നിരിക്കാം. മരണശിക്ഷ കൊടുക്കേണ്ടിയിരുന്നില്ല. നിർബന്ധമായിരുന്നു എങ്കിൽ ഒന്നു വിരട്ടി വിട്ടാൽ മാത്രം മതിയായിരുന്നു.

തിരുത്താനുള്ള ചാൻസ് നിങ്ങൾ കൊടുത്തില്ല. വിശാലമായ ക്ഷമയുടെയും സ്നേഹത്തിന്റെയും നന്മയുടേയും കരുതതലിന്റെതുമായ ഒരു രാഷ്ട്രീയമുണ്ടെന്ന് അവരെ ബോധ്യപ്പെടുത്താമായിരുന്നു. യോജിപ്പുകൾക്കും വിയോജിപ്പുകൾക്കുമിടയിൽ ജനാധിപത്യത്തിന്റെ ഒരു തലമുണ്ടെന്ന് അവർക്ക് മനസ്സിലാക്കി കൊടുക്കാമായിരുന്നു.

പൊതുവായ വലിയ ശത്രുക്കൾക്കെതിരെ ഭാവിയിൽ നിങ്ങൾ ചിലപ്പോൾ ഒരുമിച്ച് പൊരുതുമായിരുന്നു.
കൊലപാതക രാഷ്ട്രീയം ഇല്ലാതാക്കുന്നത് അത്തരം നിരവധി സാധ്യതകളെയാണ്.
ഭൂതകാലത്തിന്റെ സ്ഥിതിവിവരക്കണക്കുകൾ വച്ചുള്ള ന്യായീകരണമല്ല വർത്തമാനത്തിലെ വിവേകമാണ് വേണ്ടത്. ഈ ഭൂമി എല്ലാവർക്കും വേണ്ടിയുള്ളതാണ്.

രണ്ട് മനുഷ്യരെ വെട്ടിക്കൊന്നിട്ട് നീതിയേയും ജനാധിപത്യത്തേയും കുറിച്ച് എന്ത് ന്യായ വാദങ്ങളാകും ഉയർത്തുക? എന്ത് തരം ക്രൂരതയാണിത്? കൗമാരം വിടാത്ത ഒരു പയ്യനേയും ഒരു ചെറുപ്പക്കാരനേയും. രാഷ്ട്രീയ പ്രവർത്തനമാണത്രേ!

ഭരണ നേട്ടങ്ങളുടേയും നവോത്ഥാന ചർച്ചയുടേയും മറവിൽ, കൊടും ക്രൂരതകൾ ഒളിപ്പിക്കാനാവില്ല.

ന്യായീകരങ്ങൾ ചമച്ചും പ്രതികളെ സംരക്ഷിച്ചും രാഷ്ട്രീയ മസിൽ പവറിന്റെ വെല്ലുവിളിയുമായി തുടരാനാണ് ഭാവമെങ്കിൽ സംഘടന സ്വയം വെട്ടിമരിക്കുക കൂടിയാണ് ചെയ്യുന്നത്.

‘നാൻ പെറ്റ മകനേ’ എന്ന് തന്നെയാണ്
ഈ പത്തൊൻപത് വയസ്സുകാരുടെ
അമ്മമാരും നിലവിളിക്കുന്നത്…

രാഷ്ട്രത്തിനു വേണ്ടിയാവണം
രാഷ്ട്രീയം …
പോട്ടെ,
സ്വന്തം നൻമയ്ക്കും സുഖത്തിനുമെങ്കിലുമാവണം ….

കൊന്നിട്ടും
ചത്തിട്ടും
നേടുന്നതാര്?

കൊലപാതകം ലെജിറ്റിമേറ്റ് രാഷ്ട്രീയ പ്രവർത്തനമാണ് എന്ന് വിശ്വസിക്കുന്നവരും അങ്ങിനെ വിശ്വസിക്കാൻ ന്യായീകരണങ്ങൾ കണ്ടുപിടിക്കുന്നവരും സ്വയം തോൽപ്പിക്കുകയാണ്; കൂടെയുള്ളവരെയും.
ഇതിനോടൊന്നും സന്ധിയില്ല.
ഒരിക്കലും.

ന്യായീകരണം

അക്രമംകൊണ്ട് മേൽക്കൈ നേടുക എന്നത് ഒരുവിധപ്പെട്ട എല്ലാ ജീവിവർഗങ്ങളിലും കാണുന്ന ഒരു പ്രതിഭാസമാണ് . ആഫ്രിക്കൻ കുരങ്ങനിൽ നിന്ന് ആധുനീക മനുഷ്യനിലേക്കുള്ള പരിണാമത്തിനിടയിൽ ഇക്കാര്യം നമ്മൾ മറന്നിട്ടില്ല. അക്രമത്തിന്റെ അളവ് കുറച്ചു കുറഞ്ഞു എന്ന് മാത്രം .

വർത്തമാനകാല കേരളത്തിൽ അക്രമത്തിന് ലഭിക്കുന്ന പിന്തുണ കാണുമ്പോൾ പലപ്പോഴും പേടി തോന്നാറുണ്ട് കുട്ടികൾ തമ്മിലുള്ള ചെറിയ കശപിശമുതൽ സാമ്പത്തിക തർക്കങ്ങൾ വരെ കൊട്ടേഷനിലൂടെ തീർക്കാനാണ് നാം ശ്രമിക്കാറ്. ഇതിനിടെ ഇരയും വേട്ടക്കാരനും ഒരേപോലെ ഗ്ലോറിഫൈ ചെയ്യപ്പെടുന്നു . സമൂഹത്തിൻറെ മേൽത്തട്ടിൽ എത്താൻ അക്രമമാണ് ഏകമാർഗ്ഗം എന്ന് ഇവിടുത്തെ വർത്തമാനകാല ജാതി-മത-രാഷ്ട്രീയ നേതൃത്വങ്ങൾ പഠിപ്പിക്കുന്നു.

നിയമങ്ങൾ കൃത്യമായി പാലിക്കുന്ന മറ്റുള്ളവരെ ബഹുമാനിക്കുന്ന ഒരു സമൂഹത്തിൻറെ നിർമ്മിതി ആയിരിക്കണം കേരളീയ നവോത്ഥാനത്തിന് ലക്ഷ്യം. പക്ഷെ ഇതൊക്കെ പുസ്തകത്തിൽ മാത്രം. കേരള സമൂഹത്തെ നന്നാക്കാൻ ശ്രമിക്കുന്നത് an excercise in futility ആണെന്ന് തോന്നിത്തുടങ്ങിയിട്ട് കുറെയധികം കാലമായി. നേരായ മാർഗ്ഗത്തിലൂടെ ജീവിക്കാൻ പറ്റിയ ഇടമല്ല ഇവിടം എന്ന് തിരിച്ചറിയാൻ വൈകി. നമ്മുടെ കാലം കഴിയാറായി. അതിനാൽ മക്കളോട് എത്രയും പെട്ടെന്ന് സ്ഥലം കാലിയാക്കാൻ ആണ് ഇപ്പോൾ ഞാൻ ഉപദേശിക്കാറ്.

Image Credit: Abhilash Thiruvoth

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍