UPDATES

ന്യൂസ് അപ്ഡേറ്റ്സ്

സോളാര്‍ കമ്മീഷനു മുന്നില്‍ നിലപാടുകള്‍ ആവര്‍ത്തിച്ച് മുഖ്യമന്ത്രി

അഴിമുഖം പ്രതിനിധി

സോളാര്‍ വിവാദം ഉയര്‍ന്നതു മുതല്‍ സ്വീകരിച്ച നിലപാടുകള്‍ ആവര്‍ത്തിച്ച് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി സോളാര്‍ കമ്മീഷനു മുന്നില്‍ സത്യവാങ്മൂലം നല്‍കി. ഇന്ന് അദ്ദേഹം സോളാര്‍ കമ്മീഷനു മുന്നില്‍ ഹാജരായാണ് സത്യവാങ്മൂലം സമര്‍പ്പിച്ചത്. സോളാര്‍ വിഷയത്തില്‍ സര്‍ക്കാരിന് സാമ്പത്തിക നഷ്ടമുണ്ടായിട്ടില്ലെന്ന് അദ്ദേഹം സത്യവാങ്മൂലത്തില്‍ പറഞ്ഞു.

സരിത എസ് നായരും ശ്രീധരന്‍ നായരും ഒരുമിച്ച് മുഖ്യമന്ത്രിയെ സന്ദര്‍ശിച്ചിരുന്നു എന്ന ശ്രീധരന്‍ നായരുടെ വെളിപ്പെടുത്തല്‍ മുഖ്യമന്ത്രി നിഷേധിച്ചു. ക്വാറിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സംസാരിക്കുന്നതിനാണ് ശ്രീധരന്‍ നായര്‍ ഓഫീസിലെത്തിയത്.

അതേസമയം ദല്‍ഹിയിലെ വിജ്ഞാന്‍ ഭവനില്‍ സരിതയെ മുഖ്യമന്ത്രി കണ്ടുവെന്ന് ആരോപണമുള്ള തിയതി നിയമസഭയില്‍ പറഞ്ഞതില്‍ തെറ്റുപറ്റിയിട്ടുണ്ട്. യഥാര്‍ത്ഥത്തില്‍ ഡിസംബര്‍ 27-നാണ് താന്‍ വിജ്ഞാന്‍ ഭവനില്‍ ഉണ്ടായിരുന്നത്. ഇത് തെറ്റായി 29-ന് എന്നാണ് നിയമസഭയില്‍ പറഞ്ഞിരുന്നത്. എന്നാല്‍ ദല്‍ഹിയില്‍ വച്ച് സരിതയെ കണ്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. പ്രമുഖര്‍ വരുന്ന സ്ഥലമാണിതെന്നും കനത്ത സുരക്ഷയിലാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

അറസ്റ്റിനുശേഷമാണ് ബിജുവിനേയും സരിതയേയും കുറിച്ച് അറിയുന്നത് എന്നും മുഖ്യമന്ത്രി കമ്മീഷനെ അറിയിച്ചു.
ബിജു രാധാകൃഷ്ണനെ എറണാകുളം ഗസ്റ്റ് ഹൗസില്‍ കണ്ടിരുന്നുവെന്നും ബിജു വ്യക്തിപരമായ കാര്യങ്ങളാണ് പറഞ്ഞതെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു. എന്നാല്‍ ബിജു പറഞ്ഞ വ്യക്തിപരമായ കാര്യം മുഖ്യമന്ത്രി വെളിപ്പെടുത്തിയില്ല.

ടീം സോളാറിനെ കുറിച്ച് അറിയില്ലായിരുന്നുവെന്ന്‌ മുഖ്യമന്ത്രി കമ്മീഷന്‍ വിസ്തരിച്ചപ്പോള്‍ പറഞ്ഞു. സോളാറില്‍ ഒരു രൂപ പോലും നഷ്ടം വന്നിട്ടില്ലെന്നും സരിത രണ്ട് തവണ ഓഫീസില്‍ വന്ന് നിവേദനം നല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി മൊഴി നല്‍കി.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍