UPDATES

സോഫ്റ്റ് ഡ്രിങ്ക് ബോട്ടിലുകളില്‍ മാരക വിഷമെന്ന് കേന്ദ്ര സര്‍ക്കാര്‍ പഠനം

അഴിമുഖം പ്രതിനിധി

പെപ്‌സി, കൊക്കകോള, മൗണ്ടെയ്ന്‍ ഡ്യൂ, സ്‌പ്രൈറ്റ്, സെവന്‍അപ് എന്നീ സോഫ്റ്റ് ഡ്രിങ്ക് ബോട്ടിലുകളില്‍ ലെഡ്ഡ്, ക്രോമിയം, കാഡ്മിയം തുടങ്ങി അഞ്ചു വിഷ വസ്തുക്കള്‍ ഉണ്ടെന്ന് കണ്ടെത്തല്‍.

കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ നിര്‍ദ്ദേശ പ്രകാരം ഡ്രഗ്‌സ് ടെക്ക്‌നിക്കല്‍ അഡ്വൈസറി ബോര്‍ഡാണ് (ഡിടിഎബി) പഠനം നടത്തിയത്. കൊല്‍ക്കത്ത ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹൈജീന്‍ ആന്റ് പബ്ലിക്ക് ഹെല്‍ത്താണ് സാമ്പിളുകള്‍ പരിശോധിച്ചത്. 2015 ഏപ്രിലിലാണ് ബോട്ടിലുകളില്‍ നിന്നും വിഷ വസ്തുക്കള്‍ പാനീയങ്ങളില്‍ കലരുന്നുണ്ടോ എന്നത് സംബന്ധിച്ച് പഠനം നടത്താന്‍ ആരോഗ്യ സേവന ഡയറക്ടര്‍ ജനറലും ചെയര്‍മാനുമായ ജഗദീഷ് പ്രസാദ് ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹൈജീന്‍ ആന്റ് പബ്ലിക്ക് ഹെല്‍ത്തിനോട് നിര്‍ദേശിച്ചത്.

അന്തരീക്ഷ ഊഷ്മാവ് കൂടുന്തോറും ബോട്ടിലില്‍ നിന്നും പാനീയത്തില്‍ കലരുന്ന വിഷവസ്തുക്കളുടെ അളവ് കൂടുന്നതായും പഠനത്തില്‍ കണ്ടെത്തിയിട്ടുണ്ട്. ഓരോ സോഫ്റ്റ് ഡ്രിങ്കുകളുടെയും 600 മില്ലി വരുന്ന നാല് ബോട്ടില്‍ സാമ്പിളുകളിലായിരുന്നു പഠനം നടത്തിയത്. തെരഞ്ഞെടുത്ത സോഫ്റ്റ് ഡ്രിങ്കുകളുടെ സാമ്പിളുകളില്‍ വിഷവസ്തുക്കള്‍ കലര്‍ന്നിട്ടുണ്ടെന്ന് പഠനം പറയുന്നു.  മൗണ്ടെയ്ന്‍ ഡ്യൂ, സെവന്‍അപ്പ് എന്നീ സോഫ്റ്റ് ഡ്രിങ്കുകളുടെ നിര്‍മ്മാതാക്കള്‍ പെപ്‌സിക്കോയാണ്. സ്‌പ്രൈറ്റ് നിര്‍മ്മിക്കുന്നത് കൊക്ക കോളയും.

ലോകാരോഗ്യ സംഘടന ലെഡിനെയും കാഡ്മിയത്തെയും ആരോഗ്യത്തിന് ഗുരുതര പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുന്ന ആദ്യ പത്ത് രാസവസ്തുക്കളിലാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്. കാഡ്മിയവും ലെഡും അര്‍ബുദത്തിന് കാരണമാകുന്ന രാസ വസ്തുക്കളാണ്. ലെഡിന്റെ അംശം ശരീരത്തില്‍ അധികമായാല്‍ മസ്തിഷ്‌കത്തിന്റേയും നാഡീവ്യവസ്ഥയുടെയും പ്രവര്‍ത്തനം തകരാറിലാവും. ശരീരത്തില്‍ ലെഡിന്റെ അംശം കൂടുന്നത് മസ്തിഷ്‌കാഘാതത്തിനും അപ്‌സമാരത്തിനും മരണത്തിനും വരെ സാധ്യതയുണ്ടെന്നും ലോകാര്യോഗ സംഘടന മുന്നറിയിപ്പ് നല്‍കുന്നുണ്ട്. കാഡ്മിയം വൃക്കകളുടെ പ്രവര്‍ത്തനത്തെ ബാധിക്കുമെന്ന് മാത്രമല്ല ശ്വസനേന്ദ്രിയത്തിനും ഭീഷണിയാണ്. കുട്ടികളുടെ ആരോഗ്യത്തെയാണ് ഈ രാസവസ്തുക്കള്‍ ഗുരുതരമായി ബാധിക്കുക.

പഠനത്തോട് കൊക്ക കോളയും പെറ്റ് കണ്ടെയ്‌നര്‍ നിര്‍മ്മാതാക്കളുടെ അസോസിയേഷനും പ്രതികരിച്ചിട്ടില്ല. ഭക്ഷ്യുസുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചാണ് പെപ്‌സിക്കോ ഉല്‍പ്പന്നങ്ങള്‍ പുറത്തിറക്കാറുള്ളതെന്നും മാനദണ്ഡങ്ങള്‍ പ്രകാരം അനുവദനീയമായ അളവിലുള്ള ലോഹ പദാര്‍ത്ഥങ്ങള്‍ മാത്രമേ പാനീയങ്ങളില്‍ ഉണ്ടാവാറുള്ളൂ എന്നും പഠനറിപ്പോര്‍ട്ട് ലഭിക്കാതെയും അതിന്റെ മെത്തഡോളജി അറിയാതെയും പ്രതികരിക്കാന്‍ സാധിക്കില്ലെന്നും പെപ്‌സിക്കോ ഇന്ത്യ വക്താവ് പറഞ്ഞതായി ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്ട്ട് ചെയ്യുന്നു. ഡി ടി എ ബി ആരോഗ്യ സേവന ഡയറക്ടര്‍ ജനറലും ചെയര്‍മാനുമായ ജഗദീഷ് പ്രസാദിന് പഠന റിപ്പോര്‍ട്ട് കുറച്ചുദിവസങ്ങള്‍ക്ക് മുമ്പ് റിപ്പോര്ട്ട് സമര്‍പ്പിച്ചിട്ടുണ്ടെങ്കിലും റിപ്പോര്‍ട്ടിനെക്കുറിച്ച് പ്രതികരിക്കാന്‍ ജഗദീഷ് പ്രസാദ് തയ്യാറായിട്ടില്ല.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍