UPDATES

ന്യൂസ് അപ്ഡേറ്റ്സ്

സോളാര്‍; ജസ്റ്റിസ് ശിവരാജന്‍ കമ്മീഷന്‍ ഒളിപ്പിച്ചുവെച്ച സസ്പെന്‍സ്

Avatar

കെ എ ആന്റണി

സംഭവിച്ചത് അത്രയും നല്ലതിന് ഇനി സംഭവിക്കാന്‍ ഇരിക്കുന്നതും നല്ലതിന് തന്നെ എന്നൊക്കെ ചിലരെങ്കിലും കരുതുന്നുണ്ടാകണം. അങ്ങനെ കരുതാന്‍ അവര്‍ക്ക് ഒരു കാരണവും ഉണ്ട്. അതാകട്ടെ ഏറെ കാലം കണ്ട് ത്രില്ലടിച്ച് മടുത്ത ഒരു സോളാര്‍ സീരിയലിന്റെ പരിണാമഗുപ്തിയെ കുറിച്ച് ഇന്ന് സോളാര്‍ കമ്മീഷന്‍ ജസ്റ്റിസ് ശിവരാമന്‍ പറഞ്ഞതാണുതാനും.

സോളാര്‍ സരിതയുടെ മുന്‍ കാമുകനും സോളാര്‍ കേസിലെ കൂട്ടുപ്രതിയുമായ ബിജു രാധാകൃഷ്ണന് ഒപ്പം കേരളമുഖ്യനെ കുടുക്കാന്‍ പോന്ന മസാലക്കൂട്ടുകള്‍ ഒക്കെയുണ്ടെന്ന് ബിജു തന്നെ അവകാശപ്പെട്ട സിഡി കണ്ടെത്താന്‍ ഒരു സംഘത്തെ കോയമ്പത്തൂരില്‍ അയച്ച് പരാജയപ്പെട്ട ആളാണ് നമ്മുടെ ശിവരാമന്‍ റിട്ടയേര്‍ഡ് ജഡ്ജി. ആ സിഡി വേട്ടയുടെ പേരില്‍ ഏറെ വിമര്‍ശിക്കപ്പെട്ടപ്പോഴും കമ്മീഷന്‍ പതറിയില്ല. ഏറ്റവും ഒടുവിലേക്കായി സോളാര്‍ സീരിയലില്‍ കമ്മീഷനും ഒരല്‍പം സസ്‌പെന്‍സ് കാത്തുവച്ചിരുന്നു. അതാണ് ഇന്ന് ഒരു പൊട്ടിത്തെറിയുടെ രൂപത്തില്‍ പുറത്ത് വന്നത്. സരിതയ്ക്ക് ഒരുപാട് സത്യങ്ങള്‍ പറയാനുണ്ടെന്നും ഏതോ കോണില്‍ നിന്നും അതിനെ ആരൊക്കെയോ വിലക്കുന്നുണ്ടെന്നും കമ്മീഷന്‍ കൃത്യമായി പറഞ്ഞു.

കമ്മീഷനെ വച്ചാല്‍ മര്യാദയ്ക്ക് നടത്താനുള്ള സാഹചര്യം ഒരുക്കണമെന്നും സാക്ഷികള്‍ക്ക് സ്വതന്ത്രമായി തെളിവ് നല്‍കാനുള്ള സാഹചര്യം വേണമെന്നും ആവശ്യപ്പെടുമ്പോള്‍ അദ്ദേഹം ഒരു കാര്യം കൂടി ഓര്‍മ്മിപ്പിച്ചു. അതാകട്ടെ ആ പഴയ സിഡി എവിടെ പോയി എന്നതിലേക്കുള്ള ചോദ്യ ചിഹ്നം കൂടിയാണ്. ബിജു കോയമ്പത്തൂരില്‍ ഉണ്ടെന്ന് പറഞ്ഞ, സരിത അവിടെ ഇല്ലെന്ന് വാശി പിടിച്ച ആ സിഡി അന്വേഷണ സംഘം എത്തുംമുമ്പ് ആ സിഡി ആര് കൊണ്ടു പോയി. ചോദ്യം ബാക്കിയായിരുന്നു.

ചാണ്ടി ഭക്തന്‍മാര്‍ എഡിറ്റോറിയല്‍ പോലും എഴുതി, കമ്മീഷനെ വിമര്‍ശിച്ചു. തൊട്ടടുത്ത ദിവസം കമ്മീഷന്‍ പറഞ്ഞിരുന്നു, അന്വേഷണം അട്ടിമറിച്ചത് സംസ്ഥാന പൊലീസും ഏറെ ഉല്‍സുകരായ മാധ്യമ പ്രവര്‍ത്തകരും ചേര്‍ന്നാണെന്ന്. അവിടെ തുടങ്ങിയതാണ് കമ്മീഷന്റെ ചില വേവലാതികള്‍. സത്യത്തില്‍ ഇതിനെ വേവലാതികള്‍ എന്ന് വിളിക്കാനാകില്ല. ഒരു കമ്മീഷനെ വച്ചു കഴിഞ്ഞാല്‍ അത് പ്രവര്‍ത്തിക്കേണ്ട ഒരു കാലാവധി നേരത്തെ നിശ്ചയിച്ചിട്ടുണ്ടാകും. ഒരു സമയബന്ധിത ഏര്‍പ്പാടാണിത്. കമ്മീഷന് പല കാര്യങ്ങളും കണ്ടെത്താം. കേരള ചരിത്രത്തില്‍ കമ്മീഷന്‍ റിപ്പോര്‍ട്ടുകള്‍ എപ്പോഴും സത്യമായിരുന്നു താനും. അതിനുശേഷമുള്ള നടപടികളാണ് പ്രശ്‌നമാകുന്നത്.

ഇവിടേയും ഒരു കമ്മീഷന്റെ കാലാവധി തീരാന്‍ പോകുകയാണ്. കാലാവധി തീരും മുമ്പ് റിപ്പോര്‍ട്ട് നല്‍കേണ്ട ബാധ്യത ജസ്റ്റിസ് ശിവരാമന്റേത് തന്നെയാണ്. ഇംഗ്ലീഷില്‍ ഒരു പ്രയോഗമുണ്ട്. ത്രോയിംഗ് ദ സ്പാനേഴ്‌സ് (പണി തടസ്സപ്പെടുത്തുക). അത് തന്നെയാണ് നടക്കുന്നതെന്ന് നമ്മുടെ പാവം ജസ്റ്റിസിനും മനസ്സിലായി. അതു കൊണ്ട് തന്നെയാകണം അദ്ദേഹം ഒരു അന്തിമ തീരുമാനത്തിലേക്ക് എത്തിയതും ഇനിയിപ്പോള്‍ സോളാറിന്റെ മുഖ്യ സൂത്രധാരകന്‍ എന്നൊക്കെ ഇതുവരെ വന്ന കഥകള്‍ വച്ച് മാന്യവായനക്കാരനും തോന്നിയേക്കാവുന്ന മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ വിസ്തരിക്കണം.


സോളാറുമായി ബന്ധപ്പെട്ട കേസായതു കൊണ്ടു തന്നെ. മുഖ്യമന്ത്രിയുടെ ഓഫീസ് ദുരുപയോഗം ചെയ്ത മുന്‍ പ്രൈവറ്റ് സെക്രട്ടറി ജിക്കു മോന്‍, മുന്‍ ഗണ്‍മാന്‍ സലിം രാജ് എന്നിവരേയും വിസ്തരിക്കണം. ഇവര്‍ക്കൊപ്പം സരിതയുടെ ഉള്ളറക്കഥകള്‍ അറിയുന്ന ഡിജിപി സെന്‍കുമാറിനേയും എഡിജിപി ഹേമചന്ദ്രനേയും വിസ്തരിക്കണം. ഇക്കാര്യങ്ങള്‍ അത്രയും ഇന്നലത്തെ സിറ്റിങ്ങില്‍ കമ്മീഷന്‍ വ്യക്തമാക്കി കഴിഞ്ഞു. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ ഈ മാസം 25-നാണ് വിസ്തരിക്കുന്നത്. അദ്ദേഹം അസൗകര്യമുണ്ടാകേണ്ട എന്ന് കരുതി തിരുവനന്തപുരത്ത് തന്നെയാണ് വിസ്താരവും. മന്ത്രി മന്ദിരവും ഓഫീസും തിരുവനന്തപുരത്ത് ആയതു കൊണ്ട് ഇനിയിപ്പോള്‍ സരിത പറഞ്ഞതു പോലെ രാമങ്കരി കോടതിയെന്ന് പറഞ്ഞ് സരിത ഒഴിവായത് പോലെ ഒഴിവാകില്ലല്ലോ. സരിതയ്ക്ക് നല്‍കുന്നതിനേക്കാള്‍ കൂടുതല്‍ സാവകാശം കേരള മുഖ്യന് കമ്മീഷന്‍ നല്‍കിയിരിക്കുന്നു.

എന്താണിപ്പോള്‍ ഇങ്ങനെയൊരു പടപ്പുറപ്പാട് എന്ന് ചോദിച്ചേക്കാം. നമ്മുടെ പ്രിയ നടി സരിത എസ് നായര്‍ കമ്മീഷന് മുമ്പാകെ ഹാജരായില്ല. സരിത എന്തുകൊണ്ട് ഹാജരായില്ലെന്ന് ആരും ചോദിച്ച് ബുദ്ധിമുട്ടേണ്ടതില്ല. ആലപ്പുഴ രാമങ്കരി കോടതിയില്‍ മറ്റൊരു കേസ് ഉണ്ടെന്ന് നായിക വക്കീല്‍ മുഖേന കമ്മീഷനെ ഇന്ന് രാവിലെ അറിയിച്ചു. അത്രതന്നെ. അല്ലെങ്കില്‍ തന്നെ പ്രായപൂര്‍ത്തിയായൊരു പെണ്ണാണ് നമ്മുടെ നായിക. അവള്‍ എവിടെയൊക്കെ പോകുന്നു, എന്തൊക്കെ ചെയ്യുന്നുവെന്ന് ആരും അന്വേഷിക്കേണ്ടതില്ല. അത്യാവശ്യം സിനിമ അഭിനയവും വശമുണ്ട്. ക്യാമറയ്ക്ക് മുമ്പില്‍ കരച്ചിലും പിഴിച്ചിലും മാത്രമല്ല, 32 അല്ല 34 പല്ലും കാട്ടിയുള്ള ആ ചിരിയും കണ്ടാല്‍ ഒരു വേള ആരെങ്കിലും ഒക്കെ ശങ്കിച്ചുപോകും. ഇതുതന്നെയായിരുന്നില്ലേ വെണ്ണ കട്ടു തിന്നതിന്റെ പേരില്‍ കൈയ്യോടെ പിടിക്കപ്പെട്ട ഉണ്ണിക്കണ്ണനും ചിരിച്ചചിരിയെന്നും! ആ ചിരിയില്‍ വിരിയുന്ന ആ വലിയ വായില്‍ ഈരേഴ് പതിനാല് ലോകവും ആരൊക്കെയോ കണ്ട് മയങ്ങിയതില്‍ തുടങ്ങിയത് ആണല്ലോ നമ്മുടെ പ്രമാദമായ സോളാര്‍ കേസ്.

സോളാറുമായി ബന്ധപ്പെട്ട ഒരു കേസില്‍, അതും നമ്മുടെ കമ്മീഷന്‍ വരുന്നതിനും മുമ്പ്, ഒരു മജിസ്‌ട്രേറ്റ് ചോദിച്ച ഒരു ചോദ്യം സോളാര്‍ പരമ്പര കണ്ട് ത്രില്ലടിക്കുകയും ഒടുവില്‍ മടുക്കുകയും ചെയ്ത ചിലരൊക്കെ മറന്നു കാണും. അവരുടെ കൂടെ ഓര്‍മ്മയിലേക്ക് ഏറെ പ്രസക്തമായ ആ ചോദ്യം ഒരിക്കല്‍ കൂടി ആവര്‍ത്തിക്കുന്നു. ‘കേസില്‍ കോടതിക്ക് വെളിയില്‍ ഒത്ത് തീര്‍പ്പാക്കാന്‍ പ്രതിക്ക് (സരിത) എവിടെ നിന്നാണ് സാമ്പത്തിക സഹായം ലഭിക്കുന്നത്’ എന്നായിരുന്നു ആ ചോദ്യം. അന്നാരും അത് ശ്രദ്ധിച്ചു കാണില്ല. നമ്മുടെ കമ്മീഷന്‍ പക്ഷേ അത് ശ്രദ്ധിച്ചിരുന്നുവെന്നുവേണം കരുതാന്‍. അതുകൊണ്ട് തന്നെയാകണം മുഖ്യമന്ത്രിയടക്കം എല്ലാവരേയും വിസ്തരിക്കുമെന്ന ഇന്നത്തെ പ്രഖ്യാപനം. കമ്മീഷന്റെ ഈ ശ്രദ്ധയേക്കാള്‍ ഏറെയുണ്ടായിരുന്നു നമ്മുടെ പല യുവ, മധ്യവയസ്‌ക രാഷ്ട്രീയ നേതാക്കളുടേയും കരുതലും ധനവും. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ മുദ്രാവാക്യമായ കരുതലും വികസനവും എന്നതിന്റെ പരിപ്രേക്ഷ്യം കൂടിയായി ഈ നേതാക്കളുടെ കരുതലും സരിതയുടെ വികസനവും.

കമ്മീഷന്റെ നിരീക്ഷണങ്ങള്‍ ഒട്ടും തെറ്റെന്ന് പറയാനാകില്ല. കമ്മീഷന്‍ വെറുമൊരു നോക്കുകുത്തിയല്ല. ഉത്തരവാദിത്വപ്പെട്ട ഒരു ജോലിയാണ് ചെയ്യുന്നത്. അസൗകര്യങ്ങള്‍ ഉണ്ടെങ്കില്‍ നേരത്തേ അറിയിക്കേണ്ടതാണ്. ഇവിടെ അതൊന്നും നടക്കുന്നില്ല. ഒരു ആക്ഷേപ ഹാസ്യ നാടകം പോലെ അതുമല്ലെങ്കില്‍ ഒരു അസംബന്ധ നാടകം പോലെ ഈ കമ്മീഷനും തുടരുമെന്ന് ആരും കരുതേണ്ടതില്ലെന്ന കൃത്യമായ താക്കീത് തന്നെയാണ് ഇന്ന് ജസ്റ്റിസ് ശിവരാമന്‍ നല്‍കിയത്. പണ്ട് കമ്മീഷനുകള്‍ ഉണ്ടായിട്ടുണ്ട്. കമ്മീഷനുകള്‍ റിപ്പോര്‍ട്ടുകള്‍ സമര്‍പ്പിച്ചിട്ടുണ്ട്. പക്ഷേ ആ റിപ്പോര്‍ട്ടുകളിലെ ശുപാര്‍ശകള്‍ ആരും പരിഗണിച്ചില്ലെന്ന പഴംപുരാണം വിളമ്പുന്ന വക്കീല്‍ ഉദ്യോഗം ചാനല്‍ വ്യവഹാരം ആക്കുന്ന പാറ വക്കീലന്‍മാരും ഒന്നറിയുക. ഈ കമ്മീഷന്‍ കുളം കലക്കിയിരിക്കും. ഇനി മീന്‍ പിടിക്കാനുള്ള യോഗം പ്രതിപക്ഷത്തിന്റേതാണ്. അവര്‍ക്ക് കുഞ്ഞൂഞ്ഞെന്ന് പറയുന്ന ഒരു പെരുംമീനിനെ പിടിക്കാനുള്ള അവസരം. തെരഞ്ഞെടുപ്പ് കാലത്ത് ഒത്തുകിട്ടിയ ഒരവസരം. പക്ഷേ ഒന്നോര്‍ക്കണം ഈ മീന്‍ കയ്ച്ചിലാണ്. അത്ര എളുപ്പത്തിലൊന്നും പിടിതരില്ല. പിടിയില്‍ നിന്നും വഴുതിയോടി മണ്ണില്‍ പൂണ്ടുകളയും. ആറുമാസം വരെ മണ്ണിനടിയില്‍ ജീവിച്ചിരിക്കാന്‍ കഴിയുന്ന ഉത്തര മലബാറിലെ കയ്ച്ചില്‍ മീനിനെ കുറിച്ച് കണ്ണൂര്‍ പെരുമ പറഞ്ഞ് നടക്കുന്ന സിപിഐഎംകാര്‍ക്കും ഇപ്പോഴും ഭയം തന്നെയാണ്.

സോളാര്‍ കേസുമായി ബന്ധപ്പെട്ട് ഇടതുപക്ഷം നടത്തിയ സെക്രട്ടറിയേറ്റ് ഉപരോധം നാട്ടുകാരുടെ സ്വൈര ജീവിതം തകര്‍ക്കുന്നത് ആയിരുന്നു. ഒടുവില്‍ ഒരു കമ്മീഷന്‍ ആവാം എന്ന് കുഞ്ഞൂഞ്ഞ് സമ്മതിച്ചത് ഏറെ പണിപ്പെട്ടാണ്.  ആ കമ്മീഷന്‍ ഒരു പാരയായി മാറുമെന്ന് കുഞ്ഞൂഞ്ഞോ ആശ്രിതരോ കരുതിയിരിക്കാന്‍ ഇടയില്ല. എന്തായാലും വിനാശകാലേ വിപരീത ബുദ്ധി എന്ന് പറഞ്ഞ് ആശ്വസിക്കാം. അത്രതന്നെ.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

അഴിമുഖം യു ട്യൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യാം

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍