UPDATES

ന്യൂസ് അപ്ഡേറ്റ്സ്

മന്‍ കി ബാത്തിന്റെ ആശാന്‍ ഇപ്പോള്‍ മൌനവ്രതത്തില്‍

Avatar

കോണ്‍ഗ്രസ് പാര്‍ലമെന്ററി കക്ഷി യോഗത്തില്‍ സോണിയ ഗാന്ധി നടത്തിയ പ്രസംഗത്തിന്‍റെ പൂര്‍ണ്ണരൂപം.  

ആദ്യമായി മുന്‍ രാഷ്ട്രപതി ഡോ. എ പി ജെ അബ്ദുള്‍ കലാമിന് സ്മരണാഞ്ജലി അര്‍പ്പിക്കട്ടെ. പ്രഗത്ഭനായ ശാസ്ത്രജ്ഞനായിരുന്ന അദ്ദേഹം ശരിക്കും ‘ജനങ്ങളുടെ രാഷ്ട്രപതിയായിരുന്നു’. എല്ലാറ്റിനുമുപരി അസാധാരണമായ തരത്തില്‍ പ്രചോദനം നല്‍കുന്ന നേതാവും. പെട്ടെന്നുള്ള അദ്ദേഹത്തിന്റെ വിയോഗത്തില്‍ നാം അഗാധമായി അനുശോചിക്കുന്നു.

ഗുര്‍ദാസ്പൂരില്‍ നടന്ന അതിര്‍ത്തി കടന്നുള്ള ഭീകരാക്രമണത്തെ നാം ശക്തിയായി അപലപിക്കുന്നു. ഇത്തരമൊരു ആക്രമണം നേരിടുമ്പോള്‍ രാഷ്ട്രീയ ഭേദമെന്യേ നാം രാഷ്ട്രമെന്ന നിലയില്‍ ഒന്നിച്ചു നില്‍ക്കണം. ജീവന്‍ വെടിഞ്ഞവരെ നാം അഭിവാദ്യം ചെയ്യുന്നു.

പാര്‍ലമെന്റിന്റെ നടപ്പുസമ്മേളനം താരതമ്യേന ചെറുതാണെങ്കിലും സംഭവബഹുലമാണ്. ഒറ്റ കാരണം കൊണ്ടാണ് അത് സംഭവബഹുലമാകുന്നത്- അത് പൊതുജനാഭിപ്രായത്തോടുള്ള മോദി സര്‍ക്കാരിന്റെ തികഞ്ഞ നിസംഗതയാണ്. വമ്പന്‍ അഴിമതികളുടെ കാര്യത്തിലെ അതിന്റെ തികഞ്ഞ നിശബ്ദതയും നിയമലംഘനവും നേതാക്കളുടെ വലിയ തോതിലെ വഴിവിട്ട പ്രവര്‍ത്തികളും ഒക്കെ ഇതാണ് കാണിക്കുന്നത്.

പ്രധാനമന്ത്രി വാഗ്ദാനങ്ങളുടെ കാര്യത്തില്‍ വളരെ ഉദാരനാണ്. എന്നാല്‍ അവ പാലിക്കുന്നതില്‍ കഴിവില്ലാത്തയാളും. ഒരുവശത്ത് സുതാര്യത, ഉത്തരവാദിത്തം, വിശ്വാസ്യത എന്നിവയിലൊക്കെ ധാര്‍മിക ഔന്നത്യം അവകാശപ്പെടാനുള്ള ഒരവസരവും അദ്ദേഹം പാഴാക്കാറില്ല. മറുവശത്ത്, തന്റെ വിദേശകാര്യ മന്ത്രിയുടെയും, രണ്ടു മുഖ്യമന്ത്രിമാരുടെയും വലിയ ക്രമക്കേടുകളെക്കുറിച്ച് അദ്ദേഹം കനത്ത മൌനം പുലര്‍ത്തുന്നു. മന്‍ കി ബാത്തിന്റെ ആശാന്‍ ഇപ്പോള്‍ മൌനവ്രതത്തിലാണ്.

പ്രതിപക്ഷത്തായിരുന്നപ്പോള്‍ തടസപ്പെടുത്തലിനെ ന്യായീകരിക്കുക മാത്രമല്ല അതിനെ ന്യായമായ ഒരു തന്ത്രമാക്കി അവതരിപ്പിക്കുക കൂടി ചെയ്തവരില്‍ നിന്നും പാര്‍ലമെന്‍ററി മര്യാദകളെക്കുറിച്ചുള്ള ഉപദേശം കേള്‍ക്കുകയാണ് നമ്മള്‍. ഇന്നലെകളില്‍ ഇരുസഭകളിലും ബഹളം കൂട്ടിയിരുന്നവര്‍ ഇന്നിപ്പോള്‍ പൊടുന്നനെ ചര്‍ച്ചയുടേയും സംവാദത്തിന്റെയും വക്താക്കളായിരിക്കുന്നു. സൌകര്യപ്രദമായ മറവി ബാധിച്ചവരെ കാര്യങ്ങള്‍ ഓര്‍മ്മിപ്പിക്കേണ്ടതുണ്ട്. യു പി എ ഭരണത്തിന്റെ ഒരു പതിറ്റാണ്ടില്‍ ചുരുങ്ങിയത് 5 തവണയെങ്കിലും ‘ആദ്യം രാജി, പിന്നെ ചര്‍ച്ച’ എന്ന പരിപാടിയുമായി മുന്നിട്ടിറങ്ങിയിരുന്നു ബി ജെ പി എന്നു അവരിത്രവേഗം മറന്നോ?

മുംബൈ ഭീകരാക്രമണത്തിന്റെ അവസരത്തില്‍ ഭീകരവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടക്കവേ 2008 നവംബര്‍ 28-നു നഗരത്തിലെത്തിയ അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രി പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിനെ വിമര്‍ശിക്കാനാണ് മുതിര്‍ന്നതെന്നും ബി ജെ പി മറന്നോ? ഇപ്പോള്‍ രാഷ്ട്രതന്ത്രജ്ഞത കാണിച്ചില്ലെന്നാണ് നമുക്കെതിരെയുള്ള ആക്ഷേപം!

ബി ജെ പിയുടെ ഭൂതകാലത്തോടു കിടപിടിക്കാനല്ല നാം പോരാട്ടവീര്യം കാണിക്കുന്നതെന്ന് ഞാന്‍ വ്യക്തമാക്കട്ടെ. സര്‍ക്കാരിന്റെ തികച്ചും ലജ്ജാഹീനമായ നിലപാട് മൂലമാണത്. തീര്‍ച്ചയായും, സഭ നടക്കണമെന്നും നിയമങ്ങള്‍ ചര്‍ച്ച ചെയ്യുകയും അംഗീകരിക്കുകയും വേണമെന്നും നമുക്കാഗ്രഹമുണ്ട്. പക്ഷേ തെറ്റുകാരായവര്‍ പദവികളില്‍ തുടരുന്നിടത്തോളം ഫലവത്തായ ഒരു ചര്‍ച്ചയും നടപടികളും ഉണ്ടാകില്ല എന്ന കാര്യത്തില്‍ നമുക്ക് സംശയമില്ല.

തുടക്കം മുതലേ നമ്മുടെ നിലപാട് വ്യക്തമാണ്; വിദേശകാര്യ മന്ത്രിയുടെയും രണ്ടു മുഖ്യമന്ത്രിമാരുടെയും രാജി ആവശ്യപ്പെടാന്‍ പ്രധാനമന്ത്രിക്ക് മുന്നില്‍ കുന്നോളം തെളിവുകളുണ്ട്.

തങ്ങളുടെ അംഗബലത്തെ ഉത്തരവാദിത്തമായല്ല ധിക്കാരമായാണ് സര്‍ക്കാര്‍ ഉപയോഗിക്കുന്നത്. ഒന്നാമതായി പാര്‍ലമെന്റിനെ മറികടന്ന് നിരവധി ഓര്‍ഡിനന്‍സുകള്‍ പുറപ്പെടുവിച്ചു. പലതും വീണ്ടും പുറപ്പെടുവിക്കുന്നു. ബില്ലുകള്‍ സ്റ്റാന്‍ഡിംഗ് കമ്മറ്റിയുടെ പരിഗണനക്ക് വിടുന്നില്ല. ഞങ്ങളുടെ ശബ്ദങ്ങള്‍ അടിച്ചമര്‍ത്തുന്നു. ഇപ്പോള്‍ ഈ അംഗബലം അന്വേഷണത്തെ ചര്‍ച്ച കൊണ്ട് മറികടക്കാന്‍ ഉപയോഗിക്കുകയാണ്. ഇത് സ്വീകാര്യമല്ല. സര്‍ക്കാരിനെ മറുപടി പറയിക്കാന്‍ സാധ്യമായതൊക്കെ നാം ചെയ്യും. സര്‍ക്കാരിന്റെ തെറ്റുകുറ്റങ്ങള്‍ ചൂണ്ടിക്കാട്ടുക എന്നത് ഭരണഘടനാപരമായി ഞങ്ങളുടെ അവകാശമാണ്.

നമ്മള്‍ കഴിഞ്ഞ തവണ കൂടിയതിന് ശേഷമാണ് മോദി സര്‍ക്കാര്‍ ഒരു വര്‍ഷം തികച്ചിരിക്കുന്നത്. ഇതിനകം അവര്‍ തുറന്നുകാട്ടപ്പെട്ടിരിക്കുന്നു. പ്രധാനമന്ത്രി വാര്‍ത്താ തലക്കെട്ടുകള്‍ പിടിച്ചെടുക്കാനും, പഴയ വീഞ്ഞു പുതിയ കുപ്പിയിലാക്കി വില്‍ക്കാനും, വാര്‍ത്താ കൈകാര്യക്കാരനാകാനും ഒക്കെ മിടുക്കനാണ്. ഏതെങ്കിലും യു പി എ പദ്ധതി പുതിയ പേരില്‍ അവതരിക്കാത്ത ദിവസമില്ല.  അതിനുള്ള പ്രധാനമന്ത്രിയുടെ മുന്‍ഗണനാ അവകാശത്തെ  നാം ചോദ്യം ചെയ്യുന്നില്ല. പക്ഷേ സാമൂഹ്യക്ഷേമ പദ്ധതികള്‍ക്കുള്ള ബജറ്റ് വിഹിതം ഞെട്ടിക്കും വിധം വെട്ടിക്കുറച്ചത് അപലപനീയമാണ്.

സത്യം ദഹിക്കാതെ വരുമ്പോള്‍ അത് അടിച്ചമര്‍ത്തുകയാണ്. ഒരുദാഹരണം ഞാന്‍ പറയാം. 2013 നവംബറിനും 2014 മേയ് മാസത്തിനും ഇടയ്ക്ക് വനിതാ, ശിശു ക്ഷേമ മന്ത്രാലയവും യൂനിസെഫും കുട്ടികളുടെ ആരോഗ്യത്തെക്കുറിച്ച് ഒരു സര്‍വെ നടത്തി. സര്‍വെ ഫലം പൂഴ്ത്തിവെച്ചു. എന്തുകൊണ്ട്? ആദ്യമായി, കുട്ടികള്‍ക്കിടയിലെ പോഷകാഹാരക്കുറവ് ഇപ്പൊഴും ഉയര്‍ന്നതാണെങ്കിലും യു പി എ കാലത്ത് താഴ്ന്നുവന്നിരുന്നു. അതിലും പ്രധാനം, പോഷകാഹാര, ആരോഗ്യ സൂചികകളുടെ കാര്യത്തില്‍ ഗുജറാത്ത് ദേശീയ ശരാശരിയേക്കാള്‍ പിന്നിലാണ് എന്നതാണ്. മോദിയുടെ ഇന്ദ്രജാലം! അല്ലെങ്കില്‍ നാം ചോദിക്കണം, മോദിയുടെ മാതൃക പാവപ്പെട്ട കുറേപ്പേരുടെ ചെലവില്‍ കുറച്ചുപേരെ സഹായിക്കുന്നതാണോ എന്ന്.

കേന്ദ്ര സര്‍ക്കാരിന്റെ ധനസഹായത്തിന്റെ കാര്യത്തില്‍ നാലു പതിറ്റാണ്ടിലേറെയായി വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങള്‍ക്ക് പ്രത്യേക പദവിയുണ്ട്. ഈ സര്‍ക്കാര്‍ എന്താണ് ചെയ്തത്? ആ പ്രത്യേക പദവി തന്നെ എടുത്തു കളഞ്ഞു.

സര്‍ക്കാരിന്റെ കര്‍ഷക വിരുദ്ധ നയങ്ങള്‍ ഗ്രാമീണ ഇന്ത്യയെ വലച്ചിരിക്കുന്നു. ഭൂമി ഏറ്റെടുക്കല്‍ ഭേദഗതി ബില്ലിനെതിരെ കര്‍ഷകര്‍ കടുത്ത പ്രതിഷേധമുയര്‍ത്തുന്നു. കുറഞ്ഞ താങ്ങുവില കൂട്ടാന്‍ സര്‍ക്കാര്‍ തയ്യാറാകാത്തപ്പോഴും വന്‍തോതിലുള്ള ഗോതമ്പ് ഇറക്കുമതിക്ക് വാതിലുകള്‍ മലര്‍ക്കെ തുറന്നിട്ടിരിക്കുന്നു. മെയ്ക് ഇന്‍ ഇന്ത്യ കര്‍ഷകര്‍ക്ക് ബാധകമല്ലേ? റബര്‍, തേങ്ങ, കാപ്പി, തേയില എന്നിവയും കനത്ത പ്രതിസന്ധിയിലാണ്. എന്നിട്ടും കൃഷിക്കാരെ അപഹസിക്കുന്ന ആക്ഷേപങ്ങളാണ് കൃഷി മന്ത്രി നടത്തിയത്.

പൌരസമൂഹ സംഘടനകള്‍ക്കും സാമൂഹ്യ സംഘടനകള്‍ക്കുമെതിരെ ഈ സര്‍ക്കാര്‍ അടിച്ചമര്‍ത്തല്‍ നടപടികളാണ് എടുക്കുന്നത്. നമ്മുടെ ജനാധിപത്യത്തിന്റെ അവിഭാജ്യ ഘടകമാണ് അവര്‍. പക്ഷേ ഇത്തരം സംഘങ്ങളെ അടിച്ചമര്‍ത്താനും അടിത്തട്ടിലെ മുന്നേറ്റങ്ങളെ ഇല്ലാതാക്കാനുമാണ് സര്‍ക്കാര്‍ ശ്രമം. ആയിരക്കണക്കിന് എന്‍ ജി ഓ-കള്‍ സര്‍ക്കാരിന്റെ ഭീഷണിക്ക് വിധേയമാകുന്നു. അധികാരത്തിലിരിക്കുന്നവരുടെ ദുഷ്ചെയ്തികള്‍ തുറന്നുകാട്ടിയതിനാണ് പല എന്‍ ജി ഒകളെയും പകയോടെ കാണുന്നതെന്നതാണ് വാസ്തവം.

മാനവ വിഭവശേഷി മന്ത്രാലയം ഒരു പ്രത്യേക സിദ്ധാന്തത്തിന് തീറെഴുതി കൊടുത്തത് രാജ്യത്തെ ആകെയും, പ്രത്യേകിച്ചു വര്‍ഗീയതയും സംസ്കാര പഠനത്തിലെ നിലവാരരാഹിത്യവും ഭാവിയെ തകര്‍ക്കുന്നതും ആണെന്ന്‍ യുവാക്കള്‍ ആശങ്കപ്പെടുന്നു. ദശാബ്ദങ്ങളായി കെട്ടിപ്പൊക്കിയ ഉന്നത വിദ്യാഭ്യാസരംഗത്തെ സ്ഥാപനങ്ങളുടെ സ്വയം ഭരണാവകാശവും കാര്യക്ഷമതയും ഒലിച്ചുപോകുന്നു.

സര്‍ക്കാരിന്റെ നൂറുകണക്കായ വീഴ്ച്ചകളിലെ ചിലത് മാത്രമാണിത്.

നാം ഏറെക്കാലം ഭരണത്തില്‍ ഇരുന്നിട്ടുണ്ട്. അതിന്റെ ആവശ്യകതകളെക്കുറിച്ച് അറിയുകയും ചെയ്യാം. ദേശീയ താത്പര്യത്തിലുള്ള നിയമനിര്‍മ്മാണങ്ങളെ പിന്തുണക്കാനുള്ള നമ്മുടെ ബാധ്യതയും നമുക്കറിയാം. പക്ഷേ, ഒന്നുകില്‍ ഇതെടുക്കുക, അല്ലെങ്കില്‍ സ്ഥലം വിടുക എന്ന സര്‍ക്കാരിന്റെയും അതിന്റെ പരമോന്നത നേതാവിന്റെയും ഇണ്ടാസ് എല്ലാ ജനാധിപത്യ രീതികള്‍ക്കും എതിരാണ്.

ഔദ്ധത്യവും കാപട്യം നിറഞ്ഞ വാചകമടിയും ഫലം ചെയ്യില്ല. സഹകരണത്തിനാവശ്യമായ അന്തരീക്ഷം ഉണ്ടാക്കാനുള്ള അടിസ്ഥാന ബാധ്യത സര്‍ക്കാരിനുണ്ട്.

അതുകൊണ്ട്, പാര്‍ലമെന്റിന് അകത്തും പുറത്തും നാം നമ്മുടെ നിലപാടുകള്‍ ശക്തിയായി അവതരിപ്പിക്കും. രാജ്യത്തിന്റെ മുക്കിലും മൂലയിലും നമ്മുടെ സന്ദേശം ചെല്ലുന്നു എന്ന് നമുക്ക് കൂട്ടായി ഉറപ്പുവരുത്താം.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

അഴിമുഖം യൂട്യൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍