UPDATES

സോഷ്യൽ വയർ

‘അപ്പോഴും ഓമനക്കുട്ടൻ ആ ക്യാമ്പിൽ അന്തേവാസികൾക്ക് ഭക്ഷണമുണ്ടാക്കി, യാഥാർത്ഥ്യം പറഞ്ഞു കൊണ്ടേയിരുന്നു’; ഓമനക്കുട്ടനോട് മാപ്പ് ചോദിച്ച് ശ്രീകുമാർ മേനോൻ

‘വിശന്നതിന് ഭക്ഷണം എടുത്തതിനാണ് അട്ടപ്പാടിയിൽ മധുവിനെ തല്ലിക്കൊന്നത്. വിശന്നവർക്ക് ഓട്ടോയിൽ പോയി അരി വാങ്ങിക്കൊണ്ടു വന്നതിനാണ് ഓമനക്കുട്ടനെയും ആക്രമിച്ചത്’

ദുരിതാശ്വാസ ക്യാമ്പില്‍ അനധികൃതമായി പണപ്പിരിവ് നടത്തിയന്ന ആരോപണം നേരിട്ട ഓമനകുട്ടനോട് മാപ്പ് ചോദിച്ച് സംവിധയകാൻ ശ്രീകുമാർ മേനോൻ. എല്ലാ പ്രസ്ഥാനങ്ങളിലും ഓമനക്കുട്ടന്മാരുണ്ടെന്നും സീമാതീതമായ സ്നേഹത്തോടെ സാമൂഹിക പ്രവർത്തനം നടത്തുന്നവർ ചെയ്യാത്ത തെറ്റിന് ശിക്ഷിക്കപ്പെടുന്നവരാണെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.ഈ സമൂഹത്തിലെ ഒരു പൗരൻ എന്ന നിലയിൽ താൻ ഓമനക്കുട്ടനോട് മാപ്പു ചോദിക്കുകയാണെന്നും ശ്രീകുമാർ മേനോൻ കൂട്ടി ചേർത്തു.

ശ്രീകുമാർ മേനോന്റെ ഫേസ്ബുക്ക് പോസ്റ്റ്:

#ഓമനക്കുട്ടൻ #സത്യം

ഇന്ന് ചിങ്ങം 1. എല്ലാവർക്കും പൊന്നിൻ പുലരികൾ ആശംസിക്കേണ്ട ദിവസം. പ്രളയവും പെരുമഴയുമൊഴിഞ്ഞ് പച്ച തെളിഞ്ഞ ദിവസം. പക്ഷെ, സന്തോഷിക്കാനാകുന്നില്ല.

ഓമനക്കുട്ടനെ കുറിച്ചാണ് ഉണർന്നപ്പോൾ മുതൽ ഓർക്കുന്നത്. സഹായിക്കാൻ പോയി അപമാനിക്കപ്പെട്ട ആ സഹോദരൻ ഇന്നലെ ഉറങ്ങിക്കാണില്ല. മറ്റുള്ളവരെ സഹായിക്കാനുള്ള മനസ് അത് ദൈവത്തിന്റെ പ്രതിഫലനമാണ്. ദൈവം മനുഷ്യരുടെ ത്യാഗങ്ങളിലൂടെയാണ് മണ്ണിലിറങ്ങുന്നത്.

ഓമനക്കുട്ടൻ, ജീവിതത്തിന്റെ പരിതാപകരമായ പിന്നാക്ക ജീവിതത്തിൽ പിറന്നയാൾ. മനസാണ് സമ്പാദ്യം. അൻപതിലേറെ വർഷമായി മഴ വീണാൽ ദുരിതാശ്വാസ ക്യാമ്പിൽ ഉറ്റവരൊത്ത് കഴിയേണ്ടി വരുന്നയാൾ. ക്യാമ്പിൽ ഭക്ഷണം നൽകേണ്ടത് സർക്കാർ. വില്ലേജ് ഓഫീസർ കനിയണം. സപ്ലൈകോയിൽ പോയി ക്യാമ്പിലേയ്ക്കു സൗജന്യമായി ലഭിക്കുന്ന സാധനങ്ങൾ നേരിട്ട് ക്യാമ്പഗംങ്ങൾ വാങ്ങും. ഓട്ടോ ചാർജ് എല്ലാവരും ചേർന്ന് കൊടുക്കും. ക്യാമ്പിൽ കറന്റില്ല. അയലത്തെ വീട്ടിൽ നിന്നെടുക്കും. ആ കറന്റ് കാശും എല്ലാവരും ചേർന്ന് കൊടുക്കും. ഇത്തവണ എല്ലാം കൂടി 370 രൂപ. കയ്യിൽ 10പൈസ ഇല്ലാത്തവർക്ക് ഈ 370 രൂപ 370 കോടി രൂപയാണ്. ഓമനക്കുട്ടൻ എല്ലാവർക്കും വേണ്ടി ആ കാശ് ശേഖരിച്ചു എന്ന തെറ്റേ ചെയ്തുള്ളു. അയാൾ കൂടി അന്തേവാസിയായ ക്യാമ്പിനായുള്ള ഒരു സൗജന്യ സേവനം.

ആ മനുഷ്യൻ പണം ശേഖരിക്കുന്നത് മൊബൈലിൽ ഒളിച്ചു പകർത്തി- ഇതാ ഒരു കള്ളൻ എന്ന് വ്യാപകമായി പ്രചരിപ്പിച്ചു. ആ മനുഷ്യനെതിരെ പൊലീസ് കേസായി. അദ്ദേഹം നേതാവായ പാർട്ടി നടപടി എടുത്തു. കള്ളൻ എന്ന നിലയിൽ വാർത്തകൾ വന്നു.

അപ്പോഴും ഓമനക്കുട്ടൻ ആ ക്യാമ്പിൽ അന്തേവാസികൾക്ക് ഭക്ഷണമുണ്ടാക്കി. യാഥാർത്ഥ്യം പറഞ്ഞു കൊണ്ടേയിരുന്നു.

സർക്കാർ സംവിധാനങ്ങൾക്കൊപ്പം പരസ്പര സഹായം കൂടി ചേർന്നാലേ ദുരന്ത ദിനങ്ങൾ മറികടക്കു. അതും രക്ഷാപ്രവർത്തനമാണ്. സർക്കാർ അരി കൊണ്ടുവന്നിട്ടു ക്യാമ്പിൽ ഭക്ഷണമുണ്ടാക്കിയാൽ മതി എന്നല്ല… കറൻറില്ലെങ്കിൽ ഇരുട്ടത്ത് ഇരുന്നാൽ മതിയെന്നല്ല ഓമനക്കുട്ടൻ ചിന്തിച്ചത്. എല്ലാ പ്രസ്ഥാനങ്ങളിലും ഓമനക്കുട്ടന്മാരുണ്ട്. സീമാതീതമായ സ്നേഹത്തോടെ സാമൂഹിക പ്രവർത്തനം നടത്തുന്നവർ. ചെയ്യാത്ത തെറ്റിന് ശിക്ഷിക്കപ്പെടുന്നവർ. ചതിക്കപ്പെടുന്നവർ.

വിശന്നതിന് ഭക്ഷണം എടുത്തതിനാണ് അട്ടപ്പാടിയിൽ മധുവിനെ തല്ലിക്കൊന്നത്. വിശന്നവർക്ക് ഓട്ടോയിൽ പോയി അരി വാങ്ങിക്കൊണ്ടു വന്നതിനാണ് ഓമനക്കുട്ടനെയും ആക്രമിച്ചത്.

വിശ്വാസമാണ് എല്ലാം; ചിലർ ചതിച്ചാലും. ഓമനക്കുട്ടൻ തോൽക്കരുത്. കാരണം അയാൾ നല്ലവനാണ്. സ്നേഹമുള്ളവനും.

ഉള്ളിൽ ചതിയുമായി അരികിൽ വന്നു സല്ലപിക്കുന്ന ചിലരുടെ ലോകമാണിത്. അവരുടെ ചതിച്ചുഴികൾ, ഒടുവിൽ അവരെത്തന്നെ വിഴുങ്ങും- ഓമനക്കുട്ടനെ ചതിച്ചവരിൽ ഒളിഞ്ഞ് ദൃശ്യം പകർത്തിയതു മുതൽ കള്ളക്കേസ് എടുത്തതു വരെ നീണ്ട നിരയുണ്ട്.

ഈ സമൂഹത്തിലെ ഒരു പൗരൻ എന്ന നിലയിൽ ഞാൻ ഓമനക്കുട്ടനോട് മാപ്പു ചോദിക്കുന്നു. ഒപ്പം, സ്നേഹൂർവ്വം അദ്ദേഹത്തെ ആശ്ലേഷിക്കുന്നു.

ഇന്നലെ ഉച്ചയോടെയാണ് ഓമനക്കുട്ടന്‍ ദുരിതാശ്വാസ ക്യാമ്പില്‍ അനധികൃതമായി പണപ്പിരിവ് നടത്തിയ വാര്‍ത്ത ദൃശ്യങ്ങള്‍ സഹിതം ഒരു ചാനല്‍ ആദ്യം സംപ്രേഷണം ചെയതത്. സിപിഎം പ്രവര്‍ത്തകര്‍ ക്യാമ്പുകളില്‍ കാണിക്കുന്ന അനധികൃത ഇടപെടലിന്റെ ഭാഗമാണിതെന്നുമുള്ള ആരോപണങ്ങളും ഇതോടെ എതിര്‍ പാര്‍ട്ടിക്കാര്‍ ഉയര്‍ത്തി. സിപിഎമ്മിന്റെ കുറുപ്പന്‍കുളങ്ങര ലോക്കല്‍കമ്മറ്റിയംഗം എന്‍.എസ് ഓമനക്കുട്ടന്‍ എഴുപത് രൂപവീതം ക്യാംപ് അംഗങ്ങളില്‍നിന്ന് പിരിവെടുത്തെന്നാണ് ഇന്നലെ പ്രചരിച്ചത്. ഓമനക്കുട്ടന്‍ ഉള്‍പ്പെടെയുള്ളവർ കഴിയുന്ന പട്ടികജാതി കമ്മ്യൂണിറ്റി ഹാളില്‍ സൗകര്യങ്ങൾ ഒരുക്കാനായിരുന്നു അത്.

എന്നാൽ ഇപ്പോൾ അദ്ദേഹത്തിന്റെ ഉദ്ദേശശുദ്ധി ബോധ്യപ്പെട്ടതിനെ തുടര്‍ന്ന് സര്‍ക്കാര്‍ വകുപ്പ് അദ്ദേഹത്തോട് മാപ്പ് ചോദിക്കുകയും ചെയ്‌തു.

READ MORE: ആദ്യം ഓമനക്കുട്ടനെ കള്ളനാക്കി, വസ്തുതയറിഞ്ഞപ്പോള്‍ സര്‍ക്കാര്‍ മാപ്പ് പറഞ്ഞു; പണപ്പിരിവ് വിവാദത്തില്‍ സംഭവിച്ചത് ഇങ്ങനെ

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍