UPDATES

സോളാര്‍ കേസ്: പ്രതിയുടെ സഹോദരനുമായുള്ള ഫോണ്‍ സംഭാഷണത്തില്‍ സംശയിക്കാന്‍ ഒന്നുമില്ലെന്ന് ഉമ്മന്‍ ചാണ്ടി

അഴിമുഖം പ്രതിനിധി

സോളാര്‍ കേസ് പ്രതിയെ സഹായിക്കാന്‍ ഇടപെട്ടെന്ന തരത്തില്‍ പുറത്തുവന്ന ഫോണ്‍ സംഭാഷണത്തെ തള്ളി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. സംശയിക്കത്തക്കതായി താനൊന്നും ചെയ്തിട്ടില്ലെന്നും തന്നെ കുടുക്കാനുള്ള ബോധപൂര്‍വമായ കളിയാണ് നടന്നതെന്നുമാണ് മുഖ്യമന്ത്രിയുടെ വിശദീകരണം.

പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് സമയത്ത് തൃശൂരില്‍ ഒരു സമ്മേളനത്തില്‍ പങ്കെടുത്ത സമയത്ത് ഒരു ചെറുപ്പക്കാരന്‍ പ്രായമുള്ള ഒരമ്മയുമായി തന്നെവന്നു കണ്ടു. അവരുടെ മകന്‍ ജയിലിലാണെന്നും പറഞ്ഞു. മണലൂര്‍ നിന്നാണെന്നും പാര്‍ട്ടി ഭാരവാഹിയാണെന്നും പറഞ്ഞതുകൊണ്ട് മണലൂര്‍ എംഎല്‍എ മാധവനെ കണ്ടാല്‍മതി എന്നു താന്‍ അവരോടു പറയുകയായിരുന്നു. വലിയ തിരക്കിനിടയിലാണ് ഇത് സംഭവിച്ചത്. അയാള്‍ പിന്നീട് ഫോണില്‍ വിളിച്ചപ്പോഴും എംഎല്‍എയെ കാണാനാണ് ആവശ്യപ്പെട്ടത്. ഇതിനകത്ത് ഒരു സംശയത്തിനും വകയില്ല. വളരെ ക്ലിയറാണിത്. അയാള്‍ എന്തിനാണ് വീണ്ടും വിളിച്ചതെന്ന് ഇപ്പോള്‍ വ്യക്തമായല്ലോ. അത് റിക്കാര്‍ഡ് ചെയ്യാനായിരുന്നു. മറ്റെന്തെങ്കിലും അയാള്‍ ആഗ്രഹിച്ചെങ്കില്‍ അതു നടക്കില്ലെന്നു മനസ്സിലായല്ലോ?- ഉമ്മന്‍ ചാണ്ടി തന്റെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജില്‍ ഈ വിഷയവുമായി ബന്ധപ്പെട്ടിട്ട കുറിപ്പില്‍ പറയുന്നു.

നേരത്തെ കൈരളി-പീപ്പിള്‍ ചാനലാണ് സോളാര്‍ കേസില്‍ പ്രതിയായി ജയിലില്‍ കഴിയുന്ന സോളാര്‍ കമ്പനിയുടെ ടെക്‌നിക്കല്‍ ഡയറക്ടറായിരുന്ന മണിലാലിന്റെ സഹോദരന്‍ റിജേഷുമായുള്ള മുഖ്യമന്ത്രിയുടെ ഫോണ്‍ സംഭാഷണം പുറത്തുവിട്ടത്. പ്രതിയെ രക്ഷിക്കാനായി മുഖ്യമന്ത്രി ഇടപെട്ടെന്നും ഇതിനായി മണലൂര്‍ എംഎല്‍എ പി എ മാധവനെ കണ്ടാല്‍ മതിയെന്നും ഈ സംഭാഷണത്തില്‍ ഉമ്മന്‍ ചാണ്ടി പറയുന്നുണ്ട്. റിജേഷ് പി എ മാധവനെ കാണാന്‍ പോകുമ്പോള്‍ എംഎല്‍എ അയാളോട് മോശമായി പെരുമാറിയതിന്റെ ദൃശ്യങ്ങളും ചാനല്‍ പുറത്തുവിട്ടിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍