UPDATES

ന്യൂസ് അപ്ഡേറ്റ്സ്

‘ഇനിയുമുറക്കെ ഇതിലുമുറക്കെ’ സോണി ഉച്ചത്തില്‍ വിളിച്ചു. ഞങ്ങള്‍ ഏറ്റുവിളിച്ചു ‘എഐവൈഎഫ് എഐവൈഎഫ്

Avatar

പന്ന്യന്‍ രവീന്ദ്രന്‍

വിദ്യാര്‍ഥിയായിരിക്കുമ്പോള്‍ കമ്മ്യുണിസ്റ്റ് പ്രത്യയശാസ്ത്രത്തില്‍ ആകൃഷ്ടയി പ്രവര്‍ത്തനരംഗത്തിറങ്ങി ലോകാത്താകമാനമുള്ള മതേതര യുവജനതയെ സംഘടിപ്പിക്കുന്ന പ്രസ്ഥാനത്തിന്‍റെ ചുമതലക്കാരനായി മാറിയ സഖാവ് സോണി ബി തെങ്ങമം നമ്മെ വിട്ടുപിരിഞ്ഞിരിക്കുന്നു.

പുതിയ തലമുറയിലെ ചെറുപ്പക്കാര്‍ക്ക് അനുകരണീയനായ മാതൃകയായിരുന്നു സോണി. തെങ്ങമം ബാലകൃഷ്ണ പിള്ള എന്ന അനിഷേധ്യ കമ്മ്യുണിസ്റ്റ് നേതാവിന്‍റെ മകന്‍ എന്നതിലുപരി സംഘടനയ്ക്കും യുവജനതയ്ക്കും വേണ്ടി അദ്ദേഹം ചെയ്ത പ്രവര്‍ത്തികളാണ് എപ്പോഴും അദ്ദേഹത്തെ വേറിട്ട്‌ നിര്‍ത്തിയിരുന്നത്.

വിദ്യാര്‍ഥി പ്രസ്ഥാനത്തിലൂടെ വളര്‍ന്ന് യുവജന പ്രസ്ഥാന നായകനായി പാര്‍ട്ടിയുടെ ദേശീയ കൌണ്‍സില്‍ വരെ എത്തിയ ആളായിരുന്നു അദ്ദേഹം. ഒരു പൊതുപ്രവര്‍ത്തകന്റെ ജീവിതത്തില്‍ എന്തൊക്കെ അനിവാര്യമാണ് എന്ന് സ്വന്തം ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കിയ ഒരു വ്യക്തിത്വം. 

സാര്‍വ്വദേശിയ അടിസ്ഥാനത്തില്‍ സാമ്രാജ്യത്വവിരുദ്ധ പ്രസ്ഥാനത്തിലും ലോക സമാധാന പ്രസ്ഥാനത്തിലും ഒക്കെ യുവാക്കളുടെ പങ്ക് അരക്കിട്ട് ഉറപ്പിച്ച ലോകജനാധിപത്യ യുവജന സംഘടനയുടെ ഭാരവാഹി ആയിരുന്നു അദ്ദേഹം. അങ്ങനെ അവിടെവരെ എത്തിയ ഇന്ത്യക്കാര്‍ വിരലില്‍ എണ്ണാവുന്നതെയുള്ളൂ. അതില്‍ ഒരാളായിരുന്നു സോണി.

കൊല്ലം ജില്ലയില്‍ അഖിലേന്ത്യാ വിദ്യാര്‍ഥി ഫെഡറേഷനെ എപ്പോഴും ഒന്നാമാതാക്കി നിര്‍ത്താന്‍, അതിന്‍റെ എല്ലാ പ്രവര്‍ത്തനങ്ങളിലും സജീവമായി ഇടപെട്ടുകൊണ്ടിരുന്ന നേതാവ്. സോണി പഠിപ്പിച്ച മുദ്രാവാക്യങ്ങള്‍ ഇപ്പോഴും എഐഎസ്എഫ് ഏറ്റു വിളിക്കുന്നു.

ഞാന്‍ അദ്ദേഹത്തെ പരിചയപ്പെടുന്നത് ചരിത്രപ്രസിദ്ധമായ ‘തൊഴില്‍ അല്ലെങ്കില്‍ ജയില്‍’ സമരത്തിലാണ്. കണ്ണൂര്‍ ജില്ലയില്‍ നിന്നും ജാഥയായി എത്തിയ സഖാക്കളെ നയിച്ചിരുന്നവരില്‍ ഒരാള്‍ ഞാന്‍ ആയിരുന്നു.

അവിടെ കൂടിയവരില്‍ ഏറ്റവും പ്രായം കുറഞ്ഞ അംഗങ്ങളില്‍ ഒരാള്‍ സോണിയായിരുന്നു. സോണിയുടെ മുദ്രാവാക്യം വിളി അന്ന് സഖാക്കളെ ആവേശഭരിതരാക്കി.

“ഇനിയുമുറക്കെ ഇതിലുമുറക്കെ… സോണി ഉച്ചത്തില്‍ വിളിച്ചു. പ്രായഭേദമന്യേ ഞങ്ങള്‍ സഖാക്കള്‍  ഏറ്റുവിളിച്ചു “എഐവൈഎഫ്… എഐവൈഎഫ്”…

പിന്നീട് സോണി മുന്നില്‍ നിന്ന് നയിച്ച എത്രയോ സമരങ്ങള്‍, പ്രകടനങ്ങള്‍… മുദ്രാവാക്യ മുഖരിതമായിരുന്നു സോണിയുടെ സമരയുവത്വം.

പ്രസ്ഥാനം ഏല്‍പ്പിച്ച എല്ലാ ജോലികളും വളരെ കൃത്യമായി ചെയ്തു. അങ്ങനെ പാര്‍ട്ടി ഏല്‍പ്പിച്ച ജോലിയായിരുന്നു വിവരാവകാശ കമ്മീഷന്‍ എന്നത്. അത് കൃത്യമായി  നിറവേറ്റുന്നതിനിടയിളാണ് അസുഖബാധിതനായി കിടപ്പിലാകുന്നത്. കിടപ്പിലാകുമ്പോഴും അദ്ദേഹം താന്‍ തുടങ്ങി വെച്ച ജോലികള്‍ ചെയ്തു തീര്‍ക്കാന്‍ ശ്രമിച്ചു കൊണ്ടേയിരുന്നു.

നടക്കാന്‍ കഴിയില്ല എന്നായപ്പോള്‍ കസേരയില്‍ ഇരുന്ന് അദ്ദേഹം ഓഫീസില്‍ എത്തി. നോക്കാനുള്ള ഫയലുകള്‍ കൃത്യമായി നോക്കി തീര്‍പ്പാക്കി. തന്‍റെ അസുഖം മറ്റുള്ളവരെ ബുദ്ധിമുട്ടിപ്പിക്കരുത് എന്ന് അദ്ദേഹത്തിന് നിര്‍ബന്ധമുണ്ടായിരുന്നു.  

സോണിയുടെ വേര്‍പാട് സിപിഐക്കും ഇടതുപക്ഷത്തിനും മതേതരപ്രസ്ഥാനങ്ങള്‍ക്കും ഒരു വലിയ നഷ്ടം തന്നെയാണ്.

സോണി പോയിരിക്കുന്നു.അദ്ദേഹത്തിന്‍റെ കരുത്തുറ്റ മുദ്രാവാക്യങ്ങളും പ്രസംഗങ്ങളും ഇന്നും നിലനില്‍ക്കും. പുതിയ തലമുറ അതിനെ നെഞ്ചേറ്റും എന്ന കാര്യത്തില്‍ സംശയമില്ല.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍