UPDATES

ഇന്ത്യ

അതിര്‍ത്തിയില്‍ പട്ടാളക്കാര്‍ കാവല്‍ നില്‍ക്കുമ്പോള്‍ വീട്ടുകാര്‍ എവിടെ നില്‍ക്കുന്നു ?

പട്ടാളക്കാര്‍ അനുഭവിക്കുന്ന ത്യാഗവും കഷ്ടപ്പാടും അവരുടെ ബന്ധുക്കള്‍ അടങ്ങുന്ന രാജ്യത്തെ സാധാരണ ജനങ്ങളെ മോദി സര്‍ക്കാര്‍ പഠിപ്പിക്കുന്നത് ഇങ്ങനെയൊക്കെയാണ്.

അതിര്‍ത്തിയില്‍ പട്ടാളക്കാര്‍ കാവല്‍ നില്‍ക്കുമ്പോഴാണോ ഇത്തരം കാര്യങ്ങള്‍ പറയുന്നത് എന്ന് തുടങ്ങുന്ന സംഘപരിവാര്‍ അനുഭാവികളുടെ വാചകങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വലിയ തമാശയും പരിഹാസവും ഉണ്ടാക്കുന്നുണ്ട്. എന്തിനും ഏതിനും അതിര്‍ത്തിയിലെ പട്ടാളക്കാരെ വലിച്ചിഴയ്ക്കുന്നവര്‍, അതിര്‍ത്തിയില്‍ കാവല്‍ നില്‍ക്കുന്ന ഈ പട്ടാളക്കാരുടെ കുടുംബാംഗങ്ങളും ബന്ധുക്കളുമെല്ലാം എവിടെയാണ് നില്‍ക്കുന്നത് എന്നറിയണ്ടേ. അവരിപ്പോഴും ക്യൂവിലാണ്. പട്ടാളക്കാര്‍ മഞ്ഞത്തും കൊടുംതണുപ്പിലും രാജ്യത്തിന് കാവല്‍ നില്‍ക്കുമ്പോള്‍ അവരുടെ ബന്ധുക്കള്‍ പൊരിവെയിലത്ത് പണത്തിന് വേണ്ടി ബാങ്കുകള്‍ക്കും എടിഎമ്മുകള്‍ക്കും മുമ്പില്‍ ക്യൂവിലാണ്. അതിര്‍ത്തിയിലെ പട്ടാളക്കാര്‍ അനുഭവിക്കുന്ന ത്യാഗവും കഷ്ടപ്പാടും അവരുടെ ബന്ധുക്കള്‍ അടങ്ങുന്ന രാജ്യത്തെ സാധാരണ ജനങ്ങളെ മോദി സര്‍ക്കാര്‍ പഠിപ്പിക്കുന്നത് ഇങ്ങനെയൊക്കെയാണ്.

ജമ്മു കാശ്മീരിലെ സിയാച്ചിന്‍ ബേസ് ക്യാമ്പില്‍ നിയമിക്കപ്പെട്ട സൈനികനാണ് 29കാരനായ ഹവീല്‍ദാര്‍ ദിലീപ് സിംഗ്. ഡല്‍ഹി സ്വദേശിയായ ദിലീപ് സിംഗിന്‌റെ ശമ്പളം ഭാര്യയുമായി ചേര്‍ന്നുള്ള ജോയിന്‌റ് അക്കൗണ്ടിലാണ് വരുന്നത്. എന്നാല്‍ ബാങ്കില്‍ നിന്ന് പണമെടുക്കാന്‍ ദിലീപിന്‌റെ ഭാര്യ കഷ്ടപ്പെടുന്നു. മൂന്ന് തവണ ബാങ്കില്‍ പോയെങ്കിലും ആവശ്യത്തിനുള്ള പണം കിട്ടിയില്ല. ഹരിയാനയിലെ ഗുഡ്ഗാവിലെ ബാങ്കിലെ ക്യൂവില്‍ സ്ഥാനം നഷ്ടമായതിനെ തുടര്‍ന്ന് പൊട്ടിക്കരയുന്ന വൃദ്ധന്‌റെ ചിത്രം ദയനീയമായിരുന്നു. മുന്‍ സൈനികനായ നന്ദ് ലാലിന്‌റെ (78) ചിത്രമാണ് ഹിന്ദുസ്ഥാന്‍ ടൈംസ് ഫോട്ടോഗ്രാഫര്‍ പകര്‍ത്തിയത്.

ഈ അവസരത്തില്‍ ഓണ്‍ലൈന്‍ വാര്‍ത്താ പോര്‍ട്ടലായ സ്‌ക്രോള്‍, ജമ്മു കാശ്മിര്‍, മഹാരാഷ്ട്ര, ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍, ഹിമാചല്‍ പ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ നിയോഗിക്കപ്പെട്ടിരിക്കുന്ന സൈനികരുമായി സംസാരിച്ചു. പലരും അതിര്‍ത്തിയില്‍ പോസ്റ്റ ചെയ്യപ്പെട്ടിരിക്കുന്നവരാണ്. തങ്ങളുടെ ദൈനംദിന ആവശ്യങ്ങള്‍ക്ക് ബുദ്ധിമുട്ടില്ലെന്നും അതേ സമയം നാട്ടില്‍ കുടുംബാംഗങ്ങള്‍ ബുദ്ധിമുട്ടുകയാണെന്നും സൈനികര്‍ പറയുന്നു. കുടുംബത്തിന്‌റെ കാര്യം വരുമ്പോള്‍ തങ്ങള്‍ സിവിലിയന്മാര്‍ കൂടിയാവുന്നുണ്ടെന്നും ഇവര്‍ ഓര്‍മ്മിപ്പിക്കുന്നു.

ഒക്ടോബറില്‍ ഹവീല്‍ദാര്‍ പവന്‍കുമാര്‍ മഹാരാഷ്ട്രയിലേയ്ക്ക് സ്ഥലം മാറ്റപ്പെട്ടു. ഭാര്യയ്ക്ക് പണം നല്‍കുകയോ അല്ലെങ്കില്‍ സഹോദരന്‌റെ അക്കൗണ്ടില്‍ പണമിടുകയോ ആണ് പവന്‍കുമാര്‍ ചെയ്യുന്നത്. നോട്ട് അസാധുവാക്കല്‍ പ്രഖ്യാപനത്തിന് ഏതാനും ദിവങ്ങള്‍ക്ക് മുമ്പാണ് ഭാര്യയ്ക്ക് 39,000 രൂപ കയ്യില്‍ പണമായി പവന്‍ കുമാര്‍ കൊടുത്തത്. ഇതില്‍ 36000 രൂപ 500, 1000 അസാധു നോട്ടുകളായിരുന്നു. 8000 രൂപ മാത്രമേ നോട്ട് മാറ്റിയെടുക്കാനായുള്ളൂ. ബാക്കി തുക ബാങ്കില്‍ നിക്ഷേപിച്ചു. മകന്‌റെ സ്‌കൂള്‍ ഫീസ് കൊടുക്കാനടക്കം ബുദ്ധിമുട്ടി. അതേസമയം ആദ്യം ബുദ്ധമുട്ടുണ്ടായിരുന്നെങ്കിലും ഇപ്പോള്‍ നില മെച്ചപ്പെട്ടിട്ടുണ്ടെന്നാണ് ഹിമാചല്‍ പ്രദേശില്‍ പ്രവര്‍ത്തിക്കുന്ന നായിക് രാജീവ് പറയുന്നത്. കടകളില്‍ സൈ്വപ്പിംഗ് മെഷിന്‍ വന്ന് തുടങ്ങിയത് ആശ്വാസകരമാണെന്നും രാജീവ് പറയുന്നു. രാജ്യതാല്‍പര്യത്തിന് വേണ്ടി ബുദ്ധിമുട്ട് സഹിക്കാമെന്നാണ് രാജീവിന്‌റെ പക്ഷം.

എന്നാല്‍ മിക്ക സൈനികരും നോട്ട് നിരോധനം വലിയ ദുരിതമുണ്ടാക്കുന്നതായി തന്നെയാണ് പറയുന്നത്. ജനുവരിയോടെ കാര്യങ്ങള്‍ ശരിയാവുമെന്ന പ്രതീക്ഷ പ്രകടിപ്പിക്കുന്നുണ്ടെങ്കിലും അവശ്യ സാധനങ്ങള്‍ വാങ്ങാന്‍ കുടുംബം കഷ്ടപ്പെടുന്നുണ്ടെന്നാണ് നായിക് യോഗേന്ദ്ര പറയുന്നത്. ഹരിയാന സ്വദേശിയായ നായിക് മഹേന്ദര്‍ രാജസ്ഥാനിലാണ് നിയോഗിക്കപ്പെട്ടിരിക്കുന്നത്. എന്‌റെ കയ്യില്‍ 3000 രൂപയുടെ പഴയ നോട്ട് ഉണ്ടായിരുന്നത് മാറ്റിക്കിട്ടി. എന്നാല്‍ വീട്ടില്‍ ദൈംനംദിന ആവശ്യങ്ങള്‍ക്കുള്ള പണത്തിന് തന്നെ ബുദ്ധിമുട്ടാണ്. രണ്ട് തവണ ബാങ്കില്‍ പോയി ക്യൂ നിന്നെങ്കിലും ഭാര്യക്ക് പണം കി്ട്ടിയില്ലെന്നും മഹീന്ദര്‍ പറയുന്നു.

മുന്‍ സൈനികന്‍ ദര്‍ശന്‍ ധില്ലന്‍റെ ഫേസ്ബുക്ക് പോസ്റ്റ്‌ വൈറലായിരുന്നു. ഒരു ബാങ്ക് ക്യൂവില്‍ നില്‍ക്കുമ്പോഴുണ്ടായ അനുഭവമാണ് ദര്‍ശന്‍ ധില്ലന്‍ പങ്കുവച്ചത്. നോട്ട് നിരോധനം നടപ്പാക്കിയ രീതിയെ വിമര്‍ശിച്ച് സംസാരിച്ച തന്നെ പുറകില്‍ നിന്നിരുന്ന ഒരു മോദി ഭക്തന്‍ ഉപദേശിക്കാന്‍ തുടങ്ങി. അതിര്‍ത്തിയില്‍ പട്ടാളക്കാര്‍ 20 മണിക്കൂര്‍ കാവല്‍ നില്‍ക്കുമ്പോഴാണോ നിങ്ങള്‍ ഇത്തരം കാര്യങ്ങളില്‍ ആശങ്കപ്പെടുന്നതെന്ന് ചോദിച്ചു. 20 വര്‍ഷം അതിര്‍ത്തിയില്‍ ആ പണി ചെയ്തവനാണെന്നും അക്കൗണ്ടിലുള്ള പെന്‍ഷന്‍ കാശെടുക്കാനാണ് ഇവിടെ വന്ന് ക്യൂ നില്‍ക്കുന്നതെന്നും പറഞ്ഞപ്പോള്‍ മോദി ഭക്തന്‌റെ ദേശഭക്തി തീര്‍ന്നു. ക്യൂവില്‍ നിന്ന് മോദിക്ക് സര്‍ട്ടിഫിക്കറ്റ് കൊടുക്കുന്നതിന് പകരം ഒരു റാങ്ക് ഒരു പെന്‍ഷന്‍ നേടിയെടുക്കാനാണ് ശ്രമിക്കേണ്ടതെന്നും ഞാന്‍ പറഞ്ഞു – ദര്‍ശന്‍ ധില്ലന്‍ പറയുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍