UPDATES

വീണ്ടും കേരളം വഴികാട്ടുന്നു; രാജ്യത്തെ ആദ്യ സൗരോര്‍ജ ബോട്ട് സര്‍വീസിന് തുടക്കം

വൈക്കം-തവണക്കടവ് ജലപാതയിലാണ് സൗരോര്‍ജ ബോട്ട് സര്‍വീസ് നടത്തുക

ഒന്നാഞ്ഞുപിടിച്ച് ഉപയോഗിച്ചാല്‍ തീരാവുന്ന ഇന്ധനങ്ങളുടെ ലഭ്യതക്കുറവ്, ജലഗതാഗതം കൊണ്ട് നശിക്കുന്ന കേരളത്തിലെ കായലുകള്‍… ഇത്തരം ചര്‍ച്ചകളെല്ലാം ചൂടു പിടിക്കുകയും തണുക്കുകയും വീണ്ടും ചൂടു പിടിക്കുകയും ചെയ്യുമ്പോഴാണ് സൗരോര്‍ജ്ജ ബോട്ടിന്റെ വരവ് ശ്രദ്ധയാകര്‍ഷിക്കുന്നത്. ഇന്ത്യയിലെ തന്നെ ആദ്യ സൗരോര്‍ജ യാത്രാ ബോട്ട് ‘ആദിത്യ’ കേരളത്തിന് സ്വന്തം. ആലപ്പുഴ-കോട്ടയം ജില്ലകളെ ബന്ധിപ്പിക്കുന്ന ബോട്ട് സര്‍വീസ് ആരംഭിച്ചു. കന്നി ഓട്ടം മുഖ്യമന്ത്രി പിണറായി വിജയനാണ് ഉദ്ഘാടനം ചെയ്തത്.

വൈക്കം-തവണക്കടവ് ജലപാതയിലാണ് ബോട്ട് സര്‍വീസ് നടത്തുക. 75 പേര്‍ക്ക് ഇരുന്ന് യാത്ര ചെയ്യാവുന്ന ബോട്ടിന് 230 പേരെ വഹിക്കാനുള്ള ശേഷിയുണ്ടെന്ന് അധികൃതര്‍ അവകാശപ്പെടുന്നു. എഴ് മണിക്കൂര്‍ ഊര്‍ജം സംഭരിച്ചാല്‍ ഏഴ് മണിക്കൂര്‍ വരെ തുടര്‍ച്ചയായി സര്‍വീസ് നടത്താനാകും എന്നതാണ് ബോട്ടിന്റെ പ്രത്യേകത. 2.5 കി.മീ. കായലിലൂടെ 22 സര്‍വീസുകള്‍ ഒരു ദിവസം നടത്താനാണ് അധികൃതരുടെ തീരുമാനം.

ഇന്ധന ലാഭവും അത് വഴിയുണ്ടാവുന്ന സാമ്പത്തിക മെച്ചവുമാണ് ബോട്ടിന്റെ സവിശേഷതയായി അധികൃതര്‍ ചൂണ്ടിക്കാട്ടുന്നത്. മറ്റ് യാത്രാ ബോട്ടുകള്‍ ഒരു മാസം ഓടുന്നതിന് 12 ലക്ഷം രൂപയെങ്കിലും ചെലവാകുന്ന സാഹചര്യത്തില്‍ ഒരു ലക്ഷം രൂപയുണ്ടെങ്കില്‍ സൗരോര്‍ജ്ജ ബോട്ടിന് ഒരു മാസം സര്‍വീസ് നടത്താം.

ശബ്ദ മലിനീകരണമോ ജല മലിനീകരണമോ അന്തരീക്ഷ മലിനീകരണമോ ഇല്ലാതെയാണ് സൗരോര്‍ജ്ജ ബോട്ട് സര്‍വീസ് നടത്തുന്നത് എന്നതാണ് മറ്റൊരു പ്രധാന കാര്യം. പുക, എഞ്ചിനില്‍ നിന്ന് പുറത്തേക്കുള്ള ഡീസലിന്റെ പുറന്തള്ളല്‍ എന്നിവ വേമ്പനാടിനെ നശിപ്പിക്കുന്നതായി പല റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. സൗരോര്‍ജ്ജത്തിലോടുന്ന ബോട്ടായതിനാല്‍ കായലിനത് ദോഷം ചെയ്യില്ലെന്നാണ് വിദഗ്ദ്ധ അഭിപ്രായം.

1.7 കോടി രൂപയാണ് നിര്‍മാണ ചെലവ്. ജര്‍മന്‍ സാങ്കേതിക വിദ്യ ഉപയോഗിച്ച് നിര്‍മ്മിച്ചിരിക്കുന്ന ബോട്ടിന്റെ സോളാര്‍ ബോര്‍ഡിന്റെ നിര്‍മാണം ഫ്രാന്‍സിലെ ആള്‍ട്ടര്‍ കമ്പനിയുടെ സഹകരണത്തോടെയാണ് പൂര്‍ത്തീകരിച്ചത്. രണ്ട് ഇലക്ട്രിക് മോട്ടോറുകളും ലിഥിയം,അയണ്‍ ബാറ്ററികളുമാണ് ബോട്ടിന്റെ കരുത്ത്. 20 മീറ്റര്‍ നീളവും ഏഴ് മീറ്റര്‍ വീതിയുമള്ള ബോട്ടിന് മണിക്കൂറില്‍ 14 കിലോമീറ്റര്‍ സഞ്ചരിക്കാനാവും. രണ്ട് വര്‍ഷം നീണ്ട നിര്‍മ്മാണ പ്രവര്‍ത്തനത്തിലൊടുവിലാണ് വിജയകരമായി ബോട്ട് നീറ്റിലിറക്കിയത്.

കുസാറ്റിലെ ഷിപ് ടെക്‌നോളജി വകുപ്പ് നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലായിരുന്നു നിര്‍മ്മാണം. പദ്ധതി വിജയകരമായാല്‍ ഭാവിയില്‍ ജലഗതാഗത വകുപ്പ് നിര്‍മ്മിക്കുന്ന മുഴുവന്‍ ബോട്ടുകളും ഈ മാതൃകയിലേക്ക് മാറ്റാനാവുമെന്ന പ്രതീക്ഷ നാട്ടുകാര്‍ പങ്കുവയ്ക്കുന്നു.

എന്നാല്‍ വലിയ പ്രതീക്ഷയോടെ തുടങ്ങുന്ന ഇത്തരം സംരംഭങ്ങള്‍ തുടക്കത്തിന്റെ ആവേശം കെട്ടടങ്ങുമ്പോള്‍ അവസാനിച്ച് പോവാറാണ് പതിവ്. സൗരോര്‍ജ്ജ ബോട്ടെങ്കിലും ആ പതിവ് തെറ്റിക്കുമെന്ന പ്രതീക്ഷയിലാണ യാത്രക്കാര്‍.

(സ്വതന്ത്ര മാധ്യമ പ്രവര്‍ത്തകയാണ് ധന്യ)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions) 

 

കെ ആര്‍ ധന്യ

കെ ആര്‍ ധന്യ

ചീഫ് ഓഫ് ബ്യൂറോ

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍