UPDATES

ട്രെന്‍ഡിങ്ങ്

അമ്മയെ കൊന്ന് രക്തം കൊണ്ട് മകന്‍ ചിത്രം വരച്ചു! ദിപാലി വധത്തിനു പിന്നിലെ സത്യമെന്ത്?

ഷീന ബോറ വധക്കേസ് അന്വേഷണസംഘത്തിലെ ഉദ്യോഗസ്ഥനായിരുന്നു കൊലപ്പെട്ട സ്ത്രീയുടെ ഭര്‍ത്താവ്

വീടിന്റെ തറയില്‍ ഇങ്ങനെയെഴുതിയിരുന്നു; അമ്മയെക്കൊണ്ടു മടുത്തു, എന്നെ പിടികൂടി തൂക്കി കൊല്ലു; ഒരു സ്‌മൈലി ഇമേജില്‍ അവസാനിപ്പിച്ചിരിക്കുന്ന വാചകങ്ങളില്‍ ചോര മണമുണ്ടായിരുന്നു. പൊലീസിനുണ്ടായിരിക്കുന്ന പ്രാഥമിക സംശയത്തില്‍ 22 കാരന്‍ സിദ്ധാന്ത് ഗാനറാണു ചോരകൊണ്ട് അങ്ങനെയെഴുതിയിട്ടത്. ആ ചോര സിദ്ധാന്തിന്റെ സ്വന്തം അമ്മയുടേത് ആയിരുന്നു.

ചൊവ്വാഴ്ച മുംബൈയിലെ വര്‍സോവയിലുള്ള വീട്ടിലാണ് ഏറെ നടുക്കം സൃഷ്ടിച്ച ഒരു കൊലപാതകം നടന്നത്. പൊലീസ് ഇന്‍സ്‌പെക്ടര്‍ ധ്യാനേശ്വര്‍ ഗനറിന്റെ ഭാര്യ ദിപാലി(42) ആണ് കുത്തേറ്റ് മരിച്ചത്. തറയില്‍ എഴുതിയിരിക്കുന്ന വാചകങ്ങളും സിദ്ധന്തിന്റെ തിരോധാനവും സംശയത്തിനു ആക്കം കൂട്ടുന്നു. രണ്ടുലക്ഷം രൂപയും വീട്ടില്‍ നിന്നും നഷ്ടപ്പെട്ടിട്ടുണ്ട്. പണം ചോദിക്കുന്നതുമായ ബന്ധപ്പെട്ട തര്‍ക്കത്തിനൊടുവില്‍ സിദ്ധാന്ത് അമ്മയെ കൊന്നതാണോ ഇയാള്‍ മാനസിക പ്രശ്‌നം ഉള്ളയാളാണോ എന്നീ സംശയങ്ങളും പൊലീസിനുണ്ട്.

ഏറെ കോളിളക്കം  സൃഷ്ടിച്ച ഷീന ബോറ വധക്കേസ് അന്വേഷിച്ച പൊലീസ് സംഘത്തില്‍ ഉണ്ടായിരുന്ന ഉദ്യോഗസ്ഥനാണ് ധ്യാനേശ്വര്‍.

ബാന്ദ്രയിലെ നാഷണല്‍ കോളേജില്‍ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിയായിരുന്ന സിദ്ധാന്ത് പഠനം പാതിവഴിയില്‍ ഉപേക്ഷിച്ചിരുന്നു. ഇയാള്‍ കഴിഞ്ഞ കുറച്ചു മാസങ്ങളായി എല്ലാവരില്‍ നിന്നും അകന്നു നില്‍ക്കാന്‍ താത്പര്യം കാണിച്ചിരുന്നുവെന്നും സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ പൂര്‍ണമായി ഒഴിവാക്കിയിരുന്നുവെന്നും സിദ്ധാന്തിന്റെ സുഹൃത്തുക്കള്‍ പറയുന്നുണ്ട്. മകന്‍ പഠനകാര്യത്തില്‍ കാണിക്കുന്ന ഉഴപ്പില്‍ മാതാവ് ദിപാലി വളരെ അസ്വസ്ഥയായിരുന്നു. അതുകൊണ്ട് തന്നെ കുറച്ചുനാളുകളായി സിദ്ധാന്തിനു പോക്കറ്റ് മണി നല്‍കുന്നതും ദിപാലി നിര്‍ത്തിവച്ചിരിക്കുകയായിരുന്നുവെന്നും പറയുന്നു.

ധ്യാനേശ്വര്‍ നല്‍കുന്ന മൊഴിയനുസരിച്ച് അദ്ദേഹം ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലെത്തുമ്പോഴാണു ദിപാലിയെ കുത്തേറ്റു കിടക്കുന്ന നിലയില്‍ കണ്ടെത്തുന്നത്. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം നടന്നു കഴിഞ്ഞിരുന്നു.

ഖര്‍ പൊലീസ് സ്റ്റേഷനില്‍ ഡ്യൂട്ടി നോക്കുന്ന ധ്യാനേശ്വര്‍ രാത്രി 11 മണിയോടെയാണു ഡ്യൂട്ടി കഴിഞ്ഞു വീട്ടിലെത്തുന്നത്. വീട് പൂട്ടിയ നിലയിലായിരുന്നു. ഡോര്‍ ബെല്‍ അടിച്ചിട്ടും ആരും വാതില്‍ തുറക്കാതിരുന്നതിനെ തുടര്‍ന്നു ധ്യാനേശ്വര്‍ ഭാര്യയുടെയും മകന്റെയും ഫോണിലേക്ക് പലവട്ടം വിളിച്ചെങ്കിലും ഫലമുണ്ടായില്ല. അയല്‍വക്കക്കാരോടു ചോദിച്ചെങ്കിലും അവര്‍ക്കും അറിയില്ലായിരുന്നു. ഷോപ്പിംഗിനോ സിനിമയ്‌ക്കോ പോയിരിക്കാമെന്നു കരുതി. അതുകൊണ്ട് വരാന്തയില്‍ കയറി അവര്‍ വരുന്നതും കാത്തിരുന്നു. സമയം പുലര്‍ച്ചെ രണ്ടു മണിയായിട്ടും ഇരുവരെയും കാണാതിരുന്നതോടെ ഭയം തോന്നി. ഒരിക്കല്‍ കൂടി വാതില്‍ തുറക്കാന്‍ ശ്രമിച്ചു. അതിനിടയിലാണു വെളിയില്‍ വച്ചിരിക്കുന്ന ഷൂ റാക്കിനു സമീപത്തായി വലിച്ചെറിയപ്പെട്ട നിലയില്‍ വീടിന്റെ താക്കോല്‍ ശ്രദ്ധയില്‍ പെടുന്നത്. വാതില്‍ തുറന്ന് അകത്തു കയറിയപ്പോഴാണ് കിടപ്പു മുറിയിലായി രക്തത്തില്‍ കുളിച്ചു കിടക്കുന്ന ഭാര്യയെ കണ്ടത്.
മൂന്നു മണിയോടെ പൊലീസ് കണ്‍ട്രോള്‍ റൂമിലേക്ക് ധ്യാനേശ്വറിന്റെ ഫോണ്‍ വന്നിരുന്നതായി പൊലീസ് പറയുന്നുണ്ട്.

പൊലീസ് വീടിനുള്ളില്‍ നടത്തിയ പരിശോധനയില്‍ സിദ്ധാന്തിന്റെ മൊബൈല്‍ ഫോണ്‍ കണ്ടെത്തിയെങ്കിലും അത് ലോക്ക് ചെയ്ത നിലയിലായിരുന്നു. ഫോണ്‍ ഫോറന്‍സിക് സംഘത്തിനു കൈമാറിയിട്ടുണ്ട്. ബാങ്കില്‍ നിന്നും അടുത്തിടെ രണ്ടുലക്ഷം രൂപ പിന്‍വലിച്ചത് വീട്ടില്‍ സൂക്ഷിച്ചിരുന്നുവെന്നും ആ പണമാണ് കാണാതായിരിക്കുന്നതെന്നും ധ്യാനേശ്വര്‍ പൊലീസിനോടു പറഞ്ഞു.

എട്ടോ ഒമ്പതോ കുത്തുകള്‍ ദിപാലിക്ക് ഏറ്റിട്ടുണ്ടെന്നാണു പൊലീസ് പറയുന്നത്. കഴുത്തിലും വയറിലുമായാണു കുത്തുകള്‍ ഏറ്റിരിക്കുന്നത്.ആദ്യത്തെ കുത്തു കഴുത്തിലാണ്. പിന്നീടുള്ളവ വയറിലാണ്. അടുക്കളയില്‍ ഉപയോഗിക്കുന്ന കത്തിയാണ് കുത്താന്‍ ഉപയോഗിച്ചത്. കഴുത്ത് അറത്തിട്ടില്ലെങ്കിലും തുടരെയുള്ള കുത്ത് ഏറ്റിട്ടുണ്ട്. വളരെ ക്രൂരമായ രീതിയിലണു കൊല നടന്നിരിക്കുന്നത്. സംഭവസ്ഥലത്തു തന്നെ അവര്‍ കൊല്ലപ്പെട്ടിരുന്നു; പൊലീസ് പറയുന്നു.

വീട്ടില്‍ നിന്നും പോകുന്നതിനു മുമ്പ് സിദ്ധാന്ത് കുളിച്ച് വസ്ത്രം മാറിയിട്ടുണ്ടെന്നു പൊലീസ് പറയുന്നു. തന്റെയും അമ്മയുടെയും ഫോണുകള്‍ അലമാരയില്‍ വച്ചു പൂട്ടിയിരുന്നു.

ദിപാലിയുടെ കൊലപാതകി ആരാണെന്ന കാര്യത്തില്‍ ഇപ്പോള്‍ ഒരു പ്രസ്താവനയും നടത്താന്‍ തങ്ങള്‍ തയ്യാറല്ലെന്നാണു അന്വേഷണസംഘം പറയുന്നത്. കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടും. എല്ലാവശങ്ങളും പരിശോധിക്കേണ്ടതുമുണ്ട്; വക്കോല പൊലീസ് ഇന്‍സ്‌പെക്ടര്‍ പറയുന്നു.

അതേസമയം ധ്യാനേശ്വറിന്റെ മൊഴിയില്‍ ചില വൈരുദ്ധ്യങ്ങള്‍ ഉണ്ടെന്നു പൊലീസ് സംശയിക്കുന്നു. സംഭവദിവസം ഉച്ചയ്ക്ക് ഇയാള്‍ വയറുവേദനയെന്നു പറഞ്ഞു ഡ്യൂട്ടിയില്‍ നിന്നും മാറിനിന്നിരുന്നു. ആവശ്യമെങ്കില്‍ വീണ്ടും ധ്യാനേശ്വറെ ചോദ്യം ചെയ്യുമെന്നും പൊലീസ് അറിയിച്ചു.

സംഭവ ദിവസം വൈകുന്നേരം അഞ്ചുമണിക്ക് താന്‍ ഭാര്യയോട് ഫോണില്‍ സംസാരിച്ചിരുന്നുവെന്നും ഡ്യൂട്ടി കഴിഞ്ഞ് ഒരു ബന്ധുവിനൊപ്പം ഭക്ഷണം കഴിക്കാന്‍ പോയതുകൊണ്ടാണു വീട്ടില്‍ എത്താന്‍ താമസിച്ചതെന്നും ധ്യാനേശ്വര്‍ നല്‍കിയ മൊഴിയില്‍ പറയുന്നുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍