UPDATES

സൗമ്യവധക്കേസ് സുപ്രീംകോടതിയിലെ തിരിച്ചടി; മന്ത്രി എകെ ബാലന്‍ ഡല്‍ഹിയിലേക്ക്

അഴിമുഖം പ്രതിനിധി

സൗമ്യ വധക്കേസില്‍ സുപ്രീം കോടതിയില്‍ തിരിച്ചടി നേരിട്ട സാഹചര്യത്തില്‍  ചര്‍ച്ചകള്‍ നടത്താന്‍ സംസ്ഥാന നിയമ മന്ത്രി എകെ ബാലന്‍ ഡല്‍ഹിയില്‍ പോകുന്നു. പുനഃപരിശോധന  ഹര്‍ജി കൊടുക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചതിനെ തുടര്‍ന്നാണ് ഇതിന്‍റെ നിയമ സാധുതകള്‍ മുതിര്‍ന്ന സുപ്രീം കോടതി അഭിഭാഷകരുമായി ചര്‍ച്ച ചെയ്യാന്‍ നിയമ മന്ത്രി വെള്ളിയാഴ്ച്ച ഡല്‍ഹിയില്‍ പോകുന്നത്.

ജീവപര്യന്തമായി വെട്ടി കുറച്ച ശിക്ഷ തിരുത്തി വധ ശിക്ഷ തന്നെ നല്‍കണം എന്നാണ് പുനഃപരിശോധന ഹര്‍ജിയില്‍ ആവശ്യപ്പെടുക.

കേസില്‍ വിധി വന്നതിന് പിന്നാലെ റിവ്യൂ ഹര്‍ജി നല്‍കുമെന്നും കേസ് വാദിക്കാന്‍ രാജ്യത്തെ പ്രഗല്‍ഭരായ അഭിഭാഷകരെ തന്നെ അണിനിരത്തുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കിയിരുന്നു.

ജീവപര്യന്തം ശിക്ഷ മാത്രമാണ്  ഗോവിന്ദച്ചാമിക്ക് ലഭിച്ചത് എന്ന് അറിഞ്ഞത് മുതല്‍ സാമൂഹ്യമാധ്യമങ്ങളില്‍  അടക്കം വലിയ പ്രതിഷേധങ്ങളാണ് ഉണ്ടായത്.

ഹൈക്കോടതി മുന്‍ ജഡ്ജിയും മുതിര്‍ന്ന അഭിഭാഷകനുമായ തോമസ് പി.ജോസഫ്, സ്റ്റാന്‍ഡിങ് കൗണ്‍സല്‍ നിഷെ രാജന്‍ ശങ്കര്‍ എന്നിവരായിരുന്നു സൗമ്യ കേസില്‍ സര്‍ക്കാരിനായി സുപ്രീംകോടതിയില്‍ ഹാജരായത്.  എന്നാല്‍ ഇവര്‍ക്ക് കോടതിക്ക് മുന്നില്‍ കൃത്യമായി തെളിവുകള്‍ ഹാജരാക്കി വാദിക്കാന്‍ കഴിയാതിരുന്നതാണ് തിരിച്ചടിയായത്. കേസ് ആദ്യം പരിഗണിച്ചപ്പോള്‍ ഊഹാപോഹങ്ങള്‍ കോടതിയ്ക്ക് മുന്നില്‍ പറയരുത് എന്നും ഗോവിന്ദച്ചാമി സൗമ്യയെ ട്രെയിനില്‍ നിന്നും തള്ളിയിട്ടതിന് തെളിവില്ല എന്നുമുള്ള സുപ്രീം കോടതിയുടെ നിരീക്ഷണത്തില്‍ നിന്നു തന്നെ വധശിക്ഷ തള്ളിക്കളയും എന്നത് ഏകദേശം ഉറപ്പായ കാര്യമായിരുന്നു. വിചാരണ കോടതിയിലും ഹൈക്കോടതിയിലും വാദിച്ച് പ്രതിക്ക് പരമാവധി ശിക്ഷ ഉറപ്പുവരുത്തിയ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ എ സുരേശനെ മാറ്റിനിര്‍ത്തിയതാണ് കോടതിയില്‍ സര്‍ക്കാരിന് ഉത്തരംമുട്ടാന്‍ കാരണമെന്ന് വ്യാപക ആരോപണമുണ്ട്.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍