UPDATES

ട്രെന്‍ഡിങ്ങ്

ഈ ആണത്ത പ്രഘോഷണങ്ങൾ നിർത്തിയിട്ട് സ്ത്രീയെ ഒരു വ്യക്തിയായി അംഗീകരിക്കാമോ?

ദേവതാവത്കരണത്തിനും ശൃംഗാരവത്കരണത്തിനും ഇടയിലാണ് സ്ത്രീകളുടെ ജീവിതം

കഴിഞ്ഞ ദിവസം കൊച്ചിയില്‍ നടിയെ തട്ടിക്കൊണ്ടുപോയ സംഭവത്തെ തുടര്‍ന്ന് കേരളത്തില്‍ സ്ത്രീകള്‍ക്കുനേരെ നടക്കുന്ന അതിക്രമങ്ങള്‍ വീണ്ടും ചര്‍ച്ചയായിരിക്കുകയാണ്. കഴിഞ്ഞകാലത്തെ കണക്കുകള്‍ പരിശോധിക്കുമ്പോള്‍ സംസ്ഥാനത്ത് സ്ത്രീകള്‍ ഇരകളാകുന്ന കുറ്റകൃത്യങ്ങളുടെ എണ്ണം ഭീതിതമായ തോതില്‍ വര്‍ദ്ധിക്കുന്നതായി കാണാം. കേരളത്തിന്റെ പൊതുസമൂഹത്തില്‍ ഓരോ സ്ത്രീയും നിരന്തരം നേരിടേണ്ടി വരുന്ന അതിക്രമങ്ങള്‍ പലതാണ്. രാഷ്ട്രീയ-സാമൂഹിക-കലാരംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന പ്രമുഖര്‍ ഈ സാഹചര്യത്തെ വിലയിരുത്തി പ്രതികരിക്കുകയാണ് അഴിമുഖത്തില്‍. ദളിത് ഫെമിനിസ്റ്റും എഴുത്തുകാരിയുമായ രേഖ രാജ് പ്രതികരിക്കുന്നു.

ഇത്രയും കാലം നമ്മളെല്ലാം കരുതിയിരുന്നത് ബലാത്സംഗങ്ങളോ ലൈംഗിക അതിക്രമങ്ങളോ അസമയത്ത് പുറത്തിറങ്ങി യാത്ര ചെയ്യുന്നവര്‍ക്കാണു സംഭവിക്കുന്നതെന്നായിരുന്നു. അടുത്ത കാലത്ത് നടന്നിട്ടുള്ള കേസുകള്‍ പരിശോധിക്കുകയാണെങ്കില്‍ ആ ധാരണ തെറ്റാണെന്നു തെളിയും. ജിഷയുടെ കേസ് നോക്കൂ, ആ പെണ്‍കുട്ടി സ്വന്തം വീടിനകത്ത് ആക്രമിക്കപ്പെടുകയും ബലാത്സംഗം ചെയ്യപ്പെടുകയും കൊല ചെയ്യപ്പെടുകയുമായിരുന്നു. സൗമ്യയുടെ കേസാണെങ്കില്‍, ഒരു പബ്ലിക് ട്രാന്‍സ്‌പോര്‍ട്ട് സിസ്റ്റത്തിനകത്ത് യാത്ര ചെയ്യുമ്പോഴാണു സൗമ്യ ആക്രമിക്കപ്പെട്ടത്. അതുപോലെ തന്നെ കേരളത്തില്‍ വാര്‍ത്തകളായി മാറിയിട്ടുള്ള ആദിവാസി സ്ത്രീകള്‍ക്കെതിരെയുള്ള ലൈംഗിക കുറ്റകൃത്യങ്ങള്‍ എല്ലാം അവരുടെ വാസസ്ഥലത്തോ, അതിനോടു ചേര്‍ന്നുള്ള പ്രദേശങ്ങളിലോ ആണ് നടന്നിട്ടുള്ളത്. എവിടെയാണെന്നത് അപ്രസക്തമാകും വിധത്തില്‍ സ്ത്രീകള്‍ക്ക് നേരെയുള്ള കുറ്റകൃത്യങ്ങള്‍ വളരെയധികം കൂടിവരികയാണ്.

ആക്രമിക്കപ്പെടുന്ന സ്ത്രീകള്‍ എവിടെ നില്‍ക്കുന്നു എന്നുള്ളതും ഒരു വിഷയമായി എനിക്ക് തോന്നിയിട്ടുണ്ട്. കൊച്ചിയിലെ സംഭവത്തില്‍ ആക്രമിക്കപ്പെട്ടത് സിനിമ നടിയാണെന്നതിനാല്‍ ആ കുട്ടിയുടെ കാര്യത്തില്‍ പൊതുയിടപെടല്‍ ഉണ്ടായി എന്നതുപോലെ തന്നെ സിനിമ നടിപോലുള്ള ആളുകളോടുള്ള വോയറിസവും നമ്മള്‍ കണ്ടു. എന്നെ സംബന്ധിച്ച് സ്ത്രീകള്‍ നേരിടേണ്ടി വരുന്ന അതിക്രമങ്ങള്‍ക്കെതിരേ നിലപാടുതറയുണ്ടാക്കല്‍ അത്ര എളുപ്പമല്ല. പാവപ്പെട്ട വീട്ടിലെ പെണ്‍കുട്ടി എന്ന നിലയില്‍ മധ്യവര്‍ഗ മന:സാക്ഷിയുടെ സഹതാപവും അനുഭൂതിയുമെല്ലാം ജിഷയുടെ കേസില്‍ ലഭിച്ചിട്ടുണ്ട്. എന്നാല്‍ അവള്‍ക്ക് നീതി വേണ്ടുന്നത്ര കിട്ടിയോ എന്ന് ചോദിച്ചാല്‍, കിട്ടിയിട്ടുമില്ല. എന്നാലത് രാജ്യമാകമാനം പ്രശ്‌നമായി മാറി. അതേസമയം ഉന്നയിക്കുന്ന പ്രശ്‌നങ്ങള്‍ എത്രമാത്രം ഗുണകരമായി എന്ന കാര്യവും ആലോചിക്കേണ്ടതുണ്ട്. പാവപ്പെട്ട സ്ത്രീയെന്ന ഒരു കാര്യം വരുന്നു, ദളിത് സ്ത്രീയെന്നു പറയുന്നതിലെ സങ്കീര്‍ണതകള്‍ വരാതിരിക്കുന്നു, വീടില്ലാത്ത കുട്ടി എന്നു പറയുന്നു, വീടില്ലാത്തതെന്തുകൊണ്ടാണ്, കേരളത്തില്‍ ആര്‍ക്കാണ് വീടില്ലാതിരിക്കുന്നതെന്നുള്ള ചോദ്യങ്ങള്‍ നമ്മള്‍ ചോദിക്കുന്നില്ല. ഓരോ കേസിലും ആളുകള്‍ അവര്‍ക്ക് റിലേറ്റ് ചെയ്യാന്‍ പറ്റുന്ന കാര്യങ്ങള്‍ മാത്രമാണ് പുറത്തേക്കു പറയുന്നത്. ബാക്കിയുള്ള കാര്യങ്ങളെല്ലാം അപ്രസക്തമായി പോവുകയാണ്.

ഈ സിനിമനടിയെ സംബന്ധിച്ചിടത്തോളം അവര്‍ തൊഴില്‍ ചെയ്യുന്ന സ്ത്രീയാണ്. 10 മുതല്‍ അഞ്ചുവരെയാണ് എല്ലാ തൊഴിലിടങ്ങളിലും തൊഴില്‍ സമയം എന്നാണു നമ്മുടെ പൊതുവെയുള്ള വിചാരം. സ്ത്രീകളുടെ തൊഴിലിടത്തെക്കുറിച്ചുള്ള ചിന്തകള്‍ പോലും മാറ്റേണ്ട സമയം കഴിഞ്ഞു. ഒരു സിനിമ നടിക്ക് രാത്രിയില്‍ യാത്ര ചെയ്യാതിരിക്കാന്‍ പറ്റില്ല. അതവരുടെ തൊഴിലിന്റെ ഭാഗമായിട്ടാണ്. അങ്ങനെ വരുമ്പോള്‍ തൊഴിലിടത്തിലെ ലൈംഗിക അതിക്രമത്തിന്റെ തന്നെ പരിധിയില്‍ വരുന്നതാണ് ഈ കേസ്.

കൈരളി ടി.വി കാണിച്ചതുപോലുള്ള വേറൊരു തരം വോയറിസ്റ്റിക് അപ്രോച്ചും ഈ കാര്യത്തിലുണ്ട്. ഫേസ്ബുക്കില്‍ നോക്കുമ്പോള്‍ കൂടുതലും ആ നടി പൊട്ടിക്കരയുന്ന മുഖമാണ് കാണുന്നത്. ആ പെണ്‍കുട്ടി അപമാനിക്കപ്പെട്ടു എന്നാണ് പൊതുവെ എല്ലാവരും പറയുന്നത്. ശരിക്കും അപമാനിക്കപ്പെട്ടു എന്നല്ല അതിക്രമിക്കപ്പെട്ടു എന്നാണ് പറയേണ്ടത്. ലൈംഗികതയെ സ്ത്രീയുടെ മാനാപമാനങ്ങളായിട്ട്, ലൈംഗിക അതിക്രമത്തെ സ്ത്രീയുടെ ശരീരത്തിന്റെ ശുദ്ധാശുദ്ധിയുമായി ബന്ധപ്പെടുത്തി മനസ്സിലാക്കുന്ന ഒരു പ്രവണതയുണ്ട്. ആരെങ്കിലും എന്റെ മേല്‍ ലൈംഗിക അതിക്രമം നടത്തിയിട്ടുണ്ടെങ്കില്‍ അത് എന്റെ ശുദ്ധിയേയോ അശുദ്ധിയേയോ ഒന്നും ബാധിക്കുന്ന കാര്യമല്ല. മറിച്ച് അതൊരു ക്രൈം ആണെന്ന് മനസ്സിലാക്കി ആ ക്രൈമിനെ കൈകാര്യം ചെയ്യണം. അല്ലാതെ ആ ക്രൈമിനകത്ത് ഒരു മൂല്യബോധവും കൂട്ടിക്കെട്ടരുത്. പക്ഷെ ആളുകള്‍ ആ ക്രൈമിനൊപ്പം ഒരു കൂട്ടം മൂല്യങ്ങളേയും കൂടി ചേര്‍ത്തുവച്ചിട്ടാണ് വിശകലനം ചെയ്യുന്നത്. അതിക്രമങ്ങളെ അതിക്രമങ്ങളായി തന്നെയാണ് കാണേണ്ടത്.

അതുപോലെ തന്നെ ആങ്ങളമാരില്ലാത്തതിന്റെ കുഴപ്പങ്ങളാണിതെല്ലാം, ഞങ്ങള്‍ സംരക്ഷിക്കും എന്നെല്ലാം പറഞ്ഞുകൊണ്ട് വരുന്ന മലയാളി ആണുങ്ങളുടെ ഒരു ആണത്ത പ്രഘോഷണം കൂടിയായി പലപ്പോഴും ഇത്തരം സംഭവങ്ങള്‍ മാറാറുണ്ട്. സ്ത്രീയെ ഒരു വ്യക്തിയായിട്ടാണോ കാണുന്നത് അതോ ഒരു ലൈംഗിക ശരീരമായാണോ കാണുന്നതെന്നത് ചോദ്യമാണ്. സ്ത്രീയെ വ്യക്തിയായാണ് കാണുന്നതെങ്കില്‍ ഈ ആങ്ങളമാരുടെ ആവശ്യമില്ലല്ലോ. സ്ത്രീയ്ക്ക് ഒരു സ്വതന്ത്ര വ്യക്തിയായി സമൂഹത്തില്‍ ജീവിക്കാനും ശ്വാസം കഴിക്കാനുമുള്ള അന്തരീക്ഷം സൃഷ്ടിക്കാന്‍ സമൂഹത്തിനും സ്‌റ്റേറ്റിനും ഉത്തരവാദിത്തമുണ്ട്. ഇതില്‍ നിന്ന് സമൂഹവും സ്‌റ്റേറ്റും പിന്‍മാറുകയും സ്ത്രീയെ സംരക്ഷിക്കപ്പെടേണ്ടവരായി മാറ്റുകയും ചെയ്യുന്നു.

ദേവതാവത്കരണത്തിനും ശൃംഗാരവത്കരണത്തിനും ഇടയിലാണ് സ്ത്രീകളുടെ ജീവിതം. സമൂഹം ഒരു പ്രത്യേക രീതിയില്‍ സ്ത്രീയെ ദേവതാവല്‍ക്കരിക്കുകയും ഒരു പ്രത്യേക രീതിയില്‍ ശൃംഗാര വസ്തുവാക്കി മാറ്റുകയും ചെയ്യുന്നു. ഒന്നുകില്‍ നിങ്ങള്‍ അമ്മയോ, ദേവതയോ, പെങ്ങളോ, മകളോ ഒക്കെയാവും അല്ലെങ്കില്‍ അങ്ങേ അറ്റത്ത് നിങ്ങള്‍ ലൈംഗിക തൊഴിലാളിയോ ലൈംഗികവത്ക്കരിച്ച പെണ്ണുടലോ ഒക്കെയാവും. ഇതിനിടയിലുള്ള ഗ്രേ പാര്‍ട്ടിനെ അഡ്രസ്സ് ചെയ്യാന്‍ ഇതുവരെയുള്ള സമൂഹ്യ രാഷ്ട്രീയം നമ്മളെ പഠിപ്പിക്കുന്നില്ല.

(തയ്യാറാക്കിയത് കെ ആര്‍ ധന്യ)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍