UPDATES

ന്യൂസ് അപ്ഡേറ്റ്സ്

അച്ഛന്റെ മരണത്തില്‍ ഒരു മകന്റെ മനസ് പറയുന്നത്

Avatar

ചിന്തു ശ്രീധരന്‍

പാതിമനസോടെ കോരിയൊഴിച്ച തണുത്തവെള്ളത്തില്‍ നനഞ്ഞ്, അരയ്ക്കുമുകളില്‍ നഗ്നനായി, പുരോഹിതന്‍ ഉരുവിടുന്ന പ്രാര്‍ത്ഥനയ്ക്കുമുന്നില്‍ കൈകള്‍ കൂപ്പി തലകുനിച്ച്, തനിക്ക് അനുഭവപ്പെടാത്ത ഭക്തിയോടെ അച്ഛന്റെ ശരീരത്തിനടുത്ത് അയാള്‍ നിന്നു. മലയാളം കലര്‍ന്ന സംസ്‌കൃതം തെറ്റാതെ ആവര്‍ത്തിക്കാന്‍ വേണ്ടത്ര മാത്രം പുരോഹിതന്റെ വാക്കുകള്‍ കേട്ടുകൊണ്ട്; അയാളുടെ ബാക്കി മനസ്സത്രയും ദൂരെയായിരുന്നു.

താന്‍ കേട്ടിട്ടുള്ള, എന്നാല്‍ ഒരിക്കലും കണ്ടിട്ടില്ലാത്ത ആത്മാവിനെപ്പോലെ അയാള്‍ മുകളില്‍ ചിറകടിച്ചു ചുറ്റിത്തിരിഞ്ഞു; ഇപ്പോള്‍, ഏതാനും നിമിഷം മുന്‍പ് താന്‍ കൊളുത്തിയ അഞ്ചുതിരി വിളക്കിന്റെ നാളങ്ങള്‍ക്കടുത്ത്; അരിമണികളില്‍ വിശ്രമിക്കുന്ന, പുഷ്പദളങ്ങള്‍ കൊണ്ട് വട്ടമിട്ട, ഉടയാത്ത നാളികേരത്തിനടുത്ത്; ഉയരത്തില്‍, മുറ്റം നിറഞ്ഞ വിശ്വാസികളുടെയും അവിശ്വാസികളുടെയും ഇടതുപക്ഷക്കാരുടെയും മധ്യവര്‍ത്തികളുടെയും വലതുപക്ഷക്കാരുടെയും രാഷ്ട്രീയക്കാരുടെയും രാഷ്ട്രീയമില്ലാത്തവരുടെയും തലയ്ക്കുമുകളില്‍; ഉണങ്ങിയ വെള്ളാമ്പല്‍ നിറഞ്ഞ ചതുരക്കുളത്തിനുമുകളില്‍; തന്റെ കുട്ടിക്കാലത്തെ വീടിനുള്ളില്‍; തന്റെ പിതാവിനെ അദ്ദേഹത്തിന്റെ രാഷ്ട്രീയത്തിനും തത്വചിന്തയ്ക്കുമനുസരിച്ച് കടുംചുവപ്പ് പതാകയില്‍ പൊതിഞ്ഞ് ശീതീകരിച്ചു കിടത്തിയിരുന്ന സ്വീകരണമുറിയില്‍; തിരികെ, വരാന്തയില്‍ തിങ്ങിനിറഞ്ഞിരിക്കുന്ന നനവില്ലാത്ത കണ്ണുകളുള്ള സ്ത്രീകളുടെ തലയ്ക്കു മുകളിലൂടെ ചുവന്ന പരവതാനിയില്‍ ചമ്രം പടിഞ്ഞിരിക്കുന്ന പുരോഹിതനടുത്തേക്ക്.

അനേകം ചടങ്ങുകളുടെ, ജനനത്തിന്റെ, വിവാഹത്തിന്റെ, മരണത്തിന്റെയൊക്കെ സംഘര്‍ഷം പേറുന്ന വാടകയ്‌ക്കെടുത്ത ചുവന്ന പരവതാനി; ആധുനികതയ്ക്കും പാരമ്പര്യങ്ങള്‍ക്കുമിടയില്‍ ഞാണിന്മേല്‍കളി നടത്തുന്നപോലെ, ഇരുണ്ട, ചെറുപ്പക്കാരനായ പുരോഹിതന്‍- കറുത്ത എക്‌സിക്യൂട്ടീവ് ബാഗ്, സാംസങ് സ്മാര്‍ട്ട്‌ഫോണ്‍, വിളിപ്പുറത്ത് ഒരു സഹായി- ഭൂതകാലത്തെ വര്‍ത്തമാനകാലവുമായി, പഴമയെ പുതുമയുമായി ബന്ധിപ്പിക്കുന്നയാള്‍.

അച്ഛന്റെ കാലുകള്‍ക്കടുത്ത്, വലതുകാല്‍മുട്ട് അവിടെ വച്ചിരിക്കുന്ന വാഴയിലയില്‍ ഊന്നി അയാള്‍ പാതി മുട്ടുകുത്തിനിന്നു. പുരോഹിതന്റെ അടുത്ത നിര്‍ദേശത്തിനു കാത്തുനില്‍ക്കവേ 29 മണിക്കൂര്‍ നീണ്ട ഇക്കോണമി ക്ലാസ് യാത്രയില്‍ പതംവന്ന നടുവിലൂടെ വേദന പടര്‍ന്നുകയറി. ഉലച്ചിലോടെ അയാള്‍ ശ്വാസം അടക്കിപ്പിടിച്ചു.

ഇവിടെ നില്‍ക്കുമ്പോള്‍ അച്ഛനെക്കുറിച്ച് വേറൊരു കാഴ്ചയാണ് കിട്ടുന്നത്. അച്ഛന്റെ പരുക്കന്‍ ഇടതുകൈമുട്ട്, പഞ്ഞിക്കഷണം വീണുപോയതിനാല്‍ തുറന്നിരിക്കുന്ന വലതു നാസാദ്വാരം എന്നിവ അയാള്‍ ശ്രദ്ധിക്കുന്നു. വെളുത്ത ആശുപത്രി ബാന്‍ഡേജിന്റെ കഷണം കൊണ്ട് കൂട്ടിക്കെട്ടിയ പെരുവിരലുകള്‍. അച്ഛനെ പുതപ്പിച്ചിരുന്ന ചുവപ്പുതുണി മാറ്റിക്കഴിഞ്ഞു. അച്ഛന്റെ ചുളിവില്ലാത്ത ഷര്‍ട്ട്, നേര്‍വടിവുള്ള ഒറ്റമുണ്ട്. തലയോട്ടിവരെ വെട്ടിയൊതുക്കിയിരിക്കുന്ന തലമുടിയുടെ വെളുപ്പ്. ഇതുവരെ അയാള്‍ കണ്ടിട്ടുള്ളതിനെക്കാള്‍ നീളം കുറഞ്ഞ മുടി. അച്ഛന്‍ ഉറങ്ങുന്നതുപോലെ എന്നല്ല മരിച്ചതുപോലെ എന്നാണു തോന്നിയത്. അതു നല്ല മരണമാണ് എന്നായിരുന്നു പൊതു അഭിപ്രായം. അയാള്‍ക്കും അത് അറിയാം; തീവ്ര സ്വതന്ത്ര്യം കാംക്ഷിച്ച ഒരാളുടെ കണ്ണുകളില്‍ പരാശ്രയത്വമുണ്ടാക്കുന്ന സംഭ്രമം അടുത്ത നിന്നു കണ്ട അമ്മയ്ക്കും സഹോദരിക്കും അറിയാം. മരിച്ചു, എങ്കിലും അച്ഛന്‍ സമാധാനത്തിലാണെന്നു തോന്നി.

നിശബ്ദമായി മന്ത്രം ഉരുവിടുന്ന പുരോഹിതനെ കണ്ടപ്പോള്‍, ഈ പുരോഹിതനെയും അവസാനകര്‍മങ്ങളെയും പറ്റി നിരീശ്വരവാദിയായിരുന്ന അച്ഛന്‍ എന്തായിരിക്കും പറയുമായിരുന്നിരിക്കുക എന്ന് അയാള്‍ അത്ഭുതപ്പെട്ടു. അച്ഛന് വലിയ പ്രതിഷേധമൊന്നും ഉണ്ടാകാനിടയില്ല എന്ന് എങ്ങനെയോ അയാള്‍ക്കു തോന്നി. കാരണം ഇത് നാട്ടുനടപ്പാണ്. തന്നെയുമല്ല അച്ഛന്‍ അവിശ്വാസിയാണോ എന്ന കാര്യത്തില്‍ അയാള്‍ക്ക് ദീര്‍ഘകാലമായി സംശയവുമുണ്ടായിരുന്നു. തന്നെ നിരീക്ഷിക്കുന്ന ജനക്കൂട്ടത്തെ അയാള്‍ നോക്കി. വീടുവിട്ട് സര്‍വകലാശാലയിലേക്കു പോയി പിന്നെ മടങ്ങിവരാത്ത ഒറ്റപ്പുത്രന്‍, അച്ഛന്റെ മരണത്തില്‍ കരയാത്ത മകന്‍.

തന്റെ നിസംഗതയില്‍ അയാള്‍ക്ക് പാതി വിസ്മയവും തോന്നി. പൊരുത്തപ്പെടലിനുള്ള മാര്‍ഗമെന്ന നിലയിലാണ് അയാള്‍ അതിനെ കണ്ടത്. എന്നാല്‍ ഇപ്പോള്‍ തന്നെത്തന്നെ വിശകലനം ചെയ്യുമ്പോള്‍, തന്റെ മുന്‍ ഊഹത്തെ ചോദ്യം ചെയ്യുമ്പോള്‍, തന്റെ പ്രകടമായ ദുഃഖമില്ലായ്കയോര്‍ത്ത്, വ്യക്തമായ ആശ്വാസമോര്‍ത്ത്, അയാള്‍ക്ക് അത്ഭുതം തോന്നുന്നു. അപ്പോള്‍ ഒരു പരിചിതമുഖം അയാള്‍ കാണുന്നു. അയാളുടെ മനസ് അച്ഛനിലേക്കു മടങ്ങുന്നു. അച്ഛന്റെ രാഷ്ട്രീയം അയാള്‍ മറന്നുപോയിരുന്നു. പട്ടണത്തിലൂടെ പോകുമ്പോള്‍ കണ്ട പോസ്റ്ററുകള്‍ അയാള്‍ ഓര്‍മിച്ചു. അച്ഛന് ആദരാഞ്ജലി അര്‍പ്പിക്കുന്നവ, അച്ഛന്റെ, അത്ര നല്ലതല്ലാത്ത ചിത്രമുള്ള പോസ്റ്ററുകള്‍, ഭിത്തികളില്‍, വൈദ്യുതി പോസ്റ്റുകളില്‍, എല്ലാ പ്രധാന കവലകളിലും. ഇതിനുവേണ്ടി അദ്ധ്വാനിച്ചവരോട്, ഓര്‍മിച്ചവരോട് അയാള്‍ക്കു നന്ദി തോന്നുന്നു.

അയാളുടെ അച്ഛന്‍ ഇടപെടാന്‍ ബുദ്ധിമുട്ടുള്ളയാളായിരുന്നു, ദേഷ്യക്കാരനായിരുന്നു, മടുപ്പിക്കുന്നയാളായിരുന്നു, ശബ്ദം വയ്ക്കുന്നയാളായിരുന്നു, ശാന്തനുമായിരുന്നു, ക്രൂരനും അതേസമയം ദയയുള്ളവനുമായിരുന്നു, ശരിയുടെ പക്ഷത്തുനില്‍ക്കുന്നയാളായിരുന്നു, സ്‌നേഹിക്കപ്പെട്ടതിനെക്കാള്‍ വെറുക്കപ്പെട്ട, ബഹുമാനിക്കപ്പെട്ടതിനെക്കാള്‍ ഭയപ്പെട്ടയാള്‍, ആദരണീയന്‍, സങ്കീര്‍ണതയുമുള്ള, എന്നാല്‍ സാധാരണക്കാരനെന്ന ധാരണയുണ്ടാക്കിയയാള്‍. അയാളുടെ അച്ഛന്‍ ഒരു നല്ല മനുഷ്യനായിരുന്നു.

അച്ഛനെപ്പറ്റിയുള്ള എല്ലാം, അദ്ദേഹത്തിന്റെ ജീവിതത്തിന്റെ ആകെത്തുക, എല്ലാ സങ്കീര്‍ണതകളും ഇപ്പോള്‍ ഒറ്റ അക്കത്തിലേക്കൊതുങ്ങുന്നു, ഒരു മരണം, കഞ്ഞിപ്പശയുടെ വെളുപ്പില്‍ മുങ്ങിയ ശരീരം, ഭാവിയില്‍ ഒരു കലശം, ചിതാഭസ്മം.

പകുതി മുട്ടുകുത്തിനിന്ന് അയാള്‍ പുരോഹിതന്‍ നീട്ടിയ പുഷ്പങ്ങള്‍ ഏറ്റുവാങ്ങുന്നു. നനഞ്ഞ കൈകളോടെയും അശാന്തിയുണ്ടാക്കുന്ന അന്തിമനിര്‍ണയത്തോടെയും പിങ്ക് അരളിപ്പൂക്കള്‍ ഒന്നും രണ്ടുമായി അച്ഛന്റെ ശരീരത്തില്‍ വിതറിത്തുടങ്ങുന്നു; ഉയരുന്ന മന്ത്രാരവങ്ങള്‍ക്കൊപ്പം.

(എപിക് റിടോള്‍ഡ് എന്ന പുസ്തകത്തിന്റെ രചയിതാവായ ചിന്തു ശ്രീധരന്‍ ബോണ്‍മൗത്ത് യൂണിവേഴ്‌സിയില്‍ അദ്ധ്യാപകനും  ജേര്‍ണലിസത്തില്‍ ഗവേഷകനുമാണ്) 

അഴിമുഖം നേരത്തെ പ്രസിദ്ധീകരിച്ച ചിന്തു ശ്രീധരന്‍റെ ലേഖനം ഇവിടെ വായിക്കാം

വെള്ളമടിയും ആഘോഷവും; ചില പാലാ-ബോണ്‍മൗത്ത് പൊരുത്തങ്ങള്‍

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍