UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ആനയബദ്ധങ്ങള്‍ക്ക് ഒരു വിയോജനക്കുറിപ്പ്

Avatar

സതീഷ് കുമാര്‍/ശിവകുമാര്‍ പോലിയത്ത്/ശ്രീകുമാര്‍ ഇ പി

അഴിമുഖത്തില്‍ ആനകളുമായി ബന്ധപ്പെട്ട് അഥീന എഴുതിയ ലേഖന പരമ്പരയിലെ ചില പിശകുകള്‍/വിയോജിപ്പുകള്‍ ചൂണ്ടിക്കാട്ടുകയാണ് ഇവിടെ.( അഥീന എഴുതിയത് ഇവിടെ വായിക്കാം: ആ… ആന… ആശ്ചര്യം…!- ഭാഗം 1ആനയല്ലേ, ആര്‍ക്കും എന്തും ആകാം; നിയമം അതിന്റെ വഴിക്കു പോട്ടെആന ചികിത്സയുടെ കാണാപ്പുറങ്ങള്‍ആന പീഡകര്‍ക്ക് നിയമത്തിന്റെ തോട്ടിക്കൊളുത്ത്‌)


ആനകളെക്കുറിച്ച് പറയുമ്പോള്‍ അതിശയോക്തികള്‍ കടന്നു കൂടുന്നതില്‍ ഒട്ടും അത്ഭുതമില്ല. എന്നാല്‍ കേവല യുക്തിക്കും യാഥാര്‍ഥ്യങ്ങള്‍ക്കും നിരക്കാത്ത കണക്കുകള്‍ കാണുമ്പോള്‍ അത് ചൂണ്ടിക്കാണിക്കുവാന്‍ തോന്നുന്നു. ആനകളെ കുറിച്ച് അജണ്ടകള്‍ മുന്‍ നിര്‍ത്തി എഴുതുന്നവരും ശരിയായ അറിവുകള്‍ ലഭിക്കാതെ എഴുതുന്നവരും ഉണ്ട്. പലരും അവലംബിക്കുക വെങ്കിടാചലത്തെ പോലെ ചിലരേയും ഒപ്പം വിവരാവകാശ പ്രകാരമോ മറ്റോ വനം വകുപ്പില്‍ നിന്നും എടുക്കുന്ന കണക്കുകള്‍/വിവരങ്ങളൊ ആണ്. അന്തരിച്ച വിവരാവകാശ പ്രവര്‍ത്തകന്‍ ചന്ദ്രശേഖരന്‍ (അങ്കിള്‍) ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് വനം വകുപ്പില്‍ നിന്നും ആനകളുമായി ബന്ധപ്പെട്ട് ചില വിവരങ്ങള്‍ ശേഖരിച്ചു. അതനുസരിച്ച് കേരളത്തിലെ ഏറ്റവും ഉയരം കൂടിയ ആന കണ്ടമ്പുള്ളി ബാലനാരായണന്‍ അഥവ എഴുത്തച്ഛന്‍ ശങ്കരനാരായണന്‍ ആയിരുന്നു. വിവരം തരുമ്പോള്‍ ആന ചരിഞ്ഞിട്ട് രണ്ടു വര്‍ഷത്തില്‍ അധികമായിരുന്നു. ഒടുവില്‍ ആന ചരിഞ്ഞ വിവരം പത്രകട്ടിംഗുകള്‍ നല്‍കി വനം വകുപ്പിനെ ബോധ്യപ്പെടുത്തേണ്ടിവന്നു അദ്ദേഹത്തിന്.

രേഖകളിലെ വിവരങ്ങള്‍ സാമാന്യബുദ്ധി ഉപയോഗിച്ച് വിശകലനവിധേയമാക്കാതെ ലേഖനത്തിലേക്ക് പകര്‍ത്തുമ്പോള്‍ തെറ്റുകള്‍ കടന്നുകൂടുക സ്വാഭാവികം. വായനക്കാര്‍ക്ക് മുമ്പില്‍ തെറ്റായ വിവരങ്ങള്‍ പകരുന്നതിനേക്കാള്‍ നന്നാകുക അത് എഴുതാതിരിക്കുന്നതല്ലെ? ലേഖനത്തിന്റെ ഒന്നാം ഭാഗത്തില്‍ നിന്നും കേരളത്തില്‍ 574 നാട്ടാനകളാണ് ഉള്ളതെന്ന് മനസ്സിലാക്കാം. ഇതില്‍ കഴിഞ്ഞ ഏഴു വര്‍ഷത്തിനിടെ ചരിഞ്ഞവയെ പറ്റി കണക്കുകള്‍ നിരത്തിയിട്ടുണ്ട്. ആനകള്‍ ചരിഞ്ഞതിനു ശേഷമുള്ള കണക്കാണോ ഈ 574 എന്ന് വ്യക്തമല്ലാത്തതിനാല്‍ നമുക്കതിനെ രണ്ടു രീതിയില്‍ വിശകലനം ചെയ്തു നോക്കാം.

ഒന്ന്: ഇതു പ്രകാരം ഏഴുവര്‍ഷത്തിനിടെ ചരിഞ്ഞത് 465 ആനകള്‍. അപ്പോള്‍ ബാക്കി 109 ആനകളാണ്. ഇതില്‍ ഗുരുവായൂര്‍ ദേവസ്വത്തിലെ 57 ആനകളെ ഒഴിവാക്കിയാല്‍ മറ്റു ദേവസ്വങ്ങള്‍,ക്ഷേത്രങ്ങള്‍, സ്വകാര്യ വ്യക്തികള്‍, ട്രസ്റ്റുകള്‍, സര്‍ക്കാര്‍, മൃഗശാല എന്നിവയുടെ കീഴില്‍ 52 ആനകളാണ് ഉണ്ടാകുക. മംഗലാംകുന്ന് ബ്രദേഴ്‌സ് (13), ചെര്‍പ്ലശ്ശേരി എസ്.കെ. ഗ്രൂപ്പ് (9), കൊല്ലം പുത്തന്‍കുളം ഷാജി (8+), എന്നിവടങ്ങളില്‍ മാത്രം മുപ്പതോളം ആനകള്‍ ഉണ്ട്. അപ്പോള്‍ ബാക്കി എല്ലാം കൂടെ 22 എണ്ണം മാത്രമേ ഉള്ളൂ? പുതുപ്പള്ളി(5 കൊമ്പന്‍, 1 മോഴ കൂടാതെ പിടിയാനകളും), തടത്താവിള (5), ഗുരുജി(5),ചാന്നാണിക്കാട്ട് (8),തൊട്ടക്കാട്ട് (8), കോളക്കാടന്‍ (6),വേണാട്ടുമറ്റം (5+) ചിറക്കല്‍ (3), ചിറ്റിലപ്പിള്ളി (3),കുറുവട്ടൂര്‍ (3) തുടങ്ങി ഒന്നിലധികം ആനകള്‍ ഉള്ളവര്‍ വേറെ. 1,28,008 ക്ഷേത്രങ്ങളില്‍ ആനയെഴുന്നള്ളിപ്പുണ്ടെന്നും ഒരാന 200 ല്‍ പരം ഉത്സവങ്ങളില്‍ പങ്കെടുക്കുന്നുണ്ടെന്നും ലേഖനത്തില്‍ പറയുന്നു. എന്നാല്‍ ലേഖിക നിരത്തിയ കണക്ക് പ്രകാരമുള്ള 109 ആനകള്‍ ഒരുവര്‍ഷത്തില്‍ പങ്കെടുക്കേണ്ടിവരുന്നത് 200 പരിപാടിയിലാണ്. ഉത്സവം എന്നത് ദിവസം മുഴുവന്‍ ആണെന്നും ഓര്‍ക്കുക. അപ്പോള്‍ 365 ദിവസം മാത്രം ഉള്ള വര്‍ഷത്തില്‍ കൊമ്പനും പിടിയും മോഴയും കുട്ടിയും അടങ്ങുന്ന മുഴുവന്‍ ആനകളെ നിരത്തിയാലും ഒരാന 1174 (ദിവസം) പരിപാടി എടുക്കേണ്ടിവരുന്നുണ്ട്!

അതിലും തീരുന്നില്ല, ഭൂരിപക്ഷം ഉത്സവങ്ങള്‍ക്കും ഒന്നിലധികം ആനകള്‍ പങ്കെടുക്കുമെന്ന് ഏതു കൊച്ചു കുട്ടിക്കും അറിയാം. തൃശ്ശൂര്‍ പൂരത്തില്‍ കുടമാറ്റത്തിന് ഇരുവിഭാഗത്തിനുമായി മുപ്പത് ആനകള്‍ പങ്കെടുക്കുന്ന ചിത്രം എങ്കിലും കണ്ടിരുന്നേല്‍ അഥീന ഇത് എഴുതുമായിരുന്നോ? ഇതും പോരാഞ്ഞിട്ടാണ് അടുപ്പൂട്ടി പെരുന്നാള്‍, ചേറ്റുവ, പട്ടാമ്പി, മണത്തല തുടങ്ങിയ വിവിധ നേര്‍ച്ചകള്‍. ആ കണക്കും കൂടെ ചേര്‍ത്താല്‍ വര്‍ഷത്തില്‍ ഒരാന എത്ര പരിപാടിയില്‍ പങ്കെടുക്കേണ്ടിവരും?

കേരളത്തില്‍ ഏകദേശം അറുപതിലധികം പിടിയാനകളും ഇരുപതില്‍ അധികം മോഴകളും ഉണ്ടെന്നത് ലേഖിക അറിഞ്ഞു കാണില്ല. ഇനി രണ്ടാമത്തെ നിഗമനത്തില്‍ കണക്കുകളെ ഒന്ന് നോക്കാം. ലേഖനത്തില്‍ പറഞ്ഞ 465 ആനകള്‍ ചരിഞ്ഞതിനു ശേഷം ബാക്കി 574 നാട്ടാനകള്‍ ഉണ്ടെന്ന് കരുതിയാല്‍, പിടിയും മോഴയും അസുഖമുള്ളവയുമടങ്ങുന്ന മുഴുവന്‍ ആനകളും പരിപാടികളില്‍ പങ്കെടുക്കുന്നു എന്ന് കരുതിയാല്‍ തന്നെ 1,28,008 ക്ഷേത്രങ്ങളില്‍ വര്‍ഷത്തില്‍ ഒരാന 223 ദിവസം പരിപാടിയെടുക്കണം!!

കേരളത്തിലെ ഉത്സവ കാലം 365 ദിവസമല്ലെന്നും നവംബര്‍ അവസാനം മുതല്‍ മെയ് പകുതി വരെ മാത്രം ആണെന്നും ആനയും ഉത്സവങ്ങളുമായി ബന്ധമുള്ളവര്‍ക്കും അതേ പറ്റി അന്വേഷിച്ച് അറിയുന്നവര്‍ക്കും മനസ്സിലാകുന്നതാണ്. ഇതില്‍ തന്നെ ജനുവരിമുതല്‍ ഏപ്രില്‍ അവസാനം വരെയാണ് ഏറ്റവുംകൂടുതല്‍ ഉത്സവങ്ങള്‍. അതായത് 120-130 ദിവസം. കേരളത്തിലെ നാട്ടാനകളില്‍ ഇരുപതിലധികം പിടിയാനകള്‍ ഉണ്ട്. ഇതു കൂടാതെ മോഴ, കുട്ടികള്‍, അസുഖം മൂലമോ വികൃതിമൂലമോ പ്രായാധിക്യം മൂലമോ പരിപാടികളില്‍ പങ്കെടുക്കുവാന്‍ സാധിക്കാത്ത ആനകളും ഉണ്ട്. കോന്നി മുതലായ സര്‍ക്കാര്‍ ആനക്കൂടുകളിലെ ആനകളെ ഉത്സവങ്ങള്‍ക്ക് ഇറക്കുന്ന പതിവുമില്ല. കുറേ ആനകള്‍ റിസോര്‍ട്ടുകള്‍, തടിമില്ലുകള്‍/കൂപ്പുകള്‍ എന്നിവയില്‍ ജോലി ചെയ്യുന്നുണ്ട്. ആനയെ പറ്റി ലേഖനമെഴുതുവാനുള്ള തിടുക്കത്തില്‍ ഇതൊന്നും ശ്രദ്ധിച്ച് മനസ്സിലാക്കിക്കാണില്ല.

ആനയ്ക്ക് മദപ്പാട്(നീര് കാലം എന്നും പറയും) എന്നൊരു അവസ്ഥയുണ്ട്. വര്‍ഷത്തില്‍ രണ്ടു മാസം മുതല്‍ അഞ്ചു മാസം വരെ നീണ്ടു നില്‍ക്കും അത്. ചില ആനകള്‍ക്ക് ഇത് അതിലും അധികവും നീളാം. അപൂര്‍വ്വം ചില ആനകള്‍ക്ക് വര്‍ഷത്തില്‍ രണ്ടുതവണ മദപ്പാട് ഉണ്ടാകാറുണ്ട്. ഈ അവസ്ഥയില്‍ അവ ആക്രമണകാരിയാകും എന്നതിനാല്‍ കടുത്ത ബന്ധവസ്സില്‍ ആയിരിക്കും. അങ്ങനെയുള്ള ആനകളെ എങ്ങനെ എഴുന്നള്ളിക്കും? ഇതും പോരാഞ്ഞ് 574 ആനകളില്‍ 100 എണ്ണത്തിലധികം ആനകള്‍ എവിടെ എന്ന് അറിയില്ലെന്ന് വനം വകുപ്പ് പറയുന്നതായി ലേഖനത്തില്‍ പറയുന്നു. ഒറ്റയടിക്ക് നൂറ് ആനകള്‍ അപ്രത്യക്ഷമാകുകയോ? നാട്ടാനകള്‍ ചരിഞ്ഞ കണക്ക് ഇപ്രകാരം ആണെങ്കില്‍ ചരിഞ്ഞ കാട്ടാനകളുടെ എണ്ണവും സംശയം ഉണര്‍ത്തുന്നുണ്ട്. കേരളത്തിലേക്ക് ആനകളെ കടത്തിക്കൊണ്ടുവന്നു അവയെ ഉപയോഗിക്കുന്നു എന്ന് ഒരു പക്ഷെ ലേഖിക പറഞ്ഞേക്കാം. മൈക്രോചിപ്പ് ഉള്ള ആനകളെ ആണ് പൊതുവില്‍ ഉത്സവങ്ങള്‍ക്ക് പങ്കെടുപ്പിക്കാറുള്ളൂ. ഉത്സവങ്ങളില്‍ പങ്കെടുക്കുന്ന കേരളത്തിലെ മിക്ക ആനകളേയും ആനപ്രേമികള്‍ക്ക് സുപരിചിതരാണ്. പോരാത്തതിനു ആനകളെ ഉത്സവങ്ങളില്‍ നിന്നും നിരോധിക്കുവാന്‍ കച്ചകെട്ടിയിറങ്ങിയ സംഘം സജീവമായതിനാല്‍ പുതിയ ആന വന്നാല്‍ അധികൃതര്‍ അറിയാതിരിക്കുകയുമില്ല.

ഇ.വി ദാസന്‍ എന്ന് ലേഖനത്തില്‍ എഴുതിയത് ചെമ്പൂത്ര കൊടുങ്ങല്ലൂര്‍കാവ് ക്ഷേത്രത്തിലെ ദേവീദാസനെ ആണ് എന്ന് കരുതുന്നു. ആന വിശന്നിട്ട് മണ്ണ് വാരി തിന്നതല്ല, മറിച്ച് ആനക്ക് എരണ്ട കെട്ട് ഉണ്ടാകുകയും അതിന്റെ ഭാഗമായാണ് അത് മണ്ണ് തിന്നുകയും ചെയ്തത്. എരണ്ടക്കെട്ടും അനുബന്ധമായി ഉണ്ടായ ഇന്‍ഫെക്ഷന്‍ ആണ് ആനയുടെ മരണത്തിലേക്ക് നയിച്ചത്. ദേവീദാസനെ പോലെ ട്രസ്റ്റ്/ക്ഷേത്രം/കൂട്ടായ്മകള്‍ എന്നിവയുടെ സംരക്ഷണയില്‍ ഉള്ള പല ആനകളുടെയും ചികിത്സയില്‍ സംഭവിക്കുന്ന ഒരു വലിയ അപകടമാണ് ഒരേ സമയം ഒന്നിലധികം ഡോക്ടര്‍മാര്‍/വൈദ്യന്മാര്‍ ചികിത്സ നടത്തുന്നത്. ഇത് ആനയുടെ ചികിത്സയിലെ പിഴവിനും മരണത്തിനും കാരണമാകുന്നുണ്ടോ എന്ന് തായങ്കാവ് മണികണ്ഠന്റേയും, ദേവീദാസന്റേയും എല്ലാം അവസ്ഥ ലേഖികക്ക് പരിശോധിക്കാവുന്നതാണ്.

ആനയെ പിടികൂടുന്നത് 2007ല്‍ നിരോധിച്ചതായി ലേഖനത്തില്‍ പറയുന്നു. ബിനോയ് വിശ്വം മന്ത്രിയായിരുന്ന കാലത്ത് ആനയെ അന്യസംസ്ഥാനങ്ങളില്‍ നിന്നും കേരളത്തിലേക്ക് കൊണ്ടുവരുന്നത് നിരോധിച്ചു എന്നത് അദ്ദേഹം മനസ്സിലാക്കിയതാകാം. ആനപിടുത്തം പണ്ടേ കേരളത്തില്‍ നിരോധിച്ചിട്ടുണ്ട്. ഇത് ലേഖനത്തിന്റെ മറ്റൊരു ഭാഗത്ത് വരുന്നുമുണ്ട്. നല്ല ഒരു ശതമാനം ക്ഷേത്രങ്ങളും ആനയെഴുന്നള്ളിപ്പ് വേണ്ടെന്ന് വച്ചതായി രണ്ടാമത്തെ ലേഖനത്തില്‍ പറയുന്നു. കേരളത്തിലെ ഉത്സവങ്ങളുടെ എണ്ണം വര്‍ദ്ധിച്ചു എന്നതാണ് യാഥാര്‍ഥ്യം. ചിലയിടങ്ങളില്‍ എണ്ണത്തില്‍ കുറവ് വന്നത് ഭാരിച്ച ചെലവ് മൂലമോ സ്ഥല പരിമിതി മൂലമോ ആണ്. ഉദാഹരണത്തിന്, തൃശ്ശൂര്‍ ജില്ലയിലെ ആയിരം കണ്ണി ഉത്സവത്തിനു ഉച്ചക്ക് 33 ആനകളെ മാത്രമേ എഴുന്നള്ളിക്കൂ. ബാക്കി ആനകളെ രാവിലെ എഴുന്നള്ളിക്കും. ഗുരുവായൂര്‍ പുന്നത്തൂര്‍ കോട്ടയില്‍ ഇപ്പോഴും പല ആനകളെയും കുളത്തില്‍ ഇറക്കി കുളിപ്പിക്കുന്നുണ്ട്. വെള്ളം കുടിക്കാനായി തൊട്ടികളില്‍ ഒഴിച്ചു കൊടുക്കുന്നുണ്ട്.

ആനകള്‍ പാപ്പാന്മാരെ കൊല്ലുന്നത് അവയെ മൂര്‍ച്ചയേറിയ ആയുധം കൊണ്ട് ആക്രമിക്കുന്നതിന്റെ പകകൊണ്ട് മാത്രമല്ല. മറ്റു പല കാരണങ്ങളുമുണ്ട്. പ്രകോപിതനാകുമ്പോള്‍ ആദ്യം കിട്ടുന്നത് പാപ്പാനെ ആകുന്നതും ഒരു കാരണമകുന്നുണ്ട്. അതേസമയം ചുരുങ്ങിയ കാലയളവില്‍ അഞ്ചോളം പേരെ കൊന്ന തെച്ചിക്കോട്ട് കാവ് രാമചന്ദ്രന്‍ ഒരിക്കല്‍ പോലും പാപ്പാനായിരുന്ന മണിയേട്ടനെ ആക്രമിച്ചിട്ടില്ല എന്നതും ചേര്‍ത്തുവായിക്കേണ്ടതുണ്ട്. കടുവ വേലായുധേട്ടനെ പോലെ ഉഗ്രപ്രതാപികള്‍ അരങ്ങൊഴിഞ്ഞെങ്കിലും ഇന്നും മികച്ച ഒരുപാട് പാപ്പാന്മാര്‍ ഉണ്ട്. ആറന്മുള മോഹനനെയും, തെക്കന്‍ രാജുവിനേയും പോലെ ഇടഞ്ഞ കൊമ്പന്മാരെ ഇപ്പോഴും ‘ചൂണ്ടുവിരലില്‍’ വിറപ്പിച്ച് നിര്‍ത്തുന്നവര്‍. തൃശ്ശൂര്‍ എലിഫന്റ് സ്‌ക്വാഡിലെ പാപ്പാന്‍ അല്ലാത്ത ആനന്ദ് ഇടഞ്ഞ ആനകളെ തളക്കുന്നതില്‍ പ്രഗത്ഭനാണ്. ഈരാറ്റുപേട്ട അയ്യപ്പന്റെ ബാബുവേട്ടന്‍, അടിയാട്ട് അയ്യപ്പന്റെ രാമേട്ടന്‍, തിരുവമ്പാടി ശിവസുന്ദറിന്റെ ചന്ദ്രേട്ടന്‍, ചെര്‍പ്ലശ്ശേരി എസ്.കെ ഗ്രൂപ്പിലെ ശേഖരന്റെ ഉണ്ണിയേട്ടന്‍, അവിടെതന്നെ പാര്‍ഥന്റെ മണിയേട്ടന്‍, അന്നമന്നട ഉമാമഹേശ്വരന്റെ മനോജ് തുടങ്ങി ആനകളെ നല്ല രീതിയില്‍ പരിചരിക്കുന്ന പാപ്പാന്മാര്‍ അനവധി. ദേവസ്വങ്ങളില്‍ പലതിലും നല്ല പാപ്പാന്മാരുണ്ട്. ഉടമകളില്‍ ഡോ.സുന്ദര്‍ മേനോന്‍, കെ.ആര്‍.സി.മേനോന്‍, ഈരാറ്റുപേട്ട അയ്യപ്പന്റെ ഉടമ തുടങ്ങി നല്ല രീതിയില്‍ ആനയെ പരിചരിക്കുന്നവരും ഉണ്ട്.

ആന ചികിത്സയുടെ കാണാപ്പുറങ്ങള്‍ എന്ന ഭാഗത്ത് ആനയെ ചികിത്സിക്കണമെങ്കില്‍ പി.ജി.ഡിഗ്രി ആവശ്യമാണെന്നും അത് ഡറാഡൂണിലെ വൈല്‍ഡ് ലൈഫ് ഇന്‍സ്റ്റിറ്റിയൂട്ടില്‍ മാത്രമുള്ള കോഴ്‌സ് ആണെന്നും പറയുന്നു. ഇത് ആനചികിത്സയ്ക്കല്ല മറിച്ച് എം.എസ്.സിയാണ്. വെറ്റിനറി കൗണ്‍സിലിന്റെ റെജിസ്‌ട്രേഷന്‍ ഉള്ള വെറ്റിനറി ഡോക്ടര്‍മാര്‍ക്ക് ചികിത്സിക്കാം, ചിലര്‍ അതിനു ശേഷം എം.ഡി. ചെയ്യുന്നു. എം.ബി.ബി.എസിനു ശേഷം എം.ഡി ചെയ്യുന്ന പോലെ ഒരു സ്‌പെഷ്യലൈസേഷന്‍ (വൈല്‍ഡ് ലൈഫ് മെഡിസിനില്‍ പി.ജി). രാജ്യത്ത് ബിരുദം ബാംഗ്ലൂരിലും, മദ്രാസിലും ഉള്ള യൂണിവേഴ്‌സിറ്റികളില്‍ ഉണ്ടെന്നും ലേഖികയുടെ അറിവിലേക്കായി പറയുന്നു. ആന ചികിത്സാരംഗത്ത് ഇന്ത്യയില്‍ തന്നെ പ്രശസ്തനായ ഡോ. രാജീവിനെപോലുള്ളവര്‍ വൈല്‍ഡ് ലൈഫ് മെഡിസിനില്‍ പി.ജി.ഡിപ്ലോമ എടുത്തത് മദ്രാസില്‍ നിന്നുമാണ്.ഡോ.പി.സി. ശശീന്ദ്രന്‍, സുബ്രമണ്യ അയ്യര്‍, ഡോ.ജയകുമാര്‍ ഡൊ.അബ്ദുള്‍ ഗഫൂര്‍ തുടങ്ങി പി.എച്ച്.ഡിയോ എം.എസ്.സി വൈല്‍ഡ് ലൈഫ് മെഡിസിനൊ ഉള്ള നിരവധി പേര്‍ കേരളത്തില്‍ ഉണ്ട് താനും. ഡോ.രാജീവ് ആനചികിത്സയ്ക്കു പോകുമ്പോള്‍ വെറ്റിനറി കോളേജിലെ തന്റെ സ്റ്റുഡന്‍സില്‍ ആന ചികിത്സയില്‍ താല്പര്യം ഉള്ള പലരെയും ഒപ്പം കൂട്ടി അറിവു പകരുന്നു നല്‍കുന്നതില്‍ മാതൃകാപരമായ പ്രവര്‍ത്തനം കാഴ്ചവെക്കുന്നുമുണ്ട്.

കേരളത്തിലെ ആനചികിത്സകരില്‍ ആദ്യകാലത്തെ പ്രമുഖനായിരുന്നു ഡോ.സൈമണ്‍, ഡോ.മാധവ മേനോന്‍ തുടങ്ങിയവര്‍. ഡോ.ജേക്കബ്ബ് ചീരന്‍, കെ.സി.പണിക്കര്‍, കൈമള്‍(അന്തരിച്ചു), മുരളീധരന്‍ നായര്‍ തുടങ്ങിയവര്‍ ആണ് പിന്നീട് ഈ രംഗത്ത് പ്രശസ്തി നേടിയവര്‍. പുതു തലമുറയില്‍ ഡോ.ഗിരിദാസ്, ഡോ.രാജീവ്, ഡോ.സജീവ്, ഡോ.ജയകുമാര്‍ തുടങ്ങി നിരവധി പേര്‍ ഉണ്ട്. ആനചികിത്സാരംഗത്ത് ഡോക്ടര്‍മാരുടെ ലഭ്യത താതമ്യേന കുറവ് ആയതിനാല്‍ ഉള്ളവര്‍ക്ക് നല്ല ഫീസ് ലഭിക്കുന്നുണ്ട്, അതിനാല്‍ ഈ മേഖല ആകര്‍ഷകമല്ല എന്ന ലേഖികയുടെ വാദം ശരിയല്ല. അതേസമയം അങ്ങേയറ്റത്തെ അര്‍പ്പണമനോഭാവവും ഒപ്പം പ്രായോഗികമായ പരിജ്ഞാനവും നേടുന്നതിലൂടെ മാത്രമേ ആനചികിത്സയില്‍ മികവ് പുലര്‍ത്തുവാനാകൂ. ആനചികിത്സയെ കുറിച്ചും ആനകള്‍ ഡോ.രാജീവിനെ പോലെ ഉള്ളവരോട് എങ്ങിനെ പെരുമാറുന്നു എന്നതിനെ പറ്റിയും അടുത്തറിയുവാന്‍ ശ്രമിക്കുവാന്‍ അഭ്യര്‍ഥിക്കുന്നു.

ഇന്നും ആന ചികിത്സയില്‍ ആയുര്‍വ്വേദത്തിനു വലിയ പ്രാധാന്യമുണ്ട്. പാലകാപ്യമുനിയാല്‍ വിരചിതമായ ഹസ്ത്യായുര്‍വ്വേദം എന്ന ഒരു ഗ്രന്ഥം തന്നെ ഉണ്ട് ആനചികിത്സയ്ക്കായി. ആവണപറമ്പ് നമ്പൂതിരിയാണ് കേരളത്തില്‍ ഇന്ന് ജീവിച്ചിരിക്കുന്നതില്‍ പ്രധാനി. കൂടാതെ ആനകള്‍ക്ക് ഹോമിയോ മരുന്നും നല്‍കുന്ന പതിവുണ്ട്. ആനചികിത്സയില്‍ വിദഗ്ദരായ ഡോ.രാജീവിനെ പോലെ അര്‍പ്പണ മനോഭാവത്തോടെ ഈ രംഗത്ത് പ്രവര്‍ത്തിക്കുന്ന ഡോക്ടര്‍മാരും ഉണ്ട്. വരുമാനം നോക്കിയല്ല അവരില്‍ പലരും പ്രവര്‍ത്തിക്കുന്നത്.

കര്‍ക്കിടകത്തിലെ സുഖചികിത്സയ്ക്കിടെ ആനയുടെ മദപ്പാട് ദീര്‍ഘിപ്പിക്കുവാന്‍ മരുന്നു നല്‍കുന്നതിനെ പറ്റി ലേഖിക പറയുന്നുണ്ട്. ആനക്ക് നല്ലതല്ലെങ്കിലും സാമ്പത്തിക ലാഭത്തിനായി മദകാലം ചുരുക്കുകയോ അല്ലെങ്കില്‍ സമയം മാറ്റുകയോ ആണ് ചിലര്‍ ചെയ്യാറ്. അല്ലാതെ ലേഖനത്തില്‍ പറയും പ്രകാരം ആരും മദകാലം ദീര്‍ഘിപ്പിക്കാറില്ല. ദീര്‍ഘിപ്പിച്ചാല്‍ ആനയ്ക്ക് പരിപാടികളില്‍ പങ്കെടുക്കുവാനോ അതുവഴി വരുമാനം ഉണ്ടാക്കുവാനോ ഉടമയ്ക്ക് സാധിക്കില്ലെന്ന് ചിന്തിക്കുവാന്‍ സാമാന്യ ബോധം മതി. മദപ്പാടിന്റെ ദൈര്‍ഘ്യം കുറക്കുവാന്‍ വാട്ടുക എന്ന പരിപാടിയാണ് ചെയ്യുക. ഇതിനെയാകാം ലേഖിക ക്ഷീണിപ്പിക്കുവാന്‍ മരുന്ന് നല്‍കുക എന്ന് ഉദ്ദേശിച്ചത്. ഇത് ഭക്ഷണവും വെള്ളവും കുറച്ചാണ് സാധാരണ രീതിയില്‍ ചെയ്യുക. മദപ്പാട് തീര്‍ത്തും ഒഴിവാക്കുവാന്‍ ഉടമകള്‍ ശ്രമിക്കാറില്ല കാരണം ഉത്സവ സീസണില്‍ ഇടക്കോള്‍ വരികയും അതിനെ തുടര്‍ന്ന് ആനയെ കെട്ടേണ്ടിവരികയോ ആന അപകടങ്ങള്‍ സൃഷ്ടിക്കുകയോ ചെയ്യും. ദിവസം 600 മുതല്‍ 1500 രൂപവരെ ആനയ്ക്ക് മരുന്നിനായി ചെലവിടുന്നതായി ലേഖനത്തില്‍ പറയുന്നു. അതായത് മാസത്തില്‍ 18000-45000 രൂപ വരെ! ആ നിലക്ക് ഒരു വര്‍ഷം ചുരുങ്ങിയത് 2,16,000 മുതല്‍ 5,40,000 രൂപവരെ. ഇതു കൂടാതെ ആനയ്ക്ക് ഭക്ഷണം, പാപ്പാന്മാര്‍ക്ക് ശമ്പളം എന്നിവ നല്‍കുകയും വേണം.

‘പരിക്ക് പറ്റുന്ന ആനകളെ കാട്ടില്‍ നിന്നും കണ്ടെത്തുന്ന മുറയ്ക്ക് സര്‍ക്കാരിന്റെ ആനക്കൊട്ടകളില്‍ എത്തിച്ച് പരിചരിക്കുമെന്ന് പറയാറുണ്ടെങ്കിലും ഇതൊന്നും പ്രാവര്‍ത്തികമാക്കാറില്ല’ എന്ന് ലേഖിക പറയുന്നു. ഇത് തികച്ചും വസ്തുതാവിരുദ്ധമാണെന്ന് കോന്നിയിലേയും, കോടനാട്ടേയും ആന സംരക്ഷണ കേന്ദ്രങ്ങളിലെ കുട്ടിയാനകള്‍ സാക്ഷ്യപ്പെടുത്തുന്നു. ജനിച്ച് ഏതാനും ദിവസങ്ങള്‍/മാസങ്ങള്‍ മാത്രമുള്ള ആനക്കുട്ടികളെ വരെ അവിടെ രക്ഷപ്പെടുത്തിയെടുത്തിട്ടുണ്ട്. പരിക്കേറ്റ നിരവധി ആനകളെ കാട്ടില്‍ വച്ച് മയക്കി ചികിത്സിക്കുകയും ചെയ്തിട്ടുണ്ട്. എരണ്ടക്കെട്ടുമായി ബന്ധപ്പെട്ടാണെങ്കില്‍ അതില്‍ മുന്‍ കെട്ടും, പിന്‍കെട്ടുമുണ്ട്. പിന്‍കെട്ട് വന്നാല്‍ അത് പലപ്പോഴും കൈ ഇട്ട് എടുത്തുമാറ്റുവാനും മറ്റും സാധിക്കും. മുന്‍കെട്ടാണെങ്കില്‍ ബുദ്ധിമുട്ടാണ്. എരണ്ടക്കെട്ട് വന്ന ആനകള്‍ പലതും ചരിയാറുണ്ടെങ്കിലും പാമ്പാടി രാജന്‍, തിരുവമ്പാടി ശിവസുന്ദര്‍ തുടങ്ങിയ ആനകള്‍ രക്ഷപ്പെടുകയും ചെയ്തിട്ടുണ്ട്. ആനചികിത്സകരെയും ഉടമകളെയും സംബന്ധിച്ച് ഏറ്റവും പ്രശ്‌നകാരിയായ ഒരു അസുഖത്തെ കുറിച്ച് ലേഖിക അറിഞ്ഞിട്ടു പോലുമില്ല എന്നത് അതേക്കുറിച്ച് പരാമര്‍ശിക്കാത്തതില്‍ നിന്നും സംശയിക്കുന്നു. കുറ്റുമുക്ക് കണ്ണന്‍, കുറ്റുമുക്ക് നീലകണ്ഠന് തുടങ്ങി പല ആനകളും ചരിഞ്ഞത് ഹെര്‍പിസ് വൈറല്‍ ഇന്‍ഫെക്ഷന്‍ രോഗബാധയെ തുടര്‍ന്നാണ്. ഇത് ബാധിച്ചാല്‍ പലപ്പോഴും മൂന്ന് മണിക്കൂറിനുള്ളില്‍ പോലും മരണം സംഭവിക്കും. ഇപ്രകാരമുള്ള ലേഖനങ്ങള്‍ തയ്യാറാക്കുമ്പോള്‍ സൂക്ഷമത പുലര്‍ത്തുകയും ഒപ്പം വെങ്കിടാചലത്തെ പോലുള്ളവര്‍ നല്‍കുന്ന വിവരങ്ങളുടെയും ആശയങ്ങളുടേയും അടിസ്ഥാനത്തില്‍ രൂപപ്പെട്ടുവരുന്ന കാഴ്ചപ്പാടിനെ മറ്റൊരു വീക്ഷണകോണിലൂടെ കൂടെ സമീപിക്കുകയും ചെയ്യുന്നത് നന്നായിരിക്കും.

(ചിത്രങ്ങള്‍ക്ക് കടപ്പാട്; ബാനിഷ് പാമ്പൂര്‍, ഹരിലാല്‍)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

അഴിമുഖം യൂടൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍