UPDATES

സൗമ്യയുടെ അമ്മയും സഹോദരനും മുഖ്യമന്ത്രിയെ കണ്ടു

അഴിമുഖം പ്രതിനിധി

സൗമ്യയുടെ അമ്മ സുമതിയും സഹോദരന്‍ സന്തോഷും മുഖ്യമന്ത്രി പിണറായി വിജയനെ കണ്ടു. മുഖ്യമന്ത്രിയെ കണ്ടതിന് ശേഷം മാധ്യമങ്ങളെ കാണാതെ പുറകിലൂടെയായിരുന്നു ഇവര്‍ പുറത്തേക്ക് പോയത്. സംസ്ഥാന പോലീസ് മേധാവി ലോകനാഥ് ബഹ്‌റയും ഒപ്പമുണ്ടായിരുന്നു. സൗമ്യ വധക്കേസില്‍ ഗോവിന്ദച്ചാമിയുടെ വധശിക്ഷ റദ്ദാക്കിയ സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ചക്ക് സൗമ്യയുടെ അമ്മയും സഹോദരനും എത്തിയത്. 

കേസ് നടത്തിപ്പില്‍ സര്‍ക്കാരിന് വീഴ്ചയുണ്ടായി എന്ന പരാതി സൗമ്യയുടെ അമ്മ മുഖ്യമന്ത്രിയെ അറിയിച്ചതായാണ് വിവരം. സൗമ്യ കേസില്‍ എന്തൊക്കെ തുടര്‍ നടപടികള്‍ സ്വീകരിക്കണം എന്നതിനെക്കുറിച്ചും പുനഃപരിശോധന ഹരജിയില്‍ പാളിച്ചകള്‍ സംഭവിക്കാതിരിക്കാന്‍ എന്തെല്ലാം നടപടികള്‍ സ്വീകരിക്കണമെന്നും ഇന്ന് ചേരുന്ന മന്ത്രസഭായോഗം ചര്‍ച്ച ചെയ്യും.

ഗോവിന്ദച്ചാമിയുടെ വധശിക്ഷ റദ്ദാക്കിയതിനെതിരെ സര്‍ക്കാര്‍ പുനഃപരിശോധന ഹര്‍ജി സമര്‍പ്പിക്കുമെന്ന് കഴിഞ്ഞ ദിവസം നിയമ മന്ത്രി എകെ ബാലന്‍ പറഞ്ഞിരുന്നു. കൂടാതെ മുഖ്യമന്ത്രി അറ്റോര്‍ണി ജനറലുമായി ഫോണില്‍ സംസാരിക്കുകയും ചെയ്തിരുന്നു. കേസ് തുറന്ന കോടതിയില്‍ വാദിക്കാനും സര്‍ക്കാര്‍ അപേക്ഷ നല്‍കുന്നുണ്ട്. വ്യാഴാഴ്ച ഹരജി സമര്‍പ്പിക്കാനാണ് തീരുമാനം.

സൗമ്യയെ കൊലപ്പെടുത്തിയ കേസില്‍ പ്രതി ഗോവിന്ദച്ചാമിയുടെ മേല്‍ കൊലപാതകക്കുറ്റം തെളിയിക്കാന്‍ കഴിയാത്തതിനാല്‍ ജീവപര്യന്തം ശിക്ഷമാത്രമേ നല്‍കാനാവൂ എന്നു വിശദീകരിച്ചാണ് വധശിക്ഷ സുപ്രീം കോടതി റദ്ദാക്കിയത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍