UPDATES

ആഗോള ഭീമന്‍ യൂണിലിവറിനെതിരെ സോഫിയ അഷ്റഫ് വീണ്ടും

അഴിമുഖം പ്രതിനിധി

ആഗോള ഭീമന്‍ യൂണിലിവറിനെ വിറപ്പിക്കാന്‍ ആ മെലിഞ്ഞ പെണ്‍കുട്ടി വീണ്ടും. സോഫിയ അഷ്റഫ്. നേരത്തെ അവര്‍ പ്രത്യക്ഷപ്പെട്ടത് കൊടൈക്കനാല്‍ വോണ്ടെന്ന വീഡിയോയുമായിട്ടായിരുന്നു. 38,62,000 പേരാണ് യൂ ട്യൂബില്‍ ഈ റാപ് ഗാനം കണ്ടത്. ബഹുരാഷ്ട്രകമ്പനിയായ യൂണിലിവറിന്‍റെ കൊടൈക്കനാലിലുള്ള തെര്‍മ്മോമീറ്റര്‍ ഫാക്ടറിയിലെ മെര്‍ക്കുറി മാലിന്യങ്ങള്‍ നീക്കം ചെയ്യാത്തതിനെതിരെയുള്ള പ്രതിഷേധ ശബ്ദമായിരുന്നു ആ ഗാനം.

യൂണിലിവറിന്‍റെ കൊടൈക്കനാലിലുള്ള ഫാക്ടറിയില്‍ നിന്നുള്ള മെര്‍ക്കുറി മാലിന്യങ്ങള്‍ വിതച്ച നാശത്തെയും അതിനെതിരെ 15 വര്‍ഷമായി നടന്നിരുന്ന പ്രക്ഷോഭത്തെയും കുറിച്ചുള്ള റാപ്പ് സംഗീതമാണ് സോഫിയയെ ശ്രദ്ധേയയാക്കിയത്. സോഫിയയുടെ കൊടൈക്കനാല്‍ വോണ്ടാണ് കൊടൈക്കനാല്‍ സമരത്തെ ആഗോളതലത്തില്‍ എത്തിച്ചത്. 2015ല്‍ സോഫിയയും സംഘവും പുറത്തിറക്കിയ റാപ്പ് വൈറലായതോടെ പ്രക്ഷോഭത്തിന് പിന്തുണയുമായി നിരവധി സംഘടനകളെത്തി.

യൂണിലിവര്‍ സിഇഒ പോള്‍ പേള്‍മാന്‍റെ പ്രതികരണവും സോഫിയുടെ ഗാനത്തെ തുടര്‍ന്നായിരുന്നു. തൊഴിലാളികളുടെ ജീവനും വ്യക്തിസ്വാതന്ത്ര്യത്തിനുമുള്ള ഭരണഘടന പ്രകാരമുള്ള അവകാശത്തിന് പ്രക്ഷോഭത്തിനൊടുവില്‍ നഷ്ടപരിഹാരം നല്‍കാന്‍ യൂണിലിവര്‍ തയ്യാറായി. തൊഴിലാളികളുമായി ധാരണയിലേര്‍പ്പെട്ടതോടെ 15 വര്‍ഷം നീണ്ട നിയമയുദ്ധത്തിന് അവസാനമായി.

എന്നാല്‍, കൊടൈക്കനാലിലെ മാലിന്യപ്രശ്നങ്ങള്‍ ഇപ്പോഴും പൂര്‍ണമായി പരിഹരിക്കപ്പെട്ടിട്ടില്ല. ഇതിനെതിരെയാണ് വൈ കൊടൈക്കനാല്‍ സ്റ്റില്‍ വോണ്ടെന്ന പുതിയ വീഡിയോ.  കമ്പനി മെര്‍ക്കുറി മാലിന്യങ്ങള്‍ പുറന്തള്ളുന്നില്ലെന്നായിരുന്നു യൂണിലിവര്‍ സിഇഒ വ്യക്തമാക്കിയത്. എന്നാല്‍ യൂണിലിവറിനെതിരെയുള്ള അന്വേഷണത്തിന്‍റെ റിപ്പോര്‍ട്ടിനൊപ്പം കമ്പനി മലിനീകരണം നടത്തിയത് വ്യക്തമാക്കുകയാണ് സോഫിയയുടെ വീഡിയോ.

അമേരിക്കന്‍ ബഹുരാഷ്ട്ര കെമിക്കല്‍ കമ്പനിയായ ഡോ കെമിക്കലും ഭോപ്പാല്‍ ദുരന്തവും വിഷയമാക്കിയുള്ള സോഫിയയുടെ റാപ്ഗാനവും മുമ്പ് വന്‍ ജനസ്വീകാര്യത നേടിയിരുന്നു.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍