UPDATES

വിദേശം

സൊമാലിയയിലെ ‘വിരല്‍ചൂണ്ടികള്‍’ പറയും എന്താണ് ആ രാജ്യമെന്ന്

Avatar

കെവിന്‍ സീഫ്
(വാഷിംഗ്ടണ്‍ പോസ്റ്റ്)

യുദ്ധഭൂമിയിലെ കുട്ടികളുടെ കഥകളായിരുന്നു വര്‍ഷങ്ങളോളം. അല്‍ക്വയ്ദ തീവ്രവാദികള്‍ ഈ രാജ്യത്തിന്റെ രക്തം ചീറ്റുന്ന യുദ്ധക്കളങ്ങളിലേക്ക് പരിശീലനം നല്കി റൈഫിളുകള്‍ കൊടുത്തയച്ച ചെറിയ ആണ്‍മക്കള്‍. പലരും സ്കൂളുകളിലും ഫുട്ബോള്‍ മൈതാനങ്ങളിലും നിന്ന് തട്ടിക്കൊണ്ടുപോകപ്പെട്ട് പൊരുതാന്‍ നിര്‍ബന്ധിതരായവര്‍.

ഇവരെ യുദ്ധഭൂമിയില്‍ നിന്ന് തിരിച്ചയക്കണമെന്ന് യുനൈറ്റഡ് നേഷന്‍സ് അപേക്ഷിച്ചു. കുട്ടികളെ കൊലപാതകങ്ങള്‍ നടത്താനും ബോംബുകള്‍ സ്ഥാപിക്കാനും ഉപയോഗിക്കുന്നതിനെതിരെ ഇസ്ലാമിക തീവ്രവാദികളെ അമേരിക്ക വിമര്‍ശിച്ചു.

എന്നാല്‍ ഈ ആണ്‍കുട്ടികള്‍ ഒടുവില്‍ ആയുധം വെടിഞ്ഞപ്പോള്‍- ചിലര്‍ അതിന്റെ മുറിവുകള്‍ പേറിയും ചിലര്‍ സന്തോഷത്തോടെയും- അവരെ കാത്തിരുന്നത് മറ്റൊരു അപകടകരമായ യുദ്ധദൌത്യമായിരുന്നു. ഇത്തവണ, കുട്ടികള്‍ പറയുന്നത് അവര്‍ സൊമാലി സര്‍ക്കാരിന് വേണ്ടി ജോലി ചെയ്യാന്‍ നിര്‍ബന്ധിതരായി എന്നാണ്. 

രാജ്യത്തിന്റെ ഇന്റലിജന്‍സ് ഏജന്‍സിയായ നിസ (നാഷണല്‍ ഇന്റലിജന്‍സ് ആന്‍ഡ്‌ സെക്യൂരിറ്റി ഏജന്‍സി)യ്ക്ക് വേണ്ടി ചാരപ്രവര്‍ത്തി ചെയ്യാനാണ് ഈ കുട്ടികളെ പിന്നീട് ഉപയോഗിച്ചത് എന്ന് കുട്ടികളുമായും സൊമാലി-യു എന്‍ ഉദ്യോഗസ്ഥരുമായും ഉള്ള അഭിമുഖങ്ങള്‍ വെളിപ്പെടുത്തുന്നു. അല്‍ ഷബാബ് തീവ്രവാദികള്‍ ഒളിവില്‍ താമസിക്കുന്ന ഇടങ്ങളില്‍ കൊണ്ടുപോയി മുന്‍കൂട്ടാളികളെ തിരിച്ചറിയാനാണ് കുട്ടികളെ പ്രധാനമായും ഉപയോഗിച്ചത്. ഇന്റലിജന്‍സ് ഉദ്യോഗസ്ഥരുടെ മുഖങ്ങള്‍ മറച്ചിരുന്നെങ്കിലും പത്തുവയസൊക്കെ മാത്രം പ്രായമുള്ള കുട്ടികളുടെ മുഖം മറച്ചിരുന്നില്ല എന്ന് കുട്ടികള്‍ പറയുന്നു. ഇവരില്‍ പലരും കൊല്ലപ്പെട്ടു. ഇതിലൊരാള്‍ കസ്റ്റഡിയില്‍ ഇരിക്കെ തൂങ്ങിമരിച്ചു.

സൊമാലി ഗവണ്‍മെന്‍റ് കുട്ടികളെ ഇത്തരത്തില്‍ ഉപയോഗിക്കുന്നത് മുന്‍പ് രേഖപ്പെടുത്തപ്പെട്ടിരുന്നില്ല. ഇത് അന്താരാഷ്ട്ര നിയമങ്ങളുടെ കടുത്ത ലംഘനമാണ്. അമേരിക്കന്‍ ഗവണ്‍മെന്‍റിന് നേരെ ഏറെ ബുദ്ധിമുട്ടുള്ള ചോദ്യങ്ങളാണ് ഇത് ഉയര്‍ത്തുന്നത്. സൊമാലി ഇന്റലിജന്‍സ് ഏജന്‍സിക്ക് സിഐഎയിലൂടെ വര്‍ഷങ്ങളായി സാമ്പത്തികസഹായം നല്‍കുന്നത് അമേരിക്കയാണ് എന്നാണു ഇപ്പോഴുള്ളതും മുന്‍പ് ജോലി ചെയ്തിരുന്നതുമായ യുഎസ് ഉദ്യോഗസ്ഥര്‍ സ്ഥിരീകരിക്കുന്നത്.

പ്രശ്നത്തില്‍ പ്രതികരിക്കാന്‍ സിഐഎ വക്താവ് വിസമ്മതിച്ചു. എന്നാല്‍ മുന്‍ കാലങ്ങളില്‍ അമേരിക്കന്‍ ഗവണ്‍മെന്‍റ്  സൊമാലി സെക്യൂരിറ്റി സംഘടനകളെ സംരക്ഷിച്ചിരുന്നു; ഇത്തരം അറിയപ്പെടുന്ന മനുഷ്യാവകാശലംഘനങ്ങള്‍ ഉണ്ടായിരുന്നെങ്കില്‍ കൂടിയും. അല്‍ ഷബാബ് പോലെയുള്ള തീവ്രവാദസംഘടനകളോട് പൊരുതേണ്ട ആവശ്യകതയാണ് അവര്‍ ന്യായീകരണമായി അവതരിപ്പിച്ചത്.

വിവരങ്ങള്‍ ശേഖരിക്കാനും ആളുകളെ തിരിച്ചറിയാനും ഒക്കെയാണ് ലോകത്തിലെതന്നെ ഏറ്റവും അപകടകരങ്ങളായ ഇടങ്ങളിലേയ്ക്ക് ഈ കുട്ടി ചാരന്മാരെ കൊണ്ടുപോയത്.

“ചിലപ്പോള്‍ അവര്‍ എന്നെ കാറില്‍ കൊണ്ടുപോയി, ചിലപ്പോള്‍ നടന്നും, എന്നിട്ട് ആരാണ് അല്‍ഷബാബ് എന്ന് പറയാന്‍ പറയും”, ഒരു പതിനഞ്ചുകാരന്‍ ഓര്‍ക്കുന്നു. “പേടിയാകും, കാരണം നിങ്ങള്‍ അവര്‍ക്ക് വേണ്ടി ജോലി ചെയ്യുന്നത് എല്ലാവരും കാണുകയല്ലേ?”

വാഷിംഗ്‌ടണ്‍ പോസ്റ്റ്‌ അഭിമുഖം ചെയ്ത എട്ടുകുട്ടികളില്‍ ഒരാളാണ് ഈ കൌമാരക്കാരന്‍. ഈ കുട്ടികള്‍ എല്ലാവരും ഒരു ദ്വിഭാഷി മുഖേന ഒറ്റയ്ക്കൊറ്റയ്ക്കാണ് സംസാരിച്ചത്. എന്നാല്‍ അവര്‍ക്കെല്ലാം പറയാനുണ്ടായിരുന്ന കഥകള്‍ ഒന്നുതന്നെയായിരുന്നു. അവര്‍ വര്‍ഷങ്ങളോളം ഇന്റലിജന്‍സ് ഏജന്റുമാരുടെ കസ്റ്റഡിയിലായിരുന്നുവെന്നും പലപ്പോഴും ആഴ്ചയില്‍ പല തവണ ഇത്തരം ദൌത്യങ്ങള്‍ക്ക് അവരെ കൂടെ കൂട്ടിയിരുന്നുവെന്നും കുട്ടികള്‍ പറയുന്നു. ഇടയ്ക്കൊക്കെ അവര്‍ നിസ യൂണിഫോം ധരിച്ചിരുന്നു. സഹകരിച്ചില്ലെങ്കില്‍ മര്‍ദ്ദനങ്ങള്‍ നേരിടേണ്ടിവരുമെന്ന ഭീഷണിയും ഉണ്ടായിരുന്നുവെന്ന് പല കുട്ടികളും പറയുന്നു. അവര്‍ എവിടെയാണ് എന്ന് അവരുടെ മാതാപിതാക്കള്‍ക്ക് അറിയുമായിരുന്നില്ല.

സൊമാലി ഇന്റലിജന്‍സ് ഏജന്റുമാര്‍ ഈ കുട്ടികളെ ‘ഫാര്‍-മുക്ക്’ അഥവാ ‘വിരല്‍ചൂണ്ടികള്‍’ എന്നാണു വിളിച്ചിരുന്നത്.

സൊമാലിയയുടെ സേന പണ്ടേ കുട്ടികളെ പടയാളികളായി ഉപയോഗിച്ചിരുന്നു. എന്നാല്‍ വര്‍ഷങ്ങളോളം ഈ വാര്‍ത്ത സ്ഥിരീകരിക്കാന്‍ യു എന്‍ മനുഷ്യാവകാശപ്രവര്‍ത്തകര്‍ക്ക് കഴിഞ്ഞിരുന്നില്ല. കഴിഞ്ഞ വര്ഷം മാത്രമാണ് കുട്ടികളെ പുതിയ ഒരു സ്ഥലത്തേക്ക് താമസം മാറ്റാന്‍ സൊമാലി അധികൃതരെ സമ്മതിപ്പിക്കാന്‍ യുഎന്നിന് കഴിഞ്ഞത്. ഇവിടെ ഇന്റലിജന്‍സ് ഏജന്റുമാര്‍ക്ക് കുട്ടികള്‍ അപ്രാപ്യരാണ്. അവിടെ വെച്ചാണ് വാഷിംഗ്ടണ്‍ പോസ്റ്റ്‌ കുട്ടികളെ അഭിമുഖം ചെയ്തത്.

കുട്ടികളെ ഇത്തരത്തില്‍ ഉപയോഗിച്ചുവെന്നത് സൊമാലിയയുടെ ഇന്റലിജന്‍സ് തലവന്‍ ഒരു അഭിമുഖത്തില്‍ നിഷേധിക്കുന്നുണ്ടെങ്കിലും ചില ഹൈ ലെവല്‍ കുട്ടിപ്പോരാളികള്‍ ഇപ്പോഴും കസ്റ്റഡിയിലുണ്ടെന്നും അവര്‍ക്ക് ഒരുപാട് വിവരങ്ങള്‍ അറിയുന്നതിനാല്‍ അവരെ മോചിപ്പിക്കുന്നത് അപകടകരമാണെന്നും സമ്മതിക്കുന്നു. ഈ കുട്ടികള്‍ സ്വമേധയ പലപ്പോഴും ദൌത്യങ്ങളില്‍ കൂടെ പോകാന്‍ തയ്യാറായെന്നും തുടര്‍ആക്രമണങ്ങള്‍ തടയാന്‍ ഏജന്റുമാരെ സഹായിച്ചുവെന്നും അദ്ദേഹം പറയുന്നു.

“ഒന്‍പത് വയസില്‍ അല്‍ ഷബാബില്‍ ചേരുന്ന ഒരു കുട്ടി പതിനാറു വയസാകുമ്പോള്‍ ഒരു സിംഹമായിരിക്കും,” നിസ മേധാവി ജനറല്‍ അബ്ദിര്‍ റഹ്മാന്‍ തുര്‍യാരെ പറയുന്നു. “അവര്‍ക്ക് ഒരാളെചൂണ്ടി “അയാള്‍ എന്റെ കൂടെ ഉണ്ടായിരുന്നയാളാണ്” എന്ന് പറയാനാകും.”

സൊമാലിയയുടെ ഇന്റലിജന്‍സ് ഏജന്‍സി ഇത്തരം കുട്ടികളെ മാസങ്ങളോളം സൂക്ഷിക്കും എന്ന് അദേഹം പറയുന്നു. എന്നാല്‍ എഴുപത്തിരണ്ടു മണിക്കൂറിനുള്ളില്‍ കുട്ടികളെ കൈമാറണം എന്നാണു 2014ല്‍ യൂണിസെഫുമായുള്ള കരാര്‍.

സൊമാലിയയിലെ സിഐഎയുടെ ഓപ്പറേഷനുകള്‍ എല്ലാം രഹസ്യമാണെങ്കിലും സൊമാലി ഉദ്യോഗസ്ഥര്‍ സ്ഥിരീകരിക്കുന്നത് ഈ രണ്ടു സംഘടനകളും ചേര്‍ന്നാണ് പ്രവര്‍ത്തിക്കുന്നത് എന്നാണ്.

“സിഐഎയുടെ അറിവില്ലാത്ത ഒന്നും നിസ ചെയ്യുന്നില്ല”, ഒരു മുതിര്‍ന്ന സൊമാലി ഉദ്യോഗസ്ഥന്‍ പറയുന്നു. തന്റെ പേര് വെളിപ്പെടുത്തില്ല എന്ന ഉറപ്പിന്മേലാണ് അദ്ദേഹം ഇത് പറഞ്ഞത്.

സൊമാലിയയുടെ ഇരുപത്തഞ്ചുവര്ഷം നീണ്ട ആഭ്യന്തരയുദ്ധത്തില്‍ പല വിമത സംഘങ്ങളും ഗോത്രങ്ങളും ഇസ്ലാമികസംഘടനകളും ഉണ്ടായി, ലക്ഷക്കണക്കിന്‌ ആളുകള്‍ മരിച്ചു, യുദ്ധഭൂമിയില്‍ നിന്നു നിരവധി കുട്ടികളെ കിട്ടി. 

രാജ്യത്തിന്റെ സേന കാലങ്ങളായി കുട്ടികളെ യുദ്ധത്തില്‍ ചേര്‍ക്കുന്നുണ്ട്. 2015ല്‍ യൂണിസെഫ് സൊമാലി സേനയിലെ മുന്നൂറോളം കുട്ടികളുടെ വിവരങ്ങളാണ് രേഖപ്പെടുത്തിയത്. ഈ പ്രക്രിയ സ്വാഭാവികമായി അമേരിക്കയുടെ സൈനിക സഹായം പിന്‍വലിക്കാന്‍ കാരണമാകേണ്ടതാണ്. എന്നാല്‍ ദേശീയ സുരക്ഷാകാരണങ്ങള്‍ നിമിത്തം പ്രസിഡന്റ്റ് ഒബാമ ഇതിനു ഇളവ് നല്‍കി.

രാജ്യത്തെ ഒരു ഇസ്ലാമിക രാജ്യമാക്കാന്‍ ലക്ഷ്യമിടുന്ന അല്‍ ഷബാബ് ഇതേ പോലെ കുട്ടികളെ പോരിനു ചേര്‍ക്കുന്നതില്‍ കുപ്രസിദ്ധരാണ്. സൊമാലിയയുടെ പല ഭാഗങ്ങളിലും ഇവര്‍ സ്കൂള്‍ ക്ലാസ് മുറികള്‍ കയ്യേറി നൂറുകണക്കിന് കുട്ടികളെ തട്ടിയെടുത്ത് പരിശീലനക്യാമ്പുകളില്‍ എത്തിച്ചിട്ടുണ്ട്.

കുട്ടിപ്പോരാളികള്‍ സൊമാലിയന്‍ സമൂഹത്തില്‍ തിരികെയെത്തേണ്ടതിന്റെ പ്രാധാന്യം തിരിച്ചറിഞ്ഞ അന്താരാഷ്‌ട്രസമൂഹം ഇത്തരത്തില്‍ കുട്ടികളെ തിരികെഎത്തിക്കാന്‍ ഒരു പ്രോഗ്രാം ആരംഭിച്ചു. 2012ല്‍ സര്‍ക്കാര്‍ പ്രായപൂര്‍ത്തിയാകാത്ത മുന്‍ പോരാളികള്‍ക്ക് സൈക്കോളജിക്കല്‍ സഹായവും വിദ്യാഭ്യാസത്തിന് അവസരവും നല്‍കുമെന്ന് പ്രഖ്യാപിച്ചിരുന്നു.

എന്നാല്‍ അഭിമുഖം നടത്തിയ കുട്ടികള്‍ പറയുന്നത് വെച്ച് നോക്കിയാല്‍ അവര്‍ ചേര്‍ന്നത് പൊതുസമൂഹത്തിലേക്ക് തിരികെപോകാനുള്ള ഒരു പദ്ധതിയിലല്ല. അവരെ അമ്പരപ്പിച്ചുകൊണ്ട് ഈ കൌമാരക്കാര്‍ വിവരങ്ങള്‍ ശേഖരിക്കുന്ന ജോലിയില്‍ ഏര്‍പ്പെടാനാണ് ഉപയോഗിക്കപ്പെട്ടത്.

“ഞങ്ങള്‍ ചെറുപ്പമായാതുകൊണ്ട് ഞങ്ങളെ നിയന്ത്രിക്കാന്‍ എളുപ്പമാണെന്ന് അവര്‍ കരുതിയിരിക്കണം”, കുട്ടിത്തം മാറാത്ത ഒരു പതിനഞ്ചുകാരന്‍ പറഞ്ഞു. അവനെ യാരിസോ അഥവാ കുള്ളന്‍ എന്നാണു കളിയായി വിളിക്കുക.

ഇത്തരം കുട്ടികള്‍ സൊമാലി സെക്യൂരിറ്റി ഓപ്പറേഷനുകളില്‍ ഒരു സ്ഥിരസാന്നിധ്യമാക്കാന്‍ തുടങ്ങിയപ്പോഴാണ് ലോക്കല്‍ മനുഷ്യാവകാശസംഘങ്ങള്‍ “ആരാണ് നിസയോടൊപ്പമുള്ള ഈ കുട്ടികള്‍?” എന്ന് തിരക്കാന്‍ തുടങ്ങിയത്.

2015ന്റെ അന്ത്യത്തില്‍ യുനൈറ്റഡ് നേഷന്‍സിന്റെ വര്‍ഷങ്ങള്‍ നീണ്ട സമ്മര്‍ദ്ദത്തിനോടുവില്‍ ഈ കുട്ടികളെ സര്‍ക്കാര്‍ നടത്തുന്ന ഒരു ജുവനൈല്‍ റിഹാബിലിറ്റേഷന്‍ സെന്ററില്‍ എത്തിച്ചു. യൂണിസെഫ് ഫണ്ടിംഗ് ഉള്ള ഒരു സംഘടനയാണ് ഇത് നടത്തുന്നത്. ഇവിടെ മുപ്പത്തിമൂന്നു കുട്ടികളുണ്ട്. മറ്റു മുപ്പത്തൊന്നു കുട്ടികള്‍ അവരുടെ സമൂഹത്തിലേക്ക് തിരികെ പോയി.

എന്നാല്‍ കുട്ടികളെ ഇത്തരത്തില്‍ ചാരപ്രവര്ത്തിക്ക് ഇപ്പോഴും ഉപയോഗിക്കുന്നുണ്ട് എന്ന് ഇപ്പോഴും സംശയങ്ങള്‍ നിലനില്‍ക്കുന്നു.

നൂറുകണക്കിന് കുട്ടികള്‍ ഇപ്പോഴും നിസയുടെ കൈവശം ഉണ്ടെന്നു ഒരു സൊമാലി ഉദ്യോഗസ്ഥന്‍ സ്ഥിരീകരിക്കുന്നുണ്ട്. പേര് വെളിപ്പെടുത്തരുത് എന്ന നിബന്ധനയിലാണ് അദ്ദേഹം സംസാരിച്ചത്.

പല റിലീഫ് ജോലിക്കാരും സ്ഥിരീകരിക്കുന്നത് മധ്യസൊമാലിയയിലെ ഗാള്‍കയോയില്‍ മുപ്പതോളം മുന്‍ കുട്ടിപ്പടയാളികളെ ഒരു ഒറ്റമുറി കെട്ടിടത്തില്‍ സൂക്ഷിക്കുന്നുവെന്നും അവരെ നിസ ചോദ്യം ചെയ്യുന്നുവെന്നുമാണ്.

പതിനഞ്ചു വയസില്‍ താഴെയുള്ള കുട്ടികളെ യുദ്ധത്തില്‍ ഉപയോഗിക്കുന്നത് ഇന്റര്‍നാഷണല്‍ ക്രിമിനല്‍ കൊടതി മുന്‍പാകെ ഒരു യുദ്ധക്കുറ്റമാണ്. പോസ്റ്റ്‌ അഭിമുഖം ചെയ്ത മിക്ക കുട്ടിപ്പടയാളികളും പറയുന്നത് പതിനഞ്ചുവയസിനു മുന്‍പ് അവര്‍ നിസയുടെ വിവരം ചോര്‍ത്തുന്നയാളായി ജോലി ചെയ്തുവെന്നാണ്.

എന്നാല്‍ ഇന്റലിജന്‍സ് ചീഫ് തുര്‍യാരെ ഇത്തരം സന്ദേഹങ്ങള്‍ എല്ലാം തള്ളിക്കളയുന്നു.

“ഞങ്ങള്‍ പറയുന്നതും യൂണിസെഫ് പറയുന്നതും രണ്ടുകാര്യങ്ങളാണ്”, അദ്ദേഹം പറയുന്നു.

ചില ഉദ്യോഗസ്ഥര്‍ പറയുന്നത് സൊമാലിയയില്‍ കുട്ടിപ്പോരാളി- മുതിര്‍ന്ന പോരാളി എന്നതിലെ വ്യത്യാസം പാശ്ചാത്യരാജ്യങ്ങളിലും സൊമാലിയയിലും രണ്ടാണ് എന്നാണു. ഉദാഹരണത്തിന്, സൊമാലിയയിലെ പുന്റ്റ്ലാന്‍ഡില്‍ പതിനാലു കഴിഞ്ഞ ആരും മുതിര്‍ന്നയാളായാണ് കണക്കാക്കപ്പെടുന്നത്.

“ഇവിടെ നാം പ്രായമല്ല, ശരീരമാണ് കണക്കാക്കുന്നത്”, സോമാലിയയുടെ പോലീസ് കമ്മീഷണറും മുന്‍ ഇന്റലിജന്‍സ് തലവനുമായ മേജര്‍ ജനറല്‍ മൊഹമ്മദ്‌ ഷെയ്ക്ക് ഹമുദ് പറയുന്നു.

കുട്ടിച്ചാരന്‍മാരെ ഉപയോഗിക്കുന്നതിനെപ്പറ്റി സംസാരിക്കാന്‍ സൊമാലിയയിലെ യുഎന്‍ അധികൃതര്‍ വിസമ്മതിച്ചു. എന്നാല്‍ യു എന്‍ സെക്രട്ടറി ജനറലിന്റെ ന്യൂയോര്‍ക്കിലെ പ്രത്യേക പ്രതിനിധി ലൈല സരോഗി പറയുന്നത് ഒരു ചാരനാകുന്നത് “കുട്ടികളുടെ ജീവന്‍ അപകടത്തിലാക്കുന്നുവെന്നും അവര്‍ക്ക് ചെയ്യാവുന്നതില്‍ ഏറ്റവും അപകടകരമായ കാര്യങ്ങളില്‍ ഒന്നാണ് അതെന്നുമാണ്.”

ചാരന്മാരായി പ്രവര്‍ത്തിച്ച കാലത്ത് എന്നാണു തങ്ങള്‍ക്ക് മോചനം ലഭിക്കുക എന്ന് സൊമാലി ഏജന്റുമാര്‍ പറഞ്ഞിരുന്നില്ല എന്ന് കുട്ടികള്‍ പറയുന്നു.

“ഞങ്ങളുടെ ജീവിതകാലം മുഴുവന്‍ ഇനി ഞങ്ങള്‍ നിസയ്ക്ക് വേണ്ടി ജോലി ചെയ്യും എന്നാണു ഞങ്ങള്‍ കരുതിയത്”, ഒരു പതിനാറുകാരന്‍ പറയുന്നു. മറ്റു കൌമാരക്കാരെപ്പോലെ അവനും സുരക്ഷാകാരണങ്ങള്‍ കൊണ്ട് പേര് വിവരങ്ങള്‍ വെളിപ്പെടുത്തിയില്ല. തന്റെ വിളിപ്പേരായ ഹനാദ് എന്നത് മാത്രം അവന്‍ പറഞ്ഞു.

അബ്ദുള്ള എന്ന മറ്റൊരു കുട്ടി പറഞ്ഞത് അല്‍ ഷബാബില്‍ ചേര്‍ന്നപ്പോള്‍ അവനു പതിമൂന്നുവയസായിരുന്നു എന്നാണു. അപ്പോഴേയ്ക്കും അവന്റെ സോമാലിയന്‍ ടൌണിലെ എല്ലാ സഹപാഠികളും ചേര്‍ന്നുകഴിഞ്ഞിരുന്നു. സംഘത്തിലെ ആളുകള്‍ തീവ്രവാദികളാണ് എന്നൊന്നും അവനു തോന്നിയില്ല. എതിര്‍ സംഘങ്ങളില്‍ നിന്ന് സംരക്ഷണം ഒക്കെ അവര്‍ വാഗ്ദാനം ചെയ്തുവെന്ന് അവന്‍ പറയുന്നു.

രണ്ടുവര്ഷം അല്‍ ഷബാബില്‍ പൊരുതിയ ശേഷം അബ്ദുള്ളയ്ക്ക് മതിയായി. അവന്‍ ഒരു അമ്മാവനെ വിളിച്ച് താന്‍ കീഴടങ്ങാന്‍ തയ്യാറാണ് എന്ന് അറിയിച്ചു. അമ്മാവനാണ് ഇന്റലിജന്‍സ് ഏജന്റുമാരെക്കൊണ്ട് അവനെ രക്ഷിച്ചത്. കുറച്ച് ദിവസം ചോദ്യം ചെയ്തശേഷം വിട്ടയക്കും എന്നാണു അബ്ദുള്ള കരുതിയത്.

എന്നാല്‍ ഏജന്റുമാര്‍ അവനെ രണ്ടു വര്‍ഷത്തിലേറെ കൂടെ നിറുത്തി.

ചിലപ്പോള്‍ അവര്‍ അവനെ ഒരു പ്രദേശത്ത് കൊണ്ടുപോയി കുറച്ചടി അവനു പിറകിലായി പിന്തുടരും. അറസ്റ്റ് ചെയ്യാവുന്ന ആരെയെങ്കിലും കണ്ടാല്‍ അവന്‍ കൈകൊണ്ട് ആംഗ്യം കാണിക്കും.

“ഇത്തരം യാത്രകളില്‍ അല്‍ഷബാബില്‍ ഉള്ള പല സുഹൃത്തുക്കളെയും കുടുംബാംഗങ്ങളെയും ഞാന്‍ കണ്ടു. അവരെ തിരഞ്ഞുകൊടുത്താല്‍ അവരും എന്റെ അവസ്ഥയിലാകും എന്ന് ഞാന്‍ കരുതി.” അബ്ദുള്ള പറയുന്നു. “പലപ്പോഴും ഞാന്‍ ഒന്നും പറഞ്ഞില്ല. ഇവിടെ ആരുമില്ല എന്ന് ഞാന്‍ ഏജന്റുമാരോട് പറഞ്ഞു.”

ഇത്തരം ദൌത്യങ്ങളില്‍ ഏജന്റുമാര്‍ കണ്ടെത്തുന്ന ഓരോ ആള്‍ക്കും രണ്ടു ഡോളര്‍ അബ്ദുള്ളയ്ക്ക് പ്രതിഫലം നല്‍കി.

ചിലപ്പോഴോക്കെ ആയുധങ്ങള്‍ ഒളിപ്പിച്ച സ്ഥലത്തെപ്പറ്റിയും മറ്റും യഥാര്‍ത്ഥ വിവരങ്ങള്‍ ഏജന്റുമാര്‍ക്ക് നല്‍കിയെന്നും ചിലപ്പോള്‍ വെറുതെ ഓരോന്ന് പറഞ്ഞുവെന്നും മറ്റുകുട്ടികള്‍ പറയുന്നു.

“അവര്‍ കേള്‍ക്കാന്‍ ആഗ്രഹിക്കുന്നത് ഞാന്‍ അവരോടു പറഞ്ഞു”, സലാം എന്നാ പതിനേഴുകാരന്‍ പറയുന്നു. “അങ്ങനെ ചെയ്‌താല്‍ വേഗം സ്വതന്ത്രനാകാം എന്നാണു ഞാന്‍ കരുതിയത്.”

ചിലപ്പോഴൊക്കെ പ്രതികളെ സ്ഥിരീകരിക്കാന്‍ ചില കുട്ടികളെ പട്ടാളക്കോടതിയില്‍ കൊണ്ടുപോയി എന്ന് കുട്ടികള്‍ പറയുന്നു. പലരും നാല് വര്‍ഷത്തോളം നിസയുടെ കസ്റ്റഡിയിലായിരുന്നു.

ഈയടുത്തകാലത്ത് സൊമാലി ഇന്റലിജന്‍സ് ഏജന്റുമാരുടെയൊപ്പം കുട്ടികളെ കണ്ടതായുള്ള റിപ്പോര്‍ട്ടുകള്‍ യുഎന്‍ ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ചു. എന്നാല്‍ കുട്ടികളെ കണ്ടെത്തല്‍ ബുദ്ധിമുട്ടായിരുന്നു. രണ്ടായിരത്തിപന്ത്രണ്ടില്‍ ഒരു സംഘം യുഎന്‍ ഉദ്യോഗസ്ഥര്‍ക്ക് കുട്ടികള്‍ താമസിക്കുന്ന സ്ഥലം സന്ദര്‍ശിക്കാനായി.

“എന്നാല്‍ ഞങ്ങള്‍ എത്തിയിട്ടും നിസ ഞങ്ങളെ കയറ്റിവിടില്ലായിരുന്നു. അവര്‍ കാരണമൊന്നും വെളിപ്പെടുത്തിയില്ല. ഞങ്ങള്‍ക്ക് വേലിക്കുള്ളില്‍ കുട്ടികളെ കാണാമായിരുന്നുവെങ്കിലും അവരോടു സംസാരിക്കാന്‍ കഴിഞ്ഞില്ല.” പേര് വെളിപ്പെടുത്തില്ല എന്ന ഉറപ്പിന്മേല്‍ ഒരു ആഫ്രിക്കന്‍ രാജ്യത്ത് നിന്നുള്ള പട്ടാള ഉദ്യോഗസ്ഥന്‍ പറഞ്ഞു.

മൂന്നു വര്ഷം കൂടി കഴിഞ്ഞാണ് കുട്ടികളെ എല്മാന്‍ സെന്റര്‍ എന്ന രണ്ടുനില കെട്ടിടത്തിലേയ്ക്ക് മാറ്റിയത്. ഇവിടെ അവര്‍ എഴുത്തും വായനയും കുറച്ച് കമ്പ്യൂട്ടറും അല്‍പ്പം ഇംഗ്ലീഷും പഠിച്ചു.

ഈയടുത്ത് ഒരു ദിവസം കുട്ടികള്‍ അവിടെ ബോര്‍ഡില്‍ എഴുതിയ കമ്പ്യൂട്ടര്‍ ഫങ്ങ്ഷനുകള്‍ പഠിക്കുകയാണ്.

“ഒരു ഫയല്‍ തുറക്കുക”, പഠിപ്പിക്കുന്നയാള്‍ എഴുതിയിട്ടുണ്ട്. “ഫയല്‍ സേവ് ചെയ്യുക”

“നമുക്ക് ഇനിയും ഒരുപാട് ദൂരം പോകാനുണ്ട്. എന്നാല്‍ ഈ കുട്ടികളെ പുനരധിവസിപ്പിക്കാനുള്ള തീരുമാനം ശരിയായ ദിശയിലാണ്”, ഈ സെന്ററിന്റെ മേധാവിയായ ഇല്‍വാദ് എല്മാന്‍ പറയുന്നു. തൊണ്ണൂറ്റിയാറില്‍ കൊല്ലപ്പെട്ട എല്മാന്‍ അലി അഹമ്മദ് എന്ന മനുഷ്യാവകാശപ്രവര്‍ത്തകന്റെ മകളാണ് അവര്‍. അദ്ദേഹത്തിന്റെ പേരിലാണ് ഈ സെന്റര്‍.

2008ല്‍ യുഎസ് കോണ്ഗ്രസ് ചൈല്‍ഡ് സോള്‍ജ്യേര്സ് പ്രിവന്‍ഷന്‍ ആക്റ്റ് പാസാക്കി. കുട്ടിപ്പോരാളികളെ ഉപയോഗിക്കുന്ന രാജ്യങ്ങള്‍ക്ക് പട്ടാളസഹായം നല്‍കുന്നത് നിര്‍ത്താനായിരുന്നു ഈ നിയമം. സൊമാലി സേനയുടെ പ്രവര്‍ത്തികള്‍ അറിഞ്ഞിരുന്നെങ്കിലും അതിനു ഒരു രാജ്യതാല്‍പ്പര്യ ഇളവ് ലഭിക്കുകയാണ് ഉണ്ടായത്. ഈ വര്‍ഷവും 330 മില്യന്‍ ഡോളര്‍ അമേരിക്ക സൊമാലിയയ്ക്ക് നല്‍കി. ഇതേ രീതിയില്‍ ആനുകൂല്യം ലഭിച്ച കുട്ടിക്കുറ്റവാളികളെ ഉപയോഗിക്കുന്ന മൂന്നു രാജ്യങ്ങള്‍ നൈജീരിയ, സൌത്ത് സുഡാന്‍, കോംഗോ എന്നിവയാണ്.

പ്രശ്നത്തിന്റെ ഗൌരവം കണക്കിലെടുത്ത് ഒരു സ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് പ്രതിനിധി പേര് വെളിപ്പെടുത്താതെ പറഞ്ഞത് സൊമാലിയയ്ക്ക് അവരുടെ സേനയെയും പോലീസിനെയും വികസിപ്പിച്ച് സ്ഥിരത നേടാന്‍ സഹായകമാകാനായാണ് ഈ ഇളവ് നല്‍കിയത് എന്നാണ്. “കൂടുതല്‍ പുരോഗതി വെണമെങ്കിലും സൊമാലിയന്‍ സര്‍ക്കാര്‍ കുട്ടികളെ പട്ടാളത്തില്‍ നിന്ന് ഒഴിവാക്കാനുള്ള പ്രാരംഭ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്”, ഇദ്ദേഹം പറയുന്നു.

കഴിഞ്ഞ വര്‍ഷം സെനറ്റര്‍ റോണ്‍ വൈഡന്‍ എഴുതിയ കത്തില്‍ സിഐഎ മേധാവി ജോണ് ബ്രെണ്ണന്‍ മനുഷ്യാവകാശലംഘനം നടത്തുന്ന വിദേശപങ്കാളികളോട് എങ്ങനെ പ്രതികരിക്കണം എന്ന് ചോദിക്കുന്നുണ്ട്.

“ഇത്തരം ലംഘനങ്ങള്‍ നടന്നു എന്നറിയുമ്പോള്‍ നാം സ്ഥിതിഗതികള്‍ വളരെ കണിശമായി വിലയിരുത്തി സഖ്യകക്ഷിയുമായി ചേര്‍ന്ന് നടപടിയെടുക്കണം” ബ്രെണ്ണന്‍ എഴുതി. ഈ ബന്ധം തുടര്‍ന്നാല്‍ സിഐഎ മനുഷ്യാവകാശ പരിശീലനം അവര്‍ക്ക് നല്‍കുകയും തുടര്‍ മനുഷ്യാവകാശലംഘനങ്ങള്‍ ഒഴിവാക്കുകയും ചെയ്യണം എന്നാണ് അദ്ദേഹം തുടരുന്നത്.

അല്‍ക്വൈദ പോലുള്ള സംഘങ്ങളെ കീഴടക്കാനായി അമേരിക്കയും മറ്റുള്ളവരും മനുഷ്യാവകാശലംഘനങ്ങള്‍ അവഗണിച്ചു എന്നാണ് പറയാനാവുക.

ലയെടിട്ടിയ ബാദര്‍ എന്ന ഹ്യൂമന്‍ റൈറ്റ്സ് വാച്ച് സൊമാലിയ ഗവേഷക പറയുന്നത് ഒബാമയുടെയും അമേരിക്കയുടെയും ഈ തീരുമാനം “സൊമാലി സേനയിലേക്ക് മാത്രമല്ല എല്ലാ സൊമാലി സുരക്ഷാസംഘടനകളിലേക്കും തെറ്റായ സന്ദേശം അയക്കുന്നു. കുട്ടികളെ തുടര്‍ന്നും ഉപയോഗിക്കുന്നതില്‍ പ്രശ്നമില്ല എന്നാണു അമേരിക്ക കരുതുന്നത് എന്നാണു അവര്‍ക്ക് മനസിലാവുക” എന്നാണ്.

എല്മാന്‍ സെന്ററില്‍ നിന്ന് പുറത്തിറങ്ങാന്‍ കഴിയുന്നത് കാത്തിരിക്കുകയാണ് മുന്‍ കുട്ടിപ്പോരാളികള്‍. ഇനി എന്താണ് ഉണ്ടാവുക എന്നും അവര്‍ക്ക് ധാരണയുണ്ട്.

“നിങ്ങള്‍ ഒരു ചാരനായി മാറിയാല്‍ പിന്നെ നിങ്ങള്‍ക്കായി ഒന്നുമില്ല. നിങ്ങള്‍ എവിടെ പോകും?” ഒരു പതിനേഴുകാരന്‍ ചോദിക്കുന്നു. പതിനാലു വയസു മുതല്‍ അവന്‍ ഇന്റലിജന്‍സ് ഏജന്‍സിക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നു.

തിരിച്ചുപോയ ഒരു കുട്ടി സ്വന്തം നാട്ടിലെ തീവ്രവാദികള്‍ ആക്രമിച്ചതിനെ തുടര്‍ന്ന് എല്മാന്‍ സെന്ററില്‍ തിരിച്ചുവന്നു.

“ചാരപ്രവര്‍ത്തി ചെയ്തതുകൊണ്ട് പല കുട്ടികളും വലിയ അപകടത്തിലാണ്. അവരെയും കുടുംബത്തെയും ഞങ്ങള്‍ക്ക് മാറ്റിത്താമസിപ്പിക്കേണ്ടിവന്നു”, എല്മാന്‍ പറയുന്നു.

ഭാവിയെപ്പറ്റി ചിന്തിക്കുമ്പോള്‍ തങ്ങള്‍ ചാരന്മാരായി ജോലി ചെയ്തപ്പോള്‍ ആളുകളുടെ പെരുമാറ്റമാണ് അവര്‍ ഓര്‍ക്കുക.

“നിങ്ങള്‍ക്ക് വെറുപ്പ് അറിയാനാകും. ഓരോ ആള്‍ക്കും നിങ്ങളോട് ഉള്ളത് പ്രതികാരമാണ്. എന്നാല്‍ നിങ്ങള്‍ക്ക് വേറെ വഴിയില്ല”, ഒരു പതിനേഴുകാരന്‍ പറയുന്നു.

അവന്റെ മാതാപിതാക്കള്‍ തീവ്രവാദികള്‍ നിയന്ത്രിക്കുന്ന ഒരു പ്രദേശത്താണ് ജീവിക്കുന്നത്.

“എനിക്ക് സൊമാലിയയില്‍ ഒരു ഭാവിയില്ല.” അവന്‍ പറയുന്നു. അല്‍ ഷബാബ് ഉള്ളപ്പോള്‍ എനിക്ക് ഈ രാജ്യത്ത് ജീവിക്കാനാകും എന്ന് ഞാന്‍ കരുതുന്നില്ല.”

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍