UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഒരു ദിവസത്തെ നാടകങ്ങള്‍ക്കൊടുവില്‍ അഞ്ചു മിനിട്ട് കൊണ്ട് ജാമ്യം

അഴിമുഖം പ്രതിനിധി

ഒരു ദിവസം നീണ്ടു നിന്ന രാഷ്ട്രീയ നാടകങ്ങള്‍ക്കൊടുവില്‍ അഞ്ച് മിനുട്ടുകള്‍ കൊണ്ട് നാഷണല്‍ ഹെറാള്‍ഡ് കേസില്‍ കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയാ ഗാന്ധിക്കും വൈസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധിക്കും ജാമ്യം. അനാരോഗ്യം കാരണം കോടതിയില്‍ ഹാജരാകാതിരുന്ന സാംപിത്രോഡ ഒഴിച്ച് മറ്റു പ്രതികള്‍ക്കെല്ലാം പട്യാല ഹൗസ് കോടതി ജാമ്യം അനുവദിച്ചു. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളായ മോത്തിലാല്‍ വോറ, ഓസ്‌കാര്‍ ഫെര്‍ണാണ്ടസ്, സുമന്‍ ദുബേ എന്നിവര്‍ക്കും ഗാന്ധിമാര്‍ക്കൊപ്പം ജാമ്യം ലഭിച്ചു. പിത്രോദയ്ക്ക് കോടതിയില്‍ ഹാജരാകുന്നതില്‍ നിന്നും കോടതി ഇളവ് അനുവദിക്കുകയും ചെയ്തു.

കേസ് നല്‍കിയ ബിജെപി നേതാവ് സുബ്രഹ്മണ്യം സ്വാമി ജാമ്യം നല്‍കുന്നതിനെ എതിര്‍ത്തില്ല. എന്നാല്‍ പ്രതികളെ വിദേശ യാത്ര നടത്തുന്നതില്‍ നിന്ന് തടയണമെന്നും സ്വാമി ആവശ്യപ്പെട്ടുവെങ്കിലും കോടതി അംഗീകരിച്ചില്ല. രാഷ്ട്രീയ വേരുകള്ള ബഹുമാന്യ വ്യക്തികളാണ് സോണിയയും രാഹുലും എന്നും അവര്‍ രാജ്യം വിട്ടുപോകുമെന്ന് സംശയിക്കേണ്ടതില്ലെന്നും കോടതി പറഞ്ഞു. ഉപാധികള്‍ ഇല്ലാതെയാണ് കോടതി ജാമ്യം അനുവദിച്ചത്. 50,000 രൂപയുടെ വ്യക്തിഗത ബോണ്ട് നല്‍കാന്‍ കോടതി ആവശ്യപ്പെട്ടു. സോണിയക്കുവേണ്ടി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവായ എകെ ആന്റണി ജാമ്യം നിന്നപ്പോള്‍ രാഹുലിനുവേണ്ടി സഹോദരി പ്രിയങ്കാ ഗാന്ധിയും ജാമ്യം നിന്നു.

കേസിന്റെ അടുത്ത വാദം 2016 ഫെബ്രുവരി 20-ലേക്ക് മാറ്റിയ കോടതി സാം പിത്രോഡയോട് അന്നേദിവസം ഹാജരാകാനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

സോണിയയും രാഹുലും കോടതിയില്‍ ഹാജരാകുന്നതിനെ തുടര്‍ന്ന് കനത്ത സുരക്ഷയാണ് പരിസരത്ത് ഏര്‍പ്പെടുത്തിയിരുന്നത്. ഏകദേശം 5000 സുരക്ഷാ ജീവനക്കാരെയാണ് വിന്യസിച്ചിരുന്നത്. കോടതിയിലും പരിസരത്തും ധാരാളം കോണ്‍ഗ്രസ് നേതാക്കളും എത്തിയിരുന്നു. മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ്, ഗുലാം നബി ആസാദ്, മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗേ, ഷീല ദീക്ഷിത്, കുമാരി ഷെല്‍ജ, അശ്വിനി കുമാര്‍, എകെ ആന്റണി, മീര കുമാര്‍, അംബികാ സോണി തുടങ്ങിയ മുതിര്‍ന്ന നേതാക്കളും സോണിയക്കും രാഹുലിനും ഒപ്പം കോടതിയില്‍ എത്തിയിരുന്നു.

ജാമ്യം നേടി പുറത്തു വന്ന സോണിയയും രാഹുലും മോദി സര്‍ക്കാരിന് എതിരെ കനത്ത ആക്രമണമാണ് നടത്തിയത്. കേന്ദ്ര സര്‍ക്കാര്‍ രാഷ്ട്രീയ എതിരാളികളെ വേട്ടയാടുന്നുവെന്ന് സോണിയ ആരോപിച്ചു. അതേസമയം സര്‍ക്കാരിന് എതിരായ പ്രക്ഷോഭം തുടരുമെന്ന് രാഹുലും പറഞ്ഞു. മോദിയുടെ മുഖംമൂടിയാണ് സുബ്രഹ്മണ്യം സ്വാമിയെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. കേസിന് പിന്നില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും സര്‍ക്കാരും ആണ്. കേന്ദ്ര സര്‍ക്കാര്‍ പ്രതികാര രാഷ്ട്രീയം കളിക്കുകയാണെന്ന് രാഹുലും ആരോപിച്ചു. തെറ്റായ ആരോപണങ്ങള്‍ ഉന്നയിച്ചാല്‍ പ്രതിപക്ഷം വഴങ്ങുമെന്ന് മോദി കരുതുന്നു എന്നാല്‍ കോണ്‍ഗ്രസും ഞാനും ഒരിക്കലും വഴങ്ങില്ല, രാഹുല്‍ പറഞ്ഞു.

കോണ്‍ഗ്രസ് നാടകം കളിക്കുന്നുവെന്ന ആരോപണവുമായി ബിജെപിയും രംഗത്തെത്തി.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍