UPDATES

ന്യൂസ് അപ്ഡേറ്റ്സ്

നിസഹായതകള്‍ക്കും അതിജീവനത്തിനുമിടയില്‍ പച്ചത്തുരുത്ത് പോലുള്ള ജീവിതമേ!

Avatar

വിനയ വനജ രാഘവന്‍

(ഒന്‍പത് വര്‍ഷത്തെ സൌഹൃദത്തിന് ശേഷം ഞാനും ക്രിസും വിവാഹിതരായത് ഈ അടുത്താണ്. ലണ്ടനില്‍ വച്ച് രണ്ടു പേരുടെയും കുടുംബങ്ങള്‍ പങ്കെടുത്ത ഒരു ചെറിയ ചടങ്ങ്. പറയാനാണെങ്കില്‍ എല്ലാംകൊണ്ടും വ്യത്യസ്തരായിരുന്നു ഞങ്ങള്‍. വ്യത്യസ്ത സംസ്കാരങ്ങള്‍, ജീവിത രീതികള്‍, ഭാഷ, ഭക്ഷണം, കുടുംബ പശ്ചാത്തലം, പ്രൊഫഷന്‍ എല്ലാം. പക്ഷേ, ഇതെല്ലാം ഇക്കാലത്തിനിടയില്‍ ഞങ്ങള്‍ അതിജീവിച്ചു. കാരണം ഓഷ്യന്‍ സയന്‍റിസ്റ്റായ ക്രീസിനേയും ഐ.റ്റി മേഖലയില്‍ ജോലി ചെയ്യുന്ന എന്നേയും ചേര്‍ത്തു നിര്‍ത്തുന്ന ചിലതുണ്ടായിരുന്നു. അതുകൊണ്ടാണ് ഇങ്ങനെയൊരു കുറിപ്പ്.) 

 

ബന്ധങ്ങളെയോ വിവാഹങ്ങളെയോ കുറിച്ച് വലിയ പ്രഖ്യാപനങ്ങളൊന്നും നടത്താന്‍ ഞാന്‍ ആരുമല്ല. എല്ലാ ബന്ധങ്ങളും എല്ലാ വ്യക്തികളും അനന്യരാണെന്നും ഞാന്‍ കുരുതുന്നില്ല. എങ്കിലും ഈ വിഷയത്തെക്കുറിച്ച് വൈയക്തികമല്ലാത്ത അല്‍പം ചിന്തകള്‍ പങ്കുവയ്ക്കാമെന്നു കരുതുന്നു. നല്ലൊരു ബന്ധത്തിനോ വിവാഹത്തിനോ പ്രത്യേകിച്ച് മന്ത്രങ്ങളോ സുത്രവാക്യങ്ങളോ ഇല്ല. ഈ രണ്ടു പദങ്ങളും ഞാന്‍ ഒരുമിച്ച് ഉപയോഗിച്ചത് വിവാഹമില്ലാതെയും രണ്ടു പേര്‍ക്കിടയില്‍ പ്രതിബദ്ധത ഉണ്ട് എന്നതിനാലാണ്. വിവാഹിതരോ അവിവാഹിതരോ ആകട്ടെ പരസ്പരമുള്ള പ്രതിബദ്ധതയാണ് വിഷയം.

 

പുരുഷാധിപത്യം, ആണ്‍കുഞ്ഞുങ്ങളെ ആഗ്രഹിക്കുന്ന പ്രവണത, സ്ത്രീധന സംവിധാനം, ജാതി, മത, വര്‍ഗ പരിഗണനകള്‍ തുടങ്ങി നമ്മെ പിറകോട്ടു വലിക്കുന്ന ഒരുപാട് സാമൂഹിക ചട്ടക്കൂടുകള്‍ വിവാഹങ്ങളിലൂടെ നിലനിര്‍ത്തപ്പെടുന്നു എന്നതുകൊണ്ടു തന്നെ സ്ഥാപനവത്ക്കരിക്കപ്പെട്ട വിവാഹത്തോട് എല്ലായ്‌പ്പോഴും ഞാന്‍ എതിര്‍പ്പ് പ്രകടിപ്പിച്ചിട്ടുണ്ട്. വിവാഹം ഒരിക്കലും സ്ഥാപനവല്‍ക്കരിക്കപ്പെടേണ്ട ഒന്നല്ല.  എന്തിനെങ്കിലും മേല്‍ അധികാരം പ്രയോഗിക്കാനുള്ള ഒരു മാര്‍ഗവുമാകരുത്. അത് രണ്ടു വ്യക്തികളുടേയും അവര്‍ക്കു പ്രിയപ്പെട്ടവരുടേയും മാത്രം കാര്യമായിരിക്കണം. ഒരു വ്യക്തിയോടൊപ്പം ജീവിക്കാന്‍ എടുത്ത തീരുമാനത്തിന്റെ സാമൂഹിക ആഘോഷമാണ് എന്നെ സംബന്ധിച്ചിടത്തോളം വിവാഹം. അത്തരത്തില്‍ ഒരാഘോഷം വേണ്ടെന്നു വയ്ക്കുന്നവരുണ്ടെങ്കില്‍ അതും ശരിയാണ്. അതില്‍ കടുത്ത ചട്ടങ്ങളൊന്നുമുണ്ടായിരിക്കരുതെന്നാണ് ഞാനെപ്പോഴും ആഗ്രഹിച്ചിട്ടുള്ളത്.

 

 

എന്നാല്‍ ഒരു ബന്ധം എങ്ങനെ സന്തോഷകരമായിത്തീരുകയും ദീര്‍ഘകാലം നിലനിന്നു പോകുകയും ചെയ്യുന്നു എന്നത് എന്നെ എപ്പോഴും ആശ്ചര്യപ്പെടുത്തിയിട്ടുള്ള ഒരു കാര്യമാണ്. ബന്ധങ്ങള്‍ ഉത്കൃഷ്ടമാണെന്നും രണ്ടു പേര്‍ സ്‌നേഹിക്കുന്തോറും സ്വാഭാവികമായി അത് വളരുന്നുവെന്നും കരുതുന്നതില്‍ വലിയ കാര്യമില്ല. സ്‌നേഹം മാത്രം മതിയാവില്ല. ചിലപ്പോള്‍ സ്‌നേഹം ശരിയാകുകയുമില്ല. ഇതിലെല്ലാമുപരി സ്‌നേഹത്തില്‍ നിന്നും ശ്രദ്ധയില്‍ നിന്നും വരുന്ന വിട്ടുവീഴ്ചകളാണ് ബന്ധങ്ങളെ പരിപോഷിപ്പിക്കുന്നത്. കാര്യങ്ങള്‍ ഒന്നിച്ചു ചെയ്യുന്നതും ആശയവിനിമയവുമാണ് ബന്ധങ്ങളെ കൂടുതല്‍ അടുപ്പിക്കുന്നത്. ഇക്കൂട്ടത്തില്‍ അരോഗ്യകരമായ കാപട്യങ്ങളുമുണ്ട്. ഒരാള്‍ നേരത്തെ എഴുന്നേല്‍ക്കാന്‍ ആഗ്രഹിക്കുമ്പോള്‍ പങ്കാളിക്ക് വൈകി എഴുന്നേല്‍ക്കാനായിരിക്കും താല്‍പര്യം. ഇതുപോലുള്ള കാര്യങ്ങളും ഉത്തരവാദിത്തങ്ങളുടെ വീതംവയ്പ്പുമെല്ലാം വേണ്ട രീതിയില്‍ കൈകാര്യം ചെയ്യുകയും പരസ്പര ധാരണയിലെത്തുകയും ചെയ്താല്‍ പങ്കാളിത്തജീവിതം ലളിതവും സന്തോഷകരവുമായിരിക്കും. കുറവും മികവുമെല്ലാം രണ്ടു വ്യക്തികള്‍ക്കിടയിലെ ബന്ധത്തിന്റെ അവിഭാജ്യ ഘടകമാണ്. അത് മാതാപിതാക്കളോടോ, സഹോദരീ സഹോദരങ്ങളോടോ, കുട്ടികളോടൊ, ഭര്‍ത്താക്കന്മാരോടൊ ആകട്ടെ. ജീവിതത്തിന്റെ അടിസ്ഥാന മൂല്യങ്ങളെ അംഗീകരിക്കുകയും അവയുമായി താദാത്മ്യപ്പെടുകയും ചെയ്താല്‍ ബാക്കിയെല്ലാം വിട്ടുവീഴ്ച ചെയ്യപ്പെടും.

 

വിവാഹിതരാകുന്നതു വരെ ബന്ധങ്ങളോട് ആര്‍ക്കും പ്രതിബദ്ധത ഉണ്ടാവില്ലെന്നാണ് പലരും പറയാറുള്ളത്. ബന്ധങ്ങളെക്കുറിച്ചുള്ള വളരെ ഇടുങ്ങിയ ഒരു കാഴ്ചപ്പാട് ആയാണ് ഇതിനെ ഞാന്‍ മനസ്സിലാക്കുന്നത്. ഒരു പ്രതിബദ്ധതയുമില്ലെങ്കില്‍ ആളുകള്‍ എന്തിനാണു പിന്നെ ബന്ധങ്ങളെ വിവാഹമായി ആഘോഷിക്കുന്നതെന്ന് പലപ്പോഴും ആശ്ചര്യപ്പെട്ടിട്ടുണ്ട്. വിവാഹത്തിനു മുമ്പോ ശേഷമോ ഒരു മാറ്റവുമില്ല. ഒരു പക്ഷെ ഒന്നിച്ചു ജീവിതം പങ്കിടാനുള്ള ഒരു പങ്കാളിയെ കണ്ടെത്തിയെന്ന് ഉറപ്പായതിനു ശേഷമായിരിക്കും പലരും വിവാഹം ചെയ്യാന്‍ തീരുമാനിക്കുന്നത്. എന്നാല്‍ അത്തരത്തില്‍ സാമൂഹിക പ്രതിബദ്ധതയുണ്ടാക്കുന്നതിനു മുമ്പ് ഒരു വ്യക്തിയോടൊപ്പം പരസ്പരം മനസ്സിലാക്കി, പരമാവധി സമയം ഒന്നിച്ചു ജീവിക്കുന്നതിനോടാണ് എനിക്ക് യോജിപ്പുള്ളത്. സമൂഹത്താല്‍ നിര്‍ബന്ധിതരാക്കപ്പെടുന്ന ഒരു വ്യവസ്ഥ എന്നതിലുപരിയായി വിവാഹത്തെ വെറും ഒരു ആഘോഷമായാണ് ഞാന്‍ കാണുന്നതും. യുവ സമൂഹം ബന്ധങ്ങളെ യുക്തിപരമായി എടുത്ത് അവര്‍ ആഗ്രഹിക്കുന്ന മാര്‍ഗങ്ങളിലേക്ക് നയിക്കുമെന്നാണ് എന്റെ പ്രതീക്ഷ.

 

മികച്ച ഒരു സമൂഹത്തെ സംബന്ധിച്ചിടത്തോളം വിവാഹങ്ങളേയും ബന്ധങ്ങളേയും പോലെ തന്നെ പ്രധാനമാണ് അതിന്റെ വിപരീതങ്ങളായ വിവാഹമോചനങ്ങളും വേര്‍പിരിയലുകളും. സന്തോഷകരമായ ഒരു പ്രതീക്ഷയുമില്ലെങ്കില്‍ വിവാഹ ബന്ധങ്ങളില്‍ നിന്നു പുറത്തു വരികയാണ് വേണ്ടത്. അതുകൊണ്ട് തന്നെ ഒരു വ്യക്തിയെ കുറിച്ച് ഉറപ്പുണ്ടെങ്കില്‍ മാത്രമെ പ്രതിബദ്ധതയ്ക്ക് പ്രാധാന്യമുള്ളൂ. പങ്കാളികളെ പരമാവധി വേദനിപ്പിക്കാതിരിക്കുക എന്നത് ഒരു ജീവിത മന്ത്രമാക്കിയാല്‍ അത് രണ്ടു വ്യക്തികള്‍ തമ്മിലുള്ള ബന്ധത്തെ നിസ്സാരമാക്കി എടുക്കാതിരിക്കാന്‍ നമ്മെ സഹായിക്കും. രണ്ടു വ്യക്തികള്‍ക്കിടയില്‍ നിലനില്‍ക്കുന്ന ബന്ധങ്ങള്‍ നമുക്ക് വ്യക്തിത്വം നല്‍കുന്നു. മറ്റുള്ളവരുടെ മനസ്സില്‍ നമ്മെക്കുറിച്ചുള്ള മാതൃകകള്‍ നമ്മുടെ വ്യക്തിത്വം അവര്‍ക്കു വ്യക്തമാക്കിക്കൊടുക്കുന്നു. മറ്റുള്ളവരെ എല്ലായ്‌പ്പോഴും നാം പരിഗണിക്കുക എന്നതും പ്രധാനമാണ്. പോസിറ്റീവ് ജീവിതരീതികളെ പുഷ്ടിപ്പെടുത്തുന്ന വിട്ടുവീഴ്ചകളും ആരോഗ്യകരമായ അത്മാര്‍പ്പണങ്ങളും ആവശ്യമായ ബന്ധങ്ങളുടെ കാര്യത്തില്‍ പ്രധാനമാണ്.

 

 

അംഗീകരിക്കാന്‍ കഴിയാത്ത കാര്യങ്ങളും ഉണ്ടായേക്കാം. എങ്കിലും വിയോജിപ്പുകളെ കൈകാര്യം ചെയ്യുന്നതിന് പരസ്പരം വേദനിപ്പിക്കാത്ത ഒരു മാര്‍ഗം നിങ്ങള്‍ മെനഞ്ഞെടുക്കുന്നതോടെ കാര്യങ്ങളെല്ലാം അനായാസവും പോസിറ്റീവുമായി മാറും. സ്‌നേഹിക്കുന്നവരെ എങ്ങിനെ ഒരാള്‍ക്ക് അറിഞ്ഞുകൊണ്ട് വേദനിപ്പിക്കാനാകും? ബന്ധങ്ങളെ പരിപോഷിപ്പിക്കുക. ദിവസവും അതിന് വെള്ളമൊഴിക്കുക. ഒരുമിച്ച് കാര്യങ്ങള്‍ ചെയ്യുക, ഒന്നിച്ച് പാചകം ചെയ്യുക, സന്തോഷവും കര്‍ത്തവ്യങ്ങളും പരസ്പരം പങ്കിടുക, ആശയവിനിമയം നടത്തുക, ഒരു കുടുംബമെന്ന നിലയില്‍ ക്രിയാത്മകമാകുക. എങ്കില്‍ കൂടുതല്‍ സന്തോഷകരമായി മികച്ച രീതിയില്‍ ജീവിതവുമായി പൊരുത്തപ്പെടാം. ജീവിതം വളരെ ചുരുങ്ങിയ ഒന്നാണ്. സന്തോഷവാന്മാരായിരിക്കാന്‍ ശ്രമിക്കുക, ശരി എന്നു തോന്നുന്നവരോടുള്ള അടുപ്പം സൂക്ഷിക്കുക, സജീവമായി സംസാരങ്ങളിലും പ്രവര്‍ത്തികളിലും നടത്തത്തിലും ഒക്കെ ഏര്‍പ്പെട്ട് ഓരോ ദിനവും സമ്പൂര്‍ണ്ണമാക്കുക. ജീവിക്കുക, ജീവിക്കാനും കാത്തിരിക്കാനും പ്രതീക്ഷിക്കാനും അനുവദിക്കുക.

 

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions) 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍