UPDATES

ഇന്ത്യ

മോദിയുടെ കേമത്തം എന്തിനെച്ചൊല്ലി? സോണിയ ഗാന്ധിക്കും ചിലത് ചോദിക്കാനുണ്ട്

ഇന്ത്യയുടെ സമീപകാല ചരിത്രത്തിലെ ഏറ്റവും കേന്ദ്രീകൃത സ്വഭാവമുള്ള ഒരു സര്‍ക്കാര്‍ ഉണ്ടാക്കിയതിനാണ് അവര്‍ കീര്‍ത്തി അര്‍ഹിക്കുന്നത്.

കോണ്‍ഗ്രസ് പാര്‍ലമെന്‍ററി പാര്‍ടി യോഗത്തില്‍ (06-05-15) സോണിയാ ഗാന്ധി നടത്തിയ പ്രസംഗത്തിന്റെ പൂര്‍ണരൂപം

ആദ്യമായി ഏപ്രില്‍ 19-നു നാം നടത്തിയ കിസാന്‍-ഖേത് മസ്ദൂര്‍ റാലി വിജയമാക്കിയ എല്ലാ പാര്‍ടി പ്രവര്‍ത്തകരെയും ഞാന്‍ അഭിനന്ദിക്കുന്നു. നാം കൂട്ടായി പ്രവര്‍ത്തിക്കുമ്പോള്‍ നമുക്കുണ്ടാക്കാന്‍ കഴിയുന്ന ശേഷികളെ അത് കാണിക്കുന്നു.

ഭൂമി ഏറ്റെടുക്കല്‍ നിയമം-2013-നുള്ള ഭേദഗതികളാണ് ഇപ്പൊഴും പ്രധാന രാഷ്ട്രീയ ചര്‍ച്ച. രാഹുലും, നമ്മുടെ സഹപ്രവര്‍ത്തകരും, പാര്‍ടി പ്രവര്‍ത്തകരും ഈ വിഷയം പാര്‍ലമെന്റിലും പുറത്തും ശക്തമായി ഏറ്റെടുത്തതിലും കര്‍ഷകദുരിതം ഉയര്‍ത്തിക്കാണിച്ചതിലും എനിക്കു സന്തോഷമുണ്ട്.

നാം കഴിഞ്ഞ തവണ കണ്ടതില്‍ നിന്നും ഏറെ മാറ്റങ്ങള്‍ വന്നു, ഒന്നൊഴിച്ച്; സര്‍ക്കാരും പ്രധാനമന്ത്രിയും ഇപ്പൊഴും പ്രചാരണത്തിന്റെ രീതിയിലാണ്, തെരഞ്ഞെടുപ്പ് കഴിയാത്തതു പോലെ.

അതിലും മോശം, ഇതാദ്യമായി ഒരു പ്രധാനമന്ത്രി വിദേശത്ത് ആഭ്യന്തര രാഷ്ട്രീയക്കളികള്‍ നടത്തി എന്നാണ്. കഴിഞ്ഞ മാസം ഫ്രാന്‍സില്‍ നരേന്ദ്ര മോദി മുന്‍ യു പി എ സര്‍ക്കാരിനെയും ബഹുമാന്യനായ അദ്ദേഹത്തിന്റെ മുന്‍ഗാമിയേയും അവഹേളിച്ചു. കാനഡയില്‍ അതിലും തരം താഴ്ന്ന ഭാഷയില്‍ യു പി എ സര്‍ക്കാരിനെ ഇകഴ്ത്തിക്കാട്ടി. ഇത് അദ്ദേഹത്തിന്റെ പദവിക്ക് ചേരാത്തതും, രാജ്യത്തിന് നാണക്കേടുമാണ്.

സുഹൃത്തുക്കളേ, ഇത്തരം നിലവാരമില്ലാത്ത പെരുമാറ്റം നമുക്ക് പറഞ്ഞതല്ല. നാം നമ്മുടെ കഴിഞ്ഞ കാലത്തില്‍ അഭിമാനിക്കുന്നു; നമ്മുടെ പ്രത്യയശാസ്ത്രത്തില്‍,പരിപാടികളില്‍, നയങ്ങളില്‍  വിശ്വാസമര്‍പ്പിച്ചു രാജ്യത്തിന്റെ ഭാവിക്കായി പോരാട്ടം തുടരും.

ഞാന്‍ ചോദിക്കട്ടെ, എന്താണ്’അച്ഛേ ദിന്‍’ വാസ്തവത്തില്‍? കുറഞ്ഞ പെട്രോള്‍ വില? അത് അന്താരാഷ്ട്ര വില ഇടിഞ്ഞത് കൊണ്ടാണെന്ന് നമുക്കെല്ലാവര്‍ക്കുമറിയാം. അതിലിവര്‍ക്കൊരു പങ്കുമില്ല.

പിന്നെന്തിനാണ്  അവര്‍ക്ക് പെരുമ വേണ്ടത്?

അത് ഏറ്റവും കര്‍ഷക വിരുദ്ധമായ ഭൂമി ഏറ്റെടുക്കല്‍ ഭേദഗതികള്‍ക്കാണ്.  മുമ്പില്ലാത്ത വിധത്തില്‍ രാജ്യത്തെ കര്‍ഷകരുടെ ദുരിതത്തെ അവഗണിക്കുന്നതിനാണ്.

നെയ്ത്ത് സംവരണ നിയമം എടുത്തുകളഞ്ഞ് ദശലക്ഷക്കണക്കിന്  നെയ്ത്തുകാരെയും കൈത്തൊഴിലുകാരെയും വഴിയാധാരമാക്കുകയും നമ്മുടെ സാംസ്കാരിക പൈതൃകത്തിന്റെ ഒരു ഭാഗം നശിപ്പിക്കുന്നതിനുമാണ് അവര്‍ കേമത്തം പറയേണ്ടത്.

സര്‍ക്കാര്‍ സംവിധാനത്തിലെ നിര്‍ണായകമായ ഒഴിവുകള്‍, പ്രത്യേകിച്ചും സര്‍ക്കാരിനെ ചോദ്യം ചെയ്യാനാവുന്ന തരത്തില്‍ സ്വതന്ത്ര സ്വഭാവമുള്ളവ, ഒഴിച്ചിടുന്നതിനാണ് അവര്‍ക്ക് പെരുമ നല്കേണ്ടത്. എന്തിനെയാണ് ഈ സര്‍ക്കാര്‍ പേടിക്കുന്നത്?

ഇന്ത്യയുടെ സമീപകാല ചരിത്രത്തിലെ ഏറ്റവും കേന്ദ്രീകൃത സ്വഭാവമുള്ള ഒരു സര്‍ക്കാര്‍ ഉണ്ടാക്കിയതിനാണ് അവര്‍ കീര്‍ത്തി അര്‍ഹിക്കുന്നത്. മന്ത്രിമാര്‍ ഗണിക്കപ്പെടുന്നില്ല. ശക്തരായി എന്നു കരുതുന്ന ഉദ്യോഗസ്ഥര്‍ പോലും തളര്‍ന്നിരിപ്പാണ്; കാരണം എല്ലാ കടലാസുകളും തീരുമാനത്തിനായി  പ്രധാനമന്ത്രി കാര്യാലയത്തില്‍ കെട്ടിക്കിടപ്പാണ്. പ്രധാനമന്ത്രി എപ്പോഴും അഭിപ്രായ സമന്വയത്തെ കുറിച്ചു പറയുന്നു. എന്നിട്ടും സമ്പ്രദായങ്ങള്‍ ലംഘിച്ചു സര്‍ക്കാര്‍ മുഷ്കോടെയാണ് പ്രവര്‍ത്തിക്കുന്നത്. ഞാന്‍ രണ്ട് ഉദാഹരണങ്ങള്‍ പറയാം; അടുത്തിടെ സര്‍ക്കാര്‍ അരുണാചല്‍ പ്രദേശില്‍ AFSPA നടപ്പാക്കിയത് മുഖ്യമന്ത്രിയെ പോലും അറിയിക്കാതെയാണ്. ബംഗ്ലാദേശ് ഭൂമി കരാറില്‍ അസമിനെ ഒഴിവാക്കിയാണ് മുന്നോട്ട് പോകുന്നത്. ഈ മുഷ്ക് പാര്‍ലമെന്റിലും പ്രകടമാണ്. 51 ബില്ലുകളില്‍ 43 എണ്ണവും സ്റ്റാന്റിംഗ് കമ്മറ്റിക്ക് അയച്ചിട്ടില്ല.

പക്ഷേ ഈ കേന്ദ്രീകരണം മോദിക്ക് പുതിയതല്ല.  പൊലീസിന് പൈശാചികമായ അധികാരങ്ങള്‍ നല്‍കുന്നൊരു ഭീകര-വിരുദ്ധ ബില്‍ ഗുജറാത്തില്‍ ഇപ്പോള്‍ അംഗീകരിച്ചതെയുള്ളൂ. പുതിയ നിയമം സംസ്ഥാന സര്‍ക്കാരിനെയും, മന്ത്രിമാരെയും ഉദ്യോഗസ്ഥരെയും നിയമ നടപടികളില്‍ നിന്നും ഒഴിച്ചുനിര്‍ത്തുന്നു. ഇതാണോ ബി ജെ പി സര്‍ക്കാര്‍ ഡല്‍ഹിയില്‍ പകര്‍ത്താന്‍ ഉദ്ദേശിക്കുന്നത്?

ഭീകരവാദത്തെ ഫലപ്രദമായി നേരിട്ടത് ഇത്തരം കരാള നിയമങ്ങള്‍ ഇല്ലാതെയാണെന്ന് നാം ഓര്‍ക്കണം. ജനശബ്ദം അടിച്ചമര്‍ത്താന്‍ ഇത്തരം നിയമങ്ങള്‍ ഉപയോഗിച്ചേക്കും എന്നാണെന്റെ ഭീതി. ഇപ്പോള്‍ തന്നെ നാമതിന്റെ സൂചനകള്‍ കണ്ടുതുടങ്ങി.

പ്രാധാനമന്ത്രിയോടും അല്ലെങ്കില്‍ അദ്ദേഹത്തിന് വേണ്ടപ്പെട്ട സംഘടനകളോടുള്ള കൂറ് മാത്രം യോഗ്യതയാക്കി സര്‍ക്കാര്‍ സമിതികളില്‍  കുത്തിനിറക്കുകയാണ്.

ജനാധിപത്യത്തെ പുനര്‍ നിര്‍വചിച്ചതിന് ഈ സര്‍ക്കാരിനെ പ്രകീര്‍ത്തിക്കണം; ഇപ്പോഴിത് ‘ജനങ്ങളുടെ, ജനങ്ങളാല്‍, ജനങ്ങള്‍ക്കുവേണ്ടി’ എന്നല്ല, മറിച്ച്, ‘കുറച്ചുപേരുടെ, ഒരൊറ്റയാളാല്‍, തെരഞ്ഞെടുത്ത ചിലര്‍ക്കായി’ നടത്തുന്ന സര്‍ക്കാരാണിത്.

അഴിമുഖം യൂടൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

‘വികസനം’ എന്ന പുകമറക്ക് പിന്നില്‍ സര്‍ക്കാര്‍ ചില മുതലാളിമാര്‍ക്ക് മാത്രം അച്ഛെ ദിന്‍ നല്‍കുകയാണ്. ‘ഇന്ത്യയില്‍ നിര്‍മിക്കുക’ എന്ന നാട്യത്തില്‍ തൊഴിലാളികളുടെയും ജോലിക്കാരുടെയും അവകാശങ്ങളില്‍ വെള്ളം ചേര്‍ക്കാനാണ് സര്‍ക്കാര്‍ മുതിരുന്നത്. അവര്‍ ഇന്ത്യയില്‍ ഒന്നും ഉണ്ടാക്കുന്നില്ലേ?

എല്ലാ ദിവസവും ന്യൂനപക്ഷങ്ങളുടെ ആരാധനാലയങ്ങള്‍ അവഹേളിക്കപ്പെടുന്ന ഒന്നാക്കി നമ്മുടെ നാടിനെ മാറ്റിയതിനും സര്‍ക്കാരിന് ഊറ്റം കൊള്ളാം. ഭരണകക്ഷിയില്‍ നിന്നുള്ളവരുടെ പ്രകോപനപരമായ പ്രസ്താവനകള്‍ നിര്‍ബാധം തുടരുകയാണ്. സമുദായങ്ങള്‍ക്കും ജനാധിപത്യ സ്ഥാപനങ്ങള്‍ക്കുമെതിരെ മന്ത്രിമാരടക്കം വിദ്വേഷജനകമായ പരാമര്‍ശങ്ങള്‍ നടത്തുന്നു.

സംഘപരിവാറിലെ ചിലര്‍ ഒരു സമുദായത്തിന്റെ വോട്ടവകാശം എടുത്തുകളയാന്‍ ആഗ്രഹിക്കുന്നു. ചിലര്‍ക്ക് രാഷ്ട്രപിതാവിനെ കൊന്ന ഗോഡ്സെയുടെ പ്രതിമ സ്ഥാപിക്കണം. ഇന്ത്യക്കാര്‍ക്ക് സ്വന്തം നാട്ടില്‍ അരക്ഷിതത്വം തോന്നിപ്പിച്ചതിനും രാജ്യത്തെ രാഷ്ട്രീയ വ്യവഹാരത്തെ വിഷമയമാക്കിയതിനും അവര്‍ക്ക് പ്രശംസ കിട്ടണം.

പിന്നെ വര്‍ഷങ്ങളോളം ദുര്‍ബ്ബലവിഭാഗങ്ങള്‍ക്കും പാവപ്പെട്ടവര്‍ക്കും താങ്ങായി നിന്ന ക്ഷേമപദ്ധതികളുടെ ഹൃദയത്തില്‍ ആക്രമിക്കുന്ന ഒരു ബജറ്റ് അവതരിപ്പിച്ചതിന്. ഇത്തരം പദ്ധതികളുടെ അടങ്കല്‍ തുക കുത്തനെ വെട്ടിക്കുറച്ചു, പലതും പകുതിയിലേറെ.

പട്ടികവര്‍ഗ, ആദിവാസി പദ്ധതികള്‍ക്കുള്ള വിഹിതം കുത്തനെ കുറച്ചതില്‍ നിന്നും സാമൂഹ്യ ശാക്തീകരണത്തോടുള്ള സര്‍ക്കാര്‍ നിലപാട് വ്യക്തമാണ്. ഭക്ഷ്യസംഭരണ സംവിധാനവും ആകെ തകിടം മറിച്ചു. വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങള്‍, ഉത്തരാഖണ്ഡ്, ഹിമാചല്‍, ജമ്മു കാശ്മീര്‍ എന്നിവയുടെ പ്രത്യേക പദവി എടുത്തുകളഞ്ഞു. ബി ജെ പി ഭരിക്കുന്ന സംസ്ഥാനങ്ങള്‍ പോലും പ്രതിഷേധം അറിയിച്ചിരിക്കുന്നു.

സ്ത്രീകളുടെ സുരക്ഷയെ കുറിച്ചുള്ള പ്രതീക്ഷകള്‍ തകര്‍ത്തതിനും സര്‍ക്കാരിന് അഭിമാനിക്കാം. നിര്‍ഭയ ഫണ്ട് അവസാനിപ്പിച്ചു. 600 ജില്ലകളിലും ഓരോ റേപ് ക്രൈസിസ് സെന്‍റര്‍ എന്നതിന് പകരം അത് 36 എണ്ണമാക്കി. വനിതാ ശിശുക്ഷേമ മന്ത്രാലയത്തിനുള്ള വിഹിതം പകുതിയിലേറെ കുറച്ചു. ഇതെല്ലാം ചെയ്യുന്നത് പെണ്‍കുട്ടിയെ രക്ഷിക്കൂ, പെണ്‍കുട്ടിയെ പഠിപ്പിക്കൂ എന്ന പദ്ധതി തുടങ്ങിയ പ്രധാനമന്ത്രിയാണ്.

രാഷ്ട്രത്തിന്റെ ശക്തി കുറക്കുകയും ഒരാളുടെ മാത്രം ശക്തി കൂട്ടുകയും ചെയ്തതിനും ഈ സര്‍ക്കാരിന് വമ്പ് പറയാം. ചത്തീസ്ഗഢിലും മറ്റ് സ്ഥലങ്ങളിലും നമ്മുടെ അര്‍ദ്ധസൈനികര്‍ക്കെതിരെ ആക്രമണങ്ങള്‍ നടക്കുമ്പോഴും കേന്ദ്ര പൊലീസിനുള്ള ആധുനികവത്കരണത്തിനുള്ള വിഹിതം വെട്ടിക്കുറച്ചതും ബി ജെ പിയാണ്.

ഒരു കൊല്ലം പൂര്‍ത്തിയാക്കുമ്പോള്‍ മോദി സര്‍ക്കാരിന് എടുത്തുകാണിക്കാന്‍ ഒന്നുമില്ല. ഗണ്യമായ സാമ്പത്തിക നേട്ടങ്ങളില്ല. തൊഴിലവസരങ്ങള്‍ ഉണ്ടാകുന്നത് കുറഞ്ഞിരിക്കുന്നു. സമ്പദ് രംഗത്തെ 8 മേഖലകളില്‍ പിന്നോട്ടടിയാണ് (PIB). നിര്‍മാണമേഖലയിലെ നിക്ഷേപം താഴോട്ട് പോരുന്നു. കയറ്റുമതി ഇടിയുന്നു.

സര്‍ക്കാരിന്റെ കാപട്യവും സംവേദന രാഹിത്യവും ഞെട്ടിക്കുന്നതാണ്. തലക്കെട്ടുകളില്‍ കയറിപ്പറ്റാന്‍ പ്രധാനമന്ത്രി വമ്പന്‍ പദ്ധതികള്‍ പ്രഖ്യാപിക്കുന്നു. ധനമന്ത്രി ആവശ്യമായ ഫണ്ട് നിഷേധിക്കുകയും പാവപ്പെട്ടവര്‍ക്ക് ഗുണമുള്ള നിര്‍ണായക പദ്ധതികളെ ശ്വാസം മുട്ടിക്കുകയും ചെയ്യുന്നു. അതേ സമയം കോര്‍പ്പറേറ്റ് മേഖലയ്ക്ക് വാരിക്കോരി കൊടുക്കുന്നുമുണ്ട്; അടുത്ത നാല് കൊല്ലത്തേക്ക് രണ്ടരലക്ഷം കോടി രൂപയോളം വരുന്ന നികുതിയിളവുകളാണ് നല്കിയത്. തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും ദേശീയ സമ്പത് വളരാനും കോര്‍പ്പറേറ്റ് മേഖല വളരണം എന്ന കാര്യത്തില്‍ ഞങ്ങളും വിയോജിക്കുന്നില്ല. പക്ഷേ മറ്റെല്ലാത്തിനെയും അവഗണിച്ചുകൊണ്ടു ഒരു ചെറുവിഭാഗം കോര്‍പ്പറേറ്റുകളെ മാത്രമാണ് ഈ സര്‍ക്കാര്‍ പ്രോത്സാഹിപ്പിക്കുന്നത്. ഇത്തരം അന്യായമായ അടിത്തറയില്‍ ഇന്ത്യയുടെ ഭാവി കെട്ടിയുയര്‍ത്താനാവില്ല.

സുഹൃത്തുക്കളെ, വെല്ലുവിളി വളരെ വ്യക്തമാണ്. ഇന്ത്യയും കോണ്‍ഗ്രസ് പാര്‍ടിയും നിലകൊണ്ട എല്ലാ മൂല്യങ്ങളെയും ആക്രമിക്കുന്ന ഒരു സര്‍ക്കാരിനെയാണ് നാം നേരിടുന്നത്. നമുക്ക് തിരിച്ചടിച്ചേ മതിയാകൂ.

കര്‍ഷകരുടെ ദുരിതങ്ങള്‍ക്ക് മേല്‍ മോദി സര്‍ക്കാരിന്റെ അനാസ്ഥക്കും  അവഗണനക്കുമെതിരെ രാജ്യ മനസാക്ഷിയെ ഉണര്‍ത്തുന്നതില്‍ നാം വിജയിച്ചു എന്നാണ് ഞാന്‍ കരുതുന്നത്. ഈ പോരാട്ടം മുന്നോട്ട് കൊണ്ടുപോവുകയും ഈ സര്‍ക്കാരിന്റെ എല്ലാ വീഴ്ച്ചകളെയും നാം തുറന്നുകാണിക്കുകയും വേണം. ഈ സമരം ജനങ്ങളിലേക്കെത്തിക്കാന്‍ ഞാന്‍ നിങ്ങളിലോരോരുത്തരിലും വിശ്വാസമര്‍പ്പിക്കുന്നു. അങ്ങനെ ഈ സര്‍ക്കാരിന്റെ ജനദ്രോഹ  നടപടികളെയും നയങ്ങളെയും തടയാനും.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍