UPDATES

ന്യൂസ് അപ്ഡേറ്റ്സ്

സൂര്യ; എംഎസ് സുബ്ബലക്ഷ്മി ഫെലോഷിപ്പ് ജേതാവായ ആറാം ക്ലാസ്സുകാരി മലയാളി ‘വൈറല്‍’ ഗായിക

സഫിയ ഒ സി 

ഈ അടുത്ത ദിവസം മലയാളികളുടെ മനസില്‍ പാടിപ്പതിഞ്ഞ മാവേലി വാണീടും കാലം എന്ന ഓണപ്പാട്ട് യാദൃശ്ചികമായി യുടൂബില്‍ കേള്‍ക്കുകയുണ്ടായി. നിരവധി ഗായകര്‍ പല കാലങ്ങളില്‍ പാടിയ പാട്ട്. ഫേസ്ബുക്കിലൂടെ ഷെയര്‍ ചെയ്തെത്തിയ ഈ ഗാനം പാടിയിരിക്കുന്നത് ഒരു കൊച്ചു പെണ്‍കുട്ടിയാണ്. പേര് സൂര്യ ഗായത്രി. കഴിഞ്ഞ സെപ്തംബര്‍ 9-ന് യുടൂബില്‍ അപ് ലോഡ് ചെയ്ത ആ ഓണപ്പാട്ട് ഇതുവരെ ഒന്നേമുക്കാല്‍ ലക്ഷം പേര്‍ കണ്ടു കഴിഞ്ഞിരിക്കുന്നു. ഈ കൊച്ചു ഗായികയുടെ മറ്റേതെങ്കിലും പാട്ടുകള്‍ യുടൂബില്‍ ഉണ്ടോ എന്നു നോക്കി. സംഗീതാസ്വാദകരെ വിസ്മയിപ്പിക്കുന്നതായിരുന്നു, അല്ല അന്തം വിടീക്കുന്നതായിരുന്നു സേര്‍ച്ച് റിസള്‍ട്ടുകള്‍. ഈ ഒന്‍പതു വയസ്സുകാരി പാടിയ ഗണേശ പഞ്ചരത്നം കണ്ടത് 33 ലക്ഷം പേര്‍. ഹനുമാന്‍ ചാലസ്യ 29 ലക്ഷം പേര്‍! രണ്ടും കര്‍ണ്ണാടക സംഗീതത്തിലെ മാസ്മരിക ശബ്ദം എംഎസ് സുബ്ബലക്ഷ്മി അനശ്വരമാക്കിയ പാട്ടുകള്‍! 

മലയാളിയായ ഈ പെണ്‍കുട്ടിക്ക് ഇത്രയേറെ ആരാധകരുണ്ടായിട്ടും മലയാളികള്‍ എന്തുകൊണ്ട് അധികം ശ്രദ്ധിച്ചില്ല എന്നു അത്ഭുതപ്പെട്ടു. അതിന്റെ ഉത്തരം സംസാര മധ്യേ കേട്ട സൂര്യയുടെ അമ്മയുടെ വാക്കുകളില്‍ ഉണ്ടായിരുന്നു, “റിയാലിറ്റി ഷോയില്‍ പാടാന്‍ അവള്‍ക്കു താത്പര്യമില്ല. സിനിമാ പാട്ടുകളും അവള്‍ ശ്രദ്ധിക്കാറില്ല.” പരിപൂര്‍ണ്ണ ഉപാസന ശാസ്ത്രീയ സംഗീതത്തില്‍ മാത്രം. നമുക്ക് പാട്ടെന്നാല്‍ സിനിമാ പാട്ടും ഡാന്‍സെന്നാല്‍ സിനിമാറ്റിക് ഡാന്‍സും ആണല്ലോ.

കോഴിക്കോട് ജില്ലയിലെ വടകര പുറമേരിയിലെ സൂര്യയുടെ വീട്ടിലേക്ക് തിരിച്ചപ്പോള്‍ ഒരു ഉള്‍നാടന്‍ ഗ്രാമത്തിലേക്കാണ് പോകുന്നത് എന്നു കരുതിയിരുന്നില്ല. വടകര മുന്‍സിപ്പാലിറ്റിക്ക് അടുത്തുള്ള ഒരു നഗര പ്രദേശമായിരിക്കും എന്നു വിചാരിച്ചു. പക്ഷേ തീര്‍ത്തും ഗ്രാമീണമായ ഒരു സ്ഥലത്തു നിന്നാണ് ഈ കൊച്ചു പ്രതിഭ ഉയര്‍ന്നുവന്നിരിക്കുന്നത് എന്നതും ആശ്ചര്യപ്പെടുത്തുന്നതാണ്.  

പുറമേരിയില്‍ എത്തി സൂര്യയുടെ വീട്ടിലേക്ക് വഴിചോദിച്ചവരൊക്കെ അഭിമാനത്തോടെയാണ് വീട്ടിലേക്കുള്ള വഴി പറഞ്ഞു തന്നത്. ശാസ്ത്രീയ സംഗീതത്തില്‍ മുംബൈ എംഎസ് സുബ്ബലക്ഷ്മി ഫൗണ്ടേഷന്‍ സ്കോളര്‍ഷിപ് നേടിയ, പ്രധാനമന്ത്രി പങ്കെടുക്കുന്ന വേദിയില്‍ പാടിയ സൂര്യ നാടിന്റെ തന്നെ അഭിമാനമായി മാറിയിരിക്കുന്നു.

അതേ, സൂര്യയുടെ സംഗീത ജീവിതത്തില്‍ സമീപകാലത്ത് സംഭവിച്ച അംഗീകാരങ്ങളാണ് രണ്ടും. 

മുംബൈ ശ്രീ ഷണ്മുഖാനന്ദ സംഗീതസഭ നല്‍കുന്ന ഡോ. എംഎസ് സുബ്ബലക്ഷ്മി ഫെലോഷിപ്പ് സൂര്യയെ തേടിയെത്തുന്നത് തികച്ചും അവിചാരിതമായാണ്. സാധാരണ സഭയുടെ നിബന്ധനകള്‍ പ്രകാരം രജിസ്റ്റര്‍ ചെയ്ത് അപേക്ഷിക്കുന്നവരില്‍ നിന്നാണ് ഫെല്ലോഷിപ്പിന് അര്‍ഹരായവരെ തിരഞ്ഞെടുക്കുന്നത്. സൂര്യയുടെ കാര്യത്തില്‍, യൂടൂബിലൂടെ ലോകം ശ്രദ്ധിച്ച ഹനുമാന്‍ ചാലസ്യ, ഗണേശ പഞ്ചരത്നം തുടങ്ങിയ പാട്ടുകള്‍ കണ്ടിട്ടാണ് വിളിക്കുന്നത്‌. എംഎസ് സുബ്ബലക്ഷ്മി വര്‍ഷങ്ങള്‍ക്കു മുമ്പ് പാടി അനശ്വരമാക്കിയ പാട്ട് സൂര്യ വീണ്ടും പാടി കുറെ ആളുകളിലെക്കെത്തി എന്ന കാരണം കൊണ്ട് അവര്‍ സൂര്യയുടെ വീട്ടുകാരെ  ഇങ്ങോട്ട് വിളിച്ച് അപേക്ഷിക്കാന്‍ പറയുകയായിരുന്നു. മൂന്നു വര്‍ഷത്തേക്ക് മൂന്നു ലക്ഷം രൂപയാണ് ഫെലോഷിപ്പ്. വര്‍ഷത്തില്‍ ഒരു ലക്ഷം വെച്ച്. മുംബൈയില്‍ നടക്കുന്ന വലിയ ചടങ്ങില്‍ വെച്ചാണ് ഫെലോഷിപ്പ് തുകയുടെ ആദ്യ ചെക്കും പ്രശസ്തിപത്രവും നല്‍കിയത്. സൂര്യ ഈ ചടങ്ങില്‍ പങ്കെടുത്ത് തിരിച്ചു വന്നിട്ട് അധികദിവസം ആയിട്ടില്ല. ശ്രീഷണ്മുഖാനന്ദ സംഗീതസഭയുടെ ഫെലോഷിപ്പ് ലഭിച്ചതില്‍ ഏറ്റവും പ്രായം കുറഞ്ഞയാളാണ് സൂര്യ. 

ബിജെപി ദേശീയ എക്സിക്യൂട്ടിവിന്റെ ഭാഗമായി നടന്ന പ്രധാനമന്ത്രിയെ നരേന്ദ്ര മോദി പങ്കെടുത്ത പൊതുസമ്മേളനത്തില്‍ സൂര്യയ്ക്ക് പാടാന്‍ അവസരം കിട്ടിയതും ശാസ്ത്രീയ സംഗീതത്തിലെ ഈ പ്രശസ്തി തന്നെ. വന്ദേ മാതരമാണ് അവിടെ പാടിയത്. 

പുറമേരിയിലെ വീട്ടിലെത്തുമ്പോള്‍ സൂര്യ അനുജനോടൊപ്പം അച്ഛന്‍റെ വീട്ടിലായിരുന്നു. സ്വീകരണ മുറിയിലെ ഷെല്‍ഫ് നിറയെ സൂര്യയ്ക്ക് കിട്ടിയ സമ്മാനങ്ങള്‍. സൂര്യ വരുന്നത് വരെ അമ്മ ദിവ്യയുമായി സംസാരിച്ചു.

“സൂര്യ പിച്ച വെച്ചതും വളര്‍ന്നതും സംഗീതത്തിന്‍റെ ലോകത്താണ്. മൃദംഗ വാദകനായ അച്ഛന്‍ അനില്‍ എപ്പോഴും ശാസ്ത്രീയ സംഗീതം മാത്രമെ കേള്‍ക്കാറുള്ളൂ. സൂര്യ ആദ്യം കേള്‍ക്കുന്നത് ശാസ്ത്രീയ സംഗീതമാണ്. അങ്ങനെ ഒരു പ്രചോദനം ആദ്യമേ കിട്ടിയിരുന്നു. യുകെജിയില്‍ പഠിക്കുന്ന സമയത്ത് തന്നെ സൂര്യയെ പാട്ട് പഠിപ്പിക്കാന്‍ തുടങ്ങിയിയിരുന്നു. അന്നേരം കുറച്ചു സമയമൊക്കെയെ ഇരിക്കുകയുള്ളൂ, എന്നാലും സംഗീതത്തില്‍ താല്പര്യം ഉണ്ടായിരുന്നു.” ദിവ്യ പറഞ്ഞു തുടങ്ങി.

“അച്ഛന്‍ അനില്‍ എപ്പോഴും കച്ചേരികളും മറ്റുമായി തിരക്കിലായിരുന്നു. ഇടയ്ക്ക് സൂര്യയും അച്ഛനോടൊപ്പം പരിപാടികളില്‍ പങ്കെടുക്കും. പ്രശസ്ത ശാസ്ത്രീയ സംഗീതജ്ഞനും മ്യുസിക് കമ്പോസറുമായ കുല്‍ദീപ് എം പൈ ആണ് സൂര്യയെ ശാസ്ത്രീയ സംഗീതത്തിന്‍റെ ലോകത്തിലേക്ക് കൈപിടിച്ചുയര്‍ത്തിയ, സൂര്യയുടെ ശബ്ദം ലോകത്തെ കേള്‍പ്പിച്ച ഗുരു. എറണാകുളത്ത് ജനിച്ചുവളര്‍ന്ന കുല്‍ദീപ് ഇപ്പോള്‍ ചെന്നൈയിലാണ്. കുല്‍ദീപ് സൂര്യയുടെ അച്ഛനോടൊപ്പം പരിപാടികള്‍ അവതരിപ്പിക്കാറുണ്ട്.

ഒരു ദിവസം മോള്‍ പാടിയ ഒരു സെമി ക്ലാസ്സിക്കല്‍, വാട്സ് ആപ് വഴി അച്ഛന്‍ എല്ലാര്‍ക്കും അയച്ചു കൊടുത്തു. കൂട്ടത്തില്‍ കുല്‍ദീപിനും അയച്ചിരുന്നു. ആയിടെ കുല്‍ദീപിനു ഒരു വര്‍ക്ക് വന്നപ്പോ അത് കുട്ടികളുടെ ശബ്ദത്തില്‍ ചെയ്യാമെന്നുതോന്നി. അങ്ങനെയാണ് സൂര്യയെ വിളിക്കുന്നത്. കുല്‍ദീപിന് ചെന്നൈയില്‍ സ്റ്റുഡിയോ സ്വന്തമായിട്ടുണ്ട്. മ്യൂസികും കമ്പോസിങ്ങും ഒക്കെ അവര്‍ തന്നെയാണ് ചെയ്യുന്നത്. ആദ്യം ഐട്യൂണ്‍സ് പോലെയുള്ള ഓണ്‍ലൈന്‍ മ്യുസിക് പോര്‍ട്ടലിനു വേണ്ടിയിട്ട് റെക്കോര്‍ഡ്‌ ചെയ്യാനാണ് മോളെ വിളിച്ചത്. പത്ത് പാട്ടുകള്‍ റെക്കോര്‍ഡ്‌ ചെയ്തു കൊടുക്കണം എന്ന് പറഞ്ഞിട്ട് അവര്‍ ഒരു ലിസ്റ്റ് കൊടുക്കുകയാണ് ചെയ്യുന്നത്. അത് ആരെക്കൊണ്ട് പാടിച്ചാലും കുഴപ്പമില്ല. അങ്ങനെയാണ്‌ മോള്‍ക്ക് ‘ഹനുമാന്‍ ചാലസ്യ’ പാടാന്‍ അവസരം കിട്ടുന്നത്. എംഎസ് സുബ്ബലക്ഷ്മി പാടി അത്രയധികം ആളുകള്‍ കേട്ടതാണ്‌. അത് പ്രശസ്തരായ ആളുകളെ കൊണ്ട് പാടിച്ചാല്‍ ഒരു പുതുമ തോന്നില്ല. കുട്ടിയുടെ ശബ്ദത്തിലാകുമ്പോ അതിനൊരു കൌതുകമുണ്ട്. അങ്ങനെ തോന്നിയിട്ടാണ് മോളെ വിളിച്ചത്.

 

എംഎസ് പാടിയത് കൊണ്ട് തന്നെ ക്ലാസ്സിക്കല്‍ നന്നായി വഴങ്ങുന്ന ഒരു കുട്ടി വേണം. മോള്‍ക്ക്‌ അത് ചെയ്യാന്‍ പറ്റും എന്നവര്‍ക്ക് തോന്നി. അങ്ങനെ പഠിച്ചിട്ടു വരാന്‍ പറഞ്ഞു. പഠിച്ചിട്ടു റെക്കോര്‍ഡ്‌ ചെയ്യാന്‍ പോയപ്പോള്‍ അതില്‍ ഒരു നാലുവരി ഫേസ്ബുക്കില്‍ അവരുടെ പേജിലിട്ടു. റെക്കോര്‍ഡിംഗ് ചെയ്യുന്നത് മൊബൈലില്‍ ഷൂട്ട്‌ ചെയ്ത് അതാണ് ഇട്ടത്. അത് എല്ലാര്‍ക്കും ഭയങ്കര ഇഷ്ടമായി. ഒരുപാട് പേര്‍ കണ്ടു ലൈക് ചെയ്തു. എന്തോ ഫിനാന്‍ഷ്യല്‍ പ്രശ്നം കാരണം ആ പ്രൊജക്റ്റ്‌ നടന്നില്ല. അപ്പൊ നമുക്ക് സ്വന്തമായി റെക്കോര്‍ഡ്‌ ചെയ്ത് യുട്യൂബില്‍ ഇടാമെന്ന് പറഞ്ഞു. ഇങ്ങനെ പോരാ നൂറ്റി എട്ടു ദിവസം ഒരു വ്രതം പോലെ എല്ലാ ദിവസവും പ്രാക്ടീസ് ചെയ്യാന്‍ കുല്‍ദീപ് മോളോട് പറഞ്ഞു. അങ്ങനെ അവള് തുടര്‍ച്ചയായി പ്രാക്ടീസ് ചെയ്തു. അതിനിടയില്‍ കുല്‍ദീപ് ട്യൂണ്‍ ചെയ്ത ‘ഗണേശ പഞ്ചരത്നം’ സൂര്യയെക്കൊണ്ട് പാടിച്ചു റെക്കോര്‍ഡ്‌ ചെയ്തിരുന്നു. അത് യുട്യൂബില്‍ ഇട്ടപ്പോള്‍ അതും ഒരുപാട് ആളുകള്‍ കാണുകയും ലൈക് ചെയ്യുകയും ചെയ്തു. ഈ രണ്ടു പാട്ടുകളും ലക്ഷക്കണക്കിന്‌ ആളുകള്‍ കണ്ടു. അതോടെ നിറയെ അവസരങ്ങള്‍ സൂര്യയെ തേടി വരാന്‍ തുടങ്ങി. അതെ സമയം തന്നെ തളിയിലെ അമ്പലത്തില്‍ ഭജന്‍സ് പാടാന്‍ വിളിച്ചിട്ട് പാടിയിരുന്നു. അത് അരങ്ങേറ്റമൊന്നും ആയിരുന്നില്ല.  ഈ ഒരു വര്‍ഷത്തിനിടയില്‍ കേരളത്തിനകത്തും പുറത്തും സിംഗപ്പൂരിലും ഒക്കെയായി ഒരുപാട് വേദികളില്‍ പാടിക്കഴിഞ്ഞു. എന്നാല്‍ വരുന്ന എല്ലാ പ്രോഗ്രാമിനും പോകാറില്ല. സെലക്ടീവായിട്ടെ പോകാറുള്ളു.”

ഞങ്ങള്‍ സംസാരിച്ചിരിക്കുമ്പോള്‍ സൂര്യ എത്തി. ഇതാണോ യുട്യുബില്‍ ലക്ഷക്കണക്കിന്‌ ആളുകള്‍ കണ്ട ‘ഹനുമാന്‍ ചാലസ്യ’യും ‘ഗണേശ പഞ്ചരത്ന’വുമൊക്കെ പാടിയ ആളെന്ന് അത്ഭുതപ്പെട്ടു. എംഎസ് സുബ്ബലക്ഷ്മി ഫെല്ലോഷിപ്പ് വാങ്ങാന്‍ പോയ അനുഭവത്തെ കുറിച്ചു ചോദിച്ചപ്പോള്‍ സൂര്യ പതിഞ്ഞ ശബ്ദത്തില്‍ നല്ല അനുഭവമായിരുന്നു എന്ന് പറഞ്ഞു. 

സൂര്യ അധികം സംസാരിക്കാത്ത പ്രകൃതമാണെന്നു പറഞ്ഞ് അമ്മ ദിവ്യ തന്നെ ചടങ്ങിന്‍റെ വിശേഷങ്ങള്‍ പങ്കുവെച്ചു.

“എംഎസ് സുബ്ബലക്ഷ്മിയെ അവര്‍ അത്രത്തോളം ആദരിക്കുന്നുണ്ട്. ആഘോഷിക്കുന്നുണ്ടെങ്കില്‍ അതുപോലെ ചെയ്യണം. ചെന്നൈയില്‍ പോലും അത്രയൊന്നും ഇല്ല. അവിടെ സുബ്ബലക്ഷ്മിയുടെ ജീവചരിത്രം ഉള്‍ക്കൊള്ളുന്ന നല്ല ഒരു മ്യുസിയം ഉണ്ട്. അത് മോള്‍ക്കൊരു  പ്രചോദനമായി. അവിടെ ചെന്ന് രണ്ടു മൂന്നു ദിവസം അവരുടെ കൂട്ടത്തില്‍ നിന്നപ്പോള്‍ ഇവള്‍ക്ക് കുറെ പഠിക്കണമെന്നും കുറെ ചെയ്യണമെന്നും, ഇതൊന്നുമല്ല ഇനിയും എത്രയോ പഠിക്കാനുണ്ടെന്നും ഒക്കെ തോന്നി. ഇനിയും നന്നായി പഠിപ്പിക്കണമെന്ന ഉത്തരവാദിത്വം ഞങ്ങള്‍ക്കും ഉണ്ടായി.” 

സൂര്യയുടെ അച്ചന്‍ അനില്‍ പ്രശസ്ത മൃദംഗ വാദകന്‍ ആണെന്നത് മാത്രമല്ല സൂര്യയുടെ സംഗീത പാരമ്പര്യം. അച്ഛന്റെ അമ്മ തങ്കമണി നന്നായി പാടുമായിരുന്നു. അക്കാലത്ത് വലിയ പ്രോത്സാഹനം ഒന്നും ഉണ്ടായിരുന്നില്ല. ചില കാസറ്റിലൊക്കെ അവര്‍ പാടിയിട്ടുണ്ട്. അച്ഛന്റെ അച്ഛന്‍ ഡാന്‍സ് ടീച്ചറായിരുന്നു. അമ്മയുടെ അച്ഛന്‍ കഥകളിയിലും കഥകളി സംഗീതത്തിലുമൊക്കെ പ്രാഗത്ഭ്യം ഉള്ള ആളായിരുന്നു. ചേമഞ്ചേരി കുഞ്ഞിരാമന്‍ നായരെയൊക്കെ പഠിപ്പിച്ചിട്ടുണ്ട്. 

ഡിസംബറില്‍ സൌത്ത് ആഫ്രിക്കയില്‍ പോകാനുള്ള തയ്യാറെടുപ്പിലാണ് സൂര്യ. അവിടത്തെ രാജവംശവുമായി ബന്ധപ്പെട്ട പരിപാടിയാണ്. ശിവാനന്ദ മ്യുസിക് ഫൌണ്ടേഷനാണ് പരിപാടി നടത്തുന്നത്. ഈ വര്‍ഷത്തെ കലാനിധി സംഗീത രത്ന അവാര്‍ഡ് സൂര്യയെ തേടി എത്തിയിട്ടുണ്ട്. ഒക്ടോബര്‍ രണ്ടിന് തിരുവനന്തപുരത്ത് വെച്ച് സൂര്യ അവാര്‍ഡ് ഏറ്റുവാങ്ങും.

മൂന്നാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ ഗിരീഷ്‌ പുത്തഞ്ചേരി അനുസ്മരണവുമായി ബന്ധപ്പെട്ട് നടത്തിയ സംസ്ഥാനതല മത്സരത്തില്‍ സൂര്യയ്ക്ക് ഒന്നാം സമ്മാനം ഉണ്ടായിരുന്നു. ദീന ദയാല് രാമാ എന്ന പാട്ടാണ് അന്ന് പാടിയത്. പത്താം ക്ലാസ് വരെയുള്ള കുട്ടികളോടാണ് അന്ന് മത്സരിച്ചത്. അതാണ്‌ സൂര്യയുടെ സിനിമ പാട്ടുമായുള്ള ബന്ധം. ചുറ്റിലും നടക്കുന്ന റിയാലിറ്റി ഷോ ബഹളങ്ങളോന്നും സൂര്യയെ ബാധിച്ചിട്ടില്ല. സിനിമ പാട്ടുകളൊന്നും അവള്‍ ശ്രദ്ധിക്കാറെയില്ല. 

എടച്ചേരി നരിക്കുന്ന് യു പി സ്കൂളില്‍ ആറാം ക്ലാസില്‍ പഠിക്കുന്ന സൂര്യയുടെ ആദ്യ ഗുരു നിഷാന്ത് എന്ന അധ്യാപകനാണ്. ഇപ്പോള്‍ ആഴ്ചയില്‍ രണ്ടു ദിവസം കോഴിക്കോട് ആനന്ദി ടീച്ചറുടെ ക്ലാസിലും പോകുന്നുണ്ട്.

(അഴിമുഖം സ്റ്റാഫ് ജേര്‍ണലിസ്റ്റാണ് ലേഖിക) 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍