UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കണ്ണു തുറന്നു നോക്കൂ, ഇതാണ് ഇന്ത്യ; സാമൂഹ്യ-സാമ്പത്തിക-ജാതി സെന്‍സസിലൂടെ

എഡിറ്റോറിയല്‍/ടീം അഴിമുഖം

മഹാത്മാഗാന്ധി മുന്നറിയിപ്പ് നല്കിയിട്ടുണ്ട്, “ഗ്രാമം ഇല്ലാതായാല്‍ ഇന്ത്യയും ഇല്ലാതാകും. ഇന്ത്യ പിന്നെ ഇന്ത്യയല്ലാതാകും.” സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിലെ ആദ്യത്തെ സാമൂഹ്യ-സാമ്പത്തിക, ജാതി കണക്കെടുപ്പ് നോക്കിയാല്‍ മഹാത്മാവിന്റെ വാക്കുകളൊക്കെ നമ്മളെന്നേ വിട്ടുകളഞ്ഞിരിക്കുന്നു.

ഉദാരവത്കരണം മുതല്‍ക്ക്-1990-കളില്‍ ഉണ്ടായ സാമ്പത്തിക വികാസവും, നമ്മുടെ രാഷ്ട്രീയനേതാക്കളുടെ പൊങ്ങച്ചം പറച്ചിലും ഉണ്ടെങ്കിലും ഗ്രാമീണ സമ്പദ് രംഗം പരിതാപകരമാണ്. ഗ്രാമങ്ങളാകട്ടെ ജാതി വിവേചനത്തിന്റെ വിളഭൂമിയും.

ഗ്രാമീണ ജനതയുടെ ഭൂരിഭാഗവും അസംഘടിത മേഖലയിലെ തൊഴിലുകളിലാണ് ഏര്‍പ്പെട്ടിരിക്കുന്നത്. അതില്‍ത്തന്നെ പട്ടികജാതി-പട്ടികവര്‍ഗ വിഭാഗങ്ങളുടെ വരുമാനവും തൊഴിലവസരവും മറ്റുള്ളവരെ അപേക്ഷിച്ച് എത്രയോ പിന്നിലാണ്.

ഇന്ത്യയിലാകെ, 17.91 കോടി ഗ്രാമീണ കുടുംബങ്ങളിലാണ് കണക്കെടുപ്പ് നടത്തിയത്. ഇതില്‍ 5% മാത്രമാണ് സര്‍ക്കാര്‍ ജോലിയുള്ളവര്‍. 3.57% സ്വകാര്യമേഖലയിലെ ശമ്പളമുള്ള ജോലികള്‍ ചെയ്യുന്നു. അതിനര്‍ത്ഥം 90% ഇന്ത്യന്‍ ഗ്രാമീണരും കൃത്യവരുമാനം ഇല്ലാത്ത തൊഴിലുകളിലാണ് ഏര്‍പ്പെട്ടിരിക്കുന്നത് എന്നാണ്.

എല്ലാവരെയും ഉള്‍ക്കൊള്ളിച്ചുള്ള സാമ്പത്തിക വളര്‍ച്ച എന്ന മിഥ്യയെ സാമൂഹ്യ-സാമ്പത്തിക ജാതി കണക്കെടുപ്പ് കുത്തിപ്പൊട്ടിച്ചിരിക്കുന്നു. രാജ്യം പിന്തുടര്‍ന്ന സാമ്പത്തിക നയങ്ങള്‍ ജനതയുടെ ബഹുഭൂരിപക്ഷത്തെയും ദാരിദ്ര്യത്തിലേക്ക് തള്ളിവിടുകയും പ്രാഥമികമായ ജീവിത സൌകര്യങ്ങള്‍ പോലും നിഷേധിക്കുകയും ചെയ്തിരിക്കുന്നു.

ഇന്ത്യന്‍ ജനതയുടെ 73% ഗ്രാമങ്ങളിലാണ് ജീവിക്കുന്നത്. അതായത് 17.91 കോടി കുടുംബങ്ങള്‍. വര്‍ധിച്ച തോതിലുള്ള നഗരവത്കരണം ഗ്രാമ-നഗര അനുപാതത്തെ കീഴ്മേല്‍ മറിച്ചിട്ടൊന്നുമില്ല.

ഗ്രാമീണ ജനതയുടെ 56% സ്വന്തമായി  ഭൂമിയില്ലാത്തവരാണ്. ആസ്തി എന്നുപറയാന്‍ ഒന്നുമില്ലാത്തവര്‍. ഭൂമിയുള്ളവരുടെതന്നെ 40% ഭൂമിയും ജലസേചന സൌകര്യം ഇല്ലാത്തതാണ്. നൂറില്‍ നാല് കുടുംബങ്ങള്‍ക്കാണ് ഏതെങ്കിലും തരത്തിലുള്ള യന്ത്രവത്കൃത കാര്‍ഷിക ഉപകരണമുള്ളത്. 10ല്‍ ഒരു കുടുംബം ജലസേചനത്തിന് എന്തെങ്കിലും ഉപകരണം സ്വന്തമായുള്ളവരാണ്. 4%-ത്തില്‍ കുറവുപേര്‍ക്കെ ഒരു വര്‍ഷം 50,000 രൂപ വരെ വായ്പക്കര്‍ഹമാക്കുന്ന കിസാന്‍ ക്രെഡിറ്റ് കാര്‍ഡുള്ളൂ.

51% കുടുംബങ്ങള്‍ക്കും കായികാധ്വാനമാണ് പ്രാഥമികമായ വരുമാന മാര്‍ഗം. അതായത് അവിദഗ്ദ്ധവും അനിശ്ചിതത്വവുമുള്ള ജോലി. കാര്‍ഷികോത്പാദനം സാമ്പത്തിക രംഗത്തെ മുന്നോട്ട് നയിക്കുന്നു എന്നറിയപ്പെട്ടിരുന്ന ഒരു രാജ്യത്ത് ഗ്രാമീണ ജനതയുടെ 30% മാത്രമേ പൂര്‍ണമായും കൃഷിയെ ആശ്രയിക്കുന്നവരുള്ളൂ. അതായത് മൂന്നില്‍ ഒന്ന് കുടുംബങ്ങള്‍ മാത്രമാണ് കൃഷിയെ പ്രാഥമിക വരുമാനമായി കണക്കാക്കുന്നത്.

74% ഗ്രാമീണ കുടുംബങ്ങളിലും ഏറ്റവും കൂടുതല്‍ സമ്പാദിക്കുന്ന അംഗത്തിന്  പ്രതിമാസം കിട്ടുന്നത് 5000 രൂപയാണ്. അങ്ങനെയെങ്കില്‍ അഞ്ചു പേരുള്ള ഒരു കുടുംബമാണെങ്കില്‍ ഒരാള്‍ക്ക് പ്രതിദിനം ചെലവഴിക്കാനാവുന്നത് 33 രൂപയില്‍ താഴെയാണ്.

ഗ്രാമീണ കുടുംബങ്ങളില്‍ 9.68% പേര്‍ക്കെ ശമ്പളം കിട്ടുന്ന ജോലികളുള്ളൂ. 4.58% മാത്രമാണ് ആദായ നികുതിയോ, തൊഴില്‍ നികുതിയോ അടക്കുന്നത്. സമ്പന്ന സംസ്ഥാനങ്ങളായ കേരളം, മഹാരാഷ്ട്ര, തമിഴ്നാട് എന്നിവിടങ്ങളില്‍പ്പോലും ഇത് 5%-ത്തിന് ചുറ്റും കിടന്നു കറങ്ങുകയാണ്.

മോട്ടോര്‍ വാഹനം സ്വന്തമായുള്ളത് വെറും 20.7% പേര്‍ക്കാണ്. റെഫ്രിജറേറ്റര്‍ ഉള്ളവര്‍ 11%. എന്നാല്‍ മൊബൈല്‍ഫോണ്‍ സാന്ദ്രത കൂടുന്നുണ്ട്. 68% വീടുകളിലും മൊബൈല്‍ ഫോണുണ്ട്. 44.5% കുടുംബങ്ങളും മണ്ണും പുല്ലും കൊണ്ടുള്ള വീടുകളിലാണ് താമസം. മൂന്നിലൊന്ന് കുടുംബങ്ങളും കഴിയുന്നത് ഒറ്റമുറി വീടുകളിലും.

ഹയര്‍ സെക്കണ്ടറിക്ക് അപ്പുറം പോകുന്നവര്‍ 10%-ത്തില്‍ കുറവ്. വെറും 3.41% വീടുകളില്‍ മാത്രമാണ് കുറഞ്ഞത് ബിരുദമെങ്കിലുമുള്ള ഒരാള്‍ ഉള്ളത്. ഇന്ത്യയിലെ പട്ടിക ജാതി, പട്ടിക വര്‍ഗ, ‘മറ്റുള്ളവര്‍’ എന്നിവരുടെ ജീവിത സാഹചര്യങ്ങളില്‍ വലിയ അന്തരമുണ്ട്. പ്രതിമാസം 10,000 രൂപയിലേറെ സമ്പാദിക്കുന്ന ആരെങ്കിലുമുള്ള പട്ടിക ജാതി, പട്ടിക വര്‍ഗ വീടുകള്‍ 5%-ത്തിലും കുറവാണ്. മറ്റ് വീടുകളുടെ കാര്യത്തില്‍ ഇത് രണ്ടിരട്ടി കൂടുതലാണ്.

ഏതാണ്ട് 4.08 ലക്ഷം കുടുംബങ്ങള്‍ ചവര്‍ പെറുക്കി ജീവിക്കുന്നു. 6.68 ലക്ഷംവീടുകള്‍ ഉപജീവനത്തിന് പിച്ചതെണ്ടുന്നവരാണ്. പക്ഷേ ഏറ്റവും മോശം ഭാഗം ഇതൊന്നുമല്ല. ഈ ജാതി കണക്കെടുപ്പ് 40% ഗ്രാമീണ കുടുംബങ്ങളെ സര്‍ക്കാര്‍ ആനുകൂല്യങ്ങളില്‍ നിന്നും ഒഴിവാക്കാന്‍ അടിസ്ഥാനമാക്കാം എന്നാണ് ആശങ്ക.

ജാതി കണക്കെടുപ്പില്‍ 14 തരത്തിലുള്ള ‘പുറത്താക്കല്‍ മാനദണ്ഡം’ വെച്ചിരുന്നു. അവയില്‍ ഒന്നെങ്കിലുമുള്ള ഗ്രാമീണ കുടുംബത്തെ സര്‍ക്കാര്‍ ആനുകൂല്യങ്ങളുടെ പരിധിക്ക് പുറത്താക്കും. ഈ 14 എണ്ണങ്ങളില്‍, സ്വന്തം മോട്ടോര്‍ വാഹനം , 50,000 രൂപ വായ്പ പരിധിയുള്ള കിസാന്‍ ക്രെഡിറ്റ് കാര്‍ഡ്, സര്‍ക്കാര്‍ ജോലിയുള്ള അംഗങ്ങളുള്ള കുടുബം, 10000 രൂപക്ക് മുകളില്‍ സമ്പാദിക്കുന്ന ഒരംഗമുള്ള കുടുംബം എന്നിവയൊക്കെ ഉള്‍പ്പെടും.

ഇത് വെച്ചു നോക്കിയാല്‍ ഏതാണ്ട് 40% ഗ്രാമീണ കുടുംബങ്ങളും ഈ 14 എന്നതില്‍ ഏതിലെങ്കിലുമൊന്നില്‍ ഉള്‍പ്പെടും. അങ്ങനെ ‘പുറത്താകപ്പെടുന്ന വിഭാഗത്തിലും’. ഇതിന്റെ പ്രത്യാഘാതങ്ങള്‍ വളരെ വലുതാണ്. സംസ്ഥാന സര്‍ക്കാരുകളുടെ വേണ്ട ഇടപെടലുകള്‍ ഉണ്ടായില്ലെങ്കില്‍ 10-ല്‍ 4 ഗ്രാമീണ കുടുംബങ്ങളും സര്‍ക്കാര്‍ ആനുകൂല്യങ്ങളുടെ പരിധിക്ക് പുറത്താകും.

സാമൂഹ്യക്ഷേമ പദ്ധതികളുടെ ഗുണഫലങ്ങള്‍  ദരിദ്ര ജനവിഭാഗങ്ങള്‍ക്ക്  നിഷേധിക്കാന്‍ ഉപയോഗിയ്ക്കുന്ന ഇത്തരം മാനദണ്ഡങ്ങളെ തുടക്കം മുതലേ നിരവധിപേര്‍ എതിര്‍ത്തിരുന്നു.

കണക്കെടുപ്പിലെ വസ്തുതകള്‍ ഈ മാനദണ്ഡങ്ങളെ നിഷേധിക്കുന്നു. ഗ്രാമീണ ജനതയുടെ 48% ദരിദ്രരാണെന്ന മുന്‍നിലവാരത്തില്‍ നിന്നും ഉയര്‍ന്ന കണക്കുകള്‍ പോലും യഥാര്‍ത്ഥ്യത്തെ കുറച്ചുകാട്ടലാണ് (രംഗരാജന്‍ സമിതിയുടെ കണക്കുപ്രകാരം ഇത് 30.90% ആയിരുന്നു).

ഉദാഹരണത്തിന് കണക്കെടുപ്പ് കാണിക്കുന്നത് ഗ്രാമീണ ഇന്ത്യയിലെ 75% ഗൃഹനാഥ/ന്മാര്‍ക്കും പ്രതിമാസ വരുമാനം 5000 രൂപയില്‍ താഴെയാണ്. മാന്യമായി ജീവിക്കാനുള്ള ഏത് നിലവാരം വെച്ചുനോക്കിയാലും ഇത് ദാരിദ്ര്യമാണ്. പക്ഷേ ഈ കുടുംബങ്ങളെ ദരിദ്രരെ കണക്കാക്കുന്നതിനുള്ള മാനദണ്ഡത്തില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. 92%-ത്തിന്റെയും പ്രതിമാസ വരുമാനം 10,000 രൂപയില്‍ താഴെയാണ്. വരുമാനത്തില്‍ കൃത്യതയില്ലാത്ത കായികാധ്വാനത്തെയാണ് 51% കുടുംബങ്ങളും വരുമാനത്തിനായി ആശ്രയിക്കുന്നത്.

ഈ കണക്കെടുപ്പിലെ കണക്കുകള്‍ കൂടുതല്‍ പഠനവും വിലയിരുത്തലും ആവശ്യമുള്ളവയാണ്. എന്നാല്‍ അതിലേറെ വേണ്ടത് ഭൂരിപക്ഷം ഗ്രാമീണജനതയെയും ഈ ഞെട്ടിപ്പിക്കുന്ന ദുരിതത്തിലേക്ക് തള്ളിയിട്ട നയങ്ങള്‍ പിന്‍വലിക്കുക എന്നതാണ്.

മഹാഭൂരിപക്ഷത്തിനും ജീവിക്കാന്‍ വേണ്ട പ്രാഥമിക ആവശ്യങ്ങളായ ഭക്ഷണവും പാര്‍പ്പിടവും തൊഴിലും നല്‍കാതെ അവരെ അവഗണനയുടെ പുറമ്പോക്കിലേക്ക് വലിച്ചെറിയുന്ന നയങ്ങള്‍ സര്‍ക്കാര്‍ അവസാനിപ്പിച്ചേ മതിയാകൂ. തുടക്കം എന്ന നിലയില്‍  ഭക്ഷ്യ സുരക്ഷാ ഉറപ്പുവരുത്താനായി സര്‍ക്കാര്‍ സാര്‍വത്രിക പൊതുവിതരണ സംവിധാനം കാര്യക്ഷമമാക്കുകയും ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്കുള്ള പദ്ധതിവിഹിതം വര്‍ദ്ധിപ്പിക്കുകയും വേണം. ഭൂരഹിതരായ കൊടിക്കണക്കിന് മനുഷ്യര്‍ക്ക് ഭൂമിയും പാര്‍പ്പിടവും നല്കാന്‍ ഭരണകൂടത്തിനുള്ള ഉത്തരവാദിത്തം നിറവേറ്റാന്‍ ഇനിയും വൈകിപ്പിച്ചുകൂട.

അഴിമുഖം യൂടൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍