UPDATES

സോമി സോളമന്‍

കാഴ്ചപ്പാട്

സോമി സോളമന്‍

ന്യൂസ് അപ്ഡേറ്റ്സ്

മോദിയും വംശീയ പൊതുബോധവും മനസിലാക്കേണ്ട മറ്റൊരു സൊമാലിയയുണ്ട്

ട്വിറ്ററിലും ഫേസ് ബുക്കിലും സോമാലിയ നിറഞ്ഞു നില്ക്കുകയാണ്. കേരളത്തെ സൊമാലിയയോട് ഉപയോഗിച്ചത് ട്രോളുകളയും ഹാഷ് ടാഗുകളായും നിറയുമ്പോള്‍ പല തരത്തിലാണ് ചര്‍ച്ചകള്‍ മുന്നോട്ട് പോകുന്നത്. അതിലൊന്ന് വംശീയ അധിക്ഷേപങ്ങളിലൂടെ ചിത്രീകരിക്കപെടുന്ന സൊമാലിയയാണ്. 

 

സൊമാലിയ ഒരു ആഫ്രിക്കന്‍ രാജ്യമാണ്. അതൊരു അസഭ്യമോ അധിക്ഷേപമോ അല്ല. ഇന്ത്യയിലെ ഒരു സംസ്ഥാനത്തിന്റെ വളര്‍ച്ചയെ മറ്റൊരു ഭൂഖണ്ഡത്തിലെ അതിജീവനത്തിനായി പൊരുതുന്ന ഒരു രാജ്യവുമായി താരതമ്യപെടുത്തുന്ന ഒരു പ്രധാനമന്ത്രിയുടെ യുക്തിരാഹിത്യത്തേക്കാളും ഒരു രാജ്യത്തിന്റെ ഭരണാധികാരി മറ്റൊരു രാജ്യത്തെ ബഹുമാനിക്കുന്നതില്‍ വന്ന വീഴ്ചയെക്കാളും ഇന്ത്യയിലെ ഭൂരിപക്ഷം സംസ്ഥാനങ്ങളും കടന്നു പോകുന്ന വരള്‍ച്ചയും ദാരിദ്ര്യവും പോഷകാഹാരക്കുറവു മൂലമുള്ള മരണങ്ങളെ അഭിസംബോധന ചെയ്യുന്നതില്‍ വന്ന വീഴ്ചയേക്കാളും സൊമാലിയയുമായി താരതമ്യപ്പെടുത്തിയതാണ് പ്രശ്‌നവത്ക്കരിക്കപ്പെട്ടതായി കണ്ടത്.

 

സൊമാലിയുമായി താരതമ്യപ്പെടുത്തിയതില്‍ മാപ്പ് പറയണം എന്ന് പൊതുസമൂഹം പോസ്റ്റുകളിലും കമന്റുകളിലും പറയുമ്പോള്‍ എന്താണ് ഉദേശിക്കുന്നത്? ചൂഷണങ്ങളേയും കലാപങ്ങളെയും ദാരിദ്ര്യത്തേയും അതിജീവിക്കാന്‍ പൊരുതുന്ന ഒരു ജനതയുമായി താരതമ്യപെടുത്തുന്നത് അധിക്ഷേപമാണെന്നോ, അസഭ്യമാണെന്നോ?

 

ആഫ്രിക്കയും അവിടുത്തെ രാജ്യങ്ങളും അവിടുത്തെ മനുഷ്യരും എന്നും പൊതുബോധത്തിന് പരിഹാസത്തിന്റെയും അധിക്ഷേപത്തിന്റെയും വിഷയങ്ങള്‍ മാത്രമായിരുന്നു. ‘കോമഡി (?)’ സ്‌കിറ്റുകളിലും മുഖ്യധാരാ സിനിമകളിലും ഈ വംശീയ അധിക്ഷേപങ്ങള്‍ നിറഞ്ഞു നില്‍ക്കുന്നുണ്ട് . അതിന്റെ ബാക്കിപത്രമാണ് ആഫ്രിക്കന്‍ വംശജര്‍ ഇന്ത്യയില്‍ അനുഭവിക്കുന്ന വിവേചനങ്ങള്‍.

മാധ്യമങ്ങള്‍ നിര്‍മിച്ചെടുത്ത വാര്‍പ്പ് മാതൃകകള്‍ക്കപ്പുറം ഒരുസൊമാലിയയുണ്ട്. ആഫ്രിക്കയുടെ ചരിത്രം അടിമക്കച്ചവടത്തിനൊപ്പമല്ല തുടങ്ങുന്നത് എന്നത് പോലെ സൊമാലിയ എന്നാല്‍ കടല്‍ക്കൊള്ളക്കാരായിരുന്നില്ല.

 

മത്സ്യബന്ധന ഗ്രാമങ്ങളും കൃഷിയുമൊക്കെയായി കഴിഞ്ഞിരുന്ന സൊമാലിയയെ പല തുണ്ടുകളായി മുറിച്ചെടുത്തത് ഇറ്റലിയും ബ്രിട്ടനും ഫ്രാന്‍സും ഒക്കെയാണ്. അവര്‍ ഉണ്ടാക്കിയ വിഭാഗീയതകളാണ് ആഭ്യന്തര കലാപങ്ങളായും അട്ടിമറികളായും സൊമാലിയയില്‍ തുടര്‍ന്നുവരുന്നത്.

 

കലാപങ്ങളെ തുടര്‍ന്നുണ്ടായ അരാജകത്വവും പ്രകൃതി ദുരന്തങ്ങളായ വരള്‍ച്ചയും സൊമാലിയയെ ഒരുപോലെ ദുരിതത്തില്‍ ആഴ്ത്തിയപോള്‍ സൊമാലിയയുടെ ആരും നിയന്ത്രിക്കാന്‍ ഇല്ലാത്ത കടലുകളില്‍ ആണവമാലിന്യങ്ങളും രാസമാലിന്യങ്ങളുമാണ് യുറോപ്യന്‍ രാജ്യങ്ങള്‍ കൊണ്ടുതള്ളിയത്. മാലിന്യങ്ങള്‍ നിക്ഷേപിക്കാന്‍ തുടങ്ങിയതോടെ മാരകരോഗങ്ങള്‍ സൊമാലിയയെ കീഴ്‌പ്പെടുത്താന്‍ തുടങ്ങി. 2005-ല്‍ സുനാമി മനുഷ്യ ജീവിതം എടുക്കുക മാത്രമല്ല സൊമാലിയയില്‍ ചെയ്തത്. രാസമാലിന്യങ്ങള്‍ അടങ്ങിയ ബാരലുകള്‍ സൊമാലിയന്‍ തീരത്ത് അടുപ്പിക്കുക കൂടിയാണ്.

 

 

സൊമാലിയയുടെ പ്രധാന വരുമാനം കടലില്‍ നിന്നായിരുന്നു. വന്‍ ശക്തികള്‍ കടല്‍ കയ്യേറിയതോടെ ഇടപെടാന്‍ ഭരണസംവിധങ്ങള്‍ ഇല്ലാതെ, ജീവിതമാര്‍ഗം നഷ്ടപ്പെട്ട് സോമാലിയ കൂടുതല്‍ നരകതുല്യമായി. രാഷ്ട്രീയമായും സാമൂഹികമായും സാമ്പത്തികമായും നിലനില്‍പ്പിനുവേണ്ടി പൊരുതുന്ന സൊമാലിയയില്‍ ഭരണകൂടത്തിന്റെയും സംവിധാങ്ങളുടെയും അസാന്നിധ്യത്തില്‍ മത്സ്യത്തൊഴിലാളികള്‍ നാഷണല്‍ വോളന്റിയര്‍ കോസ്റ്റ് ഗാര്‍ഡ് ഓഫ് സൊമാലിയ (National Volunteer Coast Guard of Somalia) രൂപീകരിച്ചു. വിദേശ കപ്പലുകളുടെ അനധികൃത മത്സ്യബന്ധനവും മാലിന്യ നിക്ഷേപവും തടയാന്‍ സൊമാലിയന്‍ മത്സ്യത്തൊഴിലാളികള്‍ കണ്ടെത്തിയ വഴിയായിരുന്നു അത്. എന്നാല്‍ ബാഹ്യ ഇടപെടലുകള്‍ മൂലം സൊമാലിയന്‍ മത്സ്യത്തൊഴിലളികളുടെ വോളന്റിയര്‍ കോസ്റ്റ് ഗാര്‍ഡ് ഓഫ് സൊമാലിയ, സൊമാലിയന്‍ പൈറേറ്റ്സ് ആയി മാറിയതായാണ് മനസിലാക്കാന്‍ കഴിയുന്നത്.

 

നിലനില്‍പ്പിനു വേണ്ടി തുടങ്ങിയ പ്രതിരോധത്തെ, സൊമാലിയന്‍ കടല്‍ക്കൊള്ളക്കാരാക്കി തീര്‍ത്തതിന് ആധുനിക സമൂഹമെന്ന്‍ നടിക്കുന്ന യുറോപ്യന്‍ ശക്തികള്‍ ഉത്തരവാദികളാണ്. നാഷണല്‍ വോളന്റിയര്‍ കോസ്റ്റ് ഗാര്‍ഡ് ഓഫ് സൊമാലിയയില്‍ നിന്ന് അല്‍ ഷെബബില്‍ വന്നു നില്‍ക്കുമ്പോള്‍ ഉത്തരങ്ങള്‍ നല്‍കേണ്ടതും സൊമാലിയയെ ആയുധമെടുക്കാന്‍ പ്രേരിപ്പിച്ചവര്‍ മാത്രമാണ്.

 

അതിജീവനത്തിനു വേണ്ടി പ്രകൃതിയോടും ഭരണകൂടങ്ങളോടും മനുഷ്യരോടും പൊരുതുന്ന, അതിജീവിക്കാന്‍ ശ്രമിക്കുന്ന മനുഷ്യരുടെ നാടാണ് സൊമാലിയ. ഇന്ത്യയുടെ ഭരണാധികാരി എന്ന നിലയില്‍ നരേന്ദ്ര മോദി അത് അറിയേണ്ടതുണ്ട്. ഒപ്പം വംശീയ ചുവയോടെ സംസാരിക്കുന്ന പൊതുബോധവും സൊമാലിയയെ തിരിച്ചറിയേണ്ടതുണ്ട്.

 

ചര്‍ച്ചകളില്‍ കാണാതെ പോകുന്നത്
തിരഞ്ഞെടുപ്പുകള്‍ ഒരു ജനാധിപത്യ വ്യവസ്ഥയിലെ നട്ടെല്ലാണ്. ചര്‍ച്ചകളും വിമര്‍ശനങ്ങളുമാണ് ജനാധിപത്യത്തെ മുന്നോട്ടു നടത്തുന്നത്. 

 

കേരളത്തിലെ ആദിവാസി മേഖല ബാറ്‌സാര്‍ പോലെ ഭീകരമല്ല എന്നത് യാഥാര്‍ഥ്യമാണ്. കേരളത്തിലെ ആദിവാസി ഊരുകളിലെ മരണ നിരക്ക് മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കുറവാണ് എന്നുള്ളതും യാഥാര്‍ഥ്യമാണ്. എങ്കിലും പട്ടിണിമരണങ്ങളും പോഷകാഹാരക്കുറവ് കൊണ്ടുള്ള മരണങ്ങളും കേരളത്തിലെ ആദിവാസി ഊരുകളിലും ഉണ്ട്. ആദിവാസികള്‍ക്ക് അര്‍ഹമായ, അവകാശപ്പെട്ട ജീവിത സാഹചര്യങ്ങള്‍ ലഭിക്കാനുള്ള പോരാട്ടത്തില്‍ അവര്‍ക്കൊപ്പം നില്‍ക്കേണ്ടതുണ്ട്. അത്തരം ചര്‍ച്ചകളിലേക്കും ചോദ്യങ്ങളിലേക്കും കൂടി ഈ കാര്യങ്ങള്‍ വഴിതെളിക്കട്ടെ. 

 

ജിഷ കേരളത്തിന്റെ യാഥാര്‍ഥ്യമാണ്. കൈലാസ് ജ്യോതിയും കേരളത്തിന്റെ യാഥാര്‍ഥ്യമാണ്. വംശീയവെറിയും ജാതീയതയും അഭിസംബോധന ചെയ്യാന്‍ ഈ തിരഞ്ഞെടുപ്പിലെങ്കിലും കഴിയട്ടെ.  

 

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions) 

സോമി സോളമന്‍

സോമി സോളമന്‍

എഴുത്തുകാരി, വിദ്യാഭ്യാസ പ്രവര്‍ത്തക, ഇപ്പോള്‍ ടാന്‍സാനിയയിലെ ദാര്‍-എസ്-സലാമില്‍ താമസം. അഴിമുഖത്തില്‍ My Africa എന്ന കോളം ചെയ്യുന്നു.

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍