UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഇന്നു സൗമ്യ വീണ്ടും കൊല്ലപ്പെട്ടു, അതിക്രൂരമായി

ദിവ്യ രഞ്ജിത്

ഇനി ഒരു സൗമ്യ ഈ സമൂഹത്തിൽ ഉണ്ടാകരുത് എന്നാഗ്രഹിച്ചു ഒരമ്മ നടത്തിയ പോരാട്ടങ്ങൾ വെറുതെ ആയി. ഒന്നര വര്‍ഷങ്ങള്‍ക്ക് ശേഷം ഗോവിന്ദച്ചാമി കരുത്തോടെ തിരിച്ചു വരികയാണ്, നമ്മുടെ സമൂഹത്തിലേക്ക്. നാലഞ്ചു ദിവസം ആശുപത്രികിടക്കയിൽ വേദന തിന്നു, പിന്നീട് സൗമ്യ മരണത്തെ പുല്കിയപ്പോഴും കേരളത്തിലെ ഒരാൾക്കും ഇതൊരു കൊലപാതകമാണെന്നതിനെ കുറിച്ചു  സംശയമില്ലായിരുന്നു. ഇന്നിപ്പോ ആ കേസ് ബലാത്സംഗം മാത്രം തെളിയിക്കപ്പെട്ട്,  കൊലപാതകം തെളിയിക്കാനാവാതെ,  നാമോരുത്തരെയും മുറിവേൽപ്പിച്ചിരിക്കുകയാണ്.  

അതേ, ഇന്നു സൗമ്യ വീണ്ടും കൊല്ലപ്പെട്ടു, അതിക്രൂരമായി തന്നെ.

ശാസ്ത്രീയ തെളിവുകൾ എല്ലാം നോക്കുകുത്തികളായി മാറി.  മുറിവുകൾ ട്രെയിനിൽ നിന്ന് തള്ളിയിട്ടപ്പോൾ ഉണ്ടായവ ആണെന്ന് പോസ്റ്റ്മോർട്ടം ചെയ്ത ഡോ. ഷേർലി വാസു ആവർത്തിക്കുന്നു. ശാസ്ത്രീയമായി തന്നെ ബലാത്സംഗവും തെളിയിക്കപ്പെട്ടു. ഈ തെളിവുകൾ എല്ലാം കോടതിയുടെ പരിഗണനയിൽ വരികയും ചെയ്തു.  എന്നിട്ടും എവിടെയാണ് ഈ കേസിനു പാളിച്ച പറ്റിയതെന്നോ,  ആരെയാണ് കുറ്റപ്പെടുത്തേണ്ടതെന്നോ അറിയാതെ കേരളത്തിലെ ജനങ്ങൾ വിധിയിൽ മരവിച്ചിരിക്കുകയാണ്. അനേകം സൗമ്യമാരെയും, കൂടെ ഗോവിന്ദച്ചാമിമാരെയും സൃഷ്ടിക്കാൻ മാത്രം അല്ലാതെ ഇത്തരം നിരുത്തരവാദിത്തങ്ങൾ കൊണ്ടെന്ത് പ്രയോജനം. ട്രെയിനിലെ വെറും ഭിക്ഷാടകന്റെ ആൾബലവും പണവും കണ്ട് ജനങ്ങൾ വീണ്ടും അമ്പരക്കുകയാണ്. ഇതിനു പിന്നിലുള്ളവരെ കുറിച്ചു വ്യക്തമായ സൂചനകൾ ഇല്ലെങ്കിലും, കരുതിയിരിക്കാനുള്ള മുന്നറിയിപ്പാണ് ഈ കേസും ഗോവിന്ദച്ചാമിയും.   

തെളിവുകൾ ഇല്ലാതായ അല്ലെങ്കിൽ ഇല്ലാതാക്കപ്പെട്ട നിരവധി കേസുകൾക്കിടയിലേക്കു ഇത്രയും ജനശ്രദ്ധയാകര്‍ഷിച്ച മറ്റൊരു കേസു കൂടെ എത്തിപ്പെടുമ്പോൾ, ആദ്യം മുതൽ തന്നെ വിവാദങ്ങൾ സൃഷ്‌ടിച്ച ജിഷ കേസ് എന്താകും എന്ന ചോദ്യം കൂടി ഉയർത്തപ്പെടുന്നു. ഇവിടെ നിയമം ജയിക്കുമ്പോൾ  നീതി ദയനീയമായി തോല്കുകയാണ്. വീണ്ടും വീണ്ടും ഇരകൾ ക്രൂരമായി കൊല്ലപ്പെടുകയാണ്. ഏത് കേസ് ഉണ്ടായാലും അതിൽ രാഷ്ട്രീയമായ ഇടപെടലുകൾ ഉണ്ടാകുന്നു. വിരലിൽ എണ്ണാവുന്ന സത്യസന്ധരായ ഉദ്യോഗസ്ഥര്‍ക്ക്, പലപ്പോഴും ഈ ഇടപെടലുകൾക്ക് മുന്നിൽ മുട്ട് മടക്കേണ്ടി വരുന്നു. അഴിമതി ആരോപങ്ങൾക്കു ഒരു പഞ്ഞവുമില്ലാത്ത ഈ രാജ്യത്ത്, എത്ര അഴിമതി കേസുകൾ തെളിയിക്കപ്പെട്ടിട്ടുണ്ട്, അതിൽ എത്രപേർ ശിക്ഷിക്കപ്പെട്ടിട്ടുണ്ട് എന്നത് ചിന്തിക്കേണ്ട വിഷയം ആണ്. 2010 മുതലുള്ള അഴിമതികളുടെ കണക്കെടുത്താൽ മിക്കതിലും ഉൾപ്പെട്ടിരിക്കുന്നത് കേന്ദ്രമന്ത്രിമാരും,  മുഖ്യമന്ത്രിമാരുമാണ്. 2ജി സ്പെക്ട്രം മുതൽ പണം കൊടുത്തു വോട്ട് തേടുന്ന പരിപാടി വരെ ഇതിൽ പെടുന്നു. എത്ര പേർ ശിക്ഷിക്കപ്പെടുന്നു എന്ന ചോദ്യത്തിനും തെളിവില്ലാ തെളിവില്ലാ എന്ന് മാത്രമാണുത്തരം. കഴിഞ്ഞ ഗവണ്മെന്റിന്റെ കാലത്തും “തെളിവില്ലാ” കേസുകളായിരുന്നല്ലോ എല്ലാം.

കേരളത്തിലെ അഴിമതി കേസുകൾ തേച്ചു മാച്ചു കളയപ്പെടുമ്പോൾ,  ജനങ്ങൾ പലപ്പോഴും അടുത്ത തിരഞ്ഞെടുപ്പ് വരെ കാത്തിരുന്നു പ്രതികാരം ചെയ്യാറാണ് പതിവ്. നീതി നിഷേധിക്കെടുക്കപ്പെടുന്നതിലുള്ള പ്രതിഷേധം അങ്ങനെ വീട്ടി തൃപ്‌തരാകും. പക്ഷെ ജീവൻ തന്നെ പണയം വെക്കേണ്ടി വരുമ്പോൾ ഞങ്ങൾ എങ്ങനെയാണ് പ്രതികരിക്കേണ്ടത്?

(ദിവ്യ മൈസൂരില്‍ ഓണ്‍ലൈന്‍ വഴി ടെറകോട്ട ബിസിനസ് ചെയ്യുന്നു)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)  

ഫ്രം ദ ഗ്രാനൈറ്റ് ടോപ്

ഫ്രം ദ ഗ്രാനൈറ്റ് ടോപ്

സോഷ്യല്‍ മീഡിയ സ്ത്രീ കൂട്ടായ്മയാണ് ഫ്രം ദ ഗ്രാനൈറ്റ് ടോപ്. തൊഴില്‍ കൊണ്ട് വിവിധ മേഖലകളില്‍ നിലകൊള്ളുന്നവരാണ് ഈ കൂട്ടായ്മയിലെ ഓരോരുത്തരും. സ്ത്രീയെന്നാല്‍ അരങ്ങിലെത്തേണ്ടവളാണെന്ന ഉത്തമ ബോധ്യത്തോടെ തൂലിക ചലിപ്പിക്കുകയാണ് ഇവര്‍. അവരെഴുതുന്ന കോളമാണ് ഫ്രം ദ ഗ്രാനൈറ്റ് ടോപ്. മലയാളം ഓണ്‍ലൈന്‍ മാധ്യമ രംഗത്ത് തന്നെ ഇത്തരമൊരു കോളം ആദ്യത്തേതാണ്.

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍