UPDATES

ന്യൂസ് അപ്ഡേറ്റ്സ്

സോളാര്‍ അഴിമതി: ഒരു ഓര്‍ഗനൈസ്ഡ് ക്രൈം

Avatar

പി സി ജിബിന്‍

സോളാര്‍ അഴിമതിയില്‍ തുടങ്ങിയ ആരോപണങ്ങള്‍ ബാര്‍ക്കോഴയ്ക്കും ഇപ്പുറത്ത് തെളിഞ്ഞു തുടങ്ങിയിരിക്കുന്നു. അഴിമതി നടത്തുമ്പോള്‍ തന്നെ അതില്‍ പിടിക്കപ്പെടാതിരിക്കാനും പിടിക്കപ്പെട്ടാല്‍ രക്ഷപ്പെടാനും ഉള്ള അവസരങ്ങള്‍ സൃഷ്ടിച്ചു കൊണ്ട് പ്ലാന്‍ ചെയ്യപ്പെട്ട ഒരു കേസ് ആണ് ഇത്. ഇന്ത്യ കണ്ട ഏറ്റവും വലിയ ഓര്‍ഗനൈസ്ഡ് കുറ്റകൃത്യവും അതി സൂക്ഷ്മത ഉള്ള ആസൂത്രണവും കൂടിയാവും പുറത്ത് വരുന്നത്. അവയില്‍ ചില സാഹചര്യങ്ങള്‍ എങ്ങനെയൊക്കെ ആയിരിക്കാം എന്ന് പരിശോധിക്കാം.

സുതാര്യത എന്ന മറ
താനും തന്റെ ഓഫീസും സുതാര്യമാണ് എന്ന് വരുത്തി തീര്‍ക്കുകയാണ് മുഖ്യമന്ത്രി ചെയ്തിരിക്കുന്നത്. വെറും പത്ത് മണിക്കൂര്‍ മാത്രം മെമ്മറി കപാസിറ്റി ഉള്ള കാമറകള്‍, മുഴുവന്‍ സമയ വെബ് സ്ട്രീമിംഗ് എന്നീ മുഖം മൂടികള്‍ കൊണ്ട് മുഖ്യമന്ത്രിക്ക് അതിനു സാധിച്ചു. ആര്‍ക്കും എപ്പോഴും വന്നു കാണാനും സംസാരിക്കാനും കഴിയുന്ന ജനകീയന്‍ എന്ന പ്ലാറ്റ്‌ഫോം ഉണ്ടാക്കിക്കൊണ്ട് ഏതു ക്രിമിനലിനും കള്ള കച്ചവടക്കാര്‍ക്കും രേഖകളില്‍ പേര് വരാത്ത രീതിയില്‍ (വിസിറ്റേഴ്‌സ് ബുക്ക് മുതലായവ) മുഖ്യമന്ത്രിയെ വന്നു കാണാനുള്ള അവസ്ഥകള്‍ ഉണ്ടാക്കി. ഒരു തവണ ഒരു ഭ്രാന്തന്‍(?) മുഖ്യമന്ത്രി കസേരയില്‍ ഇരിക്കുന്നത് ലോകത്തെ മുഴുവന്‍ കാട്ടിക്കൊണ്ട് തന്റെ ഓഫിസിന്റെ അവസ്ഥ ലോകത്തെ ബോധ്യപ്പെടുത്താനും മുഖ്യമന്ത്രിക്ക് കഴിഞ്ഞു! ആരൊക്കെ എപ്പോഴൊക്കെ തന്റെ ഓഫിസില്‍ വന്നു എന്ന ചോദ്യത്തില്‍ നിന്ന് ഒരു പരിധിവരെ ഒഴിഞ്ഞു നില്‍ക്കാന്‍ മുഖ്യമന്ത്രിക്ക് കഴിയും.

മൊബൈല്‍ ഫോണ്‍ പോലും ഇല്ലാത്ത മുഖ്യമന്ത്രി
ലാളിത്യത്തിന്റെ പ്രതീകം എന്ന നിലയില്‍ സ്വന്തമായി ഫോണ്‍ ഇല്ലാതിരുന്ന മുഖ്യന്‍ തന്റെ സന്തത സഹചാരികളുടെ ഫോണ്‍ ആയിരുന്നു ഉപയോഗിച്ച് കൊണ്ടിരുന്നത്. അതുകൊണ്ട് തന്നെ കോള്‍ രേഖകള്‍ ഉപയോഗിച്ച് അതില്‍ സംസാരിച്ചത് മുഖ്യമന്ത്രി ആണെന്ന് തെളിയിക്കുക അസാധ്യം.

സന്ദര്‍ശനങ്ങളുടെ ‘ലീഗല്‍’ ഉദ്ദേശങ്ങള്‍
സരിതയും ശ്രീധരന്‍ നായരും തന്റെ ഓഫിസ് സന്ദര്‍ശിച്ച ദിവസം സരിതയില്‍ നിന്ന് ദുരിതാശ്വാസ നിധിയിലേക്ക് ഒരു ചെക്കും ശ്രീധരന്‍ നായരില്‍ നിന്നും ഒരു നിവേദനവും മുഖ്യമന്ത്രി വാങ്ങിയിട്ടുണ്ട്. കേസ് കോടതിയില്‍ എത്തിയാല്‍ ഒരു തെളിവായി നിരത്താന്‍ ഇവ ഉപയോഗിക്കാം.

‘പല തട്ട്’ സഹായികള്‍
മുഖ്യ മന്ത്രിയുടെ ഓഫിസിലും ഡല്‍ഹിയിലും ഉള്ള സഹായികളെ അഴിമതി നടത്താന്‍ ഉപയോഗിച്ചിട്ടുണ്ട് എന്നാണ് സരിതയുടെ ആരോപണങ്ങളില്‍ നിന്നും മനസ്സിലാവുന്നത്. എല്ലാ കാര്യങ്ങളും എല്ലാ സഹായികള്‍ക്കും അറിയാതെ സൂക്ഷിക്കുക വഴി സഹായികളെ ചോദ്യം ചെയ്താല്‍ കൃത്യമായ വിവരങ്ങള്‍ കിട്ടുന്നത് തടയാന്‍ കഴിയും.

കോഴയുടെ പ്രതിഫലം
സര്‍ക്കാരിന് സാമ്പത്തിക നഷ്ടം വരുന്ന രീതിയില്‍ സമ്പാദിക്കുക എന്നത് ‘വിവരാവകാശ നിയമം’ ഒക്കെ നടപ്പിലാക്കിയ ഒരു രാജ്യത്ത് ഏറെക്കുറെ അസാധ്യം എന്ന് പറയാവുന്ന കാര്യമാണ്. ഓഡിറ്റിംഗ് ഉള്‍പ്പെടെയുള്ള പരിശോധനകളില്‍ പിടിക്കപ്പെടാനും എളുപ്പമാണ്. സോളാര്‍ എനര്‍ജി സംബന്ധിച്ച ഒരു നയരൂപീകരണം നടത്താനാണ് താന്‍ പണം നല്‍കിയത് എന്നാണ് സരിത പറയുന്നത്. ബാര്‍ സംബന്ധിച്ച നയരൂപീകരനത്തിനു പണം വാങ്ങിയ ഉദാഹരണം മുന്നില്‍ ഉള്ളതുകൊണ്ട് സരിതയുടെ ആരോപണത്തെ തള്ളാന്‍ കഴിയില്ല. ഇത്തരത്തില്‍ അഴിമതി നടത്തുന്നത് കൊണ്ടാണ് ‘സര്‍ക്കാരിന് ഞങ്ങള്‍ നഷ്ടം വരുത്തിയില്ലാ’ എന്ന് വിളിച്ചു പറയാനും ഒരു പരിധി വരെ പിടിച്ചു നില്‍ക്കാനും ബാര്‍/സോളാര്‍ കേസുകളില്‍ സാധിക്കുന്നത്.

വിശ്വാസ്യത തകര്‍ക്കല്‍
ബാര്‍ നയം മാറ്റാം എന്നും സോളാര്‍ കേസില്‍ പണം തിരികെ തരാം എന്നും പറഞ്ഞു ബാര്‍ ഉടമകളെയും സരിതയും കാത്തു നിര്‍ത്തി സമയം ചിലവാക്കി. കേസിലോ ആരോപണങ്ങളിലോ താത്പര്യം ഇല്ലാത്ത, കച്ചവടക്കാര്‍ മാത്രമായ ഇവര്‍ തങ്ങളുടെ ആവശ്യം നടക്കുമെന്ന് കരുതി കാത്തിരുന്നു. ആ കാലഘട്ടത്തില്‍ അവരുടെ വിശ്വാസ്യത പൂര്‍ണമായും തകര്‍ത്തു. ബാര്‍ മുതലാളിമാരെ കള്ളന്മാരായും സരിതയെ വേശ്യയായും കാണിച്ചു. ഇവര്‍ ഉയര്‍ത്തുന്ന അതീവ ഗുരുതരമായ ആരോപണങ്ങളെ ‘കള്ള് കച്ചവടക്കാരോ വേശ്യയോ പറയുന്നത് നിങ്ങള്‍ വിശ്വസിക്കുമോ അതോ ഇത്രയും പാരമ്പര്യമുള്ള ഞങ്ങള്‍ പറയുന്നത് നിങ്ങള്‍ നിങ്ങള്‍ വിശ്വസിക്കുമോ’ എന്ന ചോദ്യം ഉയര്‍ത്തി നേരിടാന്‍ കഴിയുന്നത് ഇത്തരം ഒരു പരിപാടിയിലൂടെ ആണ്.

പങ്കാളികള്‍
അഴിമതികളില്‍ യാതൊരു വിധ സാമ്പത്തിക ലാഭവും പങ്കിട്ടു നല്‍കാതെ ആരോപണം വരുമ്പോള്‍ ചേര്‍ന്ന് വരുന്ന നിലയില്‍ കൂടെ നിര്‍ത്താന്‍ സോളാര്‍ കേസില്‍ മുഖ്യമന്ത്രിക്ക് കുറെ പങ്കാളികളെ കിട്ടി. സരിതയ്ക്ക് പോലും മനസ്സിലാകാത്ത രീതിയില്‍ സരിതയെ ഉപയോഗപ്പെടുത്തി പലരെയും കെണിയിലാക്കി എന്ന് പറയുന്നതാവും യുക്തി. അതുകൊണ്ട് തന്നെ ആരോപണം വന്നപ്പോള്‍ മുഖ്യമന്ത്രി ഒറ്റപ്പെട്ടില്ല!

ചാനല്‍ ചാവേറുകള്‍
സാമ്പത്തികമായ ഒരു ലാഭവും പ്രതീക്ഷിക്കാതെ, എന്നെങ്കിലും കിട്ടാനിരിക്കുന്ന ഒരു സീറ്റിനു വേണ്ടി ചാനലുകളില്‍ പടവെട്ടാന്‍ തയ്യാറാവുന്ന യുവതുര്‍ക്കികളെ ആദ്യം മുതല്‍ക്കേ കൂടെ കൊണ്ട് നടന്നു.

ഇരവാദം
പ്രതിപക്ഷം, ബാര്‍ മുതലാളിമാര്‍ എന്ന് വേണ്ട ജുഡീഷ്യറി പോലും തനിക്കെതിരെ ഗൂഡാലോചന നടത്തുന്നുവെന്നും താന്‍ ഇരയാനെന്നും ചാനല്‍ ചാവേറുകളെ കൊണ്ട് നിരന്തരം പറയിപ്പിച്ചുകൊണ്ടിരിക്കുന്നു. 

ലോകം തന്നെ കണ്ട മികച്ച ആസൂത്രണം ആയിരുന്നു ഐ എസ് ആര്‍ ഒ ചാരക്കേസ്. കെട്ടിച്ചമച്ച കേസ് ആണെന്ന് കണ്ടെത്തിയെങ്കിലും പിന്നിലാരെന്നു കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. ലീഡര്‍ അനുയായികള്‍ വിശ്വസിക്കുന്നത് പോലെ അതിനു പിന്നില്‍ ഇന്നത്തെ മുഖ്യമന്ത്രി ആണെങ്കില്‍, ചുരുളഴിയാന്‍ പോകുന്നത് അഴിമതി കേസ് മാത്രമാകില്ല, അതിനു പിറകിലെ ‘മാരക ബുദ്ധി’ കൂടി ആയിരിക്കും. ചരിത്രത്തിന്റെ കാവ്യ നീതി!

(മാധ്യമപ്രവര്‍ത്തകനാണ് ലേഖകന്‍)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍