UPDATES

ന്യൂസ് അപ്ഡേറ്റ്സ്

മോദിയുടെ വാരാണസിയില്‍ കോണ്‍ഗ്രസ്സ് ലക്ഷ്യമിടുന്നത്

Avatar

ടീം അഴിമുഖം

രാഷ്ട്രീയപരമായി ഏറെ പ്രധാന്യമുള്ള ഉത്തര്‍ പ്രദേശില്‍ ദളിത്, ബ്രാഹ്മണ സമുദായങ്ങളെ തങ്ങളോടടുപ്പിച്ചു കൊണ്ട് പാര്‍ട്ടിയെ പുനരുദ്ധരിക്കാനുള്ള ഒരു ശ്രമമാണ് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുടെ വാരാണസി റോഡ് ഷോ. ഡോക്ടര്‍ ബാബാസഹബ് അംബേദ്കറുടെ പ്രതിമയുടെ പരിസരത്തു നിന്ന് തുടങ്ങി കാശി വിശ്വനാഥ ക്ഷേത്ര ദര്‍ശനവും രണ്ടു വാര്‍ത്താ സമ്മേളനങ്ങളും ഉള്‍പ്പെടെ മുന്‍ കോണ്‍ഗ്രസ് നേതാവ് കമല്‍പതി ത്രിപാഠിയുടെ പ്രതിമയുടെ പരിസരത്ത് സമാപിക്കുന്ന രീതിയിലായിരുന്നു ഈ റോഡ് ഷോ ആസൂത്രണം ചെയ്തത്. എന്നാല്‍ വൈകുന്നേരം 6.45 ഓടെ ശാരീരികാസ്വാസ്ഥ്യം കാരണം സോണിയ ഗാന്ധിക്ക് പാതി വഴിയില്‍ പിന്‍മാറേണ്ടി വന്നു. എങ്കിലും ഈ ആറു കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള റാലികൊണ്ട് കോണ്‍ഗ്രസ്സ് പാര്‍ട്ടി ലക്ഷ്യമിടുന്ന തെരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ വളരെ വ്യക്തമാണ്- ദളിതരെ കൂടുതല്‍ അടുപ്പിക്കുക, ബ്രാഹ്മണരുടെ വിശ്വാസം വീണ്ടെടുക്കുക.

ലോക്‌സഭയില്‍ മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ രണ്ടു വര്‍ഷത്തെ ഭരണവും പാര്‍ട്ടി വിശേഷിപ്പിച്ചത് പോലെ അദ്ദേഹത്തിന്റെ പരാജയപ്പെട്ട വാഗ്ദാനങ്ങളുമായിരിക്കാം വാരാണസിയിലെ പ്രധാന വിഷയം. കൈത്തറി വ്യവസായത്തെ പുനരുജ്ജീവിപ്പിക്കുമെന്നും ഗംഗയെ ശുദ്ധീകരിക്കുമെന്നുമുള്ള വാഗ്ദാനങ്ങള്‍ നിറവേറ്റുന്നതില്‍ പരാജയപ്പെട്ട പ്രധാനമന്ത്രിയെ കോണ്‍ഗ്രസ്സ് തുറന്നു കാട്ടും. 2014-ലെ തെരഞ്ഞെടുപ്പു പ്രാചരണ കാലത്ത് മോദി പ്രസംഗിച്ചിരുന്നത് ‘അമ്മയായ ഗംഗ എന്നെ വാരാണസിയിലേക്ക് ക്ഷണിച്ചതു പോലെ തോന്നുന്നു’ എന്നായിരുന്നു.

2012-ലെ തെരഞ്ഞെടുപ്പില്‍ 403-ല്‍ വെറും 28 സീറ്റില്‍ മാത്രം ജയിച്ച കോണ്‍ഗ്രസ് 2017-ല്‍ നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ വിജയിക്കാനായില്ലെങ്കിലും മികച്ച ഫലം ഉണ്ടാക്കാനുള്ള എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ട്. എന്നാല്‍ പാര്‍ട്ടിക്ക് ഈ ആത്മവിശ്വാസം നല്‍കുന്ന ഘടകം എന്താണ്? സംസ്ഥാന തെരഞ്ഞെടുപ്പുകളിലെ തുടര്‍ച്ചയായ പരാജയങ്ങള്‍ ഏറ്റുവാങ്ങിയ പാര്‍ട്ടിക്ക് മോദിയെ അദ്ദേഹം മത്സരിച്ചു ജയിച്ച സംസ്ഥാനത്തു ചെന്ന് നേരിടുക എന്നത് മാത്രമായിരിക്കാം ഒരു പക്ഷേ പ്രവര്‍ത്തകരുടെ മനോവീര്യത്തെ ഉത്തേജിപ്പിക്കാനുള്ള വഴി. പാര്‍ട്ടിയുടെ ഉന്നത നേതാക്കളില്‍ അപൂര്‍വ്വം ചിലര്‍ക്കു മാത്രമെ തെരഞ്ഞെടുപ്പ് ചൂടുള്ളു. (പ്രചാരണം ചൂടുപിടിച്ചു വരുന്ന പഞ്ചാബിലേക്ക് പാര്‍ട്ടി ഹൈക്കമാന്‍ഡ് ഇപ്പോഴും തിരിഞ്ഞുനോക്കിയിട്ടില്ല. എങ്കിലും ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗ് മാസങ്ങളായി പ്രചാരണ രംഗത്തുണ്ട്). ഏറ്റവും ചുരുങ്ങിയ പക്ഷം ബിജെപിയുടെ തെരെഞ്ഞെടുപ്പു സാധ്യതകളില്‍ ഒരു ആഘാതമെങ്കിലും ഉറപ്പുവരുത്തുക എന്നതാണ് പദ്ധതി എന്നു തോന്നുന്നു. ഉയിര്‍ത്തെഴുന്നേല്‍പ്പ് ശ്രമത്തിലുള്ള കോണ്‍ഗ്രസിനെ സംബന്ധിച്ചിടത്തോളം മോദി തരംഗത്തെ പിന്താങ്ങാന്‍ ഇനി ആളെ കിട്ടില്ല എന്നെങ്കിലും വിളിച്ചു പറയാന്‍ ഇതു വളരെ പ്രധാനമാണ്. 2014-ലെ തെരഞ്ഞെടുപ്പില്‍ യുപിയിലെ 80 ലോക്‌സഭാ സീറ്റുകളില്‍ 71-ഉം ബിജെപിയാണ് ജയിച്ചത്.

അതിലുപരി ബിജെപി ഇനിയും ഒരു മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചിട്ടില്ല എന്നതിനാല്‍ സോണിയയുടെ റാലി അവര്‍ക്ക് കൂടുതല്‍ ദോഷം ചെയ്‌തേക്കാനുമിടയുണ്ട്. മുഖ്യമന്ത്രിയായി ഒരു മുഖത്തെ എടുത്തു കാണിക്കാനില്ലാത്തതിനാല്‍ യുപിയില്‍ ഗാന്ധിമാരെ നേരിടേണ്ടി വരുന്നത് പാര്‍ട്ടിയുടെ ദേശീയ വക്താക്കള്‍ക്കാണ്. പാര്‍ട്ടി പുറത്തറിയിക്കാന്‍ ആഗ്രഹിക്കാത്ത സംസ്ഥാന നേതൃത്വത്തിന്റെ ഒരു പരാജയ സന്ദേശമാണിത്. ഇന്നത്തെ റാലിക്കു പുറമെ, കഴിഞ്ഞ രണ്ടാഴ്ച്ചയായി കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ലഖ്‌നോവില്‍ ആയിരക്കണക്കിന് പാര്‍ട്ടി പ്രവര്‍ത്തകരെ കാണുകയും അതു പോലെ കാണ്‍പൂരിലേക്ക് ഒരു ബസ് യാത്ര നടത്തുകയും അവിടെ വച്ച് 78-കാരിയായ ഷീല ദീക്ഷിതിനെ പുരോഗതിയുടെ മുഖമായി അവതരിപ്പിക്കുകയുമെല്ലാം ചെയ്തു. ഒരു പക്ഷേ അടുത്ത ഘട്ടം പ്രിയങ്ക ഗാന്ധിയുടെ നേതൃത്വത്തില്‍ ഒരു റാലിയായിരിക്കാം. ഏറെകാലമായി യുപിയിലെ പാര്‍ട്ടി പ്രവര്‍ത്തകരുടെ ഒരു ആവശ്യമാണിത്. പാര്‍ട്ടി അഭിമുഖീകരിക്കുന്ന ഓരോ തെരഞ്ഞെടുപ്പു പരാജയങ്ങളുടെ ശേഷവും ശക്തിപ്രാപിക്കുന്ന ഒരു ആവശ്യമാണിത്.

കോണ്‍ഗ്രസിന്റെ പ്രചാരണങ്ങള്‍ പ്രധാനമായും ശ്രദ്ധകേന്ദ്രീകരിക്കുന്ന ഒന്ന് ഉയര്‍ന്ന ജാതിക്കാരുടെ വിശ്വാസം വീണ്ടെടുക്കുന്നതിലാണ്. ദീക്ഷിതിനെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചതിനു പുറമെ, പാര്‍ട്ടിക്കു തിരിച്ചുവരാനുള്ള ഒരേ ഒരു മാര്‍ഗം, കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടെ ബിജെപിയില്‍ നിന്നും പ്രാദേശിക പാര്‍ട്ടികളിലേക്ക് ചോര്‍ന്നു പോയ ഉന്നത ജാതിക്കാരുടെ വോട്ടുകളെ ആകര്‍ഷിക്കുക എന്നതു മാത്രമാണെന്ന് പാര്‍ട്ടിയുടെ രാഷ്ട്രീയ തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോര്‍ നേരത്തെ തന്നെ ഊന്നിപ്പറഞ്ഞ കാര്യമാണ്.

കിഷോറിന്റെ ‘ബ്രാഹ്മണ ഫോര്‍മുല’ വ്യക്തമായ കണക്കുകളുടെ അടിസ്ഥാനത്തിലുള്ളതുമാണ്. ഒരു ലോക്‌നീതി പഠനം പറയുന്നത് ബിജെപിയുടെ ബ്രാഹ്മണ വോട്ടുകള്‍ നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ വലിയ തോതില്‍ ചുരുങ്ങിവരുന്നുവെന്നാണ്. 2002-നും 2007-നുമിടയില്‍ ആറു ശതമാനം വോട്ടിന്റെ ഇടിവുണ്ടായി. 2007-നും 2012-നുമിടയില്‍ വീണ്ടും മറ്റൊരു ആറു ശതമാനത്തിന്റെ ഇടിവും ഉണ്ടായി. 2012-ലെ തെരഞ്ഞെടുപ്പില്‍ ജയിച്ച സമാജ് വാദി പാര്‍ട്ടിക്ക് 19 ശതമാനം ബ്രാഹ്മണ വോട്ടുകള്‍ ലഭിച്ചു. ബിഎസ്പിക്കു മറ്റൊരു 19 ശതമാനവും ലഭിച്ചതായി ഈ പഠനം പറയുന്നു. ഇവിടെ അവശേഷിക്കുന്ന ഒരേ ഒരു ചോദ്യം ഈ സമുദായങ്ങളെ തങ്ങളോടടുപ്പിക്കാന്‍ മതിയായത് ചെയ്യാന്‍ അടുത്ത എട്ട് മാസത്തിനുള്ളില്‍ കോണ്‍ഗ്രസിനു കഴിയുമോ എന്നതു മാത്രമാണ്.

ബ്രാഹ്മണ വോട്ടുകള്‍ തിരിച്ചുപിടിക്കുക എന്നത് പാര്‍ട്ടി തന്ത്രങ്ങളുടെ ഒരു ഭാഗമായിരിക്കുമ്പോള്‍ തന്നെ രാജ്യത്തുടനീളം അരങ്ങേറിയ ദളിതര്‍ക്കെതിരായ ആക്രമണ സംഭവങ്ങള്‍- അംബേദ്കര്‍ ബില്‍ഡിംഗ് തകര്‍ത്തതിനെതിരെ മുംബയിലുണ്ടായ പ്രതിഷേധം, ഗുജറാത്തില്‍ ദളിത് യുവാക്കളെ ക്രൂരമര്‍ദ്ദനത്തിനിരയാക്കിയത്, ഹൈദരാബാദിലെ ദളിത് ഗവേഷണ വിദ്യാര്‍ത്ഥി രോഹിത് വെമുലയുടെ ആത്മഹത്യ, അതുപോലെ ഈയിടെ സസ്‌പെന്‍ഡ് ചെയ്യപ്പെട്ട ബിജെപി നേതാവ് ദയാശങ്കര്‍ സിംഗ് മായാവതിക്കെതിരായി നടത്തിയ പരാമര്‍ശം തുടങ്ങിയവ എല്ലാം കോണ്‍ഗ്രസിന് എടുത്തു പ്രയോഗിക്കാവുന്ന ആയുധങ്ങളാണ്. ദളിത് സമരം എവിടെ അരങ്ങേറിയാലും രാഹുല്‍ രാജ്യത്തുടനീളം യാത്ര ചെയ്ത് അവിടങ്ങളിലൊക്കെ മുഖം കാണിക്കാനെത്തുന്നത് ഏവരും കാണുന്നതാണ്. എന്നാല്‍ ദളിത് സമുദായത്തിന്റെ വോട്ടുകള്‍ പിടിച്ചെടുക്കാന്‍ പാര്‍ട്ടിക്കു കഴിഞ്ഞില്ലെങ്കിലും ആ വോട്ടു ബാങ്ക് ബിജെപിക്കും നഷ്ടപ്പെടുമെന്ന് ഉറപ്പുവരുത്തിയാല്‍ കാര്യങ്ങള്‍ എളുപ്പമാകും. അതേസമയം ദളിതരുടെ വിശ്വാസം വീണ്ടെടുക്കാന്‍ ബിജെപിയും ആവതു ശ്രമങ്ങള്‍ നടത്തുന്നുണ്ട്. ഏറ്റവുമൊടുവിലുണ്ടായ കേന്ദ്ര മന്ത്രിസഭാ പുനസ്സംഘടനയില്‍ പുതുതായി വന്ന 19 പേരില്‍ പ്രധാനമന്ത്രി അഞ്ച് ദളിത് മന്ത്രിമാരെ  ഉള്‍പ്പെടുത്തിയത് ഒരു ഉദാഹരണം.  എന്നിരുന്നാലും ഗുജറാത്തിലെ ഉനയിലുണ്ടായ ദളിത് വിരുദ്ധ ആക്രമണം ഉത്തര പ്രദേശ് തെരഞ്ഞെടുപ്പിനേയും ബാധിക്കും. ദളിതരെ കൂടുതല്‍ അടുപ്പിക്കാന്‍ ലക്ഷ്യമിട്ട് നടത്താനിരുന്ന ഒരു റാലി പൊടുന്നനെ പാര്‍ട്ടി പ്രസിഡന്റ് അമിത് ഷായ്ക്ക് റദ്ദാക്കേണ്ടി വന്നിരുന്നു. ഇതെല്ലാം യുപിയില്‍ കോണ്‍ഗ്രസിന് നല്ല സൂചനകളാണ് നല്‍കുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍