UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഇനി ഞാൻ മൗനം പാലിക്കില്ല; സൌമ്യയുടെ അമ്മ

Avatar

അഖില

“ഗോവിന്ദചാമിക്ക് വധശിക്ഷ ലഭിക്കുമെന്ന ഉറപ്പുണ്ടായിരുന്നതിനാൽ ഞാൻ ഇതുവരെ ആരേയും സമീപിച്ചിട്ടില്ല. എന്നാൽ ഇനി ഞാൻ മൗനം പാലിക്കില്ല” സൌമ്യയുടെ അമ്മ സുമതി പറഞ്ഞു. 

വിധി പ്രഖ്യാപിച്ചപ്പോൾ ഒന്നു പതറിയെങ്കിലും ഗോവിന്ദ ചാമിക്ക്  തൂക്കുകയർ കിട്ടുമെന്ന പ്രതീക്ഷയില്‍ തന്നെയാണ് സൗമ്യയുടെ അമ്മ. വിധി പ്രഖ്യാപനത്തെ തുടർന്നു ജനം തിങ്ങി കൂടിയ കൂനത്തറയിലെ സൗമ്യയുടെ വീട്ടിൽ ഇന്നലെ (വെള്ളിയാഴ്ച) ഞാന്‍ ചെല്ലുമ്പോള്‍ വളരെ കുറച്ചുപേരെ ഉണ്ടായിരുന്നുള്ളൂ. ബലാത്സംഗത്തിനു ഇരയാകുന്നവര്‍ മാത്രമല്ല അവരുടെ കുടുംബം തന്നെ തകർന്നു പോകുന്ന സാമൂഹ്യ അന്തരീക്ഷമാണ് കേരളത്തിൽ നിലനില്ക്കുന്നത്. അതുകൊണ്ട് തന്നെ പ്രതികരിക്കാന്‍ പലരും മടിക്കും. എന്നാൽ തന്റെ മകൾക്കു നേരിട്ട അനീതിക്കെതിരെ മാത്രമല്ല ശക്തമായി പോരാടാൻ സൗമ്യയുടെ അമ്മ ഒരുങ്ങുന്നത് ഇനി ഒരു പെണ്‍കുട്ടിക്ക് കൂടി ഇത്തരം  ദുരനുഭവം ഉണ്ടാവാതിരിക്കാന്‍  കൂടിയാണ്.

“പത്തു മാസം ചുമന്നു പ്രസവിച്ചു ഇത്രെത്തോളം വളർത്തിയ തന്റെ മകൾക്കിതു സംഭവിച്ചപ്പോൾ ജീവിതം തന്നെ അവസാനിപ്പിക്കാനുള്ള ദു:ഖം ഉണ്ടായിരുന്നു.  എന്നാല്‍ എനിക്ക് മകനു വേണ്ടി ജീവിക്കണമായിരുന്നു.” 

ഈ വിധി സ്ത്രീകൾക്കെതിരെയുള്ള ക്രൂരകൃത്യങ്ങൾ വർദ്ധിക്കാൻ കാരണമായേക്കുമെന്നും ജിഷയുടെ കൊലപാതകിയെക്കുറിച്ചും ആശങ്ക ഉണ്ടെന്നും പറഞ്ഞ സുമതി എല്ലാ പെൺകുട്ടികളോടും സ്ത്രീകളോടും പ്രതികരണ ശേഷി വളർത്തിയെടുക്കാൻ ആവശ്യപ്പെട്ടു. 

“നല്ല പ്രതികരണ ശേഷി ഉള്ളവളായിരുന്നു സൗമ്യയും. എന്നാൽ ചുറ്റുമുള്ള എല്ലാവരുമായി നല്ല സൗഹൃദം നിലനിർത്തുന്ന കുട്ടി”, സുമതി ഓർമ്മിച്ചു. “ആരെങ്കിലും അവളുടെ നിലവിളി കേട്ടപ്പോൾ ഒന്നു നോക്കിയിരുന്നെങ്കിൽ ഒരു ജീവൻ ഇന്നു രക്ഷിക്കാമായിരുന്നു. ഇനിയെങ്കിലും സമൂഹം അത്തരത്തിൽ മാറണം. ആശ്വാസ വാക്കുകൾക്കും കണ്ണീരിനും അപ്പുറം ഒരോ പെൺകുട്ടിക്കും നീതിയും സുരക്ഷയുമാണ് വേണ്ടത്”. 

എല്ലാ തരത്തിലുള്ള പിന്തുണയും ഇപ്പോൾ സർക്കാർ അറിയിച്ചിട്ടുണ്ടെന്നു ആശ്വസിക്കുമ്പോഴും പബ്ലിക് പ്രോസിക്യൂട്ടറെ മാറ്റിയതിലുള്ള തന്റെ വിയോജിപ്പിൽ അവർ ഉറച്ചു നിന്നു. മാത്രമല്ല മാറ്റിയ വിവരം തങ്ങളെ അറിയിച്ചിരുന്നില്ലെന്നും അവർ പരാതിപ്പെട്ടു.

ഇടറാതെ പതറാതെയായിരുന്നു ആ അമ്മയുടെ വാക്കുകൾ. കണ്ണീരല്ല വേണ്ടതെന്ന സ്വയം ബോധ്യത്തോടെ. 

(അഴിമുഖം ജേര്‍ണലിസ്റ്റ് ട്രെയിനിയാണ് അഖില

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍