UPDATES

unni krishnan

കാഴ്ചപ്പാട്

unni krishnan

ന്യൂസ് അപ്ഡേറ്റ്സ്

ഒരു പാട്ടു കുട്ടിയുടെ ഓര്‍മകള്‍… ഹാ ജീവിതമേ!

unni krishnan

ചില ഗന്ധങ്ങള്‍ നമ്മെ ഗൃഹാതുരത്വമുള്ള ഓര്‍മയിലേക്ക് കൂട്ടിക്കൊണ്ടു പൊയ്ക്കളയും. മഴയിലൂടെ ഓടിക്കളിച്ചിരുന്ന ബാല്യത്തെ ഓര്‍മിപ്പിച്ചു കൊണ്ടുവരുന്ന ഉപ്പുമാവിന്റെ മണം പോലെ. അവധിക്കാലത്ത് വിരുന്നു പോയിരുന്ന ഉമ്മയുടെ വീടിനെ ഓര്‍മിപ്പിക്കുന്ന ഇലഞ്ഞി പൂക്കളുടെ സുഗന്ധം പോലെ. ബാപ്പയുടെ തറവാടു വീടിനു ചാണകവും വൈക്കോലും കൂടിക്കലര്‍ന്ന മണമായിരുന്നു. അതു പോലെയാണ് പാട്ടുകള്‍. ചില പാട്ടുകള്‍ ഓര്‍മകളെ നനയിപ്പിക്കുമ്പോള്‍ ചിലത് നമ്മെ പ്രണയാതുരതയിലേക്ക് ആഴ്ത്തിക്കളയും. ഓരോ പാട്ടിനും ഓരോ ഓര്‍മയുണ്ട്. കുറുമ്പ് പിടിച്ചു കരയുമ്പോഴെല്ലാം കരയാതിരുന്നാല്‍ പുസ്തകം സമ്മാനമായി തരാമെന്ന് പറഞ്ഞ് പൂമ്പാറ്റയും സോവിയറ്റ് നാടും തന്നിരുന്ന ബാപ്പയുടെ അനിയന്റെ റൂമില്‍ നിറയെ റിക്കാര്‍ഡ് പ്ലെയറുകളായിരുന്നു. ആ മുറിയിലേക്ക് കുട്ടികള്‍ക്ക് പ്രവേശനമില്ലായിരുന്നു. ചന്ദ്രികയില്‍ അലിയുന്നു ചന്ദ്രകാന്തം, സോജാ രാജകുമാരി സോജാ ഒക്കെ ഇടക്ക് യൂ ടൂബില് കേള്‍ക്കുമ്പോള്‍ എനിക്കാ ദിവസങ്ങളാണ് ഓര്‍മ വരാറ്. ഉമ്മ കാണാതെ ബാപ്പയുടെ സിഗരറ്റ് പാക്കറ്റില്‍ നിന്ന് സിഗരറ്റ് കട്ടെടുത്തു കൊടുക്കുന്ന ദിവസം മാത്രം പ്രവേശനം കിട്ടിയിരുന്ന ആ മുറിയില്‍ ഠമാര്‍ പടാര്‍ എന്നൊക്കെ എഴുതിയ ചിത്രകഥാ പുസ്തവും മറിച്ചു നോക്കി പാട്ടുകള്‍ക്ക് ചെവിയോര്‍ത്തിരുന്ന ബാല്യമായിരുന്നു അത്. അന്നെനിക്ക് പാട്ടിനേക്കാളേറെ ഇഷ്ടം ശിശു ലോകവും ബാലലോകവുമായിരുന്നു. പിന്നെ എന്നാണാവോ ഞാന്‍ പാട്ടിനെ ഇത്രയേറെ ഇഷ്ടപ്പെട്ടു തുടങ്ങിയത്.

 

അഞ്ചാം ക്ലാസ്സിലെ കുപ്പിവളക്കാലത്ത് ഞങ്ങളുടെ ക്ലാസ്സില്‍ നന്നായി പാടുന്ന ഒരു കുട്ടിയുണ്ടായിരുന്നു. എല്ലാ ബുധനാഴ്ച്ചകളിലും സാഹിത്യ സമാജത്തിനു പാട്ടു പാടിയിരുന്ന ആ കുട്ടിയുടെ പേര് ബാലന്‍ എന്നായിരുന്നു. അനുവാദമില്ലാതെ അകത്തു വന്നു എന്റെ അടച്ചിട്ട മണിവാതില്‍ നീ തുറന്നു എന്നവന്‍ പാടുമ്പോള്‍ പ്രണയത്തിന്റെ എട്ടും പൊട്ടും തിരിയാത്ത ആ പ്രായത്തില്‍ അവന്‍ എന്നെ നോക്കിയാണ് പാടുന്നത് എന്നാണ് ഞാന്‍ വിചാരിച്ചിരുന്നത്. നേര്‍ക്ക് നേര് കാണുമ്പോഴെല്ലാം എന്നെ നോക്കി പുഞ്ചിരിക്കുന്നത് കൊണ്ടാവാം എനിക്കങ്ങിനെ തോന്നിയത്. ഒരു അവധിക്കാലത്ത് കൂട്ടുകാരുമൊത്ത് വീടിനടുത്തുള്ള ഫോറസ്റ്റ് ഓഫീസിന്റെ തൊടിയിലെ ഞാവല്‍ പഴം പെറുക്കിയെടുത്ത് തിന്നും ആരുടെ നാവാണ് അധികം ചുവന്നിരിക്കുന്നത് എന്ന് തര്‍ക്കിച്ചും ബഹളം വെക്കുന്നതിനിടയിലാണ് ഒരു ഉന്തുവണ്ടിയും തള്ളി അവന്‍ ഞങ്ങളുടെ മുന്പില്‍ വന്നു പെട്ടത്. അവന്‍ ഞങ്ങളെ കണ്ട ഭാവം നടിച്ചില്ല. ഇനി സ്കൂള്‍ തുറന്നാല്‍ അവനേയും മൈന്‍ഡ് ചെയ്യില്ല എന്ന് സത്യം ചെയ്തിട്ടാ അന്ന് ഞങ്ങള്‍ക്ക് സമാധാനമായത്. ജൂണിലെ അവധി കഴിഞ്ഞ് സ്കൂള്‍ തുറന്നിട്ടും അവന്‍ ക്ലാസ്സില്‍ വന്നതേയില്ല. അന്നൊക്കെ അഞ്ചാം ക്ലാസ്സില്‍ എത്തുമ്പോള്‍ തന്നെ പഠിത്തം മതിയാക്കലും ജോലിക്കു പോവലും സാധാരണയായതിനാലാവണം അദ്ധ്യാപകരും അതു ശ്രദ്ധിക്കാതിരുന്നത്. എനിക്കേറെ ഇഷ്ടമുള്ളൊരു പാട്ടാണത്. അതു കേള്‍ക്കുമ്പോഴെല്ലാം അവനെ കാണുമ്പോള്‍ മുഖം തിരിച്ചു കളയണമെന്നോര്‍ത്തിട്ട് അതിനായില്ലല്ലോ എന്ന് സങ്കടപ്പെട്ടിരുന്ന കുറുമ്പുകാരി പെണ്ണിന്റെ ഓര്‍മയില്‍ എനിക്ക് ചിരിവരാറുണ്ട്.

 

 

പിന്നേയും ജീവിതത്തിലെ ഓരോ നിമിഷങ്ങളെ ഓര്‍മിപ്പിച്ചുകൊണ്ട് എത്രയെത്ര പാട്ടുകളാണ്. പ്രണയിച്ചതിന്റെ പേരില്‍ മുറിയിലടച്ചിട്ട കസിന്‍ സിസ്റ്റര്‍ക്ക് സമ്മാനമായി എത്തിയിരുന്ന കാസറ്റ് ഞാനും അനിയത്തിയും കട്ടെടുത്ത് കേട്ടിരുന്ന നാളുകളെ ഓര്‍മിപ്പിക്കുന്ന പാട്ടുകളാണ് ഒരു മുഖം മാത്രം കണ്ണില്‍… മഞ്ഞില്‍ വിരിഞ്ഞ പൂക്കളുടെ ശബ്ദരേഖയാണെന്ന് പറഞ്ഞാണ് ഞങ്ങളുടെ കയ്യില്‍ തന്നുവിട്ടത്. അതൊന്നു കേട്ടിട്ടു കൊടുക്കാമെന്ന് പറഞ്ഞത് അനിയത്തിയാണ്. ശബ്ദം കുറച്ചു വെച്ച കാസറ്റിലെ പാട്ടുകള്‍ക്ക് ശേഷം കേട്ട ശബ്ദം കേട്ട് എന്തു ചെയ്യണമെന്നറിയാതെ അന്ധാളിച്ചു നിന്നതും പിന്നീട് ആ കാസറ്റിന്റെ പേരില്‍ വീട്ടില്‍ നടന്ന ബഹളവും ഓര്‍ക്കുന്നതു കൊണ്ടാവണം ആ പാട്ട് കേള്‍ക്കുമ്പോഴെല്ലാം വല്ലാത്തൊരു സങ്കടം വന്നെന്നെ മൂടാറുണ്ട്. പ്രണയത്തെ തള്ളിപ്പറയേണ്ടി വന്ന ഇത്തയുടെ കണ്ണിലെ പകയുടെ ഓര്‍മ എന്റെ മനസിലെ കാടുകളെ എരിയിക്കാറുണ്ട്.

 

പനിച്ചു കിടന്ന ഒരു ദിവസം ചപ്ര തലമുടിയുമായി ക്ഷീണിച്ചു കോലായിലെ ചാരുബെഞ്ചില്‍ മഴയിലേക്ക് നോക്കിയിരുന്ന ദിവസം കേടായ റേഡിയോ കേടു തീര്‍ക്കാന്‍ തുറന്നു നോക്കിയപ്പോള്‍ ബാലലോകത്തിലെ കൂട്ടുകാരെ കണ്ടു എന്നു പറഞ്ഞ് എന്നെ സങ്കടപ്പെടുത്തിയ ട്രാക്ടറിന്റെ ഡ്രൈവര്‍ എന്നും മൂളിയിരുന്ന പാട്ടാണ് അക്കരെയാണെന്റെ മാനസം ഇക്കരെയാണെന്റെ താമസം… അന്ന് അവരെയൊക്കെ കണ്ടു എല്ലാവരേയും പരിചയപ്പെട്ടു എന്നൊക്കെ പറഞ്ഞ് അനിയത്തിയും ആ നുണയില്‍ ചേര്‍ന്നപ്പോള്‍ എന്നെ വിളിച്ചില്ലല്ലോ എന്ന് പറഞ്ഞു സങ്കടപ്പെട്ട പനിക്കുട്ടിയുടെ പാട്ടാണത്. ഉപ്പുകൂട്ടി പച്ച മാങ്ങ തിന്നതിന്റേയും മാനം കാണിക്കാതിരുന്നാല്‍ മയില്‍ പീലി പ്രസവിക്കുമെന്ന് പറഞ്ഞ് പുസ്തക താളില്‍ ഒളിപ്പിച്ച മയില്‍ പീലിയുടേയും തട്ടമിടാതെയാണ് സ്‌കൂളില്‍ പോവുന്നതെന്ന് മൗലവിയോട് ഏഷണി പറഞ്ഞു അടികൊള്ളിച്ചിരുന്ന കൂട്ടുകാരനേയും കുറിച്ചുള്ള മനോഹരമായ ഓര്‍മകള്‍ സൂക്ഷിക്കുന്ന എനിക്കെങ്ങനെ ഓത്തു പള്ളിയില് അന്നു നമ്മള് പോയിരുന്ന കാലം ഇഷ്ടപ്പെടാതിരിക്കാനാകുക. ഷഹബാസ് അമന്‍ പാടിയ ഓത്തുപള്ളിയില് കേള്‍ക്കാനാണെനിക്കേറെ ഇഷ്ടം.

 

മാവും പേരറിയാത്ത മരങ്ങളും ധാരാളമുള്ള ബാപ്പയുടെ തറവാടു വീടിന്റെ മുന്‍വശം പാടമായിരുന്നു. ചാണകത്തിന്റേയും വൈക്കോലിന്റേയും മണമുള്ള ആ വീട്ടിലേക്ക് പുതുതായി വെട്ടുണ്ടാക്കിയ റോഡിലൂടെ വാഹനത്തില്‍ ചെന്നിറങ്ങാനാവുമെങ്കിലും പഴയ കാലത്തുപയോഗിച്ചിരുന്ന പാടവരമ്പിലൂടെയുള്ള വഴി കണ്‍മുന്‍പില്‍ തെളിഞ്ഞു തുടങ്ങുമ്പോള്‍ ഉമ്മയോട് വാശി പിടിച്ചു വഴിയില്‍ ഇറങ്ങുമായിരുന്നു. മഴക്കാറുവന്ന്‍ ഇരുണ്ടു മൂടിയ ആകാശത്തിനു കീഴിലെ തൊട്ടാവാടി പൂക്കള്‍ നിറഞ്ഞ പാടവരമ്പിലൂടെ പാദസരം കിലുക്കി മൈലാഞ്ചി കാലുകള്‍ ചേറില്‍ പൂഴ്ത്തി ഓടിയിരുന്ന പട്ടുപാവാടക്കാലത്ത് ഇരുട്ടിക്കുത്തി മഴ വരുന്നത് കണ്ടില്ലേ, അവളുടെ പിരാന്തിന് നീ നിന്നു കൊടുത്തോ എന്ന് ഉമ്മയെ ശകാരിക്കുന്ന വെല്ലിമ്മയുടെ ശബ്ദം കേട്ട് പതുങ്ങി പതുങ്ങി കയറി ചെല്ലുമ്പോള്‍ എന്നെ ഏറെ ആകര്‍ഷിച്ചിരുന്നത് ആ വീട്ടിലെ പുസ്തകങ്ങളാണ്. നിലക്കണ്ണാടിക്കു മുന്‍പില്‍ നിന്നാല്‍ മതിവരാത്ത അക്കാലത്താണ് ന്റെ ഉപ്പൂപ്പാക്കൊരു ആനണ്ടാര്‍ന്ന് വായിച്ചത്. അന്നു തൊട്ട് ഞാന്‍ നിസാര്‍ അഹമ്മദിനെ പ്രണയിച്ചു തുടങ്ങി.

 

 

കോഴിക്കോട് നിലയത്തിലെ നിങ്ങള്‍ക്കിഷ്ടപ്പെട്ട ചലചിത്ര ഗാനങ്ങള്‍ തുടങ്ങുന്നതും കാത്തിരുക്കുമ്പോള്‍, ഹൃദയം പാടുന്നു എന്റെ ഹൃദയം പാടുന്നു എന്ന് യേശുദാസ് പാടുമ്പോള്‍ ആരോടെന്നില്ലാത്ത പ്രണയത്തില്‍ ഞാന്‍ അലിഞ്ഞു പോയിരുന്നു. ആരുമില്ലാതെ ഒറ്റക്കായി പോവുന്ന നിമിഷങ്ങളിലെല്ലാം യൂ റ്റൂബിലെ പാട്ടുകള്‍ക്കായി കീ ബോര്‍ഡില്‍ ഹൃദയം പാടുന്നു എന്ന് ടൈപ്പ് ചെയ്യുമ്പോള്‍ എന്റെ മനസില്‍ ഒരു പുഞ്ചിരി വിടരാറുണ്ട്. പിന്നേയും ഓര്‍മകളില്‍ സങ്കടം പാടിയും സന്തോഷം ചൊരിഞ്ഞും ഓര്‍ത്തെടുക്കാന്‍ നൂറായിരം പാട്ടുകള്‍. സി രാധാകൃഷ്ണന്റെ പുഴ മുതല്‍ പുഴവരെ മുതല്‍, മുന്‍പേ പറക്കുന്ന പക്ഷികള്‍ തൊട്ട് ഇനിയൊരു നിറകണ്‍ചിരി വായിച്ചു കഴിഞ്ഞപ്പോഴേക്കും അര്‍ജുനനെ പോലെയൊരാള്‍ ആയി മനസ്സില്‍. എങ്കിലും ആരും കാണാതെ മനസിലൊരു ഇഷ്ടം കൊണ്ടുനടന്ന ആ നാളുകളില്‍ ഓമലേ ആരോമലേ ഒന്നു ചിരിക്കു ഒരിക്കല്‍ കൂടി എന്നു പാടിയിരുന്ന കൂട്ടുകാരന്റെ ഓര്‍മയാണ് ആയിരം പാദസരം കിലുങ്ങി എന്ന പാട്ടിന്. എറണാകുളത്തു നിന്ന് നിലമ്പൂരിലേക്കുള്ള യാത്രയിലായിരുന്നു ഞങ്ങള്‍. വാകപ്പൂമരം ചൂടും എന്ന അനുഭവം എന്ന സിനിമയിലെ ഗാനം പത്താമത്തെ പ്രാവശ്യമോ മറ്റോ വീണ്ടും വീണ്ടും കേട്ടുകൊണ്ടിരിക്കയായിരുന്നു. മുന്‍സീറ്റിലിരുന്നവര്‍ ആ പാട്ടിന്റെ വരികളെ കുറിച്ചും എങ്ങോ മറഞ്ഞു പോയ നായികയെ കുറിച്ചുമെല്ലാം പറഞ്ഞു സങ്കടപ്പെടുകയായിരുന്നു. അപ്പോഴാണ് പിന്‍സീറ്റിലിരുന്നിരുന്ന എന്റെ മടിയില്‍ കിടന്നുറങ്ങിയിരുന്ന കൂട്ടുകാരിയുടെ മൂന്നു വയസുകാരി ഉറക്കത്തില്‍ നിന്ന് ഞെട്ടിയുണര്‍ന്ന് ‘നസിച്ച ഈ പാട്ട് ഇനിയും തീര്‍ന്നില്ലേ എന്ന് ചോദിച്ചത്. ആ പാട്ടും അതു തന്ന മൂഡും എല്ലാം മറന്ന് പൊട്ടിചിരിച്ച ആ യാത്രയുടെ ഓര്‍മക്കായി നമ്മുടെ പാട്ടെന്ന് ആ പാട്ടിന് പേരിട്ടത് ആ കുറുമ്പുകാരി പെണ്ണുതന്നെയാണ്.

 

പരിചയമില്ലാത്ത ഒരാളെ എങ്ങനെ കല്യാണം കഴിക്കും എന്ന് ചോദിച്ച പുതിയ തലമുറയുടെ ചോദ്യം കേട്ട് കുട്ടികള്‍ക്ക് വന്ന മാറ്റത്തെകുറിച്ചെല്ലാം എല്ലാവരും ചര്‍ച്ച ചെയ്തപ്പോള്‍ ഞാന്‍ നിശബ്ദയായി ഇരുന്നത് രാജ് ബബ്ബാറും സെല്മ അഗയും അഭിനയിച്ച നിക്കാഹ് എന്ന സിനിമ കണ്ട വിവാഹത്തിലെ ആദ്യ നാളുകള്‍ ഓര്‍ത്താണ്. ഒരു മരണം നടന്ന വീടായതിനാല്‍ മാസങ്ങള്‍ക്ക് മുന്‍പ് നിക്കാഹ് കഴിഞ്ഞ പുതുപ്പെണ്ണ് അന്നാദ്യമായി ആ വീട്ടില്‍ വന്നതാണെന്ന് എല്ലാവരും മറന്നു പോയിരുന്നു. പരിചയമില്ലാത്ത ആളുകള്‍ക്കിടയില്‍ നീറിപ്പുകഞ്ഞിരുന്ന മനസുമായി പകല്‍സമയങ്ങളിലും ഇരുട്ട് വീണു കിടക്കുന്ന മുറിയിലൂടെ അലഞ്ഞു നടക്കുമ്പോള്‍ ചുപ് കേ ചുപ്‌കേ രാത് ദിന് വീണ്ടും വീണ്ടും കേട്ട് സങ്കടപ്പെട്ടിരുന്ന നാളുകളായിരുന്നു അത്. ജീവിതത്തെ ഇത്ര ലാഘവത്തോടെ കാണുന്ന, എപ്പോഴും തമാശ പറഞ്ഞു പൊട്ടിച്ചിരിക്കുന്ന മക്കളുടെയത്രപോലും പക്വതയില്ലാത്ത ഒരു പെണ്ണ് ഈ ഭൂമി മലയാളത്തില് നീ മാത്രെ ഉള്ളു എന്നൊക്കെ കുറ്റപ്പെടുത്തുമെങ്കിലും സൈറാബാനുവിന്റെ ദിലീപ് കുമാര്‍ എന്നു മക്കള്‍ പേരിട്ട എന്റെ ഭര്‍ത്താവിനേയും ഈ ജീവിതത്തേയും ഇന്ന് ഞാന്‍ ഏറെ സ്‌നേഹിക്കുന്നുണ്ട്. എങ്കിലും ഓര്‍ക്കാനിഷ്ടമില്ലാത്ത ആ നാളുകളെ ഓര്‍മിപ്പിക്കാറുണ്ടെങ്കിലും ഉറക്കത്തിലേക്ക് വീണു പോകുന്നത് വരെ കേള്‍ക്കാന്‍ ശേഖരിച്ചുവെച്ച ഗസലുകള്‍ക്കിടയില്‍ ഒന്ന് ചുപ് കേ ചുപ് കേ രാത് ദിന്‍ തന്നെയാണ്. 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍