UPDATES

സോഷ്യൽ വയർ

താരങ്ങളുടെ ഭാര്യമാര്‍ തമ്മില്‍ ഫേസ്ബുക്കില്‍ തര്‍ക്കം; പ്രശ്‌നത്തില്‍ ഇടപെടണമെന്നാവശ്യപ്പെട്ട് ക്രിക്കറ്റ് ബോര്‍ഡിനു കത്ത്

തിസാര പെരേര ശ്രീലങ്കന്‍ ക്രിക്കറ്റിലേക്ക് രാഷ്ട്രീയം വലിച്ചുകയറ്റാന്‍ ശ്രമിക്കുന്നുവെന്ന ആക്ഷേപവുമായി മലിംഗയുടെ ഭാര്യ ടാനിയ മലിംഗ ഫെയ്‌സ്ബുക്കിലൂടെ രംഗത്തെത്തിയത് ഈ മാസം ആദ്യമാണ്.

തുടര്‍ച്ചയായ തോല്‍വികളെ തുടര്‍ന്ന് വിമര്‍ശനങ്ങള്‍ നേരിടുന്ന ശ്രീലങ്കന്‍ ക്രിക്കറ്റ് ടീമില്‍ ഇതാ പുതിയ വിവാദം. ശ്രീലങ്കന്‍ ക്രിക്കറ്റ് താരങ്ങളായ ലസിത് മലിംഗയുടെയും തിസാര പെരേരയുടെയും ഭാര്യമാര്‍ തമ്മില്‍ ഉടലെടുത്ത ‘ഫെയ്‌സ്ബുക് സംഘര്‍ഷം’ പരിധിവിട്ടതോടെയാണ് പ്രശ്‌നങ്ങള്‍ക്ക് കാരണം. സംഭവം കൈവിട്ടുതുടങ്ങിയതോടെ, പ്രശ്‌നത്തില്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് തിസാര പെരേര ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡിനു കത്തയച്ചു. ഈ പ്രശ്‌നങ്ങള്‍ മൂലം ‘രാജ്യത്തിനു മുന്നില്‍ തങ്ങള്‍ വെറും പരിഹാസ പാത്രങ്ങളായി എന്നാണ് തിസാര പെരേര പറയുന്നത്.

ശ്രീലങ്കന്‍ ഏകദിന ടീമിന്റെ നായകനായ ലസിത് മലിംഗയും മുന്‍ ക്യാപ്റ്റനായ തിസാര പെരേരയും തമ്മിലുള്ള ഈഗോ പ്രശ്‌നങ്ങളിലാണ് തുടക്കം. ഭാര്യമാര്‍ ഇത് ഏറ്റെടുത്തതോടെയാണ് രംഗം വഷളായത്. തിസാര പെരേര ശ്രീലങ്കന്‍ ക്രിക്കറ്റിലേക്ക് രാഷ്ട്രീയം വലിച്ചുകയറ്റാന്‍ ശ്രമിക്കുന്നുവെന്ന ആക്ഷേപവുമായി മലിംഗയുടെ ഭാര്യ ടാനിയ മലിംഗ ഫെയ്‌സ്ബുക്കിലൂടെ രംഗത്തെത്തിയത് ഈ മാസം ആദ്യമാണ്. ടീമിലെ സ്ഥാനം നിലനിര്‍ത്താനും ക്യാപ്റ്റന്‍ സ്ഥാനം തിരിച്ചുപിടിക്കാനും ലങ്കന്‍ ടീമിലെ ഒരു താരം ശ്രീലങ്കന്‍ കായികമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയെന്നായിരുന്നു ആക്ഷേപം.

ഫെയ്‌സ്ബുക് പോസ്റ്റില്‍ ആരുടെയും പേര് ടാനിയ പരാമര്‍ശിച്ചിരുന്നില്ലെങ്കിലും പോസ്റ്റിനൊപ്പം ആദ്യം ഒരു പാണ്ടയുടെ ചിത്രവും ചേര്‍ത്തിരുന്നു. ‘പാവം പാണ്ട’ എന്ന വാക്കുകളോടെയായിരുന്നു ഇത്. ഓസ്‌ട്രേലിയയില്‍ തിസാര പെരേര അറിയപ്പെടുന്നത് ‘പാണ്ട’ എന്ന പേരിലായതിനാല്‍ പോസ്റ്റിലെ ആക്ഷേപം അദ്ദേഹത്തെക്കുറിച്ചാണെന്ന് മാധ്യമങ്ങള്‍ കണ്ടെത്തി (ഓസ്‌ട്രേലിയന്‍ ബിഗ്ബാഷ് ലീഗില്‍ ബ്രിസ്‌ബേന്‍ ഹീറ്റിന്റെ താരമായിരുന്ന പെരേരയ്ക്ക്, മുന്‍ ഓസീസ് ക്യാപ്റ്റന്‍ ജോര്‍ജ് ബെയ്ലി ചാര്‍ത്തിക്കൊടുത്ത പേരാണ് പാണ്ട). ഇതോടെ  പെരേരയുടെ ഭാര്യ ഷെരാമി ഫെയ്‌സ്ബുക് പോസ്റ്റിലൂടെ  മറുപടിയുമായി രംഗത്തെത്തി.  ടാനിയ മലിംഗയുടെ ആരോപണങ്ങള്‍ തള്ളിയ ഷെരാമി, ‘സിംഹത്തിന്റെ വസ്ത്രമണിഞ്ഞെന്നു കരുതി ചെന്നായ സിംഹമാകില്ലെ’ന്ന് പരിഹസിക്കാനും മറന്നില്ല. നാണക്കേടുമൂലം സഹികെട്ടതോടെ  ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ ഇടപെടല്‍ തേടി പെരേര കത്തയച്ചിരിക്കുന്നത്.

2020 ട്വന്റി20 ലോകകപ്പിന് ശ്രീലങ്കയ്ക്ക് യോഗ്യത നേടിക്കൊടുക്കുക എന്ന ഭാരിച്ച ചുമതലയുമായി ഇക്കഴിഞ്ഞ സെപ്റ്റംബറിലാണ് പെരേരയെ ലങ്കന്‍ ട്വന്റി20 ടീമിന്റെ ക്യാപ്റ്റനാക്കിയത്. എന്നാല്‍, തുടര്‍ തോല്‍വികളെത്തുടര്‍ന്ന് ശ്രീലങ്ക റാങ്കിങ്ങില്‍ പിന്നിലാവുകയും ലോകകപ്പിന് നേരിട്ട് യോഗ്യത നേടുന്നതില്‍ പരാജയപ്പെടുകയും ചെയ്തതോടെ ഇക്കഴിഞ്ഞ ന്യൂസീലന്‍ഡ് പര്യടത്തിനു തൊട്ടുമുന്‍പ് ക്യാപ്റ്റന്‍ സ്ഥാനം മലിംഗയെ ഏല്‍പ്പിക്കുകയായിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍