UPDATES

ന്യൂസ് അപ്ഡേറ്റ്സ്

സൊമാലിയ: പുറത്തുചാടിയത് മോദിയുടെയും ഉമ്മന്‍ ചാണ്ടിയുടെയും വംശീയവിദ്വേഷം

എം എ ബേബി

ലോകത്തിന്‍റെ മുന്നില്‍ ഇന്ത്യയുടെ പ്രതീകമാണ് പ്രധാനമന്ത്രി, അത് നരേന്ദ്ര മോദി ആയാല്‍ പോലും. 

കേരളം സൊമാലിയ പോലെ എന്ന് മോദി പറയുന്നതില്‍ കേരളീയരെ ആക്ഷേപിക്കല്‍ മാത്രമല്ല ഉള്ളത്. സൊമാലിയയിലെ കറുത്ത മനുഷ്യരോടുള്ള വംശീയ പുച്ഛവും വര്‍ണവെറിയും അവരുടെ ദാരിദ്ര്യത്തോടുള്ള അവഹേളനവുമാണ് പ്രധാനമന്ത്രിയുടെ വാക്കുകളില്‍ നിറഞ്ഞു നില്ക്കുന്നത്. മറ്റൊരു രാജ്യത്തെ വംശീയമായി അധിക്ഷേപിക്കുന്നത് ഒരു പ്രധാനമന്ത്രിക്ക് ചേര്‍ന്നതല്ല, ലോകനേതാവാകാന്‍ പണം ചെലവാക്കി നടക്കുന്ന മോദിയുടെ തനിനിറം വെളിയിലാവുന്നത് ഇതുപോലുള്ള അവസരങ്ങളിലാണ്. വംശീയ വിദ്വേഷമാണ് മോദിയുടെ അടിസ്ഥാന രാഷ്ട്രീയം. അതിങ്ങനെ പുറത്തുചാടുകയാണ്.

കേരള മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കും ഇത് കേരളത്തോടുള്ള അപമാനമായേ തോന്നിയുള്ളു. വംശീയവിദ്വേഷം തെറ്റാണെന്ന് അദ്ദേഹത്തിന് തോന്നിയില്ല. ജവഹര്‍ലാല്‍ നെഹ്റു പ്രവര്‍ത്തിച്ചിരുന്ന പാര്‍ടിയുടെ നേതാവാണദ്ദേഹം എന്നു മാത്രം ഓര്‍മിപ്പിക്കുന്നു.ഉമ്മന്‍ ചാണ്ടിയില്‍ നിന്ന് ഒരു ലോകരാഷ്ട്രീയ വീക്ഷണം പ്രതീക്ഷിക്കാന്‍ മാത്രം മണ്ടനാണോ എന്ന് നിങ്ങള്‍ എന്നോട് ചോദിക്കരുത്, കേരള മുഖ്യമന്ത്രി ആണദ്ദേഹം. ഇത്തരം രാഷ്ട്രീയം മനസ്സിലാക്കാതെ സംസാരിച്ച് കേരളത്തിലെ മനുഷ്യരിലും വംശീയവിദ്വേഷത്തിന്‍റെ ആശയങ്ങള്‍ പടര്‍ത്താതിരിക്കാന്‍ അദ്ദേഹത്തിനുത്തരവാദിത്തമുണ്ട്. കേരളത്തിലെ സവര്‍ണ രാഷ്ട്രീയമുന്നണിയുടെ ഏര്‍പ്പാടുകാരനാണ് എന്നും ഉമ്മന്‍ ചാണ്ടി. അതിങ്ങനെ പുറത്തുചാടുകയാണ്.

പക്ഷേ, മുഖ്യമന്ത്രി ഇന്നു ചെയ്ത ഏറ്റവും വലിയ കുറ്റകൃത്യം അതല്ല. കണ്ണൂര് പേരാവൂരിലെ എച്ചില്‍ക്കൂനയില്‍ നിന്ന് ഭക്ഷണം എടുത്ത് കഴിക്കുന്ന ആദിവാസി കുട്ടികളുടെ ചിത്രത്തെക്കുറിച്ച് പറഞ്ഞാണ് പ്രധാനമന്ത്രി സൊമാലിയ പരാമര്‍ശം നടത്തിയത്. ആ കുട്ടികളുടെ സ്വഭാവം ശരിയല്ല എന്നു പറഞ്ഞ് തന്‍റെ സംസ്ഥാനത്തെ ആദിവാസി കുട്ടികളെ ആക്ഷേപിക്കുകയാണ് ഉമ്മന്‍ ചാണ്ടി ചെയ്തിരിക്കുന്നത്. ഈ കുട്ടികളെക്കുറിച്ച് പ്രധാനമന്ത്രിക്ക് എഴുതിയ കത്തില്‍ ഉമ്മന്‍ ചാണ്ടി പറയുന്നു, “സ്കൂളില്‍ പോകാന്‍ മടിയുള്ളവരും സമീപവീടുകളിലും തോട്ടങ്ങളിലും മറ്റും അതിക്രമിച്ചു കയറി എന്ന പരാതി നേരിടുന്നവരുമാണ് ആ കുട്ടികള്‍,” ദരിദ്രരായ ആദിവാസി ബാലന്മാരെ മോഷ്ടാക്കളെന്നു വിളിച്ച് ആക്ഷേപിക്കുകയാണ് ഉമ്മന്‍ ചാണ്ടി. ആദിവാസികളെ അധിക്ഷേപിക്കുന്നതിനെതിരായ നിയമപ്രകാരം ഉമ്മന്‍ ചാണ്ടിക്കെതിരെ കേസെടുക്കേണ്ടതാണ്. ഉമ്മന്‍ ചാണ്ടിയുടെ വംശീയവിദ്വേഷം മുഴുവന്‍ പുറത്തുചാടുകയാണിവിടെ.

(എം എ ബേബി ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തതാണ് ഈ കുറിപ്പ്)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍