UPDATES

ന്യൂസ് അപ്ഡേറ്റ്സ്

സ്വയം തിരുത്തിവേണം കോണ്‍ഗ്രസ് മുന്നേറാന്‍

Avatar

ടീം അഴിമുഖം

ചരിത്രത്തിലെ ഏറ്റവും വലിയ തിരഞ്ഞെടുപ്പ് പരാജയം നേരിട്ട ശേഷം, കോണ്‍ഗ്രസ് ആദ്യമായി അതിന്റെ രാഷ്ട്രീയ ഊര്‍ജ്ജം വീണ്ടെടുക്കാനുള്ള ശ്രമത്തിലാണെന്ന് വേണം കരുതാന്‍. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വച്ഛ് ഭരത് അഭിയാന്‍ പോലെയുള്ള പദ്ധതി മുന്‍കൈകള്‍ക്കും പരിപാടികള്‍ക്കുമെതിരെ രൂക്ഷ വിമര്‍ശനവുമായി പാര്‍ട്ടി പ്രസിഡന്റെ സോണിയ ഗാന്ധിയും വൈസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധിയും വ്യാഴാഴ്ച രംഗത്തെത്തി.

ജവഹര്‍ലാല്‍ നെഹ്രുവിന്റെ 125- ആം  ജന്മവാര്‍ഷികം ആഘോഷത്തോടനുബന്ധിച്ച് കോണ്‍ഗ്രസ് സംഘടിപ്പിക്കുന്ന വിവിധ പരിപാടികള്‍ക്ക് വരുന്ന തിങ്കളാഴ്ച തുടക്കം കുറിക്കുകയാണ്. നവംബര്‍ 17-18 തീയതികളില്‍ നടക്കുന്ന ‘ജവഹര്‍ലാല്‍ നെഹ്‌റു അനുസ്മരണ അന്താരാഷ്ട്ര കോണ്‍ഫറന്‍സ്’ എന്ന് പേരിട്ടിരിക്കുന്ന സമ്മേളനമാണ് ഇതില്‍ ഏറ്റവും പ്രധാനം. ചടങ്ങളിലേക്ക് ബിജെപിയെയും സഖ്യകക്ഷികളെയും ഒഴികെയുള്ള എല്ലാ രാഷ്ട്രിയ പാര്‍ട്ടികളെയും ക്ഷണിച്ചിട്ടുണ്ട്.

എന്തിനേറെ പറയുന്നു, കോണ്‍ഗ്രസ് അദ്ധ്യക്ഷ വ്യക്തിപരമായി അയച്ച ക്ഷണത്തിന് മറുപടിയായി, തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയുമായ മമത ബാനര്‍ജി, സിപിഎം നേതാക്കളായ പ്രകാശ് കാരാട്ട്, സീതാറാം യെച്ചൂരി, ജനതാദള്‍ (യു) നേതാവ് ശരദ് യാദവ്, രാഷ്ട്രീയ ജനതാദള്‍ നേതാവ് ലാലു പ്രസാദ് യാദവ് എന്നിവരും എസ്പി, ബിഎസ്പി, ഡിഎംകെ, എഐഎഡിഎംകെ പ്രതിനിധികളും സമ്മേളനത്തില്‍ പങ്കെടുക്കാമെന്നുള്ള സമ്മതം അറിയിച്ചിട്ടുമുണ്ട്. കമ്മ്യൂണിസ്റ്റുകളും കോണ്‍ഗ്രസില്‍ നിന്നും വിട്ടുപോയ മമത ബാനര്‍ജിയെ പോലുള്ളവരും ഉള്‍പ്പെടെ എല്ലാ തുറയിലും പെട്ട സോഷ്യലിസ്റ്റുകളുടെ ആദ്യ സമ്മേളനമാണിതെന്ന് ആലങ്കാരികമായി പറയാം. എന്നാല്‍, മഹാരാഷ്ട്രയില്‍ ബിജെപിയെ ഭൂരിപക്ഷം തെളിയിക്കാന്‍ സഹായിച്ച ശരദ് പവാറിന്റെ പാര്‍ട്ടിയായ എന്‍സിപി, ചടങ്ങില്‍ പങ്കെടുക്കുന്നതിനുള്ള അസൗകര്യം അറിയിച്ചിട്ടുണ്ട്.

ശക്തിപ്രാപിക്കുന്ന ബിജെപിക്കെതിരായ ‘മതനിരപേക്ഷ’ കൂട്ടായ്മയാണിതെന്ന് കോണ്‍ഗ്രസ് വിശേഷിപ്പിക്കുന്നു.

ബെസ്റ്റ് ഓഫ് മലയാളം 

മഹത്തായ ഭരണഘടനയുടെ അധാര്‍മിക സൂക്ഷിപ്പുകാര്‍
ഗാന്ധി യുഗത്തിന്‍റെ അന്ത്യം
മരിച്ചവരെ കുറിച്ച് കുറ്റം പറയുമ്പോള്‍
രാഹുല്‍ ഗാന്ധീ, ആ പരിപ്പ് ഈ കലത്തില്‍ വേവില്ല
മോദിയുടെ പ്രതിപക്ഷം; രാഹുല്‍ ഗാന്ധി മതിയാകില്ല

നെഹ്‌റു ജന്മദിനാഘോഷങ്ങളുടെ ഭാഗമായി ഡല്‍ഹി പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി വ്യാഴാഴ്ച തലസ്ഥാനത്ത് സംഘടിപ്പിച്ച ഒരു പരിപാടിയില്‍ സംസാരിക്കവെയാണ്, മതനിരപേക്ഷത, സാഹോദര്യം തുടങ്ങിയ രാജ്യത്തിന്റെ അടിസ്ഥാന പ്രമാണങ്ങളില്‍ നിന്നും ബിജെപി സര്‍ക്കാര്‍ വ്യതിചലിക്കുകയാണെന്ന് സോണിയ ഗാന്ധി കുറ്റപ്പെടുത്തിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ കോണ്‍ഗ്രസ് അദ്ധ്യക്ഷയും ഉപാദ്ധ്യക്ഷനും നേരിട്ടുള്ള ആക്രമണമാണ് അഴിച്ചുവിട്ടിരിക്കുന്നത്. വര്‍ദ്ധിച്ച് വരുന്ന സാമുദായിക കലാപങ്ങള്‍ക്കെതിരായി പ്രതിപക്ഷത്തെ ഏകോപിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇരു നേതാക്കളും സംസാരിച്ചത്.

എന്നാല്‍ ഇത്തരം പ്രവര്‍ത്തനങ്ങളിലേക്ക് പ്രവേശിക്കുന്നതിന് മുമ്പ്, രാജ്യത്ത് ബിജെപിയുടെ വളര്‍ച്ചയ്ക്ക് കാരണഭുതമായ ഘടകങ്ങള്‍ എന്തൊക്കെയാണെന്ന് പരിശോധിക്കാന്‍ കോണ്‍ഗ്രസ് പാര്‍ട്ടി തയ്യാറാവേണ്ടിയിരിക്കുന്നു. ഈ രാജ്യത്തിന്റെ മതേതര ഊടുംപാവും തകര്‍ത്തതിനുള്ള കാരണങ്ങളില്‍ നിന്നും കൈ കഴുകി രക്ഷപ്പെടാന്‍ കോണ്‍ഗ്രസിന് സാധിക്കില്ല.

വിവിധ മതങ്ങള്‍ തമ്മിലുള്ള സഹിഷ്ണുതയാണ് ഇന്ത്യയുടെ മതേതരത്വമായി തിരിച്ചറിയപ്പെടുന്നത്. മുന്‍ രാഷ്ട്രപതി ഡോ. എസ് രാധാകൃഷ്ണന്‍ ചൂണ്ടിക്കാണിച്ചത് പോലെ, മതമില്ലായ്മയോ യുക്തിവാദമോ അതിഭൗതികതയിലുള്ള ഊന്നലോ അല്ല മതേതരത്വം. ‘വിവിധ മാര്‍ഗ്ഗങ്ങളിലൂടെ നേടിയെക്കാവുന്ന ആത്മീയ മൂല്യങ്ങളുടെ സാര്‍വ്വലൗകീകതയ്ക്കാണ് ഊന്നല്‍ നല്‍കുന്നതെന്ന് അത് വിളംബരം ചെയ്യുന്നു’, അദ്ദേഹം പറഞ്ഞു. ഒരു മതേതര രാജ്യത്തില്‍, ദേശീയ ജീവിതത്തിലോ അന്താരാഷ്ട്ര ബന്ധങ്ങള്‍ സ്ഥാപിക്കുന്നതിലോ ആരും വിശേഷ അധികാരങ്ങള്‍ അനുഭവിക്കുന്നില്ല. മറ്റുള്ളവര്‍ക്ക് നിഷേധിക്കുന്ന അവകാശങ്ങളോ പരിരക്ഷയോ ആവശ്യപ്പെടാന്‍ ഏതെങ്കിലും വ്യക്തിക്കോ സംഘടനകള്‍ക്കോ സാധ്യമല്ല. തന്റെ മതം കാരണം ഒരു വ്യക്തിയും ഏതെങ്കിലും തരത്തിലുള്ള വിവേചനമോ പക്ഷപാതമോ അനുഭവിക്കാന്‍ പാടില്ല. മാത്രമല്ല, സാധാരണ ജീവിതത്തിലെ എല്ലാ സൗകര്യങ്ങളും അതിന്റെ പരമാവധി അളവില്‍ അനുഭവിക്കാന്‍ തുല്യരായ എല്ലാവര്‍ക്കും സ്വാതന്ത്ര്യം ഉണ്ടായിരിക്കും.

എന്നാല്‍, കോണ്‍ഗ്രസിനെയും അതിന്റെ നേതാക്കളെയും നോക്കൂ. എല്ലാവര്‍ക്കും മുകളിലാണ് തങ്ങളെന്ന് അവര്‍ സ്വയം വിലയിരുത്തുന്നു. തുടക്കത്തില്‍ ‘ഊര്‍ജ്ജസ്വലമായ ആഭ്യന്തര’ ജനാധിപത്യം വാഗ്ദാനം ചെയ്ത കോണ്‍ഗ്രസിലെ ആഭ്യന്തര ജനാധിപത്യത്തിന്റെ അഭാവം, പ്രത്യേകിച്ചും കഴിഞ്ഞ ഏതാനും ദശാബ്ദങ്ങളായി അനുഭവപ്പെടുന്നതാണ് ബിജെപിയുടെ വളര്‍ച്ചയ്ക്കുള്ള ഒരു കാരണം.

ആര്‍എസ്എസ് പാര്‍ട്ടിയില്‍ പിടിമുറുക്കി തുടങ്ങിയതോടെ 2000ത്തിന്റെ തുടക്കം മുതല്‍ ബിജെപിയില്‍ മാറ്റങ്ങള്‍ പ്രകടമാണ്. ഇപ്പോള്‍ നരേന്ദ്ര മോദി നിയന്ത്രിക്കുന്ന ഒരു ഹൈക്കമാന്റ് ബിജെപിയിലും ദൃശ്യമാണ്. അതിന്റെ രാഷ്ട്രീയത്തിലും നയങ്ങളിലും അടിസ്ഥാനപരമായ മാറ്റങ്ങള്‍ വരുത്താതെ ഇത്തരം പ്രവണതകള്‍ക്കെതിരെ പോരാടാന്‍ കോണ്‍ഗ്രസിന് സാധിക്കില്ല. പാര്‍ലമെന്റിലോ പുറത്തോ മതിയായ ചര്‍ച്ചകള്‍ നടത്താതെയാണ് കോണ്‍ഗ്രസ് ഈ രാജ്യത്ത് സാമ്പത്തിക ഉദാരീകരണം പോലെയുള്ള പ്രക്രിയ പോലും അടിച്ചേല്‍പ്പിച്ചത്. ഇത്തരം തീരുമാനങ്ങള്‍ ജനങ്ങളിലുണ്ടാക്കിയ ഭീതിയുടെയും അരക്ഷിതാവസ്ഥയുടേയും ബാക്കിപത്രമാണ് നരേന്ദ്ര മോദിയെ പോലുള്ള ഒരു വലതുപക്ഷ നേതാവ്.

സോഷ്യലിസ്റ്റു പാര്‍ട്ടികളും ഇടത് പാര്‍ട്ടികളും തങ്ങളുടെ ആഭ്യന്തര വൈരുദ്ധ്യങ്ങള്‍ കുടഞ്ഞ് കളയാനും വ്യത്യസ്തമായ രീതികളില്‍ ഒന്നിച്ച് മുന്നേറാനും തുടങ്ങുകയാണ്. ദശാബ്ദങ്ങള്‍ നീണ്ട ശത്രുത അവസാനിപ്പിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി സിപിഐ (എംഎല്‍) മായി ചര്‍ച്ചകള്‍ നടത്താന്‍ സിപിഐ (എം) സന്നദ്ധമായിട്ടുണ്ട്. സമീപകാലത്ത് എല്ലാ ജനതാ പാര്‍ട്ടികളുടെയും സംയുക്ത സമ്മേളനം ഡല്‍ഹിയില്‍ നടന്നു.

പക്ഷെ സ്വയം തിരുത്താനും, ജനാധിപത്യത്തിലും അഭിപ്രായ വിശാലതയിലും പുരോഗമനാത്മകതയിലും ഊന്നിയ ജനപക്ഷ രാഷ്ട്രീയവുമായി മുന്നോട്ട് വരാനും ഇവര്‍ തയ്യാറായില്ലെങ്കില്‍ ഈ കൂടിക്കാഴ്ചകള്‍ക്കൊന്നും വലിയ വ്യത്യാസങ്ങള്‍ ഉണ്ടാക്കാന്‍ സാധിക്കില്ല.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍