UPDATES

മായ ലീല

കാഴ്ചപ്പാട്

മായ ലീല

ന്യൂസ് അപ്ഡേറ്റ്സ്

വില്ലനും രക്ഷകനുമല്ലാതെ പുരുഷന്‍ ഇല്ലേ?

മായ ലീല

ഞാന്‍ പഠിപ്പിക്കുന്ന ഒരു വിദ്യാര്‍ഥിനിയ്ക്ക് ഇംഗ്ലീഷ് സാഹിത്യത്തില്‍ ഒരു പ്രോജക്റ്റ് ചെയ്യാനുണ്ടായിരുന്നു. ഏതെങ്കിലും ഇഷ്ടമുള്ള ഒരു പുസ്തകം വായിച്ചിട്ട് അതിനെപ്പറ്റി ചുരുക്കി എഴുതുക, അതിന്മേല്‍ ഒരു പ്രസന്റേഷന്‍ നടത്തുക. ഞങ്ങള് രണ്ടാളും ചേര്‍ന്നിരുന്നാണ് പുസ്തകം വായിച്ചത്. എയിഡ്‌സ് നടനമാടുന്ന ഒരു ആഫ്രിക്കന്‍ രാജ്യത്താണ് കഥ നടക്കുന്നത്. മൂന്ന് ആണ്‍കുട്ടികളുടെയും ഒരു പെണ്‍കുട്ടിയുടെയും അമ്മയായ ഒരു സ്ത്രീ എയിഡ്‌സ് പിടിപെട്ട് മരിച്ചു പോകുന്നു. അനാഥരായ കുട്ടികള്‍ പല വഴിയ്ക്ക് ഭക്ഷണവും പാര്‍പ്പിടവും അന്വേഷിച്ചു പോകുന്നു. ഇതിലെ പെണ്‍കുട്ടിയേയും അനിയനേയും ഒരു അയല്‍ക്കാരന്‍ അയാളുടെ വീട്ടില്‍ പാര്‍പ്പിക്കാം എന്ന് സമ്മതിച്ച് കൂട്ടിക്കൊണ്ടു പോകുന്നു. അവിടെ വരെ വായിച്ചു കഴിഞ്ഞപ്പോള്‍ ഞങ്ങള്‍ പരസ്പരം ഒരു ‘Oh No’ പങ്കുവെച്ചു. എന്റെ സ്റ്റുഡന്റ് വായന നിര്‍ത്തി; പുള്ളിക്കാരിയുടെ അഭിപ്രായത്തില്‍ ‘ഇനി എന്ത് സംഭവിക്കും എന്ന് ഊഹിക്കാമല്ലോ മായ, നമ്മുക്ക് ഈ ചാപ്റ്റര്‍ വായിക്കാതെ വിട്ടാലോ’ എന്ന്. പതിനാല് വയസ്സുകാരിയുടെ ഊഹം എന്താണെന്ന് അറിയാന്‍ കൌതുകം തോന്നി. ‘ഇല്ല എനിക്കറിയില്ല, എന്താവും സംഭവിക്കുക’ എന്ന് ഞാന്‍ ചോദിച്ചു. അവളുടെ മറുപടി ഇങ്ങനെ; ‘പാവപ്പെട്ട അനാഥയായ പെണ്‍കുട്ടി, ഒരു മുതിര്‍ന്ന പുരുഷന്‍ അയാളുടെ വീട്ടിലേയ്ക്ക് അവളെ താമസിക്കാന്‍ ക്ഷണിക്കുന്നു, പിന്നെ എന്തുണ്ടാവും എന്നാല്‍ സ്വാഭാവികമായും അയാള്‍ അവളെ ബലാത്സംഗം ചെയ്യുകയോ ശാരീരികമായി പീഡിപ്പിക്കുകയോ ചെയ്യും, അവള്‍ സമ്മതിച്ചില്ലെങ്കില്‍ പട്ടിണിക്കിടും. എനിക്കത് വായിക്കണ്ട.’

 

അതെ, അത് തന്നെയാണ് ഞാനും ഭയന്നത്; അത് വായിക്കാതിരുന്നാല്‍ കൊള്ളാമായിരുന്നു എന്ന് ഉള്ളില്‍ ആഗ്രഹിച്ചതും. പത്തുമുപ്പതു വര്‍ഷമായി ലോകം കാണുന്ന ഞാനും പതിനാല് വയസ്സ് മാത്രം പ്രായമുള്ള എന്റെ വിദ്യാര്‍ഥിനിയും ഒരേ പ്രവചനം ആണ് നടത്തുന്നത്, സമൂഹത്തിലെ അരക്ഷിതാവസ്ഥ ഒരു പെണ്ണിന് എന്താണ് കൊടുക്കുക എന്നതിനെ പറ്റി. ഈ പതിനാല് വയസ്സുകാരിയെ ഇങ്ങനെ ചിന്തിക്കാന്‍ എന്താവും സ്വാധീനിച്ചിട്ടുണ്ടാവുക? അവളോട് ചോദിച്ചപ്പോള്‍ അവള്‍ക്ക് പറയാനുള്ളത്; ‘എല്ലാ കഥകളിലും സിനിമകളിലും വാര്‍ത്തകളിലും ഇത് തന്നെയല്ലേ സംഭവിക്കുക!’.

 

പുരുഷാധിപത്യം സ്ത്രീകളെ അബലകള്‍ ആക്കി ചിത്രീകരിക്കുന്നതിലും സൂക്ഷ്മത, പുരുഷന്മാരെ ക്രൂരന്മാരായി ചിത്രീകരിക്കുന്നതില്‍ പുലര്‍ത്തുന്നുണ്ട്. സൌകര്യത്തിന് കിട്ടിയാല്‍ സ്ത്രീകളെ / പെണ്‍കുട്ടികളെ ആക്രമിക്കാന്‍ തക്കംപാര്‍ത്ത് നടക്കുകയാണ് എന്നതാണ് വില്ലന്മാരുടെയൊക്കെ ഒരു പ്രത്യേകത. നമ്മുടെ സിനിമകളില്‍ ഇതിന്റെ കുത്തൊഴുക്കാണ്. അനാഥമാവുന്ന, അല്ലെങ്കില്‍ സാമ്പത്തികമായി ബുദ്ധിമുട്ട് നേരിടേണ്ടി വരുന്ന, ഒറ്റയ്ക്ക് കഴിയുന്ന പെണ്ണുങ്ങളെ കാമാര്‍ത്തിയോടെ മാത്രം സമീപിക്കുന്ന പുരുഷന്മാരാണ് നമ്മുടെ ടിവിയിലും അഭ്രപാളിയിലും. മനുഷ്യസ്‌നേഹത്തോടെ, സൌഹൃദത്തോടെ, അനുകമ്പയോടെ സഹായിക്കാന്‍ ഒരുങ്ങുന്ന പുരുഷന്മാര്‍ ഇല്ലതന്നെ. കഥകളില്‍ എല്ലാം കറുപ്പും വെളുപ്പും എന്ന ദ്വന്ദത്തില്‍ മാത്രമാണ് പുരുഷന്മാര്‍, ഒന്നുകില്‍ അവര്‍ ഈ പെണ്ണുങ്ങളെ നശിപ്പിക്കും അല്ലെങ്കില്‍ പ്രണയിച്ച് വിവാഹം കഴിയ്ക്കും. ഇത് രണ്ടുമല്ലാത്ത മനുഷ്യന്മാരില്ലേ സമൂഹത്തില്‍! ഒരു പെണ്ണിന് ഒരു ബുദ്ധിമുട്ട് വന്നാല്‍ അവളെ സഹായിക്കാന്‍ ഒരു ആണ്‍ സുഹൃത്ത് ഉണ്ടാവില്ലേ, അല്ലെങ്കില്‍ ശരീരം മോഹിക്കാത്ത ഒരു പരിചയക്കാരന്‍? യഥാര്‍ത്ഥ ജീവിതത്തില്‍ പോലും ഒന്നാലോചിച്ചു നോക്കൂ, ഭര്‍ത്താവ് എന്ന ഉടമസ്ഥന്‍ ഇല്ലാത്ത ഒരു സ്ത്രീയ്ക്ക് ഒരു പുരുഷന്‍ സുഹൃത്തായി ഉണ്ടെന്നത് നമ്മുക്ക് അംഗീകരിക്കാനെ കഴിയില്ല. അവള്‍ അയാളുമായി അഴിഞ്ഞാടുകയേ ചെയ്യൂ, അയാള്‍ അവളെ ഉപയോഗിക്കുകയേ ചെയ്യൂ, നമ്മുടെ സമൂഹത്തിന്റെ കണ്ണില്‍. നമ്മുടെ അമ്മമാര്‍ക്ക് അവരുടെ പെണ്മക്കളുടെ സുഹൃത്തുക്കളെ അത്ര വിശ്വാസം പോരായിരിക്കും, പരിചയത്തിലുള്ള മുതിര്‍ന്ന പുരുഷമാരുമായി അത്ര അടുത്ത് ഇടപഴകുന്നതില്‍ ഒരു വിലക്കുണ്ടാകും. അറിഞ്ഞോ അറിയാതെയോ പുരുഷനെന്നാല്‍ അപകടകാരിയായ ഒരു മൃഗമാണെന്ന് ഉറപ്പിച്ചു വച്ചിട്ടുണ്ട്. ഇതിന്റെ മറുപുറമായി ഈ ചിന്താഗതി പുരുഷന്മാര്‍ക്ക് എന്ത് തോന്ന്യാസവും ചെയ്യാനുള്ള ഒരു അനുമതിയാണ്. അവന്‍ ആണല്ലേ എന്ന ഒഴുക്കന്‍ കാരണം കൊണ്ട് അവരുടെ ചെയ്തികളുടെ ഉത്തരവാദിത്തത്തില്‍ നിന്നും അവരെ മോചിപ്പിക്കും.

 

 

സ്ത്രീയും പുരുഷനും തമ്മില്‍ സ്വാഭാവികമായ സൌഹൃദങ്ങള്‍ ഉണ്ടാവും എന്നത് അംഗീകരിക്കാന്‍ നമ്മുടെ സമൂഹം ഇനിയും മടിക്കുന്നത് എന്തിനാവും? ഒരു പുരുഷന് കാമത്തിന് പുറമേ മറ്റ് മനുഷ്യ വികാരങ്ങളായ ദയ, അനുകമ്പ മുതലായവ ഉണ്ടാവുമെന്നും അത് അവന് ഒരു സ്ത്രീയുടെ നേര്‍ക്ക് പ്രകടിപ്പിക്കാന്‍ കഴിയുമെന്നും നമ്മുടെ ആണ്‍കുട്ടികളെ പ്രത്യേകം പഠിപ്പിക്കേണ്ടി വരുന്നത് എന്തൊരു അധ:പ്പതിച്ച അവസ്ഥയാണ്! അടിസ്ഥാനപരമായി സ്ത്രീയും ഒരു മനുഷ്യജീവി ആണെന്ന് അംഗീകരിച്ച് അവളെ ബഹുമാനിക്കാന്‍ നമ്മുടെ പുരുഷമാര്‍ ആദ്യം മുതല്‍ പഠിക്കണം. ഏതൊരു സ്ത്രീയും അവന് ശാരീരികമായോ മാനസികമായോ ഭോഗിക്കാന്‍ ഉള്ള വസ്തുവാണ് എന്ന തെറ്റായ പാഠങ്ങള്‍ തിരുത്തണം. നിസ്സഹായായ പെണ്ണ് ആണിന്റെ ഭോഗസുഖങ്ങള്‍ക്കായി വിധി കൊണ്ടുകൊടുക്കുന്ന ഉപകരണം അല്ല. കഥകള്‍ മാറ്റി എഴുതണം. കാമം തലയ്ക്ക് പിടിച്ച ജന്തുക്കള്‍ അല്ലാത്ത പുരുഷന്മാര്‍ മാതൃകയായി നമ്മുടെ കണ്മുന്നില്‍, ടിവി സ്‌ക്രീനില്‍, അഭ്രപാളിയില്‍ ഒക്കെ വിഹരിക്കണം. ഭോഗം ശരീരം കൊണ്ടായാലും മനസ്സിലിട്ടായാലും അതിന് സ്ത്രീയുടെ സമ്മതവും അവളുടെ തയ്യാറെടുപ്പും വേണമെന്ന അടിസ്ഥാന യുക്തി മനസ്സിലാകുന്ന പുരുഷന്മാര്‍ നമുക്കുണ്ടാവണം.

ഒരു സ്ത്രീയെ മനുഷ്യനായി കാണുക എന്നിത്ര പറയാനെന്തിരിക്കുന്നു എന്ന് തോന്നാം. ഒരു കലാകാരിയെ, ഒരു കായികതാരത്തെ, ഒരു എഴുത്തുകാരിയെ, ഒരു നര്‍ത്തകിയെ അങ്ങനെ നേട്ടങ്ങളുടെ ഏത് കോണില്‍ നില്‍ക്കുന്ന സ്ത്രീയായാലും അവരുടെ സ്ത്രീ ശരീരം എന്നതും അതിന്റെ വര്‍ണ്ണനയും അല്ലാതെ കഴിവുകളില്‍ ശ്രദ്ധിക്കുക മാത്രം ചെയ്യാറുണ്ടോ സമൂഹം? വ്യക്തിപരമായി നിങ്ങള്‍ ചെയ്യാറുണ്ടോ? സ്ത്രീയാണെങ്കില്‍ അവളെന്തു തന്നെ ചെയ്താലും നേടിയാലും അവളുടെ ശരീര വര്‍ണ്ണനയിലോ അല്ലെങ്കില്‍ നിങ്ങളുടെ വിചാര ഭോഗങ്ങള്‍ക്ക് ഇരയാക്കാതെയോ വിടാറുണ്ടോ? വെറുതേ തിന്നു വീര്‍ത്തിരിക്കുമ്പോള്‍ എനിയ്ക്കുണ്ടാകുന്ന വിഭ്രാന്തികളല്ല ഇത്. ചുറ്റും നടക്കുന്ന ദൈനംദിന വാസ്തവങ്ങളാണ്. പുരുഷാധിപത്യത്തിന്റെ ഏറ്റവും അസഹനീയമായ വാദമുഖം എന്തിനും എതിനും പരിണാമത്തെ കൂട്ടുപിടിക്കും എന്നതാണ്. പുരുഷനെ പ്രകൃതി കാമഭ്രാന്തന്മാരാക്കി എന്നാണ് വാദം! പുരുഷന്മാര്‍ക്ക് കാമാര്‍ത്തി മൂത്ത് വാക്കും പ്രവര്‍ത്തിയും പോയിട്ട് നോട്ടം പോലും സ്വന്തം അധീതനയില്‍ അല്ല എന്നാണ് പിള്ളേരെ പഠിപ്പിച്ചു വളര്‍ത്തുന്നത്, അതിന് പുരുഷ ദൈവങ്ങളുടെ കൂട്ടും. സമൂഹത്തിന്റെ വളര്‍ത്തുദോഷം ബാധിക്കാത്ത ഒരു ആണിലും പെണ്ണിലും പരീക്ഷണം നടത്തിയിട്ട് ആണിനാണ് കാമം കൂടുതല്‍ എന്ന് ശാസ്ത്രം ഇന്നിതുവരെ തെളിയിച്ചിട്ടില്ല. പുരുഷാധിപത്യ സമൂഹം ആണിനു ചാര്‍ത്തിക്കൊടുത്ത പേരുദോഷമാണീ കാമാര്‍ത്തി. അത് തിരിച്ചറിയാതെ അതിനെ കൊട്ടിഘോഷിച്ചു നടക്കുന്നത് അങ്ങേയറ്റം പരിഹാസ്യമാണ്. ബലാത്സംഗം പ്രജനനത്തിന് പ്രകൃതി കണ്ടുപിടിച്ചു കൊടുത്ത എളുപ്പവഴിയാണ് എന്നുകൂടെ ഒരു പരിണാമ സിദ്ധാന്തം ഇറക്കിയാല്‍ അബദ്ധചിന്തകളുടെ പട്ടിക പൂര്‍ത്തിയാവും.

ഒരാളുടെ സമ്മതമില്ലാതെ അയാളെ മനസ്സില്‍ പോലും ഭോഗിക്കുന്നത് യുക്തിയല്ല എന്ന ചിന്ത ഫെമിനിസ്റ്റ് ഉട്ടോപ്യന്‍ ആണെന്നാണ് ഒരു ശാസ്ത്രജ്ഞന്‍ വാദിച്ചത്. മറ്റൊരു മനുഷ്യന്റെ സമ്മതം ലഭിക്കുക അത്ര ബുദ്ധിമുട്ടായി തോന്നുന്നവരുടെ ഒരു അഴകൊഴമ്പന്‍ ഒഴികഴിവ് ആയിട്ടാണ് ഞാനത് കണ്ടത്. നിരുപദ്രവകരമായി നടത്തുന്ന മാനസിക കടന്നുകയറ്റം പിന്നീട് പ്രായോഗികമാക്കുന്നതാണ് ഇത്രയധികം പീഡനങ്ങള്‍ ‘ദൈവത്തിന്റെ സ്വന്തം നാട്ടില്‍’ നടക്കുന്നത്. ആണ്‍കുട്ടികള്‍ക്ക് ശരിയായ പാഠങ്ങള്‍ കൊടുക്കാതെ വിടുന്നതിനാല്‍ അവറ്റ അയല്‍ക്കാരിയെ ഒളിഞ്ഞുനോക്കും, മൊബൈല്‍ കാമറ വച്ച് കുളിസീന്‍ പിടിക്കും, സഹപാഠികളെ ശാരീരിക ലാഭങ്ങള്‍ക്കായി ചതിയില്‍ പെടുത്തും… മൂത്ത് മൂത്ത് ക്രൈം ബലാത്സംഗവും കൊലപാതകവും വരെയെത്തും.. എല്ലാം കഴിഞ്ഞ് അവന്‍ ആണല്ലേ, അവന് അടക്കാനാവാത്ത കാമാര്‍ത്തിയല്ലെ, പെണ്ണുങ്ങളൊക്കെ ഒളിച്ചിരിക്കാത്തത്ത് അവന്റെ കുഴപ്പമാണോ എന്നൊരു ന്യായീകരണവും!

 

 

പീഡനങ്ങളുടെ കാരണങ്ങള്‍ തുടങ്ങുന്നത് നിങ്ങളുടെ വീടുകളില്‍ നിന്നുതന്നെയാണ്, അതിന് സര്‍ക്കാര്‍ പദ്ധതികള്‍ മെനഞ്ഞിട്ട് യാതൊരു പ്രയോജനവും ഇല്ല. സകല പീഡകരേയും തൂക്കി കൊല്ലാന്‍ നിയമങ്ങള്‍ ഉണ്ടാക്കിയിട്ടും കാര്യമില്ല. ആദ്യം തിരുത്തേണ്ടത് വീടുകളില്‍ വിളമ്പുന്ന പുരുഷാധിപത്യ സംസ്‌കാരമാണ്. ആണിനേയും പെണ്ണിനേയും അവരുടെ ലിംഗഭേദം എന്ന വകതിരിവില്‍ കെട്ടിയിട്ട് വളര്‍ത്തി മനുഷ്യരായി വളര്‍ത്താന്‍ തുടങ്ങാതെ വളര്‍ന്നു മുതിര്‍ന്ന ഉറഞ്ഞു പോയ സ്വഭാവങ്ങളെ മാറ്റാന്‍ സര്‍ക്കാര്‍ പദ്ധതികള്‍ തുടങ്ങിയിട്ട് എന്താണ് കാര്യം! കഥകളും സിനിമകളും മറ്റ് മാധ്യമങ്ങളും ഭൂരിപക്ഷമായി പുരുഷന്‍ എന്ന കാമാര്‍ത്തി പിടിച്ച മൃഗത്തെ മാത്രം മുന്നിലേയ്ക്ക് തരുമ്പോള്‍ നിലനില്‍ക്കുന്ന ദുഷിച്ച വ്യവസ്ഥിതിയെ അത് ഊട്ടിയുറപ്പിക്കുക അല്ലാതെ മറ്റെന്താണ് നടക്കുക. ചെറിയ പെണ്‍കുട്ടികള്‍ക്ക് പോലും പുരുഷന്റെ സാമീപ്യത്തില്‍ തങ്ങളുടെ സുരക്ഷിതത്വം ഉലയും എന്ന ചിന്തയാണ് ഉള്ളതെങ്കില്‍ എന്താണ് ഈ സമൂഹം പുരോഗമനം എന്നതൊക്കെ കൊണ്ട് ഉദ്ദേശിക്കുന്നത്!

 

പറഞ്ഞു പറഞ്ഞു നൂറാവര്‍ത്തി പറഞ്ഞതും എഴുതിയതുമായ കാര്യങ്ങളാണ്. മാറ്റങ്ങളുടെ കാല്‍പ്പെരുമാറ്റം പോയിട്ട് ഒരു സൂചന പോലും കാണാതിരിക്കുമ്പോള്‍ ഓരോ പെണ്ണും ഓരോ ദിവസവും -ആയുസ്സ് മുഴുവനും- ഈ അനീതിയുടെ ഇരയാകുമ്പോള്‍ ഇതിനെപ്പറ്റി അല്ലാതെ മറ്റെന്തിനെ പറ്റി പറയാനാണ്! പെണ്ണിനെ ഒളിക്കാനല്ല പഠിപ്പിക്കേണ്ടത്, ആണിനെ അക്രമിയായി വളരാതിരിക്കാനാണ് പഠിപ്പിക്കേണ്ടത്. തനിക്കൊരു ആപത്തുണ്ടായാല്‍ തന്റെ ശരീരം കൊണ്ട് കൂലികൊടുക്കേണ്ടി വരാത്ത ഒരു സഹായഹസ്തം തനിക്കുണ്ടാവും എന്ന് ഒരു പെണ്ണിന് ഉറപ്പുള്ള സമൂഹമാണ് നമ്മുക്കാവശ്യം. അമ്മയും പെങ്ങളും അല്ലാത്ത സകല സ്ത്രീ ശരീരവും തന്റെ സ്ഖലനത്തിന് ഉണ്ടായതാണ് എന്ന വിഡ്ഢിത്തം ഇനിയും ആണത്തം ആയി കണ്ട് അഭിമാനിക്കാത്ത, അത്തരം ചെയ്തികളില്‍ നാണിച്ച് ചൂഴ്ന്നു പോകുന്ന ആണ്‍കുട്ടികള്‍ ആണ് നമുക്ക് വേണ്ടത്. ഒന്നുകില്‍ രക്ഷകനായി ഭര്‍ത്താവ് എന്ന വേഷം കെട്ടും, അല്ലെങ്കില്‍ വില്ലനായി നാശം വിതയ്ക്കും എന്ന ആകെ രണ്ട് റോളുകള്‍ മാത്രമല്ല പുരുഷമാര്‍ക്കുള്ളത് എന്ന തിരിച്ചറിവുള്ള ആണ്‍കുട്ടികള്‍ നമ്മുക്കുണ്ടാവണം. ഭോഗവസ്തുക്കളായ സ്ത്രീശരീരങ്ങളെ മാത്രം കണ്ടും ചിന്തിച്ചും നടക്കുന്ന കാമാര്‍ത്തിയുള്ള ജീവികളല്ലാതെ നല്ല സുഹൃത്തുക്കള്‍, അയല്‍ക്കാര്‍, സഹയാത്രികര്‍, സഹപ്രവര്‍ത്തകര്‍ ഒക്കെയാവാനും പുരുഷന്മാര്‍ക്ക് കഴിയില്ലേ!

 

എന്റെ വിദ്യാര്‍ഥിനി പ്രൊജക്റ്റ് ഇങ്ങനെ എഴുതി തീര്‍ത്തു; ‘ബലാത്സംഗം ഒഴിവാക്കാമായിരുന്നു, അനാഥരാകുന്ന പെണ്ണുങ്ങളെല്ലാം ബലാത്സംഗം ചെയ്യപ്പെടുമെന്ന വ്യവസ്ഥാപിത ചിന്താഗതി മാറ്റി എഴുതാന്‍ തയ്യാറാകണമായിരുന്നു എന്നാണ് എന്റെ അഭിപ്രായം’.

 

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

മായ ലീല

മായ ലീല

പാവപ്പെട്ടവരെ എല്ലാക്കാലത്തും ചൂഷണം ചെയ്യുന്നതും അസമത്വം വളര്‍ത്തുന്നതും സ്ത്രീകളോട് മനുഷ്യത്വരഹിതമായി പെരുമാറുന്നതും അവരെ സമൂഹത്തിന്റെ പാര്‍ശ്വധാരയിലേക്ക് തള്ളി മാറ്റുന്നതുമായ വ്യവസ്ഥിതിയോട് ഒരു തരത്തിലുള്ള സന്ധിയും പാടില്ല. അതാണ് എന്റെ രാഷ്ട്രീയവും എന്റെ ഐഡന്റിറ്റിയും. അത്തരം വ്യവസ്ഥിതിയോടുള്ള കലഹങ്ങളും പോരാട്ടങ്ങളുമാണ് Perpendicular to the system. അത് സമൂഹത്തിന്റെ മുഖ്യധാരയോട് ചേര്‍ന്നു നില്‍ക്കുന്നതായിക്കൊള്ളണമെന്നുമില്ല. അധ്യാപികയും ഗവേഷകയുമാണ് മായ

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍