UPDATES

ന്യൂസ് അപ്ഡേറ്റ്സ്

സിയാച്ചിനിലെ അത്ഭുതം: ആറ് ദിവസത്തിന് ശേഷം സൈനികനെ ജീവനോടെ കണ്ടെത്തി

Avatar

അഴിമുഖം പ്രതിനിധി

 

സിയാച്ചിനിലുണ്ടായ മഞ്ഞുവീഴ്ചയില്‍ ആറുദിവസം മുമ്പ് കാണാതായ പത്തു സൈനികരില്‍ ഒരാളെ ആറുദിവസങ്ങള്‍ക്കു ശേഷം മഞ്ഞുപാളികള്‍ക്കിടയില്‍ നിന്ന് ജീവനോടെ കണ്ടെത്തിയതിനെ അത്ഭുതമല്ലെന്നാതെ എന്താണ് വിളിക്കേണ്ടത്? അതും മഞ്ഞുപാളികളുടെ 25 അടി താഴ്ചയില്‍.

 

സൈനികര്‍ക്കുണ്ടായ ദുരന്തത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കറും കരസേനാ മേധാവി ജനറല്‍ ദല്‍ബീര്‍ സിംഗ് സുഹാഗുമൊക്കെ നടുക്കം പ്രകടിപ്പിക്കുകയും ഇവരുടെ വിയോഗത്തില്‍ അനുശോചിക്കുകയും ചെയ്തിരുന്നു. എന്നാല്‍ സര്‍ക്കാരിന്റെ ഈ അനുശോചനം അത്രയെളുപ്പം ഏറ്റുവാങ്ങാന്‍ ലാന്‍സ് നായിക് ഹനമന്തപ്പ തയാറായിരുന്നില്ല. അഞ്ചു പേരുടെ മൃതദേഹങ്ങള്‍ നേരത്തെ തന്നെ കണ്ടെത്തിയിരുന്നു. ദുരന്തത്തില്‍ പെട്ട നാലു പേര്‍ എവിടെയാണ് കുടുങ്ങിയിരിക്കുന്നതെന്ന് കണ്ടെത്തിയിട്ടുണ്ടെങ്കിലും ഇവര്‍ക്ക് ജീവനുണ്ടോയെന്ന കാര്യത്തില്‍ ഉറപ്പില്ല. ഇവരെ പുറത്തെടുക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള യുദ്ധമേഖല കൂടിയാണ് സിയാച്ചിന്‍. 

 

കഴിഞ്ഞ മൂന്നാം തീയതിയാണ് 19,600 അടിയുള്ള വടക്കന്‍ സിയാച്ചിന്‍ മഞ്ഞ് മേഖലയില്‍ വന്‍ഹിമപാതമുണ്ടായി മദ്രാസ് റജിമെന്റ് സൈനിക ക്യാമ്പിലെ പത്തു പേരെ കാണാതാകുന്നത്. ദുരന്തത്തെ ആരെങ്കിലും അതിജീവിക്കാന്‍ സാധ്യത കുറവാണെന്നു തന്നെയായിരുന്നു എല്ലാവരും ഇതുവരെ കരുതിയിരുന്നത്. “തുടര്‍ന്നുണ്ടായ തെരച്ചിലില്‍ ലാന്‍സ് നായിക് ഹനമന്തപ്പയെ ജീവനോടെ കണ്ടെത്തി. എന്നാല്‍ മറ്റുള്ളവരുടെ കാര്യത്തില്‍ അങ്ങനെ സംഭവിച്ചിട്ടില്ല”- നോര്‍ത്തേന്‍ ആര്‍മി കമാന്‍ഡര്‍ ലഫ്. ജനറല്‍ ഡി.എസ് ഹൂഡ ഒരു പ്രസ്താവനയില്‍ വ്യക്തമാക്കി.

 

എന്നാല്‍ ഹനമന്തപ്പയുടെ നില അതീവ ഗുരുരതരമാണെന്നും ഉടന്‍ ഡല്‍ഹി ആര്‍മി ആശുപത്രിയില്‍ എത്തിക്കാനുള്ള ശ്രമത്തിലാണെന്നും സൈനിക വൃത്തങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്. “ഇന്നു രാവിലെ കാലാവസ്ഥ മെച്ചമാകുന്നതോടെ ആര്‍മി ബേസ് ക്യാമ്പില്‍ നിന്നുള്ള ഹെലികോപ്റ്ററുകള്‍ക്ക് ദുരന്തസ്ഥലത്തെത്താന്‍ കഴിയുമെന്നുമാണ് പ്രതീക്ഷയെന്നും ലഫ്. ജനറല്‍ ഹൂഡ പറഞ്ഞു. ഇനിയും അത്ഭുതം കാത്തിരിക്കുന്നുണ്ടെന്നു തന്നെയാണ് പ്രതീക്ഷ, ഞങ്ങളോടൊപ്പം പ്രാര്‍ഥിക്കുക”- അദ്ദേഹം പറഞ്ഞു.

 

മൈനസ് 25 ഡിഗ്രി സെല്‍ഷ്യസിനും 45 ഡിഗ്രി സെല്‍ഷ്യസിനും ഇടയിലാണ് ഇവിടുത്തെ താപനില. കൊടുംതണുപ്പിനൊപ്പം ശക്തമായ മഞ്ഞുകാറ്റും കുറഞ്ഞ വിസിബിലിറ്റിയും രക്ഷാപ്രവര്‍ത്തനത്തെ തടസപ്പെടുത്തുന്നുണ്ട്. അതിനൊപ്പം, കുടുതല്‍ ഹിമപാതമുണ്ടാവാനുള്ള സാധ്യതയയും തള്ളിക്കളയാനാവില്ല. പരിശീലനം നേടിയ നായ്ക്കളുടേയും ററഡാറുകളുടേയും സഹായത്തോടെ ദിശാനിര്‍ണയം നടത്തിയുള്ള രക്ഷാപ്രവര്‍ത്തനം ഇപ്പോഴും തുടരുകയാണ്.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍