UPDATES

ഡോ. വീണാ മണി

കാഴ്ചപ്പാട്

ഡോ. വീണാ മണി

ന്യൂസ് അപ്ഡേറ്റ്സ്

പ്രതികരിച്ചോളൂ* (സ്ത്രീ, ദളിത്, ആദിവാസി, തൊഴിലാളി, ന്യൂനപക്ഷങ്ങള്‍ ഒഴിച്ച്*)

കേട്ടും കണ്ടുറിഞ്ഞ രണ്ടു സന്ദര്‍ഭങ്ങള്‍ ഇവിടെ വിവരിക്കട്ടെ.

ഒന്ന്
ഒരു കാമ്പസില്‍ കാശ്മീര്‍ ഫ്ലഡ് റിലീഫ് പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ട ഒരു സ്ത്രീയും പ്രവര്‍ത്തനങ്ങളില്‍ ‘സഹായിക്കാന്‍’ എത്തിയ കുറച്ചു പേരുമായി ഒരു തര്‍ക്കമുണ്ടായി. നാല്‍പ്പതോളം ആണുങ്ങള്‍ ആ സ്ത്രീയെ വളഞ്ഞ് ഇക്കാര്യത്തില്‍ അവര്‍ക്ക് ഇടപെടാന്‍ എന്താണധികാരമാണ് ഉള്ളതെന്ന് ചോദിച്ചു കൊണ്ട് തര്‍ക്കമായി. ആ സ്ത്രീ ചോദ്യങ്ങള്‍ക്ക് മറുപടി പറഞ്ഞു കൊണ്ടിരിക്കെ, പെട്ടെന്ന് ആള്‍ക്കൂട്ടത്തില്‍ ചിലര്‍ ആ സ്ത്രീ മാംസാഹാരം കഴിക്കുന്നവള്‍ ആണെന്നും മാനുഷികപ്രവര്‍ത്തനങ്ങളുടെ പേര് ദുരുപയോഗിക്കുന്നവളാണെന്നും ആക്രോശിച്ചു. ഇത് കേട്ട് ക്ഷമകെട്ട സ്ത്രീ അവരോട് അവര്‍ ആരാണെന്നു വെളിപ്പെടുത്താന്‍ പറഞ്ഞു. അതോടെ രംഗം വഷളായി. ആ സ്ത്രീയെ വളഞ്ഞുകൊണ്ട് തന്നെ അവര്‍ കൂടുതല്‍ ശബ്ദത്തോടെ അവളെ ചോദ്യം ചെയ്തു. ഈ സംഭവം ‘അന്വേഷിച്ച’ അധികാരികള്‍ വിധിച്ചത് ഇത്തരം സംഭവങ്ങള്‍ ഉണ്ടാകുന്നത് മോശമാണെന്നും എന്നാല്‍ ഇതില്‍ ആ സ്ത്രീക്കും ഉത്തരവാദിത്തമുണ്ടെന്നുമായിരുന്നു. കാരണം എന്താണെന്നു വെച്ചാല്‍ കക്ഷി ‘VOCAL’ ആയിരുന്നെന്ന്‍.

 

രണ്ട് 
ബിസിനസുകാരനായ എന്റെ ഒരു നാട്ടുകാരന്‍ പുത്തന്‍ കാറില്‍ കുറച്ചധികം സ്പീഡില്‍ പോവുകയായിരുന്നു. പാര്‍ക്ക് ചെയ്യാന്‍ നേരം അവിടെ കിടന്ന ഒരു ഓട്ടോ തടസ്സമായി. അത് മാറ്റാന്‍ പറഞ്ഞപ്പോള്‍ ആ ഓട്ടോക്കാരന്‍ പറ്റില്ല എന്ന് തീര്‍ത്തു പറഞ്ഞു. അപ്പോള്‍ കാറുകാരന്‍ ബിസിനസ്സുകാരന്‍ മറ്റേയാളെ ഒന്ന് രണ്ടു തെറി പറഞ്ഞിട്ട് ഭാര്യയോടു പറഞ്ഞ ഡയലോഗ് ഇങ്ങനെ: ‘ഇത് കേരളമായതോണ്ടാ ഇവന്മാരൊക്കെ നമ്മളോട് തിരിച്ചു പറയുന്നേ’ എന്നായിരുന്നു. 

 

ഈ രണ്ടു സംഭവങ്ങളും പല തരത്തിലും കൂട്ടി വായിക്കാവുന്നതാണ്. പ്രധാനമായും ഒന്ന് ആര്‍ക്കൊക്കെ തിരിച്ചു മറുപടി പറയാം എന്നതും, രണ്ടു ആരൊക്കെയാണ് സഹാനുഭൂതിയും സമത്വവും അര്‍ഹിക്കുന്നത് എന്നുമാണ്.

 

ഒന്നാമത്തെ സംഭവം സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമത്തില്‍ ഉള്‍പ്പെടുത്താമോ എന്നന്വേഷിച്ചപ്പോള്‍ പറഞ്ഞത് ആ സ്ത്രീ സ്ത്രീയായത് കൊണ്ടല്ല അക്രമിക്കപ്പെട്ടത്, പക്ഷേ Vocal ആയ വ്യക്തി ആയതുകൊണ്ടായിരുന്നു എന്നാണ്! ആള്‍ക്കാരെ ആ സ്ത്രീ മറുപടി പറഞ്ഞു പ്രകോപിപ്പിച്ചത്രേ! നാല്‍പതു ആണുങ്ങളെ കണ്ടിട്ടും അവിടന്ന് പോരാതെ എല്ലാം നേരിടാന്‍ നിന്നത് കൊണ്ടാണത്രേ പ്രശ്‌നമായത്! അപ്പോള്‍ സ്ത്രീ സ്റ്റാറ്റസ് കിട്ടണമെങ്കില്‍ Vocal അല്ലാതാവാണം എന്നാണോ? തന്റെ നിലപാട് വ്യക്തമാക്കാനുള്ള അവകാശം സ്ത്രീക്കില്ലേ? പിന്നെ, ഒരു റിലീഫ് പ്രവര്‍ത്തനം സംഘടിപ്പിക്കാനുള്ള യോഗ്യതയെ കുറിച്ചുള്ള ചോദ്യങ്ങളില്‍ എന്തിനാണ് അവരുടെ ഭക്ഷണ രീതികളെ കുറിച്ച് ചോദ്യം ഉയരുന്നത്? ഭക്ഷണവും ജാതിയും ഒരുമിച്ചു വായിക്കപെടേണ്ട രണ്ടു സൂചകങ്ങള്‍ ആയതു കൊണ്ടുതന്നെ, ചില ജാതികളിലെ സ്ത്രീകള്‍, പൊതുസമൂഹത്തിന്റെ മുന്നില്‍ സ്ത്രീകളായി കാണപ്പെടുന്നില്ല എന്നാണോ? ഡല്‍ഹി ബാലാത്സംഘ കേസില്‍ ഒരുപാട് ഇടപെടലുകള്‍ ഉണ്ടായപ്പോള്‍, എന്തുകൊണ്ടാണ് മണിപ്പൂരിലെ മനോരമയോ, സൂര്യനെല്ലിയിലെ പെണ്‍കുട്ടിയോ നമ്മുടെ മന:സാക്ഷിയെ ഉലക്കാത്തത് എന്ന് രേഖാ രാജിനെ പോലുള്ള ഫെമിനിസ്റ്റുകള്‍ ചോദിച്ചിട്ടുണ്ട്.

 

രണ്ടാമത്തെ സന്ദര്‍ഭത്തിലും പൊതു ഇടം തൊഴിലാളികള്‍ക്കും, ദളിതര്‍ക്കും, ആദിവാസികള്‍ക്കും, സ്ത്രീകള്‍ക്കും ചിലര്‍ നല്കുന്ന ഔദാര്യം ആണെന്ന തോന്നലാണ് ഉളവാക്കുന്നത്. എല്ലാവരും ശബ്ദിക്കുമ്പോള്‍ ഇക്കൂട്ടരുടെ മറുപടിയൊ വാദങ്ങളോ മാത്രം ‘കച്ചറ’ ആകുന്നതെന്തുകൊണ്ട്? അവരുടെ ശബ്ദം ഇപ്പോഴും ‘മറ്റുള്ളവരെ’ പ്രകോപിപ്പിക്കുന്നതെന്തുകൊണ്ട്? നിരന്തരമായി അടിച്ചമര്‍ത്തപ്പെടുന്ന വിഭാഗങ്ങളിലെ ഒരു വ്യക്തി നേരിടുന്ന, ഇടപെടുന്ന ഏതൊരു സ്പേസിലും ഉണ്ടാകുന്ന പ്രകോപനങ്ങള്‍ പെട്ടെന്ന് വെളിവാക്കപ്പെടുന്നു. ആ ‘വ്യക്തി’ ഉള്ളത് കൊണ്ട് ആ സംഭവം ഉണ്ടായി എന്നു മാത്രം കാണാന്‍ നാം ശീലിച്ചിരിക്കുന്നു. അതല്ലാത്ത സ്ഥലങ്ങളില്‍ എല്ലാം സ്വാഭാവികമായ കാര്യങ്ങളാണെന്നും നാം അങ്ങ് വിശ്വസിക്കുന്നു. ഒരു സ്ത്രീ പുരുഷനെ തല്ലുന്നതോ, അയാളെ ചീത്ത വിളിക്കുന്നതോ നമ്മള്‍ പ്രത്യേകമായി കാണും. എന്നാല്‍ സ്ത്രീകള്‍ക്കെതിരെയുള്ള ഹിംസകള്‍ സ്വാഭാവികമാണെന്ന് കരുതാന്‍ നമ്മെ പൊതുസമൂഹം പഠിപ്പിക്കുന്നു എന്നത് തന്നെ.

 

ആത്മാവിഷ്‌കാരവും പ്രതികരിക്കാനുള്ള അവകാശവും എല്ലാവര്‍ക്കും ഉണ്ടെന്നു പറയുമ്പോഴും, സ്ത്രീകള്‍, ദളിത്, ആദിവാസികള്‍, മുസ്ലിങ്ങള്‍, തൊഴിലാളികള്‍ എന്നിവര്‍ ഈ അവകാശം ഉപയോഗിക്കുമ്പോള്‍ അനന്തരഫലങ്ങള്‍ പ്രതികൂലമാകുന്നുണ്ട് . അത്തരം പ്രതികൂലമായ സാഹചര്യങ്ങള്‍ ഇല്ലാത്ത ഒരു അവസ്ഥയില്‍ മാത്രമേ യഥാര്‍ത്ഥ സാമൂഹ്യനീതി ഉറപ്പു വരുത്താനാകൂ. അതിന് മാറേണ്ടത് നമ്മുടെ പൊതുസമൂഹത്തിന്റെ അടിസ്ഥാനസ്വഭാവം തന്നെയാണ്. 

 

 

ഡോ. വീണാ മണി

ഡോ. വീണാ മണി

കാണുന്നതും കേൾക്കുന്നതും പഠിക്കുന്നതുമായ ഈ ലോകത്തെ എങ്ങനെ നിരന്തരം സൃഷ്ടിക്കുന്നു എന്ന പറച്ചിലുകളാകുന്നു ഈ (അപ)ശബ്ദങ്ങൾ. തികച്ചും എന്നാൽ ഇവയൊക്കെ തികച്ചും അപരമായ ശബ്ദങ്ങളാകുന്നുമില്ല. ഇപ്പോള്‍ ചെന്നൈയില്‍ ഇംഗ്ലീഷ് ആന്‍ഡ് കള്‍ച്ചറള്‍ സ്റ്റഡീസില്‍ അസി. പ്രൊഫസര്‍.

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍