UPDATES

സോഷ്യൽ വയർ

ഭിന്നശേഷി സര്‍ട്ടിഫിക്കറ്റ് അടക്കമുള്ളവ നഷ്ടപ്പെട്ടു; മോഷ്ടിച്ചവര്‍ തന്റെ ‘ജീവിതം’ തിരിച്ചുതരണമെന്ന് യുവാവ്

“ബാഗ് മോഷ്ടിച്ചവരെ കേസില്‍ കുടുക്കാന്‍ താല്‍പര്യമില്ല. ഈ ശരീരവും വച്ച് ഇനിയും സര്‍ക്കാര്‍ ഓഫീസുകള്‍ കയറിയിറങ്ങാന്‍ വയ്യ. ഒരു വികലാംഗന്‍ എന്ന പരിഗണന നല്‍കിയെങ്കിലും മോഷ്ടിച്ച എന്റെ ഫയല്‍ തിരിച്ചുതരണം” – ജോഷി പറയുന്നു.

ബംഗളൂരുവില്‍ നിന്ന് കണ്ണൂരിലേയ്ക്കുള്ള ബസ് യാത്രയ്ക്കിടെ ഭിന്നശേഷി തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് അടക്കമുള്ളവയുള്ള ബാഗ് നഷ്ടപ്പെട്ട യുവാവ് സോഷ്യല്‍ മീഡിയയില്‍ ഇട്ട പോസ്റ്റ് ശ്രദ്ധേയമായിരിക്കുകയാണ്. തന്റെ ബാഗ് മോഷ്ടിച്ചത് ആരാണെങ്കിലും അത് തിരിച്ചുതരണമെന്നും അതിലുള്ളത് തന്റെ ജീവിതമാണെന്നും കണ്ണൂര്‍ താഴെചൊവ്വ സ്വദേശിയായ ജോഷി ഭാസ്‌കരന്‍ (38) പറയുന്നു. പക്ഷാഘാതം പിടിപെട്ടുള്ള വീഴ്ച പോലും തന്നെ ഇത്രയും തളര്‍ത്തിയിട്ടില്ലെന്നും ജോഷി പറയുന്നു. ഭിന്നശേഷിക്കാരന്‍ എന്ന് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റും ജനന സര്‍ട്ടിഫിക്കറ്റും അടക്കമുള്ളവയാണ് നഷ്ടപ്പെട്ടത്. ശരീരത്തിന്റെ ഒറു വശത്തിന് സ്വാധീനമില്ലാത്ത കനിക്ക് ഇനിയും എത്ര ഓഫീസുകള്‍ കയറി ഇറങ്ങിയാലാണ് പകരം സര്‍ട്ടിഫിക്കറ്റ് ലഭിക്കുക എന്ന് യുവാവ് ചോദിക്കുന്നു. കര്‍ണാടക ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്റെ രാജഹംസം ബസിലായിരുന്നു യാത്ര. നാല് മലയാളി യുവാക്കളുടെ സംഘത്തെയാണ് ജോഷി സംശയിക്കുന്നത്.

യുവാക്കള്‍ ടിക്കറ്റ് റിസര്‍വ് ചെയ്തിരുന്നവരല്ല. ഇവര്‍ തര്‍ക്കമുണ്ടാക്കി വഴിയില്‍ ഇറങ്ങിപ്പോവുകയായിരുന്നു. പൊലീസില്‍ പരാതി നല്‍കിയിരുന്നെങ്കിലും ബാഗ് കിട്ടിയില്ല. 10, 12 ക്ലാസുകളിലെ സര്‍ട്ടിഫിക്കറ്റ്, ബിരുദ പരീക്ഷകളുടെ സര്‍ട്ടിഫിക്കറ്റ് എന്നിവ നഷ്ടപ്പെട്ടു. താഴെ ചൊവ്വയില്‍ പുകപരിശോധന കേന്ദ്ര നടത്തുകയാണ് ജോഷി. പുക പരിശോധന കേന്ദ്രത്തിന്റെ ലൈസന്‍സും നഷ്ടപ്പെട്ടു. സീറ്റിന് മുകളിലെ ബര്‍ത്തിലാണ് ബാഗ് വച്ചിരുന്നത്. ബാഗ് മോഷ്ടിച്ചവരെ കേസില്‍ കുടുക്കാന്‍ താല്‍പര്യമില്ല. ഈ ശരീരവും വച്ച് ഇനിയും സര്‍ക്കാര്‍ ഓഫീസുകള്‍ കയറിയിറങ്ങാന്‍ വയ്യ. ഒരു വികലാംഗന്‍ എന്ന പരിഗണന നല്‍കിയെങ്കിലും മോഷ്ടിച്ച എന്റെ ഫയല്‍ തിരിച്ചുതരണം – ജോഷി പറയുന്നു. 9447163845 എന്ന തന്റെ നമ്പറും ജോഷി നല്‍കിയിട്ടുണ്ട്.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍